വില്ലൻ- 4

“വരാൻ പാടില്ല്യാ എന്നൊന്നും ഇല്ല്യാ പക്ഷെ മുൻകൂട്ടി അങ്ങ് അനുവാദം വാങ്ങണം…അതിന് നിവൃത്തിയില്ലാ എന്നുണ്ടോ…ഹേ..”…ഷാഹി അതെ ചുവയിൽ തിരിച്ചും അടിച്ചു…ഷാഹിയുടെ പറച്ചിൽ കണ്ട് കുഞ്ഞുട്ടന് ചിരി വന്നു..

“മുൻകൂട്ടി അനുവാദം നിന്റെ കുഞ്ഞമ്മേടെ നായരോട് എടുക്കാൻ പറ കാന്താരി…”..കുഞ്ഞുട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഷാഹിയും അവന്റെ ചിരിയിൽ പങ്കുചേർന്നു..

“എന്താ മോളെ പരിപാടി.”.

“എന്ത് പരിപാടി…”..ഷാഹി സംശയത്തോടെ ചോദിച്ചു..

“ഒരു പരിപാടിയും ഇല്ലാ…?”..കുഞ്ഞുട്ടൻ വീണ്ടും സംശയത്തോടെ ചോദിച്ചു…ഷാഹി ഭയന്നു..താൻ ഡയറി വായിച്ചത് അവർ അറിഞ്ഞു എന്ന് അവൾക്ക് തോന്നി…

“അത് പിന്നെ….അത്…”..ഷാഹി ഒരുത്തരം പറയാനാകാതെ കുഴങ്ങി..

“ബ്ബ ബ്ബ ബ്ബാ അല്ലാ..എന്തേലും പരിപാടിയുണ്ടോ ഇല്ലയോ.”…കുഞ്ഞുട്ടൻ ചാക്കോ മാഷ് സ്റ്റൈലിൽ ചോദിച്ചു..

“ഇല്ല…”..ഷാഹി ഒരു നെടുവീർപ്പെടുത്ത് പറഞ്ഞു..എന്നിട്ട് കുഞ്ഞുട്ടന്റെ മുഖത്തേക്ക് നോക്കി….

“ഇതങ്ങട് പറഞ്ഞാൽ പോരെ പോത്തെ….നീയൊന്ന് റെഡിയാക്…നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്…”

“എവിടേക്ക്….?”

“ഇന്ന് നമ്മുടെ ശാന്തേച്ചിയുടെ ഇളയമോളുടെ പിറന്നാളാണ്…നിന്നോട് പറയാൻ ചേച്ചി നിന്നെ നോക്കിയിട്ട് കണ്ടില്ലാ എന്ന് പറഞ്ഞു…അപ്പൊ എന്നെ വിളിച്ചു നിന്നെ കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞു…അപ്പൊ മോളൂസ് വേഗം പോയി റെഡിയായിക്കെ…”….കുഞ്ഞുട്ടൻ പറഞ്ഞു..

“ആ പ്പൊ വരാം…”…എന്ന് പറഞ്ഞു അവൾ ഉള്ളിലേക്ക് പോയി….കുറച്ചുകഴിഞ്ഞു അവൾ കുഞ്ഞുട്ടന് കാപ്പി കൊടുത്തു..

“അപ്പൊ ആതിഥ്യമര്യാദയൊക്കെ അറിയാമല്ലേ…”

“പിന്നെന്താ…”….അവൾ പിന്നേം ഉള്ളിലേക്ക് പോയി…

കുറച്ചുകഴിഞ്ഞു ഷാഹി കുളിയൊക്കെ കഴിഞ്ഞു അണിഞ്ഞൊരുങ്ങിവന്നു..അവളുടെ സൗന്ദര്യം ദിവസം ചെല്ലുംതോറും അല്ല നിമിഷം ചെല്ലുംതോറും വർധിക്കുകയായിരുന്നു.. ഷാഹിയുടെ സൗന്ദര്യം കണ്ട് കുഞ്ഞുട്ടൻ അന്തംവിട്ട് അവളെ തന്നെ നോക്കി നിന്നു…ഷാഹി കുഞ്ഞുട്ടനോട് പുരികം ഉയർത്തി എന്തെ എന്ന് ചോദിച്ചു..
“ഇതാരാ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങിവന്നതോ…”…കുഞ്ഞുട്ടൻ പകുതി അതിശയത്തോടെയും പകുതി കളിയായും ഷാഹിയോട് ചോദിച്ചു..

