രാവ് – 3അടിപൊളി 

ചോദിച്ചും പറഞ്ഞും എന്റെ ഭാവി പരിപാടി വരെ എത്തി ആളുടെ അന്വേഷണം.

“എനിക്കതാണ് മിസ്സെ ഇഷ്ടം, ബെത്ലെഹേമിലെ ഡെന്നിസ്, ഒത്തിരി ഇഷ്ടം ഉള്ള കാരക്ടർ, അപ്പൊ അതുപോലെയുള്ള എന്റെ സ്വപ്നവും അങ്ങനെയല്ലേ ആവൂ…

ഫാമും കൃഷിയും ഒക്കെയായി കുറച്ചു ദൂരെ എവിടെയെങ്കിലും, ടെൻഷൻ ഒന്നും ഇല്ലാതെ സിംപിൾ ആയി ഒരു ലൈഫ്…”

“ഉം കൺസെപ്റ് ഒക്കെ അടിപൊളിയാ…പക്ഷെ അതിനൊക്കെ ഉള്ള വഴി കൂടെ കണ്ടു വെക്കണോല്ലോ…”

ചിരിച്ചുകൊണ്ടു മിസ് പറഞ്ഞു, മിസ്സിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്, അങ്കിയെക്കാൾ കറുപ്പാണ് മിസ്സിന്, പക്ഷെ ആ കറുപ്പ് തിളങ്ങുന്നു, കുറച്ചു തടിച്ച ശരീര പ്രകൃതം, കണ്ണുകളിൽ എപ്പോഴും ഒളിപ്പിച്ചു വെക്കുന്ന കുസൃതി എന്നോട് സംസാരിക്കുമ്പോൾ മറയ്ക്കാതെ പുറത്തേക്ക് വരുന്നു.

 

“എന്ത് പറ്റി കാൽവീ…”

പെട്ടെന്നു മിസ്സ് ചോദിച്ചു, ഞാൻ അത്ര നേരം മിസ്സിന്റെ മുഖം നോക്കി ഇരിക്കുവായിരുന്നു എന്നു എനിക്കും അപ്പോഴാണ് ബോധം വന്നത്.

“ഏഹ്…..അത്….മിസ്സിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്…”

ഞാൻ ഉള്ള കാര്യം അങ്ങു പറഞ്ഞു, ഒരു നിമിഷം ആ കവിൾ ഒന്നു തുടുക്കുന്നതും മുഖം വിടരുന്നതും ഞാൻ കണ്ടു പിന്നെ ഊറി വന്ന പുഞ്ചിരി നുണക്കുഴിയിൽ ഒളിപ്പിച്ചു, മിസ് എന്നെ ചെറുതായി കണ്ണുരുട്ടി നോക്കി…

“ഞാൻ അതിന്, ഒരു കോംപ്ലിമെന്റ് പറഞ്ഞതാ, ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട…”

“ഹ ഹ ഹ….”

എന്റെ മുഖം മാറിയത് കണ്ടാവും പെട്ടെന്ന് പൊട്ടിച്ചിരിച്ചു, യക്ഷിയുടെ മാതിരിയുള്ള ചിരി.

“പോടാ…പൊട്ടാ…”

എന്റെ കയ്യിൽ ചുമ്മ ഇടിച്ചു മിസ്സ് പറഞ്ഞു..ഞാൻ സ്റ്റുഡന്റും ആള് ടീച്ചറുമാണെന്നു ഞങ്ങൾ കുറച്ചു നേരം മറന്ന പോലെ ആയിരുന്നു, ഒരു വല്ലാത്ത പോസിറ്റീവ് ഫീലിംഗ് മിസ്സിന്റെ അടുത്ത് ഇരിക്കുമ്പോൾ, എന്റെ എനിക്ക് വേണ്ടപ്പെട്ട ആരോ കൂടെ ഇരിക്കുന്ന പോലെ,…മിസ്സിനും അതു തോന്നിയിട്ടാവണം എന്നോട് ഇത്ര കൂടുതൽ ഫ്രീ ആയി സംസാരിക്കുന്നത്…

“അപ്പൊ ഡേറ്റ് കിട്ടിയല്ലോ, ഇനിയെന്താ…”

മിസ്സ്‌ അടുത്ത പരിപാടിയിലേക്ക് ചോദിച്ചു…

 

“ഇനി ഈ അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്ത കോളേജിൽ നിന്ന് പ്രോഗ്രാംസ് നടത്താൻ എത്ര രൂപ കിട്ടും എന്നറിയണം…”

