രാവ് – 3അടിപൊളി 

 

“ഓളം 2021…..

പേരൊക്കെ കൊള്ളാം…പക്ഷെ പൊന്നുമോനെ കാൽവിനെ നീയൊക്കെ കൂടി ഇട്ട ബഡ്ജറ്റ് അതിത്തിരി കടന്ന കൈ ആയിപോയില്ലേ,… ”

ഫുൾ പരിപാടിയുടെ ലിസ്റ്റും, അതിന് വേണ്ട സംഭവങ്ങളുടെ കോട്ടേഷനും ബഡ്ജറ്റ് ഉം കണ്ടു കണ്ണും തള്ളി ഇരുന്ന മേഘ മിസ് അവസാനം ഒരു ദീര്ഘനിശ്വാസമിട്ടു എന്നോട് മൊഴിഞ്ഞു.

“എന്റെ പൊന്നു മിസ്സെ, ശെരിക്കും ഇതിലും കൂടുതൽ വരും, ഇതിപ്പോ ഒത്തിരി കുറച്ചിട്ടാണ് ഇതിലൊന്നു ഒതുക്കിയത്…”

ഞാൻ വിനയകുനയനായി അവസ്‌ഥ പറഞ്ഞു.

“എടാ…പക്ഷെ,….ഞാൻ കാര്യമായി അവിടെ പറയാം, പക്ഷെ ഇത് ഞാൻ ഒറ്റയ്ക്ക് അപ്പ്രൂവ് ചെയ്യുന്നതല്ല, സ്റ്റാഫ് കൗണ്സില് കൂടി തീരുമാനിച്ചിട്ട് അവസാനം പ്രിന്സിപ്പലാണ് തീരുമാനം എടുക്കുന്നത്….ഞാൻ മാക്സിമം നോക്കാം…”

മിസ്സ് ചിരിയോടെ പറഞ്ഞെങ്കിലും, ഈ കഞ്ഞി കോളേജിൽ നിന്ന് അപ്പ്രൂവ് ചെയ്തു കിട്ടുമെന്ന പ്രതീക്ഷ എനിക്ക് പോലും ഇല്ലായിരുന്നു.

ഉച്ചക്ക് ബ്രേക്ക് കിട്ടിയ സമയം കുറച്ചു നേരം എനിക്കും അങ്കിക്കും കിട്ടി, കോളേജിന്റെ നടുഭാഗത്തുള്ള സെന്റർ സ്‌പേസിൽ പടിക്കെട്ടിൽ എന്റെ തോളിൽ ചാരി ഇരുന്നു പരാതി പറഞ്ഞു ചെവി തിന്നുകയാണ് പെണ്ണ്.

“നിന്നെ ഇപ്പൊ ഒന്നു മിണ്ടാനും കൂടി കിട്ടണില്ല….”

“അവസ്ഥ എന്താണെന്ന് നിനക്കും അറിയാലോ അങ്കി, ഒന്നു ക്ലാസ്സിൽ കൂടെ കേറാൻ പറ്റുന്നില്ല, രാവിലെ വന്നു ബാഗ് വെച്ചിട്ട് ഓരോ കാര്യത്തിന് ഇറങ്ങിയാൽ പിന്നെ വൈകിട്ട് ബാഗ് എടുക്കാനാ കേറുന്നെ…നിന്നെ എനിക്കും മിസ് ചെയ്യുന്നില്ലെന്നാണോ…”

“എനിക്കറിയാടാ, എങ്കിലും ഇടയ്ക്കോർക്കും നീ ജയിച്ചില്ലായിരുന്നേൽ, എനിക്ക് കൂടെ തന്നെ ഇരിക്കായിരുന്നല്ലോ എന്നു…”

എന്റെ കൈ അവളുടെ ഉള്ളം കയ്യിൽ ആക്കി തഴുകി പെണ്ണ് പറഞ്ഞു.

“ഇടയ്ക്കത് ഞാനും ഓർക്കും,…ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ…”

“ഇതൊക്കെ കഴിയുമ്പോൾ നമുക്ക് എവിടേലും കറങ്ങാൻ പോവാടാ…”

“നമുക്ക് പോവാടി…നീ സ്ഥലം കണ്ടു വെച്ചോ…”

അവളുടെ മുടിയിലൂടെ ഒന്നു കയ്യൊടിച്ചു ഞാൻ ഒന്ന് മയപ്പെടുത്തി, എന്റെ തിരക്ക് അവളെയും വല്ലാതെ ഡൗണ് ആക്കുന്ന പോലെ തോന്നി, എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന പെണ്ണ് ഇങ്ങനെ ഇരിക്കുന്നത് കാണുമ്പോൾ എന്തോ പോലെ.

