ഹരിചരിതം – 4

” അത് ഓരോന്ന് കാണിക്കുമ്പോ ആലോചിക്കണം… വേറെ എത്ര സാറമ്മാർ ഇവിടെ ഉണ്ട്?? എന്നിട്ടും ആ ചൊറിയൻ ജോണിന്റെ അടുത്ത് കൊണ്ട് പോയി തലവെക്കാനേ നിങ്ങൾക്ക് തോന്നിയുള്ളോ?? ” പുള്ളി ഒരല്പ്പം ദേഷ്യത്തോടെ ചോദിച്ചു.

” അറിഞ്ഞു കൊണ്ടല്ല സർ.. പറ്റിപ്പോയതാ…. ”

” ആ കുട്ടി ഉണ്ടല്ലോ.. ശ്രീലക്ഷ്മി. അവൾ ഒരു ഔട്‍സ്റ്റാൻഡിങ് സ്റ്റുഡൻറ് ആണ്, പഠിത്തത്തിലും, ബാക്കി കാര്യത്തിലും ഒക്കെ. ഇങ്ങനെ രാഷ്ട്രീയം കളിച്ചു നടന്നാ അതിനൊന്നും വിലയില്ലാതായിപ്പോവും. താനൊന്നു പറഞ്ഞു മനസ്സിലാക്കു…. ” പറഞ്ഞിട്ട് സാർ മുന്നോട്ട് നടന്നു.

” തനിക്ക് ഇവിടെ എന്തെങ്കിലും പണി ഉണ്ടോ?? ഇല്ലങ്കിൽ എന്റെ റൂമിലേക്ക് വാ… കുറച്ചു പണി ഉണ്ട്. ” സാർ തിരിഞ്ഞു നോക്കാതെ പറഞ്ഞു.

എനിക്കെന്ത് പണി.. ഇവിടിരുന്നു ബോറടിക്കുന്നു… ഞാൻ ഒന്നും മിണ്ടാതെ സാറിന്റെ പിന്നാലെ നടന്നു. അവിടെ നിന്നും ഞങ്ങളുടെ ബ്ലോക്ക് വരെ ഉള്ള കുറച്ചു സമയത്തിനുള്ളിൽ ഞാൻ സാറിനെ കുറിച്ച് കുറച്ചു കൂടെ അറിഞ്ഞു. എല്ലാവര്ക്കും വലിയ ഇഷ്ടം ഉള്ള ആളാണ് സാർ… ടീച്ചേഴ്‌സിനും, സ്റുഡന്റ്സിനും ഒരുപോലെ. സാറിനെ കണ്ടാൽ ആരും മുഖം തിരിച്ചോ, വിഷ് ചെയ്യാതെയോ പോവുന്നില്ല. എല്ലാവരും ഒരു ചെറിയ ചിരിയോടെ സാറിനോട് വിഷ് ചെയ്യുന്നു. അശോകൻ സാർ ആണേൽ എല്ലാവരോടും തലയാട്ടി കൊണ്ട് മുന്നോട്ട് നടക്കുന്നു. ചിരി ഒന്നുമില്ല. അതാണ് സാറിന്റെ രീതി എന്ന് തോന്നുന്നു.

നടന്നു സാറിന്റെ റൂമിൽ എത്തി. ‘ ഡോ : അശോകൻ പി. ‘ ആള് പി.എച്.ഡി.ഒക്കെ ആണ്. സാർ റൂം തുറന്നു അകത്തു കയറി ഫാനും ലൈറ്റും ഇട്ടു. ചെറിയൊരു റൂം ആണ്, ഗ്ലാസ് കൊണ്ട് മറച്ചത്. റൂമിൽ ഒരു വലിയ ടേബിളും രണ്ട ഷെൽഫും, ഒരു മൂലക്കായി ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും. കമ്പ്യൂട്ടർ വേറെ ഒരു ചെറിയ മേശയിൽ ആണ്. അതിന്റെ മുന്നിൽ ഒരു പ്ലാസ്റ്റിക് കസേര. സാറിന്റെ ടേബിളിൽ കുറെ ബുക്കും പേപ്പറും പേന സ്റ്റാൻഡും റെക്കോർഡ് ബുക്കുകളും റിപ്പോർട്ടും ഒക്കെ ഉണ്ട്.

എന്നോട് കമ്പ്യൂട്ടർ ഓൺ ആക്കാൻ പറഞ്ഞിട്ട് സാർ ഏതോ റെക്കോർഡ് ഇരുന്നു നോക്കാൻ തുടങ്ങി.

