രാവ് – 3അടിപൊളി 

മിസ്സ് എന്നോട്, ഓൾ റെഡി അറിയാവുന്ന കാര്യം പറഞ്ഞു.

ഞാൻ എന്റെ കയ്യിലിരുന്ന റിക്വസ്റ്റ്‌ അങ്ങു കൊടുക്കുവേം ചെയ്തു, അതൊന്നു ഓടിച്ചു വായിച്ചിട്ട് മിസ്സ് അതിൽ ഒപ്പിട്ടു തന്നു.

“മിസ്സെ യൂണിയൻ ഡേ നടത്താനുള്ള മീറ്റിങ് കൂടുന്നുണ്ട്, മിസ്സിന്റെ ഫുൾ സപ്പോർട്ട് വേണം…”

മിസ്സ് അതേ ചിരിയോടെ തലയാട്ടി കാണിച്ചു. ദൈവമേ ഇതിനെവെച്ചു എങ്ങനെ ഈ പരിപാടിക്കൊക്കെ സമ്മതം വാങ്ങിച്ചെടുക്കുവോ എന്തോ.

ഞാനൊരു താങ്ക്യൂ പറഞ്ഞു തിരിഞ്ഞു നടന്നു.

“ഡാ ആ ഷെല്ഫിൻ മുകളിൽ ഇരിക്കുന്ന ആ ബുക്ക് ഒന്നു എടുത്തു കൊടുത്തിട്ട് പോ…കുറച്ചു നേരമായി മിസ്സ് അതിന് വേണ്ടി ഡാൻസ് കളിക്കണേ…”

തന്നെ കടന്നു പോവനൊരുങ്ങുമ്പോൾ റീത്ത മിസ്സ് എന്നോട് പറഞ്ഞു. ഒപ്പിട്ടു തന്നതല്ലേ ചെയ്തുകളയാം…

ഞാൻ ചെന്നതും മിസ്സ് ഒതുങ്ങി തന്നു.

“ഏതു ബുക്കാ മിസ്സെ വേണ്ടേ…”

“മോളിലെ ക്രിട്ടിക്കൽ തിങ്കിങ് ന്റെ…”

ഞാൻ നോക്കുമ്പോൾ നല്ല പൊക്കത്തിലാണ്, ഇവർക്ക് എന്നെക്കാൾ പൊക്കവും കുറവാണ് എന്നിട്ടും എന്തിനാണാവോ ഇവര് വലിഞ്ഞു കേറാൻ നോക്കിയേ…”

“ചെറിയ സ്ടൂൾ ഉണ്ടായിരുന്നതാ, അതിന്റെ കാലിന് ഇളക്കം ഉള്ളതുകൊണ്ട് ആന്റപ്പേട്ടൻ ശെരിയാക്കാൻ കൊണ്ടു പോയി…”

ഈ പൊക്കത്തിൽ നിന്ന് ഇതെങ്ങനെ എടുക്കും എന്നാലോചിച്ചു നിന്നപ്പോൾ മിസ്സ് പറഞ്ഞു.

ഞാൻ ഒന്ന് ആഞ്ഞിട്ടു ഒന്നു ചാടി ബുക്ക് കയ്യിൽ കിട്ടി പക്ഷെ എടുത്തിട്ടു പോരും വഴി അതിനെ തൊട്ടുരുമ്മി സുഖിച്ചിരുന്ന ഒരു തടിയൻ ബുക്ക് കൂടെ അതിനെ വിട്ടുകൊടുക്കാതെ കൂടെപ്പോന്നു.

“യ്യോ….”

മിസ്സിന്റെ വിളിയും എന്റെ തോളും പോയത് ഒരുമിച്ചായിരുന്നു.

ഒന്നു ഇരുന്നു പോയി അപ്പോഴേക്കും മിസ്സ് എന്റെ കയ്യിൽ പിടിച്ചു പൊക്കി.

“കുഴപ്പം വല്ലോം തോന്നുന്നുണ്ടോ വേദനയുണ്ടോ….”

മേഘമിസ്സ് എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു, സ്വരത്തിൽ സങ്കടം നിറഞ്ഞിരുന്നു.

“ഡാ…എന്തേലും പറ്റിയോ…എവിടെയാ വീണേ…”

റീത്ത മിസ്സ് എഴുന്നേറ്റു വന്നു എന്നെ പിടിച്ചു കസേരയിൽ ഇരുത്തി ചോദിച്ചു.

“ഏയ്‌…കുഴപ്പം ഒന്നുമില്ല മിസ്സെ….”

