ലക്ഷ്മി – 10അടിപൊളി 

 

:ലച്ചൂന് ഓർമ്മയുണ്ടോ നമ്മളെ ഫസ്റ്റ് കിസ്സ്

 

കിച്ചുവിനോട് ഒട്ടിയിരിക്കുമ്പോൾ അവൻ പുഞ്ചിരിച്ചോണ്ട് ചോദിച്ചു.

 

:അ.. മറക്കാൻ പറ്റുവോ.. ആ പെട്ടികടേന്ന് ഞാൻ ഉപ്പിലിട്ടത് തിന്നുമ്പോ നീ അതും നോക്കി ഇരിക്കയിരുന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയപ്പോ നമ്മള് ഓടി അവിടെ നിർത്തിയിട്ട കാറിൽ കയറി. അവിടെന്ന് നീ എന്റെ ചുണ്ടിന്റെ ചാരിത്രം കവർന്നെടുത്തു.  എന്താ ശെരിയല്ലേ.

ഞാൻ ഓരോ സ്ഥലവും ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

 

:ചുണ്ടിന്റെ ചാരിത്രമോ

 

:ആ ചുണ്ടിന്റെ ചാരിത്രം തന്നെ

 

അവനത് കേട്ട് ചിരിക്കുന്നുണ്ട്.

 

:അപ്പൊ എല്ലാം ഓർമയുണ്ടല്ലോ

 

:പിന്നെ അതൊക്കെ മറക്കാൻ പറ്റുവോ..

 

:നീ എപ്പോഴാ ഓഫീസിലേക്ക് പോകുന്നത്. ഞാൻ രാവിലെ വന്നപ്പോൾ അവിടെ കണ്ടില്ലലോ

:ഓ.. അത് നീ ആയിരുന്നോ

 

:ആ.. എന്തേ

 

:എയ്, കൂടെയുള്ള രമ്യ പറഞ്ഞു ഏതോ ഒരു ചെറുക്കൻ വന്നിരുന്നൂന്ന്. ഞാൻ വിചാരിച്ചു വല്ല കേസിന്റെ ആവശ്യത്തിനുമാകുമെന്ന്…നീ പോയി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോയേക്കും ഞാൻ വന്നിരുന്നു…

 

:മ്മ്

 

:അല്ല.. എന്തിനാ വന്നേ

 

:അതോ.. ഇങ്ങനെ ഒരു ഔട്ടിന് പോകാൻ വിളിക്കാൻ വന്നതായിരുന്നു.

 

:അത് ഫോൺ വിളിച്ചാ മേലാർന്നോ

 

:എനിക്കറിയില്ലല്ലോ നീ ഫോണെടുക്കുവോ ഇല്ലയോന്ന്

 

:എന്റെ പൊന്നു കിച്ചുവേ ഞാനിനി ഏത് പാതിരക്കു വിളിച്ചാലും എടുത്തോളാ പോരെ…നീ എന്നെ ഇങ്ങനെ സംശയിക്കല്ലേ

 

ഞാനവനെ ഒന്ന് തൊഴുതോണ്ട് പറഞ്ഞു. ചെക്കനിപ്പോഴും കൺഫ്യൂഷനാണ് വിളിച്ചാ ഞാനെടുക്കുവോ ഇല്ലയൊന്നോർത്ത്‌. നമ്മള് പ്രശനം കുറച്ചൊക്കെ പറഞ്ഞു തീർത്തില്ല പിന്നെ എന്തിനാ ഞാൻ എടുക്കാതെയിരിക്കുന്നെ

 

:ഒക്കെ ഒക്കെ

കിച്ചു എന്റെ തൊഴുത കൈകളിൽ വിരൽ കോർത്തു പിടിച്ചോണ്ട് പറഞ്ഞു.

കുറച്ചു നേരം കണ്ണനെ കളിപ്പിച്ചോണ്ട് അവിടെ ഞങ്ങളിരുന്നു. ഇരുട്ടിയപ്പോ കാലുകളിൽ പറ്റി പിടിച്ച മണൽ തരികൾ തുടച്ചു മാറ്റി ചെരുപ്പിട്ട് ആ നിരത്തിലൂടെ നടക്കാൻ തുടങ്ങി. രാത്രിയായതോടെ   വന്നതിനേക്കാൾ കൂടുതൽ റോഡുകളിൽ തിരക്കാകാൻ തുടങ്ങി.