“അതൊക്കെ കിട്ടും നീ വെറുതെ കോളേജിനെ കളിയാക്കുവൊന്നും വേണ്ട, ആദ്യം നടത്താൻ പോവുന്ന പ്രോഗ്രാംസിന്റെ ലിസ്റ്റ് ടൈമിംഗ് ഒക്കെയുള്ള ഫുൾ ഡീറ്റൈൽസ് എനിക്ക് താ, എന്നിട്ടല്ലേ ഫണ്ട് ന്റെ കാര്യം…”

മിസ്സ്‌ ചിരിയോടെ പറഞ്ഞു…

“ഇനിയിത് മാറ്റി പറയരുത്…”

“ഏയ്‌…ഇല്ല, അത് ഞാൻ വാങ്ങി തന്നോളാം പോരെ…..

……..ഡാ….ഒരു കുട്ടി കുറച്ചായല്ലോ പുറത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ…”

മിസ്സ്‌ പുറത്തേക്ക് കണ്ണു ചൂണ്ടി ഒന്നു പറഞ്ഞപ്പോൾ ഞാനും ഒന്നു ചെരിഞ്ഞു നോക്കി. വേറാരും അല്ല എന്റെ പെണ്ണ് തന്നെ….

“എന്താ കാൽവീ,….പ്രേമം ആണോ…”

“അറിഞ്ഞിട്ട് വീട്ടിൽ വിളിച്ചു പറയാനാ…?”

ഞാൻ ഒന്ന് ചുരണ്ടി ചോദിച്ചു.

“പോടാ ഞാൻ അത്ര വലിയ മൂരാച്ചി ഒന്നും അല്ല, റിലേഷൻ ആണെങ്കിൽ നിങ്ങൾക്ക് രണ്ടു പേർക്കും അതിനുള്ള പ്രായമായെന്നാണ് എന്റെ അനുമാനം, സോ നിങ്ങളുടെ കാര്യം നോക്കാൻ നിങ്ങൾക്കറിയാം, പക്ഷെ ചുമ്മ ടൈം പാസ്സ് ആവരുതെന്നു മാത്രേ എനിക്ക് അഭിപ്രായം ഉള്ളൂ…”

കൈ കെട്ടി ഇച്ചിരി ഗൗരവ ഭാവത്തിൽ ഇരിക്കുന്ന മിസ്സിനെ കണ്ടു എനിക്ക് ചിരി വന്നു.

“എന്തായാലും മിസ്സ്‌ പറയുന്നത് അനുസരിക്കാതിരിക്കാൻ വയ്യല്ലോ…അതുകൊണ്ടു ഇനി കാര്യമായിട്ട് തന്നെ പ്രണയിച്ചേക്കാം…എന്തെങ്കിലും ആവശ്യം വരുമ്പോൾ ഓടി വരാൻ ഒരാളായല്ലോ…”

“കുരുത്തക്കേട് എന്തേലും ഒപ്പിച്ചിട്ടാണേൽ ആദ്യം കിട്ടുന്നത് എന്റെ അടുത്തൂന്നും ആയിരിക്കും…”

കുസൃതിയും കാര്യവും നിറച്ചു മിസ്സ് പറഞ്ഞതു കേട്ടു ഞാൻ ചിരിയോടെ ഒരു ടാറ്റയും കൊടുത്തു എന്റെ കൊച്ചിന്റെ പിറകെ ഇറങ്ങി.

 

“നീ ആ മിണ്ടാപൂച്ചയോട് എങ്ങനെ കമ്പനി ആയി…”

എന്റെ കയ്യിലും ചുറ്റിപ്പിടിച്ചു നടക്കുന്നതിനിടയിൽ പെണ്ണിന് സംശയം..

“മിണ്ടാപൂച്ച…പറ്റിയ ആളാ,, ഡി മിസ് അങ്ങനെ ഇരിക്കുന്നതൊന്നും നോക്കണ്ട, പറ്റിയ ഒരാളെ കിട്ടിയാൽ അവര് വായടയ്ക്കത്തില്ല, അതുപോലെ വായാടിയാ…”

ഞാൻ മിസ്സിനെ ഓർത്തുകൊണ്ടു പറഞ്ഞു.

