ഹരിചരിതം – 4 4

വിശാലിനെ നോക്കിയപ്പോൾ അവൻ ബുക്കിൽ സർക്യൂട്ടിന് കട്ടി കൂട്ടിക്കൊണ്ടിരിക്കുകയാണ്, ഒന്നും എഴുതുന്നൊന്നും ഇല്ല.

” ഹരി ശങ്കർ “, മിസ് പേര് വിളിച്ചു. ഞാൻ ഞെട്ടി എണീറ്റ് നിന്നു.

ഇത്ര പെട്ടെന്ന് മിസ് പേരൊക്കെ പഠിച്ചോ… എനിക്ക് സന്തോഷം ആയി.

” ഹരി ശങ്കറിനോട് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്, വേഗം പൊയ്‌ക്കോ “, മിസ് പറഞ്ഞു.

ഞാൻ വിശാലിനോട് പ്രിൻസിപ്പലിന്റെ മുറി ഒക്കെ ചോദിച്ചു അവിടെ എത്തിയപ്പോൾ ശ്രീയും ബാക്കി ഉള്ള ഫ്രണ്ട്‌സും പാർട്ടിക്കാരും ഒക്കെ അവിടെ കൂടി നിൽക്കുന്നുണ്ട്. സാധാരണ കൂൾ ആയിട്ട് ഉള്ള അവളുടെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്… ഞാൻ സ്റ്റെയർ കേറി വരുന്നത് അവൾ കണ്ടു. പെട്ടെന്ന് എന്റെ അടുത്തേക്ക് ഓടിയിറങ്ങി വന്നിട്ട് എന്റെ കയ്യിൽ പിടിച്ചു എന്ത് ചോദിച്ചാലും എന്റെ പേര് പറഞ്ഞോ എന്നും പറഞ്ഞു എന്റെ കയ്യിൽ മുറുക്കി പിടിച്ചു.

“എന്താ കാര്യം..? “, കണ്ണ് നിറയാൻ പോവുന്ന അവളെ നോക്കി ഞാൻ ചോദിച്ചു.

അവളെന്തോ പറയാൻ തുടങ്ങിയതും, ഇന്നലെ കണ്ട താടിക്കാരൻ പയ്യൻ അടുത്ത് വന്നു. അവൻ എന്റെ കയ്യും പിടിച്ചു ഒരു സൈഡിലേക്ക് മാറ്റി നിർത്തി.

” ചേട്ടാ.. ആകെ സീനായി. ഇന്നലെ ചേട്ടൻ ജോൺ സാറിനെ പിടിച്ചു തള്ളിയില്ലേ.. അയാൾ നമ്മൾ എല്ലാവരും അയാളെ മർദിച്ചു എന്നും പറഞ്ഞു കേസ് കൊടുത്തിട്ടുണ്ട് പ്രിൻസിപ്പലിന്. അതിനാ വിളിപ്പിച്ചത്… ”

” അതിനെന്താ.. ഇവിടെ സമരവും ഇങ്ങനത്തെ കാര്യങ്ങളും ഒന്നും പുത്തരി അല്ലല്ലോ… ”

” അതല്ല ചേട്ടാ… ശ്രീക്ക് ആൾറെഡി കുറച്ചു സസ്‌പെൻഷനും, കാര്യങ്ങളും ഒക്കെ ഉണ്ട്. ഇതും കൂടി ആയാൽ ഒന്നുകിൽ ഡിസ്മിസ് ചെയ്യും, അല്ലെങ്കിൽ കണ്ടക്ട് സർട്ടിഫിക്കറ്റിൽ ബാഡ് എഴുതും. ഇന്നലത്തെ സമരത്തിന്റെ പേരിൽ പാർട്ടിക്കും കുറച്ചു കലിപ്പുണ്ട്. നമ്മുടെ പാർട്ടിയിൽ തന്നെ ഉള്ള കുറച്ചു പേര് മുകളിക്ക് അറിയിച്ചിട്ടുണ്ട്.. ഇന്നലെ ജില്ലാ കമ്മിറ്റിയിൽ നിന്നെന്നെ വിളിച്ചു ചോദിച്ചു, കുറെ ചൂടായി. ഇന്ന് നേരിട്ട് വരാം എന്നും പറഞ്ഞാ ഞാൻ അത് ഒതുക്കിയത്. എന്താ ചെയ്യേണ്ടത് എന്ന് ഒരു ഐഡിയ ഇല്ല… ”