നിരത്തുകളിലെ തട്ടുകടകളിൽ നിന്ന് കോഴിക്കോന്റെ സ്ട്രീറ്റ് ഫുഡിന്റെ മണം അടിക്കാൻ തുടങ്ങിയപ്പോ ഞങ്ങളൊരു കടയുടെ അരികിലേക്ക് പോയി. കിച്ചു കണ്ണനെ എന്റെ കൈകളിലേക്ക് തന്ന് നിരത്തിലെഎവിടെയെങ്കിലും ഇരിക്കാൻ പറഞ്ഞു. ഞാൻ കണ്ണനെയും കൊണ്ട് അവിടെ ഇരുന്നു. കുപ്പിപാൽ എടുത്ത് കണ്ണന് കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ കിച്ചു രണ്ടു കയ്യിലും പ്ലേറ്റ് ആയിട്ട് വന്നു. പിന്നെ ഒന്നൂടെ പോയി ഒരു ഗ്ലാസ് സുലൈമാനിയും വാങ്ങിച്ചോണ്ട് വന്നു.

ഒരു പ്ലേറ്റിൽ നല്ല ചൂടുള്ള ഗ്രീൻ പീസും മറ്റൊരു പ്ലേറ്റിൽ കല്ലുമ്മകായ പൊരിച്ചതും കുറച്ചു കാട മുട്ട മസാലയുമായിരുന്നു. കണ്ണന് പാല് കൊടുക്കുന്നോണ്ട് തന്നെ എനിക്ക് കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അതോണ്ട് തന്നെ കിച്ചു എടുത്ത് തരേണ്ടി വന്നു. അവനാ ഗ്രീൻ പീസ് സ്പൂൺ കൊണ്ട് കോരി എടുത്ത്‌ ചൂട് കുറക്കാൻ അതിലേക്കൊന്ന് ഊതി ശേഷം എന്റെ വായിലേക്ക് വച്ചു തന്നു. എല്ലാവരെയും മുന്നിൽ വച്ച് അങ്ങനെ കഴിക്കാൻ മടിയുണ്ടായിരുന്നെങ്കിലും കിച്ചുവിനെ നോക്കിയപ്പോ അതങ്ങ് പോയി. അവൻ ചുറ്റുമുള്ളതൊന്നും ശ്രെദ്ധിക്കാതെ ഞങ്ങളെ മൂവരുടെയും ലോകത്തായിരുന്നു. അല്ലേലും അങ്ങനെ അല്ലേ വേണ്ടത്. മറ്റുള്ളവര് എന്തേലും വിചാരിക്കട്ടെ. കുറച്ചു കഴിഞ്ഞപ്പോ കണ്ണൻ പാലുകുടി നിർത്തി

ഞങ്ങളെ ഫുഡ്‌ കിട്ടാനായി പരിശ്രമിച്ചു. അതോടെ ഞങ്ങള് വേഗം എല്ലാം അകത്താക്കി. ശേഷം വീണ്ടും തെണ്ടാനിറങ്ങി. ബീച്ചിന്റെ ഓപ്പോസിറ്റുള്ള സ്ഥലത്ത് എന്തോ ഒരു ഇവന്റ് നടക്കുന്നുണ്ട് അത് കണ്ടപ്പോ ഞങ്ങള് അങ്ങോട്ട് വച്ചു പിടിച്ചു. പെറ്റ് ഷോ ആയിരുന്നു അവിടെ.. പല തരത്തിലുള്ള പക്ഷികളും മീനുകളും പൂച്ചകളും നായകളും അവിടെയുണ്ടായിരുന്നു… കണ്ണൻ അതിനെയൊക്കെ ചൂണ്ടി എന്തല്ലാമോ പറയുന്നുണ്ട്. ഓരോന്ന് കണ്ട് കണ്ട് നടക്കുമ്പോഴാണ് ഒരു സെക്ഷൻ കാണുന്നത്.  നായെടെ എന്തോ പ്രോഗ്രാം ആണ്. അതിന് കാശ് കൊടുത്ത് ഞങ്ങളും അതിലേക്ക് കയറി. ഒരു വൃത്തതിന്റെ ഉള്ളിലെ ഒരു നല്ല വെളുത്ത രോമങ്ങളുള്ള നായയും അതിന്റെ മാസ്റ്ററും. നായെടെ പേര് ജൂലിന്നോ മറ്റോ ആണ്. അയാൾ പറയുന്നതിനനുസരിച് ആ പെറ്റ് അതൊക്കെ അനുസരിക്കുന്നുണ്ട്. കൂടിയിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആളെ കാണിക്കാൻ പറഞ്ഞപ്പോ ജൂലി നായ ഒരു പ്രായം ചെന്ന അമ്മുമ്മേടെ അടുത്ത് പോയി ഇരുന്നു. അതുപോലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ആളെ കാണിക്കാൻ പറഞ്ഞപ്പോ അത് കിച്ചുവിന്റെ അരികെ പോയി നിന്നു. കിച്ചുവിന്റെ കയ്യില് കണ്ണനുണ്ടായിരുന്നു. കൂടിയിരിക്കുന്ന എല്ലാവരും അതിനൊക്കെ കയ്യടിക്കുന്നുണ്ട്. അതൊക്കെ കണ്ടിറെങ്ങിയത് നേരെ പാർക്ക്‌ ഏരിയയിലെക്കായിരുന്നു. ജയന്റ് വീലിലൊക്കെ കയറണമെന്നുണ്ടായിരുന്നു.. പക്ഷെ കണ്ണനുള്ളത് കൊണ്ട് നടന്നില്ല. കിച്ചു എന്നോട് തനിയെ കയറാൻ പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്ന് വച്ചു.

