“അപ്പോള്‍ ബാബ പറഞ്ഞു വരുന്നത് സൊണാലി മേഡം എന്നെ മനഃപൂര്‍വം… “
“ഹ്മം. അതെ….പക്ഷെ നീ അവരെ സ്വപ്നം കണ്ടത് വച്ചു നോക്കുമ്പോള്‍ എന്തോ ഒരു അപാകത. എന്തായാലും ഞാന്‍ ഇന്ന് അവരെ വിളിപ്പിക്കാം. നീ അവരുമായി തനിച്ചു സംസാരിക്കണം. ചിലപ്പോള്‍ തനിച്ചു സംസാരിച്ചാല്‍ അവര്‍ എന്തെങ്കിലും പറഞ്ഞാലോ? പിന്നെ സംസാരിക്കുന്നതിനിടയില്‍ നീ acp യെ പറ്റി അവരോടു ചോദിക്കണം. നിങ്ങള്‍ മൂന്നു പേരും കൂടി എന്തിനാ നിന്‍റെ ജീവിതം തകര്‍ത്തത് എന്ന് കൂടി ചോദിക്കണം. അപ്പോള്‍ നമുക്കറിയാം എന്താ സംഭവിച്ചത് എന്ന്. “
ബാബ എന്‍റെ ബ്ലാക്ക് ബെറി ഫോണില്‍ നിന്നും അവരെ വിളിച്ചു. ഉടനെ എത്താമെന്ന് അവര്‍ പറഞ്ഞു.
ബാബ ഫോണ്‍ അവിടെ വച്ചിട്ട് എണീറ്റു. അവര്‍ കുറച്ചു കഴിഞ്ഞേ വരൂ. അപ്പോഴേക്കും ഞാന്‍ ഒന്ന് പുറത്തു പോയി വരാം.
“ബാബ ശില്‍പ…? “
“അവള്‍ക്കു കുഴപ്പം ഒന്നും ഇല്ല. പക്ഷെ അവള്‍ ഇന്ന് അച്ഛന്‍റെ അടുത്തിരിക്കട്ടെ…. “
ബാബ പോയി.
ഒരഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ സൊണാലി മേഡം എത്തി. അവരുടെ പെട്ടെന്നുള്ള ആ വരവില്‍ എന്നില്‍ സംശയങ്ങള്‍ ഉയര്‍ത്തി. ബാബ ആണെങ്കില്‍ സ്ഥലത്തും ഇല്ല.
മേഡം അകത്തു കയറിയ ഉടനെ ധൃതിയില്‍ വാതില്‍ അടച്ചു. എന്നിട്ട് എന്‍റെ നേരെ പാഞ്ഞടുത്തു. ചാടി എണീക്കാന്‍ നോക്കിയിട്ട് നടക്കുന്നില്ല. ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. ഞാന്‍ ഇതാ മരിക്കാന്‍ പോകുന്നു.
പക്ഷെ അവര്‍ ഓടി വന്നു എന്‍റെ ദേഹത്തേക്ക് വീണു എന്നെ കെട്ടി പിടിച്ചു കുറെ കരഞ്ഞു.
“എന്‍റെ അനീ……നിനക്കിങ്ങനെ വന്നല്ലോ…..ഞാന്‍ കാരണം അല്ലേ…നീ ഇങ്ങനെ നരകിക്കുന്നത്. “
അവരുടെ കരച്ചില്‍ കേട്ടാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. എന്‍റെ നെഞ്ചില്‍ തല താഴ്ത്തി ഒരു കൊച്ചു കുട്ടിയെ പോലെ അവര്‍ പൊട്ടിക്കരഞ്ഞു.
“അനീ……..എന്നോട് ക്ഷമിക്കൂ….. “
“മേഡം.. നിങ്ങള്‍ എഴുന്നേല്‍ക്കൂ…. “
“ഇല്ല,..നീ എന്നോട് ക്ഷമിക്കാതെ ഞാന്‍ എണീക്കില്ല. നിനക്ക് എന്ത് പറ്റി എന്നറിയാതെ സ്വയം ശപിച്ചു ഉരുകി ജീവിക്കുകയായിരുന്നു ഞാന്‍. എന്നോട് ക്ഷമിക്കൂ… “
“മേഡം ഞാന്‍ ക്ഷമിച്ചു. “
അറിയാതെ ഞാന്‍ മേഡത്തെ കെട്ടിപ്പിടിച്ചു പറഞ്ഞു പോയി.