“അമ്പട ചെക്കന് മിസ്സിനെ അങ്ങു പിടിച്ചു പോയെന്ന് തോന്നുന്നു, അല്ല, നേരെ ചൊവ്വേ ആണ്പിള്ളേരോട് പോലും മിണ്ടാത്ത നിന്നെയാണോ മിസ്സ് ഇത്ര നേരം പിടിച്ചിരുന്നു വർത്താനം പറഞ്ഞേ…”

പെണ്ണിന് പിന്നെയും സംശയമാണ്,

“എന്താടി ഒരു കുഞ്ഞു കുശുമ്പാണോ ഇപ്പൊ ചാടീത്…”

“ഊ….പോടാ പട്ടി…”

അവളുടെ ഇടുപ്പിൽ ഒന്നു പിച്ചി ഞാൻ കളിയാക്കിയതിന് എന്റെ കയ്യിൽ ഒന്നു കടിച്ചു പെണ്ണ് പകരം വീട്ടി.

“ഇന്നും ആക്കണോടി…”

എന്റെ ബൈക്കിന്റെ നേരെ എന്നെയും വലിച്ചു നടക്കുന്ന പെണ്ണിനോട് ഞാൻ ചോദിച്ചു,

“സംശയം ഒന്നും വേണ്ട, ഇനി എന്നും ആക്കണം…”

“ഏറ്റു പോയില്ലേ…ഇനിയിപ്പോ ചുമക്കാതെ പറ്റില്ലല്ലോ…”

“അയ്യട, ചെക്കന് വേറെ ആരേലും ചുമക്കാൻ പ്ലാൻ ഉണ്ടേലെ, ആ പൂതി അങ്ങു മാറ്റി വെച്ചോട്ടാ…ഈ ലൈഫിൽ നീ എന്നെ മാത്രം ചുമന്നാൽ മതി.”

 

പിന്നിൽ എനിക്ക് പറ്റിച്ചേർന്നു ഇരുന്ന പെണ്ണിന്റെ കൈ എന്നെ ചുറ്റിപ്പിടിക്കുന്നതറിഞ്ഞു കൊണ്ടു ഞാൻ ബൈക്ക് മുന്നോട്ടു നീക്കി.

“എന്നെ വിളിക്കുന്നില്ലെടി മാക്രി അകത്തേക്ക്….ഒരു ചായ എങ്കിലും തന്നൂടെ…”

മുറ്റത്തിറങ്ങി, മുടി മുന്നിലേക്കിട്ടു ചന്തിയും ഇളക്കി പോവാൻ നിന്ന അങ്കിയോട് ഞാൻ ചോദിച്ചു.

“അയ്യട….നീ ചായ കുടിക്കാൻ അകത്തു വന്നാലേ, എന്റെ കയ്യീന്ന് പോവും, അവസാനം പഠിച്ചിറങ്ങും മുന്നേ ട്രോഫി കയ്യിലിരുന്നു അമ്മേന്ന് വിളിക്കും, അതോണ്ട് മക്കൾ ചെല്ല്.. ”

എന്നെ നോക്കി നാക്ക് നീട്ടി കാട്ടിയിട്ട് പെണ്ണ് വീട്ടിലേക്കു ഓടിപോവുന്നത് കണ്ടു ഞാൻ നിന്നു.

**************************************

പിന്നീടുള്ള ഒരു ആറേഴു ദിവസം ഞാൻ നേരെ ചൊവ്വേ ക്ലാസ്സും കണ്ടില്ല എന്റെ പെണ്ണിനോട് ഒന്നു മിണ്ടാനും കൂടി കഴിഞ്ഞില്ല…പ്രോഗ്രാം സെറ്റ് ആയതോടെ എല്ലാ ക്ലാസ്സിലും കയറിയിറങ്ങി പരിപാടി നടത്താൻ പിള്ളേരുടെ പുറകെ അലച്ചിലായിരുന്നു, രാവിലെ ഇനോഗ്രെഷനും പ്രസംഗവും ഒക്കെ കൊണ്ടു സമയം പോകുമെങ്കിലും ഉച്ച കഴിഞ്ഞു ഡാൻസും പാട്ടും ഡി ജെയും വേണം എന്ന് എല്ലാത്തിനും നിർബന്ധം, അങ്ങനെ ക്ലാസ്സുകൾ കയറിയിറങ്ങി പിള്ളേരെ കണ്ടു ഒരു പത്തു പരിപാടി ഒപ്പിച്ചു.

എല്ലാം കൂടി ഞാനും ആരതിയും കൂടി ഇരുന്നു ചാർട്ട് ചെയ്യുമ്പോൾ ജോപ്പനും ഋതിനും ബാക്കിയുള്ളതുങ്ങളും കൂടി ഗസ്റ്റിനെ തപ്പിയും ലൈറ്റ് ഉം സൗണ്ടും ബാക്കിയുള്ള കാര്യങ്ങളും ഒക്കെ സെറ്റ് ആക്കുന്ന തിരക്കിൽ ആയിരുന്നു.