ഞാൻ ഒന്ന് ആഞ്ഞിട്ടു ഒന്നു ചാടി ബുക്ക് കയ്യിൽ കിട്ടി പക്ഷെ എടുത്തിട്ടു പോരും വഴി അതിനെ തൊട്ടുരുമ്മി സുഖിച്ചിരുന്ന ഒരു തടിയൻ ബുക്ക് കൂടെ അതിനെ വിട്ടുകൊടുക്കാതെ കൂടെപ്പോന്നു.
“യ്യോ….”
മിസ്സിന്റെ വിളിയും എന്റെ തോളും പോയത് ഒരുമിച്ചായിരുന്നു.
ഒന്നു ഇരുന്നു പോയി അപ്പോഴേക്കും മിസ്സ് എന്റെ കയ്യിൽ പിടിച്ചു പൊക്കി.
“കുഴപ്പം വല്ലോം തോന്നുന്നുണ്ടോ വേദനയുണ്ടോ….”
മേഘമിസ്സ് എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു, സ്വരത്തിൽ സങ്കടം നിറഞ്ഞിരുന്നു.
“ഡാ…എന്തേലും പറ്റിയോ…എവിടെയാ വീണേ…”
റീത്ത മിസ്സ് എഴുന്നേറ്റു വന്നു എന്നെ പിടിച്ചു കസേരയിൽ ഇരുത്തി ചോദിച്ചു.
“ഏയ്…കുഴപ്പം ഒന്നുമില്ല മിസ്സെ….”
ഷോള്ഡർ ഒന്നു ഇളക്കി കൊണ്ടു ഞാൻ പറഞ്ഞു. ചെറിയ ഒരു വേദന ഉണ്ടായിരുന്നെങ്കിലും എന്നെ നോക്കി പേടിച്ചു നിന്ന മേഘ മിസ് ഞാൻ ഇനി വേദന ഉണ്ടെന്നെങ്ങാനും പറഞ്ഞാൽ അപ്പൊ കരയും എന്ന നിലയിലായിരുന്നു.
“എനിക്ക് കുഴപ്പം ഒന്നുമില്ല മിസ്സെ…കണ്ടില്ലേ…പേടിക്കണ്ട..”
കൈ ഒക്കെ ഉയർത്തി ഞാൻ അവരെ വിശ്വസിപ്പിച്ചു…
അപ്പോഴും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട് കണ്ണിൽ കുറ്റബോധവും സങ്കടവും.
എന്റെ ഫോണടിക്കുന്നത് കേട്ടു.
“ഡാ എത്ര നേരമായി…ഇതുവരെ ഒപ്പ് കിട്ടീല്ലേ…ഞാൻ വരണോ…”
ജോപ്പൻ അവിടെ കിടന്നു ചാടുവാണ്.
“ഇല്ലെടാ കിട്ടി ഞാൻ ദേ വരുവാ…”
“ജോയലാണോടാ….”
“ആ മിസ്സെ അവനവിടെ കിടന്നു കയറു പൊട്ടിക്കുന്നുണ്ട്…ഞാൻ എന്ന ഇതും കൊണ്ടു ചെല്ലട്ടെ…”
ഫോൺ വെച്ചു ഞാൻ റീത്ത മിസ്സിനോട് പറഞ്ഞു.
ഇറങ്ങി നടന്നു. ഒന്നു തിരിഞ്ഞു നോക്കുമ്പോൾ അപ്പോഴും ആശങ്ക വിടാത്ത മുഖവുമായി മേഘ മിസ്സ് എന്നെയും നോക്കി അപ്പോഴും നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ ഒന്നുമില്ലെന്ന് വെറുതെ ഒന്ന് കണ്ണുചിമ്മി കാട്ടി.
*************************************
“എന്താടാ….ബാക്കിയുള്ളതിനൊയൊക്കെ എന്തെയ്തു…”
താഴെ ചെല്ലുമ്പോൾ ജോപ്പൻ പെട്ടിക്കടേട മുൻപിൽ പട്ടി ഇരിക്കുമ്പോലെ ജോർജിന്റെ ഓഫീസിനു മുന്നിൽ നിൽപ്പുണ്ട്.