എന്റെ തോളിൽ ചാഞ്ഞു എന്നെയും ചുറ്റി അവൾ കുറച്ചു നേരം കൂടി ഇരുന്നു, ബ്രേക്ക് കഴിഞ്ഞപ്പോൾ തിരികെ ക്ലാസ്സിലേക്ക് പോയി, ഞാൻ എന്റെ പരിപാടിയുടെ ഇടയിലേക്കും.

**************************************

“ഹെലോ…കാൽവീ…”

“ആ മിസ്സെ പറഞ്ഞോ…”

“എടാ അത്ര വലിയ ഗുഡ് ന്യൂസ് ഒന്നും അല്ല, നമ്മൾ പ്രപോസ് ചെയ്ത എമൗണ്ട് അപ്പ്രൂവ് ചെയ്യാൻ പറ്റില്ലെന്ന്, അതിന്റെ പകുതിയെ കിട്ടുള്ളൂ, ആർട്‌സ് ഫെസ്റ്റ് ഒക്കെ ഇനിയും ഉള്ളതല്ലേ, പിന്നെ ഇന്റർകോളേജ് ഫെസ്റ്റ് കൂടി ഈ വർഷം പ്ലാൻ ചെയ്യുന്നുണ്ട് അതുകൊണ്ടു ഫണ്ട് ഇല്ലെന്നാണ് സ്റ്റാഫ് കൗണ്സിൽ പറയുന്നത്….”

മിസ് പറഞ്ഞിട്ട് എന്റെ മറുപടിക്ക് കാത്തു.

“നീ എന്താ ഒന്നും പറയാത്തെ…എടാ ഞാൻ ഒത്തിരി ട്രൈ ചെയ്തു, ഞാൻ മാത്രം ഒറ്റയ്ക്ക് എത്രയെന്നു വെച്ച പറയാ…”

ഞാൻ മിണ്ടാതെ നിൽക്കുന്നതിൽ വിഷമിച്ചിട്ടാവും മിസ് പറഞ്ഞു.

“സാരമില്ല മിസ്സെ….ഞങ്ങൾ ഒന്നു കൂടിയിട്ടു സെറ്റ് ചെയ്യാൻ പറ്റുവോ എന്നു നോക്കട്ടെ, ഇപ്പൊ എത്ര വരെ തരാമെന്ന അവര് പറയുന്നേ…”

“പ്രപോസ്സ് ചെയ്ത ഫണ്ടിന്റെ പകുതി…”

മിസ് പറഞ്ഞു നിർത്തി,..

“OK മിസ്സെ…മിസ്സ് പേടിക്കണ്ട പരിപാടി ഞങ്ങൾ നടത്തും, മിസ്സിനോട് മാത്രേ നന്ദിയുള്ളൂ…”

“എടാ…ഞാൻ വേണേൽ എന്തേലും ഫണ്ട് എന്റെ കൈയ്യിൽ നിന്നും ഇടാൻ നോക്കട്ടെ…”

“അയ്യേ…അതൊന്നും വേണ്ട…എന്തായാലും എപ്പോഴെങ്കിലും ഒരു ഷോർട്ടേജ് വന്നാൽ ചോദിക്കാൻ ഒരാളെങ്കിലുമുണ്ടല്ലോ അതു മതി,….താങ്ക്യൂ മിസ്സെ…”

“പ്ലാൻ ഏറ്റു…”

ഫോൺ കട് ചെയ്തു തിരിയുമ്പോൾ എന്നെ നോക്കി കയ്യും കെട്ടി ഇരുന്ന ജോപ്പൻ കണ്ണു പൊക്കിയതിനു ഞാൻ പറഞ്ഞു.

“യീഹാ….ജോർജിനെ അല്ല അയാളുടെ തന്തയെ വിറ്റിട്ടാണേലും ഞാൻ പരിപാടി നടത്തും, എന്റടുത്താ അയാടെ കളി…”

ജോപ്പൻ കിടന്നു തുള്ളി ചാടി..

ശെരിക്കും ആവശ്യമുള്ള തുകയുടെ ഇരട്ടി ക്വോട്ട്‌ ചെയ്തു അയച്ചപ്പോഴേ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു, അയാളിത് ഞങ്ങളെ ഉപദ്രവിക്കാൻ ഫണ്ട് കുറച്ചാലും, പരിപാടി നടത്താനുള്ള ഫണ്ട് അയാളെക്കൊണ്ടു തന്നെ അപ്പ്രൂവ് ചെയ്യിക്കണം എന്നു, അതിനു വേണ്ടി അവനു പരിചയമുള്ള ലൈറ്റ് ആൻഡ് സൗണ്ട് കരുടെ അടുത്തൂന്നും ഉണ്ടാക്കിയെടുത്ത ക്വോട് കണ്ടു അയാള് വീണു.

