ഞൊടിയിടയിൽ കുതിരചാണകം പുരട്ടിയ തുണി അഴിച്ചു മൂത്രത്തിൽ കുതിർന്ന അമ്പ്, തീറ്റ തിന്നുന്ന വലിയ ഒരു പന്നിക്കു ഉന്നം വചെയ്തു തൊടുത്തു. അസ്ത്രം പതിച്ച പന്നി കരഞ്ഞുകൊണ്ട് ചീറി പാഞ്ഞു.
മനുഷ്യഗന്ധം അതിവേഗത്തിൽ പാഞ്ഞുപോയതിനാൽ അത് ഒരു മനുഷ്യൻ ആയിരിക്കും എന്ന് കരുതി കിരാതൻമാർ എഴുനേറ്റു അതിവേഗം പന്നിയുടെ പിന്നാലെ കുതിച്ചു.
നേതാവായ കിരാതൻ പെട്ടന്ന് നിന്ന് രണ്ടാമത്തെ കിരാതനോടെന്തോ അലറിയ ശേഷം പന്നിയുടെ പിന്നാലെ ഓടി. രണ്ടാമത്തെ കിരാതൻ തിരിഞ്ഞു യുവതിയുടെ അടുത്തേക്ക് വന്ന് നാക്കു നീട്ടി അവളെ നക്കി.
അവൾ വേദനയിൽ കരഞ്ഞു പുളഞ്ഞു.
പെട്ടെന്ന് ഒരു വാൾ മൂളുന്ന ശബ്ദം പിന്നെ അത് ആ കിരാതന്റെ നെഞ്ചിൻ കൂട്ടിലേക്ക് കുത്തിയിറങ്ങി. തീരെ പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ ആ കൂറ്റൻ തെറിച്ചു കൽത്തറയിൽ വീണു…..
വാളിൽ രക്തത്തിനു പകരം കറുത്ത കറ മാത്രം.
യുവാവ് പാമ്പിനെ തോണ്ടുന്ന പൂച്ചയെപ്പോലെ അനങ്ങാതെ നിന്നു……
താഴെ വീണ കിരാതൻ പാമ്പിനെ പോലെ ചിറ്റികൊണ്ടു അഭ്യാസിയെപോലെ ചാടിഉയർന്നു നിന്നു. ഒരു നിമിഷം കിരാതന് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല.
അവൻ യുവതി കൽത്തൂണിൽ തന്നെ ഉണ്ടോ എന്ന് ഉറപ്പ് വരുത്തി.തിരിഞ്ഞപ്പോൾ യുവാവ് ചാടി ഉയർന്നു കിരാതന്റെ കഴുത്തിനുനേരേ അഞ്ഞു വീശി,വാളിന്റെ മൂളൽ അത് മതിയായിരുന്നു കിരാതന്.തന്റെ നീണ്ടു മെലിഞ്ഞു വികൃതമായ ഇടതു കൈകൊണ്ട് വാൾ തടുത്തു.
വാൾ ഒരു പാറയിൽ തട്ടിയത് പോലെ വാൾ കയ്യിൽ തട്ടി തെറിച്ചു.പക്ഷെ ഇതു പ്രതീക്ഷിച്ചപോലെ യുവാവ് മലക്കം മറിഞ്ഞു മാർജാര പദത്തോടെ നിലത്തു നിന്നു.
പിന്നീട് അവിടെ നടന്നത് കിരാതന്റെ അഭ്യാസപ്രകടനം ആയിരുന്നു.മലക്കം മറിഞ്ഞു അതിവേഗം ഇടത്തേക്കും വലത്തേക്കും വാൾ വീശി ചാടി എഴുനേറ്റു ഉയർന്നു പൊങ്ങി ഒരു കല്ലിനു മുകളിൽ നിന്നു,യുവാന്റെ മണം പിടിച്ചു.
കുതിര ചാണകത്തിന്റെ മണം തന്റെ എതിരാളിയുടേതെന്ന് കിരാതന് മനസിലായിരിക്കുന്നു.
