പിന്നെ വീണ്ടും ല.. ല… എന്ന് പറഞ്ഞിട്ട് കാര്‍ ഓടിക്കുന്ന പോലെ കൈകള്‍ വച്ചു.
“ലക്ഷ്മി റായിയുടെ കാര്‍? “
അയാള്‍ പെട്ടെന്ന് എന്തോ ഓര്‍ക്കാന്‍ ശ്രമിക്കുന്ന പോലെ ഇരുന്നു. പിന്നെ ശില്പയെ അടുത്തേക്ക് വിളിപ്പിച്ചു. എന്നിട്ട് അവളുടെ കഴുത്തില്‍ ചൂണ്ടി, മാല എവിടെ എന്ന രീതിയില്‍ ആംഗ്യം കാണിച്ചു.
അവള്‍ സംശയത്തോടെ നോക്കി. അയാള്‍ വീണ്ടും മാല എന്ന രീതിയില്‍ ആംഗ്യം കാണിച്ചു.
“മോളുടെ കല്യാണം കഴിഞ്ഞോ എന്നാണോ ഈ ചോദിക്കുന്നേ? “ ശില്പയുടെ അമ്മ ചോദിച്ചു.
അല്ല…അല്ല…എന്ന് അയാള്‍ കൈകള്‍ ഉയര്‍ത്തി ആംഗ്യം കാണിച്ചു.
പിന്നെ എന്നെ ചൂണ്ടി വീണ്ടും ശില്പയുടെ കഴുത്തില്‍ മാലയുടെ ആംഗ്യം കാണിച്ചിട്ട് എപ്പോള്‍ എന്ന് ചോദിക്കുന്ന പോലെ കൈ മലര്‍ത്തി.
ശില്‍പ പെട്ടെന്ന് ശോ. എന്നും പറഞ്ഞു എന്നെ നോക്കി. “കല്യാണമൊക്കെ അച്ഛന് ഭേദം ആയിട്ട്. മാത്രവും അല്ല അനിക്കും ഭേദമാവണ്ടേ… “
പെട്ടെന്ന് അദ്ദേഹം അല്ല. അല്ല…എന്ന രീതിയില്‍ ആംഗ്യം കാണിക്കുകയും പെട്ടെന്ന് വയലന്റ് ആകുകയും ചെയ്തു.
ബാബ അയാളെ പിടിച്ചു കിടത്തി എന്തോ മരുന്ന് കൊടുത്തു.
കുറച്ചു നേരം അങ്ങനെ ബഹളം വച്ചു അയാള്‍ ഉറങ്ങി.
ബാബ എന്നെ ശില്പയുടെ സഹായത്താല്‍ തിരികെ മുറിയില്‍ എത്തിച്ചു.
“മോളെ… അച്ഛന്‍ എന്തോ പറയാന്‍ ശ്രമിക്കുകയാണ്. അത് അനിക്ക് എങ്ങനെയോ അറിയാം. അതാണ് അനി അതെന്താണെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പ്രതികരിച്ചത്. മോളുടെ ഓര്‍മയില്‍ എവിടെയെങ്കിലും അനിയും അച്ചനും തമ്മില്‍ കണ്ടിരുന്നതായി തോന്നുന്നുണ്ടോ? “
“അത്,, ബാബ… അന്ന് ട്രെയിനില്‍ വച്ചു പോലും അനി എന്‍റെ അച്ഛനെ കണ്ടോ എന്ന് സംശയം ആണ്. ഇനി കേരളത്തില്‍ വച്ചോ മറ്റോ ഉണ്ടോയെന്നു എനിക്കറിയില്ല. പക്ഷെ ഞാന്‍ അനിയെ ആദ്യമായി കാണുന്നത് ട്രെയിനില്‍ വച്ചാണ്. “
“ഹം…മോള്‍ ഇപ്പൊ പൊയ്ക്കോളൂ… അച്ഛന്‍റെ അടുത്ത് വേണം. പിന്നെ ഇന്നിനി ഒന്നും ചോദിക്കാന്‍ നിക്കരുത്. നമുക്ക് സാവകാശം കാര്യങ്ങള്‍ മനസ്സിലാകാം. “
അവള്‍ പോയി.
“അനിക്കെന്തു തോന്നുന്നു? എന്തെങ്കിലും ഓര്‍മ വരുന്നുണ്ടോ? “
“അത് ബാബാ….അദ്ദേഹത്തെ എവിടെയും കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷെ ആ വാക്ക്…..തേര്‍ട്ടി ഡൈസ് അത് എന്‍റെ ഓര്‍മ്മകളില്‍ എവിടെയോ ഉണ്ട്. പക്ഷെ ഒന്നും വ്യക്തമാകുന്നില്ല. അതാ ഞാന്‍ പെട്ടെന്ന് അങ്ങനെ പറഞ്ഞത്. പിന്നെ ബാക്കിയൊക്കെ ഊഹങ്ങള്‍ ആയിരുന്നു. “
“ഹ്മം.. അപ്പോള്‍ അനി പറഞ്ഞു വരുന്നത് ശില്പയുടെ അച്ഛനുമായി കണക്റ്റ് ചെയ്യാന്‍ പറ്റിയ ഓര്‍മ്മകള്‍ ഒന്നും അനിയുടെ പക്കല്‍ ഇല്ലെന്നാണോ? “
“അതെ.. ബാബ. പക്ഷെ എനിക്ക് തോന്നുന്നത് നമുക്കറിയാത്ത എന്തോ ഒന്ന് ഡോ. ലക്ഷ്മി റായിക്ക് അറിയാം. അല്ലെങ്കില്‍ അത് അവരെ അറിയിക്കണം എന്ന് ശില്പയുടെ അച്ഛന്‍ ആഗ്രഹിക്കുന്നു. അതിനു നമുക്ക് ലക്ഷ്മി മേഡത്തെ കണ്ടേ തീരൂ….. ബാബയ്ക്ക് അവരെ ഒന്ന് വിളിച്ചൂടെ.. “
“അത് മോനെ…. എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ എന്നെ ഇങ്ങോട്ട് വിളിക്കാറാണ് പതിവ്. അങ്ങോട്ട് വിളിക്കുകയോ അവരെ കാണാന്‍ പോകുകയോ ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ശില്പയുടെ അച്ഛനെ മറ്റുള്ളവര്‍ കണ്ടെത്തുമോ എന്ന് അവര്‍ക്ക് ഭയമുണ്ട്. “
“ഹാ… എന്നാല്‍ ഒരു കാര്യം ചെയ്യാം. നമുക്ക് സൊണാലി മേഡത്തെ കൊണ്ട് വിളിപ്പിക്കാം. അതാകുമ്പോള്‍ പ്രശ്നം ഇല്ലല്ലോ. “
ഞാന്‍ ഫോണില്‍ നിന്നും മേഡത്തെ വിളിച്ചു. ലക്ഷ്മി മേഡത്തെ കാണണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു.
“അതിനിനി ഒരാഴ്ച കൂടി കഴിയണം. ലക്ഷ്മി ഒരു കൊണ്ഫറന്സിനായി യൂറോപ്പില്‍ പോയിരിക്കുകയാണ്. എന്താ അനി? എന്തെങ്കിലും പ്രശ്നം? “
“ഇല്ല മേഡം.. എന്‍റെ ഓര്‍മ്മകളില്‍ ലക്ഷ്മി മേഡത്തെ കണക്റ്റ് ചെയ്യാന്‍ പറ്റിയ എന്തോ ഒന്ന് കറങ്ങുന്നത് പോലെ അതാ. വേറെ ഒന്നും ഇല്ലാ. “
