ഹരിചരിതം – 4

തിങ്കൾ : അഡ്‌മിഷൻ

ചൊവ്വ : ഹെൽപ് ഡെസ്‌ക്

ബുധൻ : റെപ്പിനെ തല്ലിയ സമരം

വ്യാഴം : ലൈബ്രറി സമരം.

സംഭവബഹുലമായ നാല് ദിവസം കഴിഞ്ഞിരിക്കുന്നു. ഇനി ഇന്നത്തെ ഒരു വെള്ളിയാഴ്ച ഉണ്ട്.. അല്ലെങ്കിലും സ്‌കൂളുകളിലെയും കോളേജുകളിലെയും ഒക്കെ വെള്ളിയാഴ്ചക്ക് ഒരു പ്രത്യേക രസം ആണ്. ഉച്ചക്ക് പതിവായി കിട്ടുന്ന ലഞ്ച് ബ്രെയ്ക്കിനെക്കാൾ കൂടുതൽ സമയം. പ്രണയികളും, സിംഗിൾ പസങ്കകളും ഒരേ പോലെ കാത്തിരിക്കാറുള്ള ദിവസം.

” ശ്രീ… നമ്മുടെ വീട്ടിൽ എന്താ ഉച്ചക്ക് ഫുഡ് ഉണ്ടാക്കാത്തെ?? “, ഞാൻ മുമ്പിൽ കണ്ട ഒരു കുഴി വെട്ടിച്ചെടുത്തു കൊണ്ട് ചോദിച്ചു.

” അമ്മ രാവിലെ പോവില്ലേ… പിന്നെ ഫുഡ് ഉണ്ടാക്കാൻ ഉള്ള സമയം ഇല്ല.. പിന്നെ എനിക്കും അഭിക്കും അമ്മയ്ക്കും ഒക്കെ അവിടെ ക്യാന്റീൻ ഉണ്ടല്ലോ… അപ്പൊ ഉച്ചക്കത്തെ ഫുഡ് പുറത്തുന്നാ… ഹോട്ടലിൽ നിന്നല്ല, ഏതെങ്കിലും ഒക്കെ വീടിനോട് ചേർന്നുള്ള ചെറിയ കടകൾ ഇല്ലേ.. അവിടുന്ന്… നമ്മുടെ കോളേജിന്റെ സൈഡിൽ ഒരു ആന്റിയുടെ കട ഉണ്ട്… ഞാൻ അവിടുന്നാ സ്ഥിരായിട്ട് കഴിക്കുന്നത്. ചിലപ്പോ ഹോസ്റ്റലിൽ പോയി ആരുടെ എങ്കിലും ഗസ്റ്റ് ആയിട്ടും കഴിക്കും… ആ… ഇനിയിപ്പോ ഗസ്റ്റ് പറ്റില്ലല്ലോ… ശങ്കു കൂടി ഇല്ലേ… ?? ”

” അതിനു ഞാൻ ഉണ്ടെന്നു വെച്ചെന്താ…. നീയെന്നെ ഇങ്ങനെ എന്നെ നേഴ്സറിയിൽ കൊണ്ടുപോവുന്ന പോലെ കൊണ്ടുനടക്കണ്ട… അല്ലെങ്കിലേ ഇന്നലെ നീ ഗേറ്റിൽ വെച്ച് എന്റെ കയ്യിൽ പിടിച്ചു നടക്കുന്നത് കണ്ടിട്ട് എനിക്ക് നാണക്കേടായി… ആ പെങ്കൊച്ചുങ്ങൾ മൊത്തം എന്നെ നോക്കി ചിരിക്കായിരുന്നു… അയ്യേ… ”

” ഓ… കാര്യമായിപ്പോയി.. എനിക്കേ ഒരു അനിയനോ അനിയത്തിയോ ഇല്ലാത്തത് വല്യ സങ്കടം ആയിരുന്നു. ശങ്കു വന്നപ്പോഴാ അത് മാറിയത്.. ”

” അനിയനോ… ഞാനോ?? ഒന്