ഞാൻ കമ്പ്യൂട്ടറും തുറന്നു എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയാണ്. സാർ എന്നെ നോക്കി ഒരു ലാബ് മാന്വൽ എടുത്ത് തന്നു. ഫസ്റ്റ് ഇയർ ബി.ടെക്കിന്റെ ആണ്. അത് ഫുൾ ഒരു വേർഡ് ഫയൽ ഓപ്പൺ ചെയ്തു ടൈപ്പ് ചെയ്തോ എന്നും പറഞ്ഞു. പണി പാളി… ഇതൊരു 80 പേജോളം ഉണ്ട്. ഇത്രയും ടൈപ്പ് ചെയ്തു അലൈൻ ഒക്കെ ചെയ്യുമ്പോഴേക്കും ദിവസം കുറച്ചാവും.

” സാർ.. ഇത് കുറെ ഉണ്ട്.. ഇപ്പൊ തീരില്ല. ”

” ആ.. തീരില്ല… ഇനി കുറച്ചു ദിവസം ക്‌ളാസിൽ കേറണ്ടല്ലോ… ഇവിടെ വന്നിരുന്നു ടൈപ്പ് ചെയ്തോ…” സാർ റെക്കോർഡിൽ നിന്നും മുഖം ഉയർത്താതെ എന്നോട് പറഞ്ഞു.

ഫ്രീ ആണോ എന്ന് ചോദിച്ചപ്പോൾ ചാടിക്കേറി വരണ്ടായിരുന്നു. നേരത്തെ ആ പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാൻ സഹായിച്ചതില്ലേ എന്ന് വിചാരിച്ചു നന്ദി പ്രകടിപ്പിക്കാൻ ഇറങ്ങിയതാണ്. വേണ്ടായിരുന്നു. ആകെ ദേഷ്യം വരുന്നു.

” എന്താടോ കേട്ടില്ലേ…?? ” വീണ്ടും കർണഃകഠോരമായ ശബ്ദം.

” കേട്ടു സാർ.. ചെയ്യാം… ” ഞാൻ അവിടെ ഇരുന്നു ആദ്യത്തെ പേജ് മറിച്ചു ടൈപ്പ് ചെയ്യാൻ തുടങ്ങി.ബേസിക്സ് ആണ്, വയറിംഗ് ഒക്കെ. ഞാൻ എന്റെ ദേഷ്യം മുഴുവൻ കീബോർഡിൽ അടിച്ചു തീർത്തു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിച്ചു. നോക്കിയപ്പോൾ ശ്രീ ആണ്. എവിടെ ഉണ്ടെന്നറിയാൻ ആണ്. കുറച്ചു കഴിഞ്ഞു അവൾ അവളുടെ സ്ലിങ് ബാഗ് നെഞ്ചത്തുകൂടെ ക്രോസ് ആയി ഇട്ടുകൊണ്ട് സ്റ്റാഫ് റൂമിന്റെ ഡോറിന്റെ അടുത്തേക്ക് വന്നു. സാർ അവളെ കണ്ടെന്നു തോന്നുന്നു. എന്നോട് ഇന്നത്തേക് നിർത്തി പൊയ്ക്കൊള്ളാൻ പറഞ്ഞു.

രക്ഷപ്പെട്ടെന്ന ഭാവത്തോടെ ഞാൻ പുറത്തേക്കിറങ്ങി.

തിരിച്ചു വീട്ടിലേക്കു വണ്ടി ഓടിക്കുമ്പോൾ എന്ത് ചെയ്യണം എന്നാലോചിക്കുകയായിരുന്നു. ഇവിടെ എന്നെ കണ്ടാൽ അശോകൻ സാർ പിടിച്ചു വല്ല പണിയും തരും. അതുറപ്പാണ്. അഭി എപ്പോ വരും എന്ന് പറയാൻ കഴിയാത്തത് കൊണ്ട് വീട്ടിൽ ഇരിക്കാനും പറ്റില്ല…

” എന്താ ശങ്കൂ ഇത്രക്ക് ആലോചന?? ”

” അല്ലെടീ… ഞാൻ വീട്ടിലേക്ക് ഒന്ന് പോയാലോ എന്നാലോചിക്കുകയായിരുന്നു. കുറച്ചു ദിവസം ആയില്ലേ അവിടുന്ന് പോന്നിട്ട്… ”

” ആകെ നാലു ദിവസം അല്ലെ ആയുള്ളൂ…?? അതിനിപ്പോ എന്താ..?? ”

” അല്ല.. ഇനി ഓണത്തിന് പൂട്ടുമ്പോൾ അല്ലെ പോവാൻ പറ്റൂ… ഞാൻ ഒന്ന് പോയി വന്നാലോ എന്ന് ആലോചിയ്ക്കാ… ”

കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ” എന്ത് പറഞ്ഞു പോവും?? ക്ലാസ് മിസ് ആക്കി എന്ന് പറയില്ലേ വീട്ടിൽ നിന്ന്?? ”

” മ്…. വല്ല കോൺഫെറെൻസും ഉണ്ടെന്നോ മറ്റോ പറയാം… എനിക്ക് ക്ലാസ് ഇല്ല അതുകൊണ്ടെന്നു… ” ഞാൻ പറഞ്ഞു നിർത്തി.