സംഗതി ഇത്തിരി കുഴഞ്ഞ കേസ് ആണ്. ഈ പെണ്ണ് ചാടിക്കേറി ഓരോന്ന് ചെയ്തിട്ട്…. ഇവൾ എന്തെങ്കിലും ഒക്കെ പറഞ്ഞാൽ ഇവിടെ ഉള്ള യൂണിറ്റിൽ അങ്ങനെ ആരും തള്ളിക്കളയില്ല. കുറെ പേര് ശ്രീച്ചേച്ചി എന്നൊക്കെ വിളിച്ചു ശ്രീയുടെ കൂടെ ഉണ്ട്. പിന്നെ ചില കാര്യങ്ങൾ തലതിരിച്ചു ചെയ്യുമെങ്കിലും ബാക്കി കാര്യങ്ങളിൽ അവൾ ആക്റ്റീവ് ആണ്, പാർട്ടിയുടെ ഈ വർഷത്തെ ചെയർമാൻ പ്രതീക്ഷ ആണ് അവൾ.

ഞാൻ താടിക്കാരന്റെ മുഖത്തു ഒന്ന് നോക്കിയിട്ട് പ്രിൻസിപ്പലിന്റെ ഡോറിനു നേർക്ക് നടന്നു. ശ്രീ അവിടെ തന്നെ ഉണ്ട്, അവൾക്കെന്താണ് ഇത്രക്ക് വിഷമം… ഇതൊക്കെ അവൾ കണ്ടിട്ടുള്ളതല്ലേ?? ഞാൻ മനസ്സിൽ ചോദിച്ചു. ഡോർ തുറന്നു കേറാൻ നേരവും അവൾ എന്റെ കയ്യിൽ പിടിച്ചു, ആരെന്ത് ചോദിച്ചാലും ഞാൻ പറഞ്ഞിട്ടാണ് ചെയ്തത് എന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു.

റൂമിലേക്ക് കേറിയപ്പോൾ അവിടെ പ്രിൻസിപ്പലും എല്ലാ ഡിപ്പാർട്മെന്റിന്റെയും ഹെഡ്, കോ-ഓർഡിനേറ്റർമാർ, ജോൺ സാർ ഒക്കെ ഉണ്ട്.

കേറിയ പാടെ നിങ്ങൾ ഒക്കെ എന്താ വിചാരിച്ചത്, ഇത് കോളേജ് ആണ്, പഠിക്കാൻ ആണ് വരുന്നത് etc.etc. ചറപറാ ദേഷ്യപ്പെടൽ റൂമിന്റെ എല്ലാ ഭാഗത്തു നിന്നും. ഒരു തടിയൻ സാർ മാത്രം ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ ഏതോ മാഗസിനും കയ്യിൽ ചുരുട്ടിപ്പിടിച്ചു കസേരയിൽ ഇരിക്കുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം കെട്ടടങ്ങി.

” അശോകൻ സാറിനു ഒന്നും പറയാൻ ഇല്ലേ?? ” പ്രിൻസി തടിയൻ സാറിനോട് ചോദിച്ചു.

സാർ പതുക്കെ എന്റെ നേരെ മുഖമുയർത്തി. അയാളെ കണ്ടാലേ പേടി ആവും. ഒരു ആജാനബാഹു. ഡ്രസ്സിങ്ങിൽ ഒന്നും വലിയ ശ്രദ്ധ ഇല്ലാത്ത ആളാണെന്നു തോന്നുന്നു. ഒരു വരയൻ ഷർട്ടും, പാന്റും സാധാ വി.കെ.സിയുടെ ഒരു ചെരുപ്പും ആണ്. ഇൻ ഒന്നും ചെയ്തിട്ടില്ല. പുള്ളി എന്നോട് ഇതൊക്കെ സത്യം ആണോ എന്ന് ചോദിച്ചു. ഞാൻ മുഴുവൻ കാര്യങ്ങളും പുള്ളിയോട് പറഞ്ഞു, ശ്രീയുടെ പേര് പറയാതെ. അതിനിടക്ക്ക് കേറി അഭിപ്രായം പറയാൻ വന്ന മറ്റു ടീച്ചേഴ്‌സിനെ അശോകൻ സാർ ശാസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *