“എടാ മോനെ വാസു..ഇത് ഞാനാടാ..ദിവാകരന്‍..എന്നെ വിടെടാ മോനെ..നീ ബഹളം വയ്ക്കാതെടാ” ദിവാകരന്‍ ശബ്ദം താഴ്ത്തി അവനോടു പറഞ്ഞു. വീടിനുള്ളില്‍ വെളിച്ചം പരക്കുന്നത് കണ്ട ദിവാകരന്‍ അവന്റെ പിടി വിടുവിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്ക് അനങ്ങാന്‍ കൂടി സാധിച്ചില്ല.
“താന്‍ എന്തിനാടോ രാത്രി പതുങ്ങിക്കയറി ഇവിടെ വന്നത്?” വാസു ആളെ മനസിലാക്കിയിട്ടും പിടിവിടാതെ ചോദിച്ചു.
“എന്താ..എന്താ അവിടെ ശബ്ദം?” ടോര്‍ച്ചുമായി ശങ്കരനും പിന്നാലെ രുക്മിണിയും അവിടേക്ക് എത്തി. ശങ്കരന്‍ ടോര്‍ച്ച് അടിച്ചപ്പോള്‍ വാസുവിന്റെ കൈകളില്‍ കിടന്നു ഞെരിയുന്ന ദിവാകരനെ ആണ് കണ്ടത്. അയാള്‍ക്ക് ഒന്നും മനസിലായില്ല.
“എടാ ദിവാകരാ? എന്താടാ പ്രശ്നം..വിടെടാ അവനെ..” അയാള്‍ വാസുവിനോട് പറഞ്ഞു.
വാസു കൈ അയച്ചപ്പോള്‍ ദിവാകരന്‍ ആശ്വാസത്തോടെ കൈകള്‍ കുടഞ്ഞു. ശങ്കരന്‍ അവരുടെ അടുത്തേക്കെത്തി; ഒപ്പം രുക്മിണിയും.
“എന്താടാ..നീ എന്തിനാ ഈ രാത്രി ഇവിടെ വന്നത്?” ശങ്കരന്‍ സംശയത്തോടെ അവനോടു ചോദിച്ചു. കിടക്കാന്‍ നേരം ഭാര്യ തന്നോട് പറഞ്ഞ കാര്യങ്ങള്‍ അയാള്‍ മറന്നിരുന്നില്ല.
“അത്..അത്..” ദിവാകരന്‍ ഉത്തരമില്ലാതെ പരുങ്ങി.
“മോനെ വാസു..എന്താടാ ഉണ്ടായത്?” രുക്മിണി ചോദിച്ചു.
“ഇയാള്‍ പതുങ്ങി വരുന്നത് ഞാന്‍ കണ്ടു. എനിക്ക് ആളെ മനസിലായില്ല..അടുക്കള വാതിലിനു അടുത്തെത്തിയപ്പോള്‍ കള്ളന്‍ ആണെന്ന് കരുതിയാണ് ഞാന്‍ പിടികൂടിയത്” വാസു പറഞ്ഞു.
“അകത്ത് കിടന്ന നീ എങ്ങനെ ഇവനെ കണ്ടു?” ശങ്കരന്‍ തെല്ലു കോപത്തോടെ ചോദിച്ചു.
“ഞാന്‍ പുറത്താ കിടക്കുന്നത്..വരാന്തയില്‍..അതുകൊണ്ടാ ഇയാളെ ഞാന്‍ കണ്ടത്”
അത് കേട്ടപ്പോള്‍ രുക്മിണിയുടെ കണ്ണുകള്‍ നിറഞ്ഞു. ചായ്പ്പിലേക്ക് അവനെ മാറ്റിയത് അവനെ മനസിനെ വേദനിപ്പിച്ചിരുന്നു എന്നവള്‍ക്ക് അറിയാമായിരുന്നു. അവന്‍ പക്ഷെ പുറത്താണ് ഉറക്കം എന്നവള്‍ അറിഞ്ഞിരുന്നില്ല. ഉള്ളില്‍ എല്ലാം കേട്ടുകൊണ്ട് കിടന്നിരുന്ന ദിവ്യയ്ക്ക് വസുവിനോടുള്ള പക പത്തിരട്ടിയായി വര്‍ദ്ധിച്ചു. തെണ്ടിപ്പട്ടി..അവനാണ് ഇന്നും തന്നെ ദ്രോഹിച്ചിരിക്കുന്നത്! അവള്‍ കോപത്തോടെ പല്ലുകള്‍ ഞെരിച്ചു.
