അവൾ കെറുവിച്ചുകൊണ്ട് അഭിയെ കൊഞ്ഞനം കുത്തി സ്ലാബിന്റെ മുകളിൽ എന്റടുത്തേക്ക് ചേർന്ന് ചാരി ഇരുന്നു എന്റെ കയ്യിൽ നിന്നും ചായക്കപ്പ് വാങ്ങി കുടിക്കാൻ തുടങ്ങി.
അഭി താടിക്ക് കയ്യും കൊടുത്തു ഞങ്ങളെ നോക്കി പറഞ്ഞു..
” ഇതെന്ത് മറിമായം ആണ് ? നീ വേറാളുടെ കപ്പിന്നൊക്കെ കുടിക്കുവോ?? ”
ശ്രീ ഒന്നും മിണ്ടാതെ അഭിയെ നോക്കി ഇളിച്ചു കാണിച്ചു.
” അതേയ്…” അഭി എന്റെ അടുത്തേക്ക് നീങ്ങിനിന്നുകൊണ്ട് ശ്രീയുടെ തോളിൽ കൈ വെച്ച് വിരൽ എടുത്ത് എണ്ണിക്കൊണ്ട് പറഞ്ഞു,
” സ്വന്തം പാത്രത്തിൽ നിന്നല്ലാതെ കഴിക്കില്ല… സ്വന്തം ഡ്രസ്സ് സ്വന്തായിട്ട് അലക്കും, വേറാരുടേം അലക്കുകേം ഇല്ല.. ഇസ്തിരിയും ഇടില്ല.. അങ്ങനെയുള്ള പെണ്ണാണ്… ”
” ആണോടീ ??? ” ഞാൻ ശ്രീയോട് ചോദിച്ചു.
” ആ.. ഇടക്ക്.. പക്ഷെ ഞാൻ കോളേജിൽ ഒക്കെ ഷെയർ ചെയ്യുംട്ടോ.. ഇവിടെ ഇവൾടെ കപ്പിന് ഒരുമാതിരി ഡെറ്റോളിന്റെ മണമാണ്.. അതാ ഞാൻ ഇവൾടെന്നു ഒന്നും എടുക്കാത്തെ… ” അവൾ മുഖം ഉയർത്താതെ പറഞ്ഞു..
” മ്.. ഇനി അത് പറഞ്ഞോ… ഏതായാലും നീ വന്നതുകൊണ്ട് കുറച്ചു മാറ്റങ്ങൾ ഒക്കെ ഉണ്ട്.. അമ്മയും പറയുന്നുണ്ട് ഇവിടെ കുറച്ചു ഒച്ചയും ബഹളവും ഒക്കെ ആയെന്നു… ” , അഭി എന്നെ നോക്കി പറഞ്ഞു .
” ആ.. ഞാൻ ഇവിടെ ആയോണ്ടാ.. വീട്ടിൽ ഫുൾ സൈലന്റാ…. അവിടെ വേറെ ആരും ഇല്ലല്ലോ മിണ്ടാൻ.. ഇവിടിപ്പോ നിങ്ങൾ ഉണ്ടല്ലോ… അതാ… ” ഞാൻ മറുപടി പറഞ്ഞു.
” ആ.. ചായ കുടിച്ചിട്ട് രണ്ടും മുറ്റത്തേക്ക് വാ… ആ ചെടിച്ചട്ടി ഒക്കെ മാറ്റണം… വന്നു സഹായിക്ക്….” പറഞ്ഞു കൊണ്ട് അഭി പുറത്തേക്കു പോയി…
അഭിയുടെ ഹോബി ആണ് പാചകം, ഗാർഡനിങ്, ഡാൻസിങ് ഒക്കെ… ശ്രീക്ക് പെയിന്റിംഗ്, വായന, പാട്ടു…. ഈ എനിക്കാണേൽ ഉറക്കം, ഫുഡ്, കറക്കം…
പറഞ്ഞ പോലെ ഞങ്ങൾ മുറ്റത്തു പോയി അഭിയെ ഹെല്പ് ചെയ്തു. അപ്പുറത്തെ വീട്ടിലെ ആരൊക്കെയോ അഭിയോട് ഞാൻ ആരാണെന്നു ചോദിക്കുന്നുണ്ട്… അവളും എന്തൊക്കെയോ പറഞ്ഞു.. ചിലർ എന്നോട് കൈവീശി കാണിച്ചു.. ഞാനും ചിരിച്ചുകൊണ്ട് ഹായ് പറഞ്ഞു…
രാത്രി പതിവ് പോലെ ആന്റി വന്നു, കൂടെ ഇരുന്നു തമാശ ഒക്കെ പറഞ്ഞു പോയികിടന്നു..
