“എടാ ദിവാകരാ..നീ ഇത്രവലിയ ചെറ്റയാണെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല..എന്റെ ഭാര്യ പറഞ്ഞിട്ട് പോലും നിന്നെ ഞാന്‍ സംശയിച്ചിരുന്നില്ല..എന്നാലും നീ…കള്ളക്കഴുവേറി മോനെ..” ശങ്കരന്‍ കോപാധിക്യത്തില്‍ അവന്റെ ചെവിക്കല്ല് നോക്കി ശക്തമായി പ്രഹരിച്ചു. ദിവാകരന്‍ കറങ്ങി നിലത്ത് വീണു.
“എഴുന്നേറ്റ് പോടാ നായെ..ഇനി നിന്നെ ഈ പരിസരത്ത് കണ്ടാല്‍ നിന്റെ കൈയും കാലും ദാ ഇവനെക്കൊണ്ട് ഞാന്‍ തല്ലി ഒടിപ്പിക്കും..പോടാ..” ശങ്കരന്‍ അലറി. ദിവാകരന്‍ വല്ല വിധേനയും ഉരുണ്ടുപിരണ്ട് എഴുന്നേറ്റ് ജീവനും കൊണ്ട് സ്ഥലം വിട്ടു.
വാസു കിടക്കാനായി തിരികെ നടന്നു. ശങ്കരന്റെ മനസ്സില്‍ ആദ്യമായി അവനോട് സ്നേഹം തോന്നി. ഒരു ചെറിയ തരി സ്നേഹം മനസ്സില്‍ വീണ് അതൊരു നിമിഷം കൊണ്ട് വലിയൊരു മരമായി മാറുന്നത് അത്ഭുതത്തോടെ ശങ്കരന്‍ അറിഞ്ഞു. താന്‍ അവന്‍ വന്ന നാള്‍ മുതല്‍ അവനെ പരിഹസിക്കുകയും അധിക്ഷേപിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇന്ന്, തന്റെ മകളുടെ മാനം കാക്കാന്‍ അവന്‍ വേണ്ടിവന്നു. അവനില്ലായിരുന്നെങ്കില്‍! അയാള്‍ക്ക് അതോര്‍ക്കാന്‍ കൂടി കഴിഞ്ഞില്ല. അയാളുടെ കണ്ണുകളില്‍ ജലം വന്നുമൂടി.
“മോനെ വാസൂ..” അവനെ പേരെടുത്ത് ജീവിതത്തില്‍ ആദ്യമായി വിളിക്കുമ്പോള്‍ അയാളുടെ കണ്ഠം ഇടറിയിരുന്നു. അടക്കാനാകാത്ത സന്തോഷത്തോടെ രുക്മിണി തന്റെ കണ്ണുകള്‍ ഒപ്പി.
വാസു താന്‍ സ്വപ്നം കാണുകയാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. അല്ല.സ്വപ്നമല്ല..അച്ഛന്‍ തന്നെ ശരിക്കും മോനെ എന്ന് വിളിച്ചതാണ്. അവന്‍ ശിലപോലെ നിന്നുപോയി. മുന്‍പോട്ടു ഒരടി നടക്കാന്‍ പറ്റുന്നില്ല. അനിര്‍വചനീയമായ സ്നേഹത്തിന്റെ ശക്തമായ കരങ്ങള്‍ തന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു! അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
“മോനെ..ഈ അച്ഛനോട് നീ ക്ഷമിക്കടാ..എന്റെ അറിവില്ലായ്മ നീ പൊറുക്കണേ മോനെ..” ശങ്കരന്‍ ജീവിതത്തില്‍ ആദ്യമായി ഏങ്ങലടിച്ചു കരഞ്ഞു.
“യ്യോ ചേട്ടാ..എന്തായിത്..അവനു ചേട്ടനോട് ഒരു വിരോധവുമില്ല..മോനെ വാസു..ഇങ്ങുവാ..”
രുക്മിണി പുറം തിരിഞ്ഞു നിന്നിരുന്ന വാസുവിനെ വിളിച്ചു. അവന്‍ നിറകണ്ണുകളോടെ അവരുടെ അരികിലേക്ക് ചെന്നു. ശങ്കരന്‍ അവന്റെ മുഖത്തേക്ക് നോക്കി വിതുമ്പി. പിന്നെ അവനെ ചേര്‍ത്തുപിടിച്ച് ആലിംഗനം ചെയ്തു. ജീവിതത്തില്‍ തനിക്കൊരിക്കലും കാണാന്‍ സാധിക്കില്ല എന്ന് രുക്മിണി കരുതിയിരുന്നത് അവിടെ സംഭവിച്ചു. വാസുവിന് ഒന്നും സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല.
“മോന്‍ ഉള്ളില്‍ കയറി കിടക്ക്..നീ വരാന്തയില്‍ ഉറങ്ങേണ്ടവനല്ല….” മനസിന്റെ ഭാരം അല്പം കുറഞ്ഞപ്പോള്‍ ശങ്കരന്‍ പറഞ്ഞു. വാസു തലയാട്ടി.
ആ വീട്ടിലെ അന്തരീക്ഷം അതോടെ മാറിമറിഞ്ഞു. ശങ്കരന്‍ വാസുവിനെ സ്വന്തം മകനെപ്പോലെ കരുതി സ്നേഹിക്കാന്‍ തുടങ്ങി. ദിവ്യയോട് അയാള്‍ ഒന്നും പറഞ്ഞില്ല എങ്കിലും എല്ലാം രുക്മിണി അവളെ പറഞ്ഞു മനസിലാക്കി. അച്ഛന്‍ എല്ലാം മനസിലാക്കി എന്നറിഞ്ഞപ്പോള്‍ അവളുടെ മനസില്‍ വാസുവിനോടുള്ള പക വീണ്ടും വര്‍ദ്ധിച്ചു. അവനെ സ്വന്തം ഏട്ടനെപ്പോലെ കണ്ട് അനുസരണയോടെ ജീവിച്ചോണം എന്ന് മാത്രം അടുത്ത ദിവസം ശങ്കരന്‍ അവളോട് പറഞ്ഞു.
“നീ പറഞ്ഞത് ശരിയാണ് രുക്മിണി..ഭഗവാന്‍ നമുക്ക് നല്‍കിയ ദാനം ആണ് വാസു. അവന്‍ വന്ന ശേഷമാണ് നമ്മുടെ ജീവിതം പച്ച പിടിച്ചതും നമുക്ക് ഒരു മകള്‍ ഉണ്ടായതുമെല്ലാം… പക്ഷെ വിഡ്ഢിയായ ഞാന്‍ അവനെ എത്രമാത്രം വേദനിപ്പിച്ചു..എന്റെ എല്ലാ സ്വത്തിനും ഇനി അവനും അവകാശി ആണ്. നമ്മുടെ മകനാണ് അവന്‍..ഇനി അവന്‍ കൂലിപ്പണിക്കും മറ്റും പോകേണ്ട എന്ന് നീ പറയണം..അവനു ജീവിക്കാനുള്ള ഒരു മാര്‍ഗ്ഗം ഞാന്‍ ഉണ്ടാക്കി കൊടുക്കും..” ശങ്കരന്‍ പുറത്തേക്ക് പോകുന്നതിനു മുന്‍പ് പറഞ്ഞു.
“ചേട്ടന്‍ അവസാനം അവനെ തിരിച്ചറിഞ്ഞല്ലോ അത് മതി” രുക്മിണി പുഞ്ചിരിയോടെ പറഞ്ഞു.
“പെണ്ണിന് അല്പം അമിത സ്വാതന്ത്ര്യം ഞാന്‍ നല്‍കി..ഇനി അവളെ ഞാന്‍ മര്യാദ പഠിപ്പിച്ചോളാം..”