എന്തോ ഒത്തിരി നേരം കൂടി എന്‍റെ നെഞ്ചില്‍ കിടന്നു അവര്‍ കരഞ്ഞു.
പിന്നെ കണ്ണുകള്‍ തുടച്ചു എഴുന്നേറ്റു. അവര്‍ എന്‍റെ കണ്ണുകളില്‍ നോക്കി ഇരുന്നു.
“ മേഡം…പ്ലീസ്…നിങ്ങള്‍ സത്യം പറയണം.. ഞാന്‍ ആരാണ്? നമുക്കിടയില്‍ എന്താണ്? എനിക്കെന്താണ് സംഭവിച്ചത്? നിങ്ങള്‍ എന്തിനാണ് എന്നോട് ഈ ചതി ചെയ്തത്? “
“അല്ല.. ഞാനല്ല.. ഞാനല്ല… ഈശ്വരാ… അവര്‍.. അവരാണ്…… “
“ആര് മേഡം? മേഡത്തിനു എല്ലാം അറിയാം. മേഡം പറയൂ…. എന്‍റെ ഓര്‍മ്മകള്‍ ഇന്ന് എനിക്കൊപ്പം ഇല്ല. ഉറ്റവര്‍ ആരാണ് ശത്രുക്കള്‍ ആരാണ് എന്നെനിക്കറിയില്ല. ഓരോ ദിവസവും ഓരോരുത്തര്‍ എന്‍റെ ജീവിതത്തില്‍ കടന്നു വന്നു എന്നോട് ഓരോ കഥകള്‍ പറയുന്നു. പ്ലീസ്. നിങ്ങളെങ്കിലും സത്യം പറയണം. “
“അനീ.. ഞാന്‍.. ഞാന്‍ എല്ലാം പറയാം. നിന്‍റെ ബയോഡാറ്റ യാദ്രിശ്ചികം ആയി ആണ് ഞാന്‍ കാണുന്നത്. എങ്ങനെ എന്നറിയില്ല ആരോ എന്‍റെ മുന്‍പിലേക്ക് ഇട്ടു തന്ന പോലെ അത് എന്‍റെ കയ്യില്‍ വന്നു ചേരുകയായിരുന്നു. നിന്‍റെ പേരും മറ്റും കണ്ടപ്പോള്‍ അറിയാതെ ഒരിഷ്ടം, ഒരു കൌതുകം എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ നിന്നെ ഫോണില്‍ വിളിച്ചത്. നിന്‍റെ ശബ്ദം എന്നില്‍ എന്തൊക്കെയോ ……ഹാ….പിന്നെ നിന്‍റെ ഫോട്ടോ കണ്ടപ്പോള്‍ പണ്ടെങ്ങോ നഷ്ടപ്പെട്ട എന്‍റെ പ്രണയം പൂവിടുക ആയിരുന്നു. പക്ഷെ താമസം ശരിയാകാത്തതിന്‍റെ പേരില്‍ നീ വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ എന്‍റെ ഹൃദയം പിടഞ്ഞു. അവസാനം എല്ലാം ശരിയാക്കി നിന്നെ ഇവിടെ എത്തിച്ചപ്പോഴോ…ട്രെയിനില്‍ മറ്റോ വച്ചു കണ്ട ഒരു പെണ്ണിന്‍റെ സൌന്ദര്യത്തില്‍ മയങ്ങി നീ സ്വയം നശിക്കുന്ന കാഴ്ച ആയിരുന്നു. അതെന്നെ വല്ലാതെ ഉലച്ചു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് നീ മാറും. എല്ലാം ശരിയാകും.. അപ്പോള്‍ പതുക്കെ നിന്നെ എന്നിലേക്ക് അടുപ്പിക്കാം എന്നാ ഞാന്‍ വിചാരിച്ചത്….
