” ആണോടീ….?? ” ഞാൻ ശ്രീയോട് ചോദിച്ചു.
അവൾ ചിരിച്ചു കൊണ്ട് തലയാട്ടി. ഞാൻ അവളെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എന്ത് നിഷ്കളങ്കമായ മുഖം ആണ്, പക്ഷെ കയ്യിലിരുപ്പ് മൊത്തം കുരുത്തക്കേട്. എനിക്കെന്തോ പെട്ടെന്ന് ഗൗരിയെ ഓർമ വന്നു. ഇവിടെ വന്നു കുറേ ദിവസം ആയി. അവളെ കുറിച്ച് അങ്ങനെ ആലോചിച്ചിട്ടേ ഇല്ല. അതിനു ഇവളും അഭിയും സമയം തരണ്ടേ ?? ഫോണിൽ പോലും മര്യാദക്ക് നോക്കിയിട്ടില്ല. ഒരു സിനിമ കണ്ടിട്ടില്ല. ഇഷ്ടം പോലെ ബൈക്ക് റിവ്യൂസും മിസ് ആയിട്ടുണ്ട്.
” അല്ല… ഇനിയെന്താ പരിപാടി?? നിങ്ങൾ ലൈബ്രറി തുറപ്പിക്കണം എന്നും പറഞ്ഞു ഇവിടെ വന്നിരിക്കാണോ?? എന്താ സമരത്തിന്റെ അടുത്ത പരിപാടി ?? ” ഞാൻ ചോദിച്ചു.
” നമ്മുടെ കുറച്ചു ജൂനിയർ പിള്ളേർ ലൈബ്രറിയുടെ മുന്നിൽ ഉണ്ട്. അവർ ലൈബ്രറി അടക്കാതെ നോക്കിക്കോളും “, രാവിലെ കണ്ട താടിക്കാരൻ പറഞ്ഞു.
” അപ്പൊ നിങ്ങളോ ? ”
” ഞങ്ങൾ സീനിയേഴ്‌സ് അല്ലേ ?? അവരും പഠിക്കണ്ടേ കാര്യങ്ങൾ ഒക്കെ. ”
” ആ… അങ്ങനെ.. അപ്പൊ നമുക്ക് വേറെ റോൾ ഒന്നുല്ലാത്തത് കൊണ്ട് നമുക്ക് പോയാലോ ?? ”
ശ്രീയുടെ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു.
” ആ.. എനിക്ക് ഒന്ന് മര്യാദക്ക് ഉറങ്ങണം… ഇന്നലെ രാത്രി ഇരുന്നു എഴുതിയതിന്റെ ക്ഷീണം മാറിയിട്ടില്ല. ” പറയലും അവൾ എണീക്കലും കഴിഞ്ഞു. എന്നിട്ട് വാച്ച് എന്റെ നേരെ നീട്ടി കെട്ടിക്കോ എന്ന് പറഞ്ഞു.
* * * * * * * *
ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ചു വീട്ടിൽ എത്തി ഡ്രെസ് മാറി ഞാൻ ബെഡിലേക്ക് ഇരുന്നു. പെട്ടെന്നാണ് ഡിസ്‌പ്ലേയിൽ സുജിത് കാളിങ്. ഓ.. ഇവന്റൊരു കാര്യം. ഞാൻ ഉച്ചക്ക് വിചാരിച്ചതേ ഉള്ളൂ… എന്തൊരു ആത്മബന്ധം ! ഫോണെടുത്തു.
” അളിയാ…. നീ ചത്തെന്നു കേട്ടു. “, ആദ്യത്തെ ചോദ്യം.