ഷോള്ഡർ ഒന്നു ഇളക്കി കൊണ്ടു ഞാൻ പറഞ്ഞു. ചെറിയ ഒരു വേദന ഉണ്ടായിരുന്നെങ്കിലും എന്നെ നോക്കി പേടിച്ചു നിന്ന മേഘ മിസ് ഞാൻ ഇനി വേദന ഉണ്ടെന്നെങ്ങാനും പറഞ്ഞാൽ അപ്പൊ കരയും എന്ന നിലയിലായിരുന്നു.

“എനിക്ക് കുഴപ്പം ഒന്നുമില്ല മിസ്സെ…കണ്ടില്ലേ…പേടിക്കണ്ട..”

കൈ ഒക്കെ ഉയർത്തി ഞാൻ അവരെ വിശ്വസിപ്പിച്ചു…

അപ്പോഴും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട് കണ്ണിൽ കുറ്റബോധവും സങ്കടവും.

എന്റെ ഫോണടിക്കുന്നത് കേട്ടു.

“ഡാ എത്ര നേരമായി…ഇതുവരെ ഒപ്പ് കിട്ടീല്ലേ…ഞാൻ വരണോ…”

ജോപ്പൻ അവിടെ കിടന്നു ചാടുവാണ്.

“ഇല്ലെടാ കിട്ടി ഞാൻ ദേ വരുവാ…”

“ജോയലാണോടാ….”

“ആ മിസ്സെ അവനവിടെ കിടന്നു കയറു പൊട്ടിക്കുന്നുണ്ട്…ഞാൻ എന്ന ഇതും കൊണ്ടു ചെല്ലട്ടെ…”

ഫോൺ വെച്ചു ഞാൻ റീത്ത മിസ്സിനോട് പറഞ്ഞു.

ഇറങ്ങി നടന്നു. ഒന്നു തിരിഞ്ഞു നോക്കുമ്പോൾ അപ്പോഴും ആശങ്ക വിടാത്ത മുഖവുമായി മേഘ മിസ്സ് എന്നെയും നോക്കി അപ്പോഴും നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ ഒന്നുമില്ലെന്ന്‌ വെറുതെ ഒന്ന് കണ്ണുചിമ്മി കാട്ടി.

*************************************

“എന്താടാ….ബാക്കിയുള്ളതിനൊയൊക്കെ എന്തെയ്തു…”

താഴെ ചെല്ലുമ്പോൾ ജോപ്പൻ പെട്ടിക്കടേട മുൻപിൽ പട്ടി ഇരിക്കുമ്പോലെ ജോർജിന്റെ ഓഫീസിനു മുന്നിൽ നിൽപ്പുണ്ട്.

“ഓഹ്, ഞാൻ വേറെ ആരേം വിളിച്ചില്ലെടാ ഇതിപ്പോ സർക്കാർ ഓഫീസിനെക്കാൾ കഷ്ടമാണല്ലോ, ഇതുംകൊണ്ടു ചെല്ലുമ്പോൾ ഇനി ആധാർ കാർഡ് വേണം മരിച്ചതിന്റെ സെർട്ടിഫികറ്റ്‌ വേണം എന്നൊക്കെ എങ്ങാനും പറഞ്ഞു ഓടിച്ചാൽ പിന്നേം നാറി പോവില്ലേ…അതോണ്ട് അവന്മാരെ ഞാൻ മോളിലേക്ക് വിട്ടു…താക്കോലായി ചെന്നു ഇനി തുറക്കുമ്പോൾ വിളിക്കാം…

സംഭവം എവിടെ…”

ജോയൽ കൈ നീട്ടിയതും ഞാൻ പേപ്പർ കൊടുത്തു.

“നീ വാ…”

എന്നെയും കൂട്ടി പ്രസിപ്പാളിന്റെ ഓഫീസിലേക്ക് അവൻ മുട്ടിയിട്ടു കയറി.

“ഉം…എന്താ ജോയലെ…”

“സാറേ യൂണിയൻ ഓഫീസിന്റെ താക്കോൽ…”

വട്ടക്കണ്ണടയുടെ മോളിലൂടെ കണ്ണു തുറുപ്പിച്ചു ജോർജ് കെ എസ് എന്ന ഞങ്ങളുടെ സ്വന്തം പ്രിൻസിപ്പാൾ കൊരങ്ങൻ ജോർജ് ഞങ്ങളെ ഒന്നു ചൂഴ്ന്നു നോക്കി.

എന്നിട്ട് പുച്ഛം നിറഞ്ഞ ഭാവത്തോടെ ജോയൽ നീട്ടിയ പേപ്പർ വാങ്ങിച്ചു. ബുൾസ് ഐ കണ്ണു അതിലേക്ക് തുറുപ്പിച്ചു.