* * * * * * * *

അന്ന് രാത്രി ഞാൻ ഉറങ്ങിക്കൊണ്ടിരുന്നപ്പോൾ ഒരു സ്വപ്നം കണ്ടു. മണ്പാതയിൽ നിന്നും ഒരുപാട് പടികളുള്ള ഒരു അമ്പലം…. പടിക്കെട്ടിൽ നിന്നും ഒരല്പം മാറി ഒരരയാൽ… അതിന്റെ കെട്ടൊക്കെ കുറച്ചു പൊളിഞ്ഞിട്ടുണ്ട്. ആളിന്റെ കുറച്ചപ്പുറം മാറി ഒരു വലിയ കുളം. അതിൽ നിറയെ തെളിനീർ.. കുളത്തിലേക്ക് ഇറങ്ങാൻ നീളൻ പടവുകൾ. ഒരു സൈഡിൽ പൂജാരികൾക്ക് മാത്രം ആയിട്ടുള്ള കടവ്. കുളത്തിന്റെ നടുവിൽ രാധയോടൊപ്പം നിൽക്കുന്ന മുരളീകൃഷ്ണൻ. കൃഷ്ണനെ നോക്കി ഞാൻ ആൽമരത്തണലിൽ ഇരിക്കുകയാണ്, ആരെയോ പ്രതീക്ഷിച്ചുകൊണ്ട്. പെട്ടെന്ന് ഒരു പച്ചക്കര മുണ്ടും വേഷ്ടിയും, അതിനു മാച്ച് ആയിട്ടുള്ള ബ്ലൗസും ഇട്ടു ഒരു പെൺകൊടി… അവളുടെ മുഖം കാണുന്നില്ല…. കാണാൻ വയ്യ.. സൂര്യൻ മുഖത്തേക്ക് അടിക്കുന്നത് കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല. അവൾ കയ്യിൽ ഒരു ഇലക്കീറിൽ പ്രസാദം എന്തോ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. അവൾ പതിയെ അമ്പലത്തിന്റെ പടവുകൾ ഇറങ്ങി വന്നു ഇടത്തോട്ട് തിരിഞ്ഞു കുളത്തിലേക്ക് കാൽ കഴുകാൻ ഇറങ്ങി… പതിയെ മുണ്ട് ഒന്ന് പൊക്കിപ്പിടിച്ചു ഒരു കാൽ കല്ലിൽ ചവിട്ടി മറ്റേ കാൽ കൊണ്ട് വെള്ളം തെറിപ്പിച്ചു അവൾ കാൽ കഴുകുകയാണ്. പെട്ടെന്ന് അവളുടെ ബാലൻസ് പോയി… അവൾ പടിയിൽ പുറം ഇടിച്ചു വെള്ളത്തിലേക്ക്… ഇത് കണ്ട ഞാൻ പെട്ടെന്ന് ഓടി കുളത്തിലേക്ക്… ഇല്ല… കണ്ട്രോൾ കിട്ടുന്നില്ല… അവളെയും കടന്നു ഞാൻ നേരെ വെള്ളത്തിലേക്ക് വീണു… വെള്ളത്തിൽ വീണ ഞാൻ മുങ്ങിപ്പൊങ്ങി മുഖത്തേക്ക് വീണ മുടിയും വെള്ളവും മാറ്റി പടിയിൽ നിവർന്നിരിക്കാൻ നോക്കുന്ന അവളെ നോക്കി.. എന്റെ വീഴ്ച കണ്ടു അവൾ ചിരിക്കുകയാണ്…ചിരിക്കുമ്പോൾ അവളുടെ മുഖം എനിക്ക് കാണാം….

അത് ഗൗരി ആണ്… ഗൗരി !

ഞാൻ പെട്ടെന്ന് ഞെട്ടി ഉണർന്നു. സമയം നോക്കി… നേരം അഞ്ചാവാൻ പോവുന്നു. കട്ടിലിൽ എണീറ്റിരുന്നു. എന്താണ് അവളെ സ്വപ്നം കാണാൻ.. അതും അമ്പലക്കടവ്, കുളം, കൃഷ്‍ണൻ, പതിവ് ക്ലിഷേ സ്വപ്നം… അമ്പലത്തിൽ പോലും ഞാൻ പോയിട്ട് ഒരുപാട് നാളായിട്ടുണ്ട്. ഇന്നേ വരെ ഞാൻ എന്റെ അച്ഛനേയും അമ്മയെയും സ്വപ്നം കണ്ടിട്ടില്ലല്ലോ… പിന്നെന്താ കുറച്ചു ദിവസത്തെ പരിചയമുള്ള ഗൗരിയെ??

Leave a Reply

Your email address will not be published. Required fields are marked *