” അതേടാ.. ചത്തു. അല്ലെങ്കിലും ഞാൻ ചത്തോ ജീവനോടെ ഉണ്ടോ എന്ന് അന്വേഷിക്കാൻ നീയൊന്നും ഇല്ലല്ലോ… ”
” ക്ഷെമി അളിയാ… ജോലി ഇല്ലാത്ത ഒരു ഡിഗ്രിക്കാരന്റെ അവസ്ഥ നിനക്കറിയാലോ… മില്ലിൽ പോയി പൊടിപ്പിക്കൽ മുതൽ അമ്മൂമ്മയെ ആശുപത്രിയിൽ കൊണ്ട് പോകേണ്ടത് വരെ ഞാനാ… ”
” ആ..ആ.. ആയിക്കോട്ടെ.. പിന്നെ വേറെ എന്തുണ്ട് ?? ”
” എടാ ഞാനേ..ഒരു ട്രിപ്പ് പോവാണ്, ഊട്ടിക്ക്. ”
” ഊട്ടിയിൽ നിനക്കാരെങ്കിലും കൈവിഷം തന്നിട്ടുണ്ടോടാ ?? ഇതെത്രാമത്തെ പ്രാവശ്യമാ നീ പോവുന്നത്?? അതോ ഊട്ടി എന്നും പറഞ്ഞു വല്ല ഗുണ്ടൽപേട്ടിലേക്കും ആണോ നീ പോവുന്നത്?? ”
” അല്ലെടാ.. ഊട്ടി തന്നെയാ.. നമ്മടെ ഒരു പയ്യൻ ഗൾഫിന്നു വന്നിട്ടുണ്ട്.. അപ്പൊ അതിന്റെ കറക്കം. ”
” ആ.. നീയെങ്ങനാ പോവുന്നെ? ”
” കാറുണ്ട്.. ആ.. പിന്നെ, നിന്റെ ബൈക്ക് ഞാൻ കുട്ടപ്പനാക്കി വീട്ടിൽ കൊണ്ടിട്ടുണ്ട്. വീട്ടിൽ വിളിച്ചു ചോദിച്ചോ… പിന്നെ കുറച്ചു പൈസ ആയി. അത് നിന്റച്ഛൻ തന്നിട്ടുണ്ട്… “, അന്ന് ബൈക്ക് കൊടുത്തപ്പോൾ കുറച്ചു കൂടി വർക് ഉണ്ടായിരുന്നു. ഫൈബർ പാർട്സ് ഒക്കെ മാറ്റാനും അല്ലറ ചില്ലറ ശബ്ദങ്ങൾ ഇല്ലാതാക്കാനും.. ഞാൻ അവിടെ ഇല്ലാത്തത് കൊണ്ട് സുജിത് ആണ് ഇതൊക്കെ ചെയ്യുന്നത്.
” എടാ എത്രയായി? ”
” അയ്യായിരത്തി സംതിങ് ”
” എടാ.. നീയത് മൊത്തം മാറ്റിയോ?? ആകെ കുറച്ചു പണിയല്ലേ ഉണ്ടായിരുന്നുള്ളൂ?? ”
” അത് ഫുൾ സർവീസ് ഒക്കെ ചെയ്തു. പിന്നെ ഞാൻ അച്ഛന്റെ കയ്യിന്നു പത്തു വാങ്ങിയിട്ടുണ്ട്.. ട്രിപ്പ് ഒക്കെ ഉള്ളതല്ലേ… അപ്പൊ ശെരി.. ”
പറയലും വെക്കലും കഴിഞ്ഞു. ഇതാണവൻ.. സത്യസന്ധനായ കള്ളൻ എന്നൊക്കെ പറയില്ലേ… എക്സ്ട്രാ പൈസ വാങ്ങി, മാന്യമായിട്ട് എന്നെ വിളിച്ചു പറഞ്ഞു.
ദേ പിന്നേം വിളിക്കുന്നു…
” എന്താടാ നാറി ?? ”
” അതേയ്… എടാ ഇന്ന് നിന്റെ ബൈക്ക് കൊണ്ട് വെക്കാൻ പോയപ്പോ ഒരടിപൊളി ചിക് എന്നോട് എപ്പോഴാ വന്നെന്നും ചോദിച്ചു ഓടിവന്നു.. ”
” എവിടുന്ന്?? ”
” നിന്റെ വീടിന്റെ അവിടുന്ന്.. അപ്പുറത്തെ വീട്ടിൽ നിന്ന് ”
” എന്നിട്ട് ?? ”
” ഞാൻ ഹെൽമെറ്റ് ഊരിയപ്പോൾ ഒന്നും മിണ്ടാതെ സോറി പറഞ്ഞു പോയി, ഏതാടാ ആ ചിക്ക്?? ”