“ഓഹ്, ഞാൻ വേറെ ആരേം വിളിച്ചില്ലെടാ ഇതിപ്പോ സർക്കാർ ഓഫീസിനെക്കാൾ കഷ്ടമാണല്ലോ, ഇതുംകൊണ്ടു ചെല്ലുമ്പോൾ ഇനി ആധാർ കാർഡ് വേണം മരിച്ചതിന്റെ സെർട്ടിഫികറ്റ് വേണം എന്നൊക്കെ എങ്ങാനും പറഞ്ഞു ഓടിച്ചാൽ പിന്നേം നാറി പോവില്ലേ…അതോണ്ട് അവന്മാരെ ഞാൻ മോളിലേക്ക് വിട്ടു…താക്കോലായി ചെന്നു ഇനി തുറക്കുമ്പോൾ വിളിക്കാം…
സംഭവം എവിടെ…”
ജോയൽ കൈ നീട്ടിയതും ഞാൻ പേപ്പർ കൊടുത്തു.
“നീ വാ…”
എന്നെയും കൂട്ടി പ്രസിപ്പാളിന്റെ ഓഫീസിലേക്ക് അവൻ മുട്ടിയിട്ടു കയറി.
“ഉം…എന്താ ജോയലെ…”
“സാറേ യൂണിയൻ ഓഫീസിന്റെ താക്കോൽ…”
വട്ടക്കണ്ണടയുടെ മോളിലൂടെ കണ്ണു തുറുപ്പിച്ചു ജോർജ് കെ എസ് എന്ന ഞങ്ങളുടെ സ്വന്തം പ്രിൻസിപ്പാൾ കൊരങ്ങൻ ജോർജ് ഞങ്ങളെ ഒന്നു ചൂഴ്ന്നു നോക്കി.
എന്നിട്ട് പുച്ഛം നിറഞ്ഞ ഭാവത്തോടെ ജോയൽ നീട്ടിയ പേപ്പർ വാങ്ങിച്ചു. ബുൾസ് ഐ കണ്ണു അതിലേക്ക് തുറുപ്പിച്ചു.
ജോയൽ കയ്യും കെട്ടി ധശമൂലം ദാമുവിന്റെ കണക്ക് നിക്കുന്നുണ്ട്, നിൽപ്പ് കണ്ടാൽ ആരും പറയില്ല കുറച്ചു മുന്നേ ഇയാളെ ഒറ്റയ്ക്ക് വിഴുങ്ങിക്കോളാം എന്നും പറഞ്ഞു എന്നോട് ഡയലോഗ് ഇട്ടവനാണെന്നു…
“ജോയലെ…പ്രശ്നം ഒന്നും ഉണ്ടാക്കാതെ എല്ലാ പരിപാടിയും ഭംഗിയായി നടത്താൻ നോക്കണം…അറിയാലോ മാനേജ്‌മെന്റ് ഒക്കെ ആകെ എതിരാ…”
പേപ്പറിൽ ഒപ്പിട്ടു മേശയിലേക്ക് വെച്ചു ജോർജ് ഒന്നു സുഖിപ്പിക്കാൻ നോക്കി.
“ഒരു കുഴപ്പവും ഇല്ലാതെ നല്ല രീതിയിൽ തന്നെ നടത്തും സാറേ…സാറിന്റെ എല്ലാ സപ്പോര്ട്ടും ഞങ്ങൾക്ക് ഉണ്ടായാൽ മതി…”
തിരികെ ജോപ്പനും നല്ലോണം ഒന്നു പുഴുങ്ങാൻ മടിച്ചില്ല, അവന്റെ ടോൺ കേട്ട ഞാൻ ചിരിയടക്കാൻ പെട്ട പാട്…
“സാറേ…താക്കോൽ…”
“അത് ആന്റപ്പനോട് വാങ്ങിക്കോളൂ…”
“ഓഹ്…താങ്ക്യൂ സർ…”
വിനയ കുനയം അത്രേം പറഞ്ഞു ഓഫീസിന്റെ വാതിൽ കടന്നു ഞാൻ കണ്ടതാണ് ഏറ്റവും വലിയ ട്രാൻസ്ഫോമേഷൻ സീൻ…നെഞ്ചും വിരിച്ചു ജോപ്പൻ വീണ്ടും കിരീടത്തിലെ ഹൈദ്രോസ്സായി.
