ഹരിചരിതം – 4

” നീയന്നു എന്റെ ഫ്രെണ്ടിന്റടുത്തു ഞാനാണെന്ന് വിചാരിച്ചു സംസാരിച്ചല്ലേ… അവൻ എന്നോട് പറഞ്ഞു” അത് കേട്ടതും അവളുടെ മുഖത്തു ചമ്മൽ വരാൻ തുടങ്ങി.

” മ്… ഞാൻ വിചാരിച്ചു അവിടുന്നു പുറത്താക്കി എന്ന്.. ”

” അന്ന് പുറത്താക്കിയിരുന്നില്ല… പക്ഷെ ഇപ്പൊ പുറത്താ… ”

ഞാൻ ചിരിച്ചുകൊണ്ട് അവളോട് സമരം ചെയ്തതും, സസ്‌പെൻഷൻ അടിച്ചതും ഒക്കെ പറഞ്ഞു. എല്ലാം കെട്ടുകഴിഞ്ഞപ്പോ അവൾ താടിക്ക് കൈ കൊടുത്തു എന്നെ നോക്കിക്കൊണ്ട് നന്നാവില്ലല്ലേ ന്നു പറഞ്ഞു. പിന്നെ അവളുടെ വിശേഷങ്ങൾ പറയാൻ തുടങ്ങി. പറയാൻ ഒന്നുമില്ല, രാവിലെ കോളേജിൽ പോവുന്നു, തിരിച്ചു വരുന്നു.

” നീയെന്നെ മിസ് ചെയ്തിരുന്നോ… ?? ഞാൻ നിന്നെ നന്നായിട്ട് മിസ് ചെയ്തിരുന്നു… സ്വപ്നം ഒക്കെ കണ്ടായിരുന്നു. ”

” എന്ത്…. ?? ”

” നീ ഏതോ അമ്പലക്കുളത്തിൽ വീഴുന്നത്… ”

” ആ… നല്ല സ്വപ്നം. പിന്നെ മിസ് ചെയ്യാൻ ഇപ്പൊ എന്താ…?? നമ്മൾ തമ്മിൽ വേറൊന്നും ഇല്ലല്ലോ.. പരിചയം അല്ലെ?? ”

” അത്രേ ഉള്ളോ?? പിന്നെന്താണാവോ എനിക്ക് നിന്നെ മിസ് ചെയ്തത്?? ഞാനും കുറേ ദിവസം ആയി ആലോചിക്കുന്നു. പിന്നെ അവിടുത്തെ കാര്യങ്ങൾ ഒന്ന് നിന്നോട് പറയാം എന്ന് വെച്ചാൽ എന്റെ കയ്യിൽ നമ്പർ ഇല്ലല്ലോ… എഫ്.ബി.യിൽ നോക്കി. കണ്ടില്ല… ”

” ഞാൻ ഫേസ്ബുക്കിൽ ഒന്നുമില്ല.. ആകെ ഉള്ളത് ഇൻസ്റ്റ ആണ്.. പിന്നെ വാട്‍സ് ആപ്പും. ”

” നിന്റെ നമ്പർ തന്നേ….” ഞാൻ ഫോണെടുത്തു.

അവളുടെ നമ്പർ സേവ് ചെയ്തു അവൾക്കൊരു മിസ് കാൾ കൊടുത്തു.

” അതാണെന്റെ നമ്പർ. ”

പിന്നെ കുറച്ചു നേരം സംസാരിച്ചൊക്കെ ഇരുന്നു. കൂടുതലും ശ്രീയെ കുറിച്ചായിരുന്നു. അവൾ കൗതുകത്തോടെ അതൊക്കെ കേട്ടിരുന്നു.

അന്ന് രാത്രി മുതൽ ഞങ്ങൾ ചെറുതായിട്ട് ചാറ്റിങ് ഒക്കെ തുടങ്ങി. കാര്യമായിട്ട് ഒന്നുമില്ല. കഴിച്ചോ? എന്താ പണി അതൊക്കെ തന്നെ.. സത്യം പറഞ്ഞാൽ എനിക്ക് എന്താ ചോദിക്കേണ്ടത് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.