തന്റെ വലിയ വാളുമായി ചാടി യുവാവിന് നേരേ പത്തിൽ കൂടുതൽ പ്രാവശ്യം ഒരുനിഴത്തിൽ കുത്തി.യുവാവ് അതെല്ലാം തന്നെ ഒഴിഞ്ഞുമാറി. അതിനുശേഷം അവൻ ചാടിയും മറിഞ്ഞും വാൾ വീശി.
കിരാതൻ തടയും എന്ന് അറിയാവുന്നതുകൊണ്ട് ആക്രമണത്തിന് ശക്തികുറവും കിരാതൻ തടഞ്ഞതിനുശേഷം ഉള്ള പിൻവലിച്ചിലിൽ ശക്തികുട്ടി കിരാതന്റെ കാൽ വിരലുകൾ കൈ വിരലുകൾ പേശികൾ എന്നിവയെ ആക്രമിച്ചു.
എന്ത് സംഭവിക്കുന്നു എന്ന് കിരാതന് മനസിലായില്ല. അവന്റെ കോപം ഇരട്ടിച്ചു.അത് തന്നെയായിരുന്നു യുവാവ് ഇച്ഛിച്ചതും.കോപം കൂടിയാൽ ഈ ഭീകരന്റെ ചിന്താശക്തി കുറയുമെന്നും അപ്പോൾ തനിക്ക് അവസരം കിട്ടുമെന്നും മനസിൽക്കണ്ടു യുവാവ് കിരാതന്റെ പിന്നലെ ചുറ്റി ആക്രമണം അഴിച്ചുവിട്ടു.
തക്കത്തിന് താഴെ കുത്തിയിരുന്ന് യുവാവ് കിരാതന്റെ കാലിലെ തള്ളവിരൽ വെട്ടിമുറിച്ചു അതിവേഗത്തിൽ കാലിനടിയിലൂടെ പിന്നിലെത്തി. മുറിഞ്ഞുവീണ കിരാതന്റെ വിരൽ പാമ്പിനെപ്പോലെ പുളഞ്ഞു.
കിരാതൻ തന്റെ എതിരാളിയെ കുറിച്ച് ഇപ്പോൾ മനസിലാക്കി തുടങ്ങി ബുദ്ധിമാനായ എതിരാളി.
“ബുദ്ധിക്കുതുല്യം ബുദ്ധിമാത്രം”.
കിരാതനിലെ അർദ്ധ മനുഷ്യൻ ഉണർന്നു. അവൻ ഒരുനിമിഷം നിന്നു യുവാവിന്റെ നീക്കം മനസിലാക്കി തന്റെ വാൾ ഇടത്തേക്ക് ഉയർത്തി വട്ടം ചുറ്റി വലത്തേക്ക് വീശി.അത് യുവാവിന്റെ കഴുത്തിൽ കൃത്യമായി പതിച്ചു.
യുവാവ് ആ ശക്തമായ വെട്ടിൽ തെറിച്ചുവീണു,ഭാഗ്യത്തിന് താൻ കഴുത്തിൽ ചുറ്റിയ ലോക കവചത്തിലായതുകൊണ്ടു അവൻ ആ ആക്രമണത്തിൽ നിന്നും രക്ഷപെട്ടെങ്കിലം.കിരാതൻ ചാടി അവന്റെ അടുത്തെത്തി വാൾ അഞ്ഞു അവന്റെ ശരീരത്തിലേക്ക് കുത്തി.
പെട്ടെന്ന് യുവാവ് വെട്ടു വാൾ കൊണ്ട് തടഞ്ഞു കിരാതന്റെ വൃഷ്ണത്തിൽ അഞ്ഞു കുത്തി.ഒരലർച്ചയോടെ കിരാതൻ മുകളീലേക്ക് ചാടിപ്പോയി.ഈ തക്കത്തിന് അടുത്തുള്ള മരത്തിനു യുവാവ് പലവട്ടം വെട്ടി.
കിരാതൻ തന്റെ കിരാതജീവിതത്തിൽ ആദ്ആയി വേദന അറിഞ്ഞു.