“പറേടാ..എന്തിനാ നീ രാത്രി ഇവിടെ വന്നത്?”
ശങ്കരന്റെ സ്വരം കടുത്തു. പരുങ്ങി ഉത്തരമില്ലാതെ നിന്ന ദിവാകരനെ കണ്ടപ്പോള്‍ രുക്മിണി വേഗം ചെന്ന് സംശയ നിവൃത്തിക്കായി അടുക്കളവാതില്‍ മെല്ലെ തള്ളി നോക്കി. അത് ഉള്ളിലേക്ക് തുറന്നപ്പോള്‍ ഉള്ളില്‍ ഒരു അഗ്നിഗോളം വീണു കത്തിയതുപോലെ അവള്‍ക്ക് തോന്നി. താന്‍ സംശയിച്ചത് തന്നെ നടന്നിരിക്കുന്നു! ആ പെണ്ണ് അറിഞ്ഞുകൊണ്ടുള്ള കളിയാണ് ഇത്. അവള്‍ വിളിച്ചു വരുത്തിയതാണ് ഇവനെ!
“ഒന്നിങ്ങു വന്നെ”
രുക്മിണി ശങ്കരനെ അരികിലേക്ക് വിളിച്ചു. അയാള്‍ അവളുടെ അടുത്തേക്ക് ചെന്നു. അവള്‍ വല്ലാതെ കിതയ്ക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. അവള്‍ അയാളുടെ കാതില്‍ ചിലത് പറയുന്നത് ചങ്കിടിപ്പോടെ ദിവാകരന്‍ കണ്ടു. അയാള്‍ സ്വയം പലതവണ മനസ്സില്‍ ശപിക്കുകയായിരുന്നു. ഇത്ര നാളും തന്നെ ജീവനെപ്പോലെ സ്നേഹിച്ചിരുന്ന ഏട്ടന്റെ മുന്‍പില്‍ തന്റെ എല്ലാ വിലയും നഷ്ടമായിരിക്കുന്നു. ഈ നിമിഷം താന്‍ അങ്ങ് ചത്തുപോയിരുന്നെങ്കില്‍ എന്നുവരെ അയാള്‍ ആഗ്രഹിച്ചു. രുക്മിണി പറഞ്ഞത് കേട്ട ശങ്കരന്റെ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തു.
“ദിവ്യെ..ഇങ്ങോട്ട് വാടീ” ആദ്യമായി മകളെ അയാള്‍ കടുത്ത കോപത്തോടെ വിളിച്ചു.
“ചേട്ടാ..അവളെ ഇപ്പോള്‍ വിളിക്കണ്ട..പിന്നെ സംസാരിക്കാം..ഇപ്പോള്‍ അവനെ പറഞ്ഞു വിടാന്‍ നോക്ക്..രാത്രിയാണ്..” രുക്മിണി ഭര്‍ത്താവിനെ തടഞ്ഞുകൊണ്ട് പറഞ്ഞു. ഉള്ളില്‍ ഭയന്നു വിറച്ചു കിടന്നിരുന്ന ദിവ്യ അച്ഛന്റെ കോപത്തോടെയുള്ള വിളി കേട്ടു ഞെട്ടിപ്പോയിരുന്നു. എല്ലാം അച്ഛന് മനസിലായിരിക്കുന്നു! ഛെ..എല്ലാം നശിച്ചു. ഒക്കെ ആ തെണ്ടി കാരണമാണ്. അവന്‍ തന്റെ കാലനാണ്..തന്റെ ജീവിതം നശിപ്പിക്കാനായി വന്നുകയറിയ ഊരുതെണ്ടി.. അവളുടെ മനസ്സില്‍ പക നിറഞ്ഞു.