“അല്ലാ എന്ന് പറയാൻ മാഷ് ഭഗവതിയെ നേരത്തെ കണ്ട പരിചയമൊന്നുമില്ലല്ലോ…”

“ന്നാ ഭഗവതി വന്നാട്ടെ…”…കുഞ്ഞുട്ടൻ ഷാഹിയെ ജീപ്പിനടുത്തേക്ക് ആനയിച്ചു…അവർ വാതിൽപൂട്ടി ഇറങ്ങി…കുഞ്ഞുട്ടൻ ഷാഹിയുടെ വീടിനെ ലക്ഷ്യമാക്കി ജീപ്പോടിച്ചു…

“സമർ എന്നാ വരുക…”…ഷാഹി ചോദിച്ചു…

“കാവിലെ ഭഗവതിയല്ലേ….ഒന്ന് ദിവ്യദൃഷ്ടിയിലൂടെ നോക്കിയോക്ക്…”…കുഞ്ഞുട്ടൻ നേരത്തെ കിട്ടിയ അടി തിരിച്ചടിച്ചു..ഷാഹി കണ്ണുരുട്ടി കുഞ്ഞുട്ടനെ നോക്കി….കുഞ്ഞുട്ടൻ ചിറികൊട്ടി ചിരിച്ചു…

“അവൻ വരുമ്പോ വരും…അവൻ എന്നാ വരുക എന്നുള്ള ചോദ്യത്തിന് ഒരുത്തരം ഏത് ദിവ്യദൃഷ്ടിയിലൂടെ നോക്കിയാലും കാണാൻ പറ്റില്ലെന്റെ ഭഗവതിയെ…”…കുഞ്ഞുട്ടൻ കുറച്ചുകഴിഞ്ഞു പറഞ്ഞു..ഷാഹി അതിനൊന്ന് മൂളി…

“അല്ലാ..ഗിഫ്റ്റ് ഒന്നും വാങ്ങേണ്ടേ…”…ഷാഹി ചോദിച്ചു…

“അതൊക്കെ എപ്പോളെ വാങ്ങി..”…കുഞ്ഞുട്ടൻ പറഞ്ഞു…

“ആര്…?”

“സമർ…”

“ഹേ… സമർ വന്നോ…എന്നിട്ട് വീട്ടിലേക്ക് വന്നിട്ടില്ലല്ലോ..”..ഷാഹി തുടരെ തുടരെ ചോദിച്ചു…

“ഓ പെണ്ണെ…ഓരോന്നായി ചോദിക്ക്…അവൻ വന്നിട്ടില്ല…ഗിഫ്റ്റ് അയച്ചു തന്നു… അവനാണ് ബര്ത്ഡേ പരിപാടി പ്ലാൻ ചെയ്തത്…”

“ഓഹോ…അങ്ങനെയാണല്ലേ…”

“ഹാ അങ്ങനാ…അവര് തമ്മിൽ നല്ല കൂട്ടാണ്…”…കുഞ്ഞുട്ടൻ കണ്ണിറുക്കികൊണ്ട് ഷാഹിയോട് പറഞ്ഞു…

“ആര് തമ്മിൽ…?”

“ബർത്ഡേ ഗേളും സമറും തമ്മിൽ…”..കുഞ്ഞുട്ടൻ പിന്നേം കണ്ണിറുക്കികൊണ്ട് പറഞ്ഞു..

“മ്മ്…”..ഷാഹി അതിനൊന്ന് മൂളി..പക്ഷെ കുഞ്ഞുട്ടന്റെ വാക്കുകൾ അവളിൽ ചെറുതായി ഒരു വേദനയോ നിരാശയോ കൊത്തിയിട്ടിരുന്നു.. അവൾ വിദൂരതയിലേക്ക് നോക്കി ജീപ്പിൽ ഇരുന്നു..ഷാഹി പെട്ടെന്ന് സൈലന്റ് ആയത് കുഞ്ഞുട്ടനും ശ്രദ്ധിച്ചു..അവന്റെ മുഖത്തു ചെറിയ ഒരു സ്മിതം വിരിഞ്ഞു പക്ഷെ അവൻ ഒന്നും ചോദിക്കാൻ പോയില്ലാ…ശാന്തയുടെ വീട് എത്തുന്ന വരെ രണ്ടുപേരും പരസ്പരം സംസാരിച്ചില്ല..
കുഞ്ഞുട്ടൻ ജീപ്പ് ഒരു ചെറിയ ടെറസിട്ട വീട്ടിലേക്ക് കയറ്റി..കയറ്റിയ പാടെ വാതിൽ തുറന്ന് ശാന്തേച്ചി പുറത്തേക്ക് വന്നു…ശാന്തേച്ചി ഷാഹിയുടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു…

“സുഖമല്ലേ മോളെ….”

“സുഖം തന്നെ ചേച്ചി…”

“മോളെ ഞാൻ കോളേജിൽ കുറെ നോക്കി..കണ്ടില്ല…പിന്നെയാ ഇവന് വിളിച്ചു പറഞ്ഞത്..”..ശാന്ത കുഞ്ഞുട്ടനെ ചൂണ്ടിപറഞ്ഞു..