ജോയൽ കയ്യും കെട്ടി ധശമൂലം ദാമുവിന്റെ കണക്ക് നിക്കുന്നുണ്ട്, നിൽപ്പ് കണ്ടാൽ ആരും പറയില്ല കുറച്ചു മുന്നേ ഇയാളെ ഒറ്റയ്ക്ക് വിഴുങ്ങിക്കോളാം എന്നും പറഞ്ഞു എന്നോട് ഡയലോഗ് ഇട്ടവനാണെന്നു…

“ജോയലെ…പ്രശ്നം ഒന്നും ഉണ്ടാക്കാതെ എല്ലാ പരിപാടിയും ഭംഗിയായി നടത്താൻ നോക്കണം…അറിയാലോ മാനേജ്‌മെന്റ് ഒക്കെ ആകെ എതിരാ…”

പേപ്പറിൽ ഒപ്പിട്ടു മേശയിലേക്ക് വെച്ചു ജോർജ് ഒന്നു സുഖിപ്പിക്കാൻ നോക്കി.

“ഒരു കുഴപ്പവും ഇല്ലാതെ നല്ല രീതിയിൽ തന്നെ നടത്തും സാറേ…സാറിന്റെ എല്ലാ സപ്പോര്ട്ടും ഞങ്ങൾക്ക് ഉണ്ടായാൽ മതി…”

തിരികെ ജോപ്പനും നല്ലോണം ഒന്നു പുഴുങ്ങാൻ മടിച്ചില്ല, അവന്റെ ടോൺ കേട്ട ഞാൻ ചിരിയടക്കാൻ പെട്ട പാട്…

“സാറേ…താക്കോൽ…”

“അത് ആന്റപ്പനോട് വാങ്ങിക്കോളൂ…”

“ഓഹ്…താങ്ക്യൂ സർ…”

വിനയ കുനയം അത്രേം പറഞ്ഞു ഓഫീസിന്റെ വാതിൽ കടന്നു ഞാൻ കണ്ടതാണ് ഏറ്റവും വലിയ ട്രാൻസ്ഫോമേഷൻ സീൻ…നെഞ്ചും വിരിച്ചു ജോപ്പൻ വീണ്ടും കിരീടത്തിലെ ഹൈദ്രോസ്സായി.

മുകളിലെ ബോട്ടണി ഡിപാർട്മെന്റ് ന്റെ മൂലക്ക് ഒളിപ്പിച്ചു വെച്ചിരുന്ന യൂണിയൻ ഓഫിസിന്റെ മുൻപിൽ ചാരിയും ചെരിഞ്ഞും ഒടിഞ്ഞും തിരഞ്ഞെടുത്ത യൂണിയൻ അനാഥ പ്രേതം കണക്ക് ഇരിപ്പുണ്ട്.

“എഴുന്നേൽക്കട മക്കളെ…ഇനി നമ്മുടെ യുദ്ധം കമ്പനി കാണാൻ പോവുന്നെ ഉള്ളൂ…”

ജോപ്പൻ വലിയ വായിൽ പറഞ്ഞു, താക്കോലെടുത്തു താഴ് തുറന്നു.

“ഐശ്വര്യമായിട്ട് കേറാം അല്ലെ…”

“ജോയലെ…”

എന്നോട് ചോദിച്ചതിന് ഞാൻ തലയാട്ടിയതും വലതു കാലെടുത്തു വെച്ചു അകത്തേക്ക് ആഞ്ഞ ജോപ്പനെ പിന്നിൽ നിന്ന് കേട്ട ശബ്ദം വീണ്ടും വിറപ്പിച്ചു..

 

“എന്റെ ദൈവമേ….പിടിച്ചു നിൽക്കാൻ ശക്തി തരണേ…”

ജോയൽ മുറുമുറുത്തുകൊണ്ടു തിരിഞ്ഞു, ആന്റപ്പേട്ടനും സീന ചേച്ചിയും ബിന്ദു ചേച്ചിയും കൂടെ ബക്കറ്റും വെള്ളവും ചൂലും ഒക്കെയുണ്ട്…”

“ഞാൻ നിങ്ങളെക്കൊണ്ടു തോറ്റല്ലോ ഐ ആൾസോ ഫെയിൽഡ് ഓഫ് യൂ…”

തലക്കടിച്ചുകൊണ്ടു ജോപ്പൻ അറഞ്ഞു…

“പൂട്ടി കിടക്കുന്ന മുറി ഒന്നടിച്ചു തൂത്തേക്കാം എന്നു വിചാരിച്ചു വന്നതാ…ഇനി നിനക്കൊന്നും വേണ്ടേൽ വേണ്ട പോയേക്കാം…വാടി പെണ്ണുങ്ങളെ…”

ആന്റപ്പേട്ടൻ തിരിഞ്ഞു നടന്നതും ജോപ്പൻ ഓടി പുള്ളിയുടെ തോളിൽ കയ്യിടുന്നതും എന്തോ കുശു കുശുക്കുന്നതും കണ്ടു,