നാളെ ഒരു പണി വരുന്നുണ്ടെന്നറിയാതെ.. !!
അടുത്ത ദിവസം പതിവ് പോലെ ശ്രീയും ഞാനും ക്ലാസിനു പോവാൻ ഇറങ്ങി. ക്ലാസ് തുടങ്ങിയിട്ട് മൂന്നു ദിവസം ആയി. അതിൽ തന്നെ,
തിങ്കൾ : അഡ്‌മിഷൻ
ചൊവ്വ : ഹെൽപ് ഡെസ്‌ക്
ബുധൻ : റെപ്പിനെ തല്ലിയ സമരം
വ്യാഴം : ലൈബ്രറി സമരം.
സംഭവബഹുലമായ നാല് ദിവസം കഴിഞ്ഞിരിക്കുന്നു. ഇനി ഇന്നത്തെ ഒരു വെള്ളിയാഴ്ച ഉണ്ട്.. അല്ലെങ്കിലും സ്‌കൂളുകളിലെയും കോളേജുകളിലെയും ഒക്കെ വെള്ളിയാഴ്ചക്ക് ഒരു പ്രത്യേക രസം ആണ്. ഉച്ചക്ക് പതിവായി കിട്ടുന്ന ലഞ്ച് ബ്രെയ്ക്കിനെക്കാൾ കൂടുതൽ സമയം. പ്രണയികളും, സിംഗിൾ പസങ്കകളും ഒരേ പോലെ കാത്തിരിക്കാറുള്ള ദിവസം.
” ശ്രീ… നമ്മുടെ വീട്ടിൽ എന്താ ഉച്ചക്ക് ഫുഡ് ഉണ്ടാക്കാത്തെ?? “, ഞാൻ മുമ്പിൽ കണ്ട ഒരു കുഴി വെട്ടിച്ചെടുത്തു കൊണ്ട് ചോദിച്ചു.
” അമ്മ രാവിലെ പോവില്ലേ… പിന്നെ ഫുഡ് ഉണ്ടാക്കാൻ ഉള്ള സമയം ഇല്ല.. പിന്നെ എനിക്കും അഭിക്കും അമ്മയ്ക്കും ഒക്കെ അവിടെ ക്യാന്റീൻ ഉണ്ടല്ലോ… അപ്പൊ ഉച്ചക്കത്തെ ഫുഡ് പുറത്തുന്നാ… ഹോട്ടലിൽ നിന്നല്ല, ഏതെങ്കിലും ഒക്കെ വീടിനോട് ചേർന്നുള്ള ചെറിയ കടകൾ ഇല്ലേ.. അവിടുന്ന്… നമ്മുടെ കോളേജിന്റെ സൈഡിൽ ഒരു ആന്റിയുടെ കട ഉണ്ട്… ഞാൻ അവിടുന്നാ സ്ഥിരായിട്ട് കഴിക്കുന്നത്. ചിലപ്പോ ഹോസ്റ്റലിൽ പോയി ആരുടെ എങ്കിലും ഗസ്റ്റ് ആയിട്ടും കഴിക്കും… ആ… ഇനിയിപ്പോ ഗസ്റ്റ് പറ്റില്ലല്ലോ… ശങ്കു കൂടി ഇല്ലേ… ?? ”
” അതിനു ഞാൻ ഉണ്ടെന്നു വെച്ചെന്താ…. നീയെന്നെ ഇങ്ങനെ എന്നെ നേഴ്സറിയിൽ കൊണ്ടുപോവുന്ന പോലെ കൊണ്ടുനടക്കണ്ട… അല്ലെങ്കിലേ ഇന്നലെ നീ ഗേറ്റിൽ വെച്ച് എന്റെ കയ്യിൽ പിടിച്ചു നടക്കുന്നത് കണ്ടിട്ട് എനിക്ക് നാണക്കേടായി… ആ പെങ്കൊച്ചുങ്ങൾ മൊത്തം എന്നെ നോക്കി ചിരിക്കായിരുന്നു… അയ്യേ… ”