 

“നിനക്കെന്താടാ…ഒരു സന്തോഷമില്ലാത്തെ….”

ആലോചിച്ചു നിന്ന എന്നെ നോക്കി ജോപ്പൻ ചോദിച്ചു.

“ഏയ്‌….മിസ്സിനോട് പറയാരുന്നു, മിസ് പ്രശ്നം ഒന്നുമില്ലെടാ, പാവമാണ് കൂടെ നിന്നേനെ, ഫണ്ട് തികഞ്ഞില്ലെങ്കിൽ മിസ്സ് കയ്യിലുള്ളത് തരാം എന്നുവരെ പറഞ്ഞു…”

എനിക്കെന്തോ മിസ്സിനെയും പറ്റിക്കേണ്ടി വന്നല്ലോ എന്നോർത്തു വിഷമം തോന്നി തുടങ്ങിയിരുന്നു.

“നീ അത് വിട്ടുകള, നമ്മളെപോലെ മിസ് നാച്ചുറൽ ആക്ടർ ഒന്നും അല്ല, ആ ജോർജിന്റെ പട്ടി ഷോ കണ്ടെങ്ങാനും അറിയാതെ ചിരിച്ചു പിടികൊടുത്താൽ എല്ലാം മൂഞ്ചും…”

 

അവൻ എന്നെ സമാധാനിപ്പിച്ചു,

“ഇനി അപ്പൊ പരിപാടി തുടങ്ങാം, നാളെ കാശും വാങ്ങി കൊടികേറ്റാൻ ഉള്ളതാ…”

ജോപ്പൻ ബെഡിലേക്ക് ചരിഞ്ഞു കിടന്നു സ്വപ്നം കണ്ടു തുടങ്ങി.

 

*************************************

 

ഓളം 2021

———-–-––––

“ഡാ ഇവിടെ എല്ലാം സെറ്റ് അല്ലെ, പിള്ളേരെല്ലാം ഉണ്ടല്ലോ…”

രാവിലെ തന്നെ ഉച്ച കഴിഞ്ഞുള്ള പ്രോഗ്രാമിന് കേറേണ്ട പിള്ളേരെയൊക്കെ വാരിക്കൂട്ടി എണ്ണമെടുത്തു കൊണ്ടു ഇരുന്നപ്പോഴാണ് ജോപ്പൻ വന്നു കയറിയത്,.

“പിള്ളേരെല്ലാം സെറ്റ് ആണ്, ഇവരുടെ പരിപാടി ഒക്കെ ഉച്ച കഴിഞ്ഞല്ലേ ഉള്ളൂ, രാവിലത്തെക്കുള്ള സംഭവം ഒക്കെ എന്തായി…”

“ആ ഗസ്റ്റ് വരേണ്ട താമസമേ ഉള്ളൂ, വിളിക്കാൻ ഋതിൻ പോയിട്ടുണ്ട്, അവരെത്തിയാൽ പരിപാടി തുടങ്ങാം…”

ജോപ്പൻ പറഞ്ഞുകൊണ്ട് നിന്നപ്പോൾ അവനെയും തിരക്കി പിള്ളേര് വന്നു എന്തോ സംസാരിച്ചു അവൻ അവരുടെ കൂടെ പോവുകയും ചെയ്തു.

“അപ്പൊ നിങ്ങൾ വേണേൽ ഒരു വട്ടം ഒന്നു കളിച്ചു നോക്കിക്കോ…”

“ഏയ്‌, ഞങ്ങൾ സെറ്റാ….ഗസ്റ്റ് ആരാ ചേട്ടാ…”

ഫസ്റ്റ് ഇയറിലെ പിള്ളേരാണ് ഗസ്റ്റ് ആരാണെന്നു കുറച്ചു പേരോട് മാത്രമേ പറഞ്ഞിട്ടുള്ളൂ, ഒരു സർപ്രൈസ് വെക്കാം എന്നു വെച്ചു.

“അതൊക്കെ വരുമ്പോൾ കണ്ടാൽ മതീട്ട…ഗസ്റ്റ് എത്തുമ്പോൾ ഞാൻ വിളിച്ചു പറയാം നിങ്ങൾ അപ്പൊ പോര്…”

ഞാൻ ബാക്കിയുള്ള പരിപാടിക്കായി ഓഡിറ്റോറിയത്തിലേക്ക് നടന്നു, രാവിലെ എല്ലാവരെയും വിജയിച്ച സ്ഥാനത്തേക്ക് ഇരുത്തുന്ന പരിപാടി ഉള്ളതുകൊണ്ട് എനിക്ക് ഇരട്ടിപ്പണിയാണ്.