ഗൗരിയോട് എനിക്ക് ഒരു ഇഷ്ടം ഉണ്ട്. അത് ഏത് ടൈപ്പ് ആണെന്നാണ് പ്രശ്നം?? ഒരു ഫ്രണ്ട് ആണോ അതോ അതിൽ കൂടുതലോ… അറിയില്ല… ആരോടും ഉള്ള ഇഷ്ടം കറക്ട് ആയിട്ട് ഏത് തരത്തിൽ ഉള്ളതാണെന്ന് പറയാൻ പറ്റാത്ത ഒരു ഫീലിംഗ്. വിശാൽ ഇന്നലെ ശ്രീയെ കുറിച്ച് പറഞ്ഞത് ഓർമ വന്നു. വേണേൽ വളച്ചോ എന്ന്… ചെ… ഞാൻ എന്താ ഇങ്ങനെ?? അവളെന്നെ ഒരു ഏട്ടനെ പോലെ ആണ് കാണുന്നത്… ആ ഞാൻ അവളെ അങ്ങനെ വിചാരിക്കാമോ?? ഞാൻ എന്ത് വൃത്തികെട്ടവൻ ആണ്…. എനിക്ക് ഒന്നും മനസ്സിലാവുന്നില്ലായിരുന്നു. കണ്ണടച്ചു കിടന്നു. ഉറക്കം വരുന്നില്ല. പണ്ട് ഉറക്കം വരാൻ ചെയ്തിരുന്ന പോലെ 100 മുതൽ താഴോട്ട് എണ്ണി. ഇല്ല…ഉറക്കം വരുന്നില്ല, ഗൗരിയുടെയും ശ്രീയുടെയും അഭിയുടെയും ഒക്കെ മുഖം ഇങ്ങനെ മിന്നി മറയുന്നു. അവരോടൊത്ത് ചിലവഴിച്ച നിമിഷങ്ങൾ… അവരുടെ പൊട്ടിച്ചിരികൾ…

വീണ്ടും ഫോൺ എടുത്തു. വിശാൽ ക്ലാസ് ഗ്രൂപ്പിൽ ആഡ് ചെയ്തിട്ടുണ്ട്.

നോക്കിയപ്പോൾ ശ്രീ ഓൺലൈൻ ഉണ്ട്…

‘ ഡീ…. ‘ ഞാൻ മെസ്സേജ്‌ അയച്ചു.

അവൾ കണ്ടു, പക്ഷെ പെട്ടെന്ന് ഓഫ്‌ലൈൻ ആയി.

എനിക്കെന്തോ വിഷമം ആയി.

വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. അവസാനം എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ എണീറ്റ് ചായയും കൊണ്ട് സിറ്റ്-ഔട്ടിൽ ഇരിക്കുമ്പോ ഗൗരി ബാഗ് എടുത്ത് വീട്ടിൽ നിന്നിറങ്ങുന്നു. ഞാൻ പെട്ടെന്ന് ചായ കുടിച്ചു ഒരു ട്രാക്ക് പാന്റും ടീ ഷർട്ടും വലിച്ചു കേറ്റി, കുളിച്ചിട്ട് ഇല്ല, സാരമില്ല… ഡിയോ അടിച്ചു ബൈക്ക് എടുത്ത് പിന്നാലെ ഇറങ്ങി. അവൾ സ്റ്റോപ്പിലേക്ക് എത്തുന്നതേ ഉള്ളൂ…

” ഗുഡ് മോർണിംഗ് ” ഞാൻ പതുക്കെ ബൈക്ക് നിർത്തിക്കൊണ്ട് പറഞ്ഞു.

അവൾ തിരിഞ്ഞു നിന്ന് ചിരിച്ചു. നെറ്റിയിൽ രണ്ടു ചന്ദനക്കുറി ഒക്കെ ഉണ്ട്… അമ്പലത്തിൽ പോയതാണ്.

” ഇന്നെന്താ പ്രത്യേകത?? അമ്പലത്തിൽ പോവാൻ?? ”

” ഇന്നെന്റെ പിറന്നാൾ ആണ്…”

” ആഹാ.. എത്രാമത്തെ??? ”

” ഇന്നത്തെ ദിവസം അത് പറയാൻ പാടില്ല.. ഞാൻ പോട്ടെ, വൈകുന്നേരം കാണാം.. ബസ് വരുന്നു ”

” പിറന്നാൾ ആയിട്ട് ചെലവ് തരാതെ മുങ്ങുന്നോ.. അവിടെ നിക്ക്.. ബസ് പോയാൽ ഞാൻ കൊണ്ട് വിടാം… ”

” അമ്മ പായസം ഒക്കെ ഉണ്ടാക്കും വൈകുന്നേരത്തേക്ക്… അത് കൊണ്ടുത്തരാം… പിന്നെ ഗിഫ്റ് തന്നാലേ ചെലവും ഉള്ളൂ… ”

” അതിനു നിനക്കെന്താ വേണ്ടത്?? ”

” അതങ്ങനെ ചോദിച്ചു വാങ്ങിക്കാൻ പാടില്ല… ഇഷ്ടം ഉള്ളത് തന്നോ… ”

ഇഷ്ടം ഉള്ളത് തരട്ടെ??? സത്യം പറഞ്ഞാൽ അവളെ ചേർത്ത് പിടിച്ചു അവളുടെ നെറുകയിൽ ഒരുമ്മ കൊടുക്കാൻ ആണ് തോന്നിയത്. ഇന്ന് ഒരു കേരള സ്റ്റൈൽ സെറ്റ് ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. കഴുത്തിലും കയ്യിന്റെ സൈഡിലും കസവു പിടിപ്പിച്ച, ഒരു ചന്ദന കളർ ചുരിദാർ… കുളി കഴിഞ്ഞു മുടി അഴിച്ചിട്ടതാണ്, ഒരു തുളസി ഇല മുടിയിൽ ഉണ്ട്… അമ്പലത്തിൽ നിന്നും കിട്ടിയതാവും. എന്നത്തേക്കാളും ഭംഗി ഉണ്ട്.

” ഇഷ്ടം ഉള്ളതെന്ന് വെച്ചാ…അത് വൈകുന്നേരം തരാം… ഇന്നിപ്പോ ബർത് ഡേ ഗേൾ ബസിൽ പോവണ്ട…. ”

ഞാൻ നിർബന്ധിച്ചു, സത്യം പറഞ്ഞാൽ കെഞ്ചി ആണ് അവളെ ബൈക്കിൽ കേറ്റിയത്. അവൾക്ക് പേടിയാണ് ബൈക്കിൽ കേറാൻ. അതും ഇത് കുറച്ചു ഹൈറ്റ് ഉള്ള സീറ്റ് ആണ്. സീറ്റും ഇരിക്കാൻ വലിയ സുഖം ഇല്ല… ഡ്യൂക്ക് അല്ലേ…?? ആരെങ്കിലും നിർബന്ധിച്ചു പിന്നിൽ കേറണം എന്ന് പറഞ്ഞാൽ വേണ്ട എന്ന് പറയേണ്ട എന്ന് വെച്ചു കമ്പനി വെച്ചതാണെന്നു തോന്നുന്നു. തീരെ കംഫർട് ഇല്ല. ആണുങ്ങൾക്ക് പക്ഷെ അത് ഒരു സീൻ അല്ല, പെമ്പിള്ളേരും രണ്ടു സൈഡിലേക്കായി ഇരുന്നാൽ കുറച്ചു കൂടെ കംഫർട് ആണ്.

എന്തായാലും ഗൗരി അങ്ങനെ ഇരിക്കില്ല.. ഞാൻ പതുക്കെ ബൈക്ക് എടുത്തു. മെയിൻ റോഡിലേക്ക് കേറുന്ന അവിടെ എല്ലാവരും ഉണ്ട്. ഞാൻ മിററിലേക്ക് നോക്കി. അവൾ ആകെ ടെൻഷൻ അടിച്ചു ഇരിക്കുകയാണ്. നാട്ടുകാരല്ലേ… വെറുതെ ഇരിക്കുമ്പോൾ കുറച്ചു അപവാദം ഒക്കെ പറഞ്ഞാലോ… ഞാൻ ഒന്നും നോക്കിയില്ല, വണ്ടി വിട്ടു. കോളേജിന്റെ മുന്നിൽ ബൈക്ക് നിർത്തിയപ്പോൾ കുറെ ചെക്കന്മാർ അവളെയും എന്നെയും നോക്കുന്നുണ്ട്.

നോക്കട്ടെ.. അല്ലെങ്കിലും ഗൗരിയെ കണ്ടാൽ ആരായാലും നോക്കാതിരിക്കുമോ??

ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. അവൾക്ക് എന്താ ഗിഫ്റ് വാങ്ങുക?? ഇഷ്ടാനിഷ്ടങ്ങൾ ഒന്നും അറിയില്ല.പിന്നെ വലിയ ഐറ്റംസ് ഒന്നും വാങ്ങിക്കൊടുക്കാൻ പറ്റില്ല.. അവൾ വീട്ടിൽ എന്ത് പറയും??

മുന്നിൽ റെഡ് സിഗ്നൽ. വണ്ടി നിർത്തി. ഫോൺ വൈബ്രേറ്റ് ചെയ്യുന്നു, പാന്റിന്റെ പോക്കറ്റിൽ കിടന്നു. മെസ്സേജ് ആണ്. എടുത്തു നോക്കാം ഒരു മിനിറ്റ് സമയം ഉണ്ട് ലൈറ്റ് മാറാൻ.

നോക്കിയപ്പോൾ ശ്രീ… ദേഷ്യം പിടിച്ചു ചുവന്ന മുഖത്തിന്റെ സ്‌മൈലി മാത്രം. സമയം 9 ആയിട്ടുണ്ട്. അവൾ ക്ലാസ്സിൽ കേറിക്കാണും. വരുന്ന വഴിയിൽ ബേക്കറിയിൽ കേറി കാഡ്ബറി സെലിബ്രെഷന്റെ ഒരു വലിയ പാക്കറ്റ് വാങ്ങിച്ചു.വേറെന്താ വാങ്ങുക?? ഇത് ചീപ്പ് അല്ലേ.. ഇക്കാലത്തു സ്കൂൾ കുട്ടികൾ വരെ കൊടുക്കുന്നത് ടെഡി ബിയറും, ഫോണും ഒക്കെ ആണ്. വേണ്ട.. ഇത് മതി. ഇഷ്ടമായില്ലെങ്കിൽ പിന്നെ വാങ്ങിക്കൊടുക്കാം…

Leave a Reply

Your email address will not be published. Required fields are marked *