അപ്പൊ പിന്നെ പുഴുവിന്റെ ആകൃതിയിലുള്ള ബോഡി വച്ച ട്രെയിനിൽ കയറി ആശ്വസിച്ചു. കിച്ചു കയറിയില്ല. അവൻ ഞങ്ങള് അതില് പോകുന്നത് വീഡിയോ എടുത്തോണ്ടിരുന്നു. കണ്ണൻ ഒരു കൈകൊണ്ട് അതിലുള്ള കമ്പിയിൽ പിടിച് മറു കൈകൊണ്ട് കിച്ചുവിനു നേരെ കൈ വീശി റ്റാറ്റാ ഒക്കെ കൊടുക്കുന്നുണ്ട്. അതിനനുസരിച്ചു കിച്ചുവും. രണ്ട് മൂന്നുവട്ടം അതിൽ കറങ്ങി ഞങ്ങള് ഇറങ്ങി നടക്കുമ്പോഴാണ് എന്റെ കണ്ണില് മരണ കിണർ കാണുന്നത് . ഉത്സവങ്ങളിലും ഇതുപോലെയുള്ള പരിപാടികൾക്കും ഇത് കുറെ കണ്ടിട്ടുണ്ടെങ്കിലും കയറി നോക്കാൻ പറ്റിയിരുന്നില്ല. അതോണ്ട് കിച്ചുവിനോട് കണ്ണുകൊണ്ട് അതിന് നേരെ കാണിച്ചു.

 

:എന്താ അതില് കയറാണോ

 

:ആ

 

:ന്നാ ബാ…

 

ടിക്കറ്റുമെടുത്ത്‌ ഞങ്ങളതില് കയറി അഭ്യാസക്കാർക്കായി കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവര് കിണറിനുള്ളിലേക്ക് വന്നു. ഞങ്ങളാ കിണറിന്റെ ഉത്തരത്തിൽ കൈ വരിയിൽ പിടിച് താഴേക്ക് നോക്കി നിന്നു. അവര് ബൈക്കും കാറുമൊക്കെയെടുത്ത്‌ കിണറിനെ ചുറ്റാൻ ചുടങ്ങി. കാണികളിൽ ചിലർ അവർക്ക് നേരെ നോട്ടുകൾ നീട്ടുന്നുണ്ട്. അവര് വണ്ടി മുകളിലേക്ക് വന്നു നീട്ടിയ നോട്ടുകൾ പിടിച്ച് കൊണ്ട് പോകുന്നുമുണ്ട്. ആ ഷോ മുഴുവനാക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും കണ്ണൻ ബൈക്കിന്റെ ശബ്ദവും ആ കിണറിന് ചുറ്റും ബൈക്ക് പോകുമ്പോഴുള്ള ശബ്ദമെല്ലാം കേട്ടിട്ട് കരയാൻ തുടങ്ങി. അതോടെ അതീന്നു ഞങ്ങളിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *