ഹരിചരിതം – 4

“എന്താ കാര്യം..? “, കണ്ണ് നിറയാൻ പോവുന്ന അവളെ നോക്കി ഞാൻ ചോദിച്ചു.

അവളെന്തോ പറയാൻ തുടങ്ങിയതും, ഇന്നലെ കണ്ട താടിക്കാരൻ പയ്യൻ അടുത്ത് വന്നു. അവൻ എന്റെ കയ്യും പിടിച്ചു ഒരു സൈഡിലേക്ക് മാറ്റി നിർത്തി.

” ചേട്ടാ.. ആകെ സീനായി. ഇന്നലെ ചേട്ടൻ ജോൺ സാറിനെ പിടിച്ചു തള്ളിയില്ലേ.. അയാൾ നമ്മൾ എല്ലാവരും അയാളെ മർദിച്ചു എന്നും പറഞ്ഞു കേസ് കൊടുത്തിട്ടുണ്ട് പ്രിൻസിപ്പലിന്. അതിനാ വിളിപ്പിച്ചത്… ”

” അതിനെന്താ.. ഇവിടെ സമരവും ഇങ്ങനത്തെ കാര്യങ്ങളും ഒന്നും പുത്തരി അല്ലല്ലോ… ”

” അതല്ല ചേട്ടാ… ശ്രീക്ക് ആൾറെഡി കുറച്ചു സസ്‌പെൻഷനും, കാര്യങ്ങളും ഒക്കെ ഉണ്ട്. ഇതും കൂടി ആയാൽ ഒന്നുകിൽ ഡിസ്മിസ് ചെയ്യും, അല്ലെങ്കിൽ കണ്ടക്ട് സർട്ടിഫിക്കറ്റിൽ ബാഡ് എഴുതും. ഇന്നലത്തെ സമരത്തിന്റെ പേരിൽ പാർട്ടിക്കും കുറച്ചു കലിപ്പുണ്ട്. നമ്മുടെ പാർട്ടിയിൽ തന്നെ ഉള്ള കുറച്ചു പേര് മുകളിക്ക് അറിയിച്ചിട്ടുണ്ട്.. ഇന്നലെ ജില്ലാ കമ്മിറ്റിയിൽ നിന്നെന്നെ വിളിച്ചു ചോദിച്ചു, കുറെ ചൂടായി. ഇന്ന് നേരിട്ട് വരാം എന്നും പറഞ്ഞാ ഞാൻ അത് ഒതുക്കിയത്. എന്താ ചെയ്യേണ്ടത് എന്ന് ഒരു ഐഡിയ ഇല്ല… ”

സംഗതി ഇത്തിരി കുഴഞ്ഞ കേസ് ആണ്. ഈ പെണ്ണ് ചാടിക്കേറി ഓരോന്ന് ചെയ്തിട്ട്…. ഇവൾ എന്തെങ്കിലും ഒക്കെ പറഞ്ഞാൽ ഇവിടെ ഉള്ള യൂണിറ്റിൽ അങ്ങനെ ആരും തള്ളിക്കളയില്ല. കുറെ പേര് ശ്രീച്ചേച്ചി എന്നൊക്കെ വിളിച്ചു ശ്രീയുടെ കൂടെ ഉണ്ട്. പിന്നെ ചില കാര്യങ്ങൾ തലതിരിച്ചു ചെയ്യുമെങ്കിലും ബാക്കി കാര്യങ്ങളിൽ അവൾ ആക്റ്റീവ് ആണ്, പാർട്ടിയുടെ ഈ വർഷത്തെ ചെയർമാൻ പ്രതീക്ഷ ആണ് അവൾ.

ഞാൻ താടിക്കാരന്റെ മുഖത്തു ഒന്ന് നോക്കിയിട്ട് പ്രിൻസിപ്പലിന്റെ ഡോറിനു നേർക്ക് നടന്നു. ശ്രീ അവിടെ തന്നെ ഉണ്ട്, അവൾക്കെന്താണ് ഇത്രക്ക് വിഷമം… ഇതൊക്കെ അവൾ കണ്ടിട്ടുള്ളതല്ലേ?? ഞാൻ മനസ്സിൽ ചോദിച്ചു. ഡോർ തുറന്നു കേറാൻ നേരവും അവൾ എന്റെ കയ്യിൽ പിടിച്ചു, ആരെന്ത് ചോദിച്ചാലും ഞാൻ പറഞ്ഞിട്ടാണ് ചെയ്തത് എന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു.

റൂമിലേക്ക് കേറിയപ്പോൾ അവിടെ പ്രിൻസിപ്പലും എല്ലാ ഡിപ്പാർട്മെന്റിന്റെയും ഹെഡ്, കോ-ഓർഡിനേറ്റർമാർ, ജോൺ സാർ ഒക്കെ ഉണ്ട്.

കേറിയ പാടെ നിങ്ങൾ ഒക്കെ എന്താ വിചാരിച്ചത്, ഇത് കോളേജ് ആണ്, പഠിക്കാൻ ആണ് വരുന്നത് etc.etc. ചറപറാ ദേഷ്യപ്പെടൽ റൂമിന്റെ എല്ലാ ഭാഗത്തു നിന്നും. ഒരു തടിയൻ സാർ മാത്രം ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ ഏതോ മാഗസിനും കയ്യിൽ ചുരുട്ടിപ്പിടിച്ചു കസേരയിൽ ഇരിക്കുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം കെട്ടടങ്ങി.

” അശോകൻ സാറിനു ഒന്നും പറയാൻ ഇല്ലേ?? ” പ്രിൻസി തടിയൻ സാറിനോട് ചോദിച്ചു.

സാർ പതുക്കെ എന്റെ നേരെ മുഖമുയർത്തി. അയാളെ കണ്ടാലേ പേടി ആവും. ഒരു ആജാനബാഹു. ഡ്രസ്സിങ്ങിൽ ഒന്നും വലിയ ശ്രദ്ധ ഇല്ലാത്ത ആളാണെന്നു തോന്നുന്നു. ഒരു വരയൻ ഷർട്ടും, പാന്റും സാധാ വി.കെ.സിയുടെ ഒരു ചെരുപ്പും ആണ്. ഇൻ ഒന്നും ചെയ്തിട്ടില്ല. പുള്ളി എന്നോട് ഇതൊക്കെ സത്യം ആണോ എന്ന് ചോദിച്ചു. ഞാൻ മുഴുവൻ കാര്യങ്ങളും പുള്ളിയോട് പറഞ്ഞു, ശ്രീയുടെ പേര് പറയാതെ. അതിനിടക്ക്ക് കേറി അഭിപ്രായം പറയാൻ വന്ന മറ്റു ടീച്ചേഴ്‌സിനെ അശോകൻ സാർ ശാസിച്ചു.

എല്ലാം കേട്ട് കഴിഞ്ഞിട്ട് സാർ ചോദിച്ചു, ” നിങ്ങൾ ഒക്കെ സ്റ്റുഡന്റസ് അല്ലെ.. നാളെ ഓരോ നിലയിൽ എത്തേണ്ടവർ.. നിങ്ങൾ ഒരു അധ്യാപകന്റെ മേൽ കൈ വെക്കാൻ പാടുണ്ടോ ?? ”

” സാർ.. ഞാൻ ആരെയും കൈ വെച്ചില്ല… ജോൺ സാർ കോളറിൽ പിടിച്ചപ്പോ ആ കൈ വിടുവിച്ചതെ ഉള്ളൂ… ഞങ്ങളോട് മര്യാദക്ക് പറഞ്ഞാൽ ഞങ്ങൾ പോവുമായിരുന്നു. അതിന്റെ മുമ്പത്തെ ദിവസം ഞങ്ങൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ സമാധാനം ആയിട്ടാണ് പ്രതിഷേധിച്ചത്. ”

” അതൊന്നും അല്ല… നീയെന്നെ മനപ്പൂർവം കുട്ടികളുടെ ഇടയിൽ വച്ച് കൈ വെച്ചതാണ്… ഇതിനു ഒരു നടപടി ഉണ്ടാക്കിയെ പറ്റൂ…” ജോൺ സാർ വിടാനുള്ള ഭാവമില്ല..

” സാറിനിപ്പോ എന്താ വേണ്ടത്? ഞാൻ സോറി പറഞ്ഞാൽ മതിയോ?? എന്നാൽ സോറി. ടീച്ചേഴ്സിനോട് സോറി പറഞ്ഞത് കൊണ്ട് എന്റെ മാനം പോവുകയൊന്നും ഇല്ല. അല്ലങ്കിലും സാറ് കൈ വെച്ചപ്പോൾ ഞാൻ എന്തോ ഒരു ഇതിൽ കൈ തട്ടിയതാണ്. എനിക്ക് സോറി പറയണം എന്നുണ്ടായിരുന്നു. പക്ഷെ സാറിനെ പിന്നെ കണ്ടില്ല.. അതാണ്.. ” ഞാൻ പ്രശ്നം തീർന്നോട്ടെ എന്ന് വിചാരിച്ചു പറഞ്ഞു. പിന്നെ സാറിനോട് ഒരു സോറി പറയണം എന്നും ഉണ്ടായിരുന്നു.

” നീയല്ല.. ആ ശ്രീലക്ഷ്മി ആണ് സോറി പറയേണ്ടത്. അവളാണ് നിന്റെ പിന്നിൽ. അവൾ മൈക്കിലൂടെ മാപ്പു പറഞ്ഞാൽ നിന്നെ വിടാം… അല്ലെങ്കിൽ രണ്ടിനെയും സസ്‌പെൻഡ് ചെയ്യും… ” ജോൺ സർ അടങ്ങുന്നില്ല.

ഞാൻ അശോകൻ സാറിനെ നോക്കി. പുള്ളി എന്നോട് സൈഡിലേക്ക് മാറി നില്ക്കാൻ പറഞ്ഞു. അവർ മേശക്കു ചുറ്റും കൂടി ഇരുന്നു ഡിസ്കഷൻ ആയിരുന്നു. കുറച്ചു കഴിഞ്ഞു എന്നെ വീണ്ടും വിളിപ്പിച്ചു.

” നിങ്ങൾക്ക് രണ്ടു ഓപ്‌ഷൻ ഉണ്ട്.. ഒന്നുകിൽ ശ്രീലക്ഷ്മി മാപ്പു പറയുക, നിങ്ങൾ രണ്ടു പേരും ക്ലാസ്സിൽ കേറി ഇരിക്കുക, അല്ലെങ്കിൽ സസ്‌പെൻഷൻ… ഏത് വേണം?? ” അശോകൻ സാർ എന്നെ നോക്കി ചോദിച്ചു.

” സർ, ശ്രീ ഒന്നും ചെയ്തിട്ടില്ല.. അതുകൊണ്ട് തന്നെ അവൾ മാപ്പു പറയേണ്ട കാര്യം ഇല്ല. പക്ഷെ ചിലപ്പോൾ എന്നെ ക്ലാസ്സിൽ കേറ്റാൻ വേണ്ടി അവൾ മാപ്പു പറഞ്ഞേക്കും.. അത് വേണ്ട സർ… സാർ എന്നെ സസ്‌പെൻഡ് ചെയ്തോ…. പക്ഷെ അവളെ സസ്‌പെൻഡ് ചെയ്യാൻ പറ്റില്ല… അവൾ ഇക്കാര്യത്തിൽ നിരപരാധി ആണ്. അവൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്നെ ഉള്ളൂ.. ഇന്നലെ ജോൺ സാറിനോട് ഒന്നു സംസാരിച്ചിട്ട് പോലും ഇല്ല..”

” അത് പറ്റില്ല… രണ്ടിനേം സസ്‌പെൻഡ് ചെയ്യണം..” ജോൺ സർ അശോകൻ സാറിനോട് ദേഷ്യത്തോടെ പറഞ്ഞു.

” ജോണേ.. നമ്മളും കോളേജിൽ പഠിച്ചു വന്നതല്ലേ…. നമ്മൾ കാണിച്ച അത്ര ഒന്നും ഇവർ കാണിച്ചില്ലല്ലോ… വന്ന വഴി മറക്കുന്നത് നല്ലതല്ല… അതുകൊണ്ട് ഇവൻ തെറ്റ് സമ്മതിച്ചു, തന്നോട് സോറിയും പറഞ്ഞു. പിന്നെ സസ്‌പെൻഡ് ചെയ്യേണ്ട കാര്യം കൂടി ഇല്ല. എന്നാലും തന്റെ ഒരു സമാധാനത്തിനു വേണ്ടി അത് കൂടി ചെയ്യാം. അതല്ലാതെ വേറെ ഒന്നും ഇക്കാര്യത്തിൽ ചെയ്യാൻ ഇല്ല… ” അശോകൻ സാർ പറഞ്ഞുകൊണ്ട് എണീറ്റു…

” എന്നിട്ട് എന്നെ നോക്കി, H O D യുടെ ഓഫീസിൽ പോയി ലെറ്റർ വാങ്ങിക്കോ.. ഇനി ഒരാഴ്ച കഴിഞ്ഞിട്ട് ക്ലാസ്സിൽ കേറിയാൽ മതി. ”

എനിക്ക് സന്തോഷം ആയി… സസ്‌പെൻഷൻ അടിച്ചു കിട്ടിയതിൽ അല്ല, ശ്രീ രക്ഷപ്പെട്ടല്ലോ.

” പിന്നെ… താനിവിടെ വന്നിട്ട് ഒരാഴ്ച ആയില്ലേ.. ഇനി ഒരാഴ്ച സസ്‌പെൻഷൻ. അതുകൊണ്ട് ഈ മാസത്തെ സ്റ്റൈപ്പൻഡ് അങ്ങ് മറന്നേക്ക്… എമ്പത് ശതമാനം അറ്റൻഡൻസ് ഉണ്ടങ്കിലേ അത് കിട്ടൂ… ”

Leave a Reply

Your email address will not be published. Required fields are marked *