“അത് സാരമില്ല ചേച്ചി…ഞാൻ പ്രിൻസിപ്പൽ ഓഫീസിൽ ആയിരുന്നു…”…ഷാഹി പറഞ്ഞു.

“അകത്തേക്ക് വാ മോളെ..ഡാ വാ…”..കുഞ്ഞുട്ടനെയും ഷാഹിയെയും ശാന്ത വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു…

“ആ അങ്ങനെ വിളിക്ക്..എന്താ വിളിക്കാൻ ഇത്ര മടി…”..കുഞ്ഞുട്ടൻ കളിയായി പറഞ്ഞു…

“നീ ഇവിടത്തെ വാല് അല്ലെടാ…കേട്ടോ മോളേ..ഇവൻ ഇടയ്ക്ക് ഇങ്ങോട്ട് വരും…വന്നുകേറിയ പാടെ അടുക്കളയിലേക്ക് ഒരു പോക്ക് അങ്ങ് പോകും..എന്നിട്ട് അവന്റെ മൃഷ്ടാന്നഭോജനം എല്ലാം കഴിഞ്ഞിട്ടേ അവൻ നമ്മോട് ഒരു വാക്ക് മിണ്ടൂ…”…ശാന്ത കുഞ്ഞുട്ടനെ കളിയാക്കി…ഷാഹി അത് കേട്ട് കുഞ്ഞുട്ടനെ നോക്കി കളിയാക്കിച്ചിരിച്ചു..

“വേണ്ട മോളെ വേണ്ട മോളെ(സ്വപ്നക്കൂടിലെ പാട്ടിന്റെ താളത്തിൽ)”…അവരുടെ അടുത്ത് ചെന്ന് പാടിയിട്ട് ഉള്ളിലേക്ക് കയറിപ്പോയി..അവരും ഉള്ളിലേക്ക് കയറി…ശാന്ത അകത്തേക്ക് പോയി…കയറിയപാടെ ഒരു യുവതിയെ ഷാഹി കണ്ടു…ഒരു കൊച്ചുസുന്ദരി…പ്രായം ഒരു 20-22 വരും…ഇത് തന്നെ കുഞ്ഞുട്ടൻ പറഞ്ഞ ആൾ..അവൾ പിറന്നാളാഘോഷത്തിന്റെ ഓരോ തിരക്കുകളിൽ വ്യാപൃതയായിരുന്നു…ഷാഹി അവളെ ലേശം അസൂയയോടെ നോക്കി..

കുറച്ചുകഴിഞ്ഞു ശാന്ത ഷാഹിയുടെ അടുത്തേക്ക് വന്നു..

“വാ മോളെ ഒരാളെ കാണിച്ചു തരാം…”…ശാന്ത ഷാഹിയുടെ കൈപിടിച്ച് ഒരു റൂമിലേക്ക് കയറി..

“അഞ്ചൂ…”..ശാന്ത വിളിച്ചു…ഒരു ഒന്പതുവയസ്സുകാരി പെൺകുട്ടി അവരുടെ അടുത്തേക്ക് ഓടി വന്നു..ശാന്ത അവളെ പിടിച്ചിട്ട്..

“ഇതാണ് എന്റെ ഏറ്റവും ഇളയമകൾ അഞ്ചു..”..ശാന്ത പറഞ്ഞു..ഷാഹിയുടെ മുഖത്ത് പെട്ടെന്ന് ഒരു ചിരി വന്നു..അവൾക്ക് കുറെ എന്തെന്നില്ലാത്ത ആശ്വാസം തോന്നി..അവൾ തിരിഞ്ഞു കുഞ്ഞുട്ടനെ നോക്കി…കുഞ്ഞുട്ടൻ അത് കണ്ടു…അവനും കാര്യം മനസ്സിലായി..
അവൻ ഒരു ആക്കിയ ചിരി ചിരിച്ചു…ഷാഹി അത് കണ്ട് കണ്ണുരുട്ടിയിട്ട് തരാട്ടോ എന്ന് പറഞ്ഞു….

ഷാഹി തിരിച്ചു അഞ്ജുവിനെ നോക്കി…

“ഹായ് അഞ്ചൂ…”…ഷാഹി പറഞ്ഞു..

“ഹായ് ചേച്ചി…”..അഞ്ചു തിരിച്ചും മറുപടി പറഞ്ഞു..

“മോൾക്ക് ഇതാരാണ് എന്ന് മനസ്സിലായോ..”..ശാന്ത അഞ്ജുവിനോട് ചോദിച്ചു..ഇല്ലായെന്ന് അവൾ തലയാട്ടി..

Leave a Reply

Your email address will not be published. Required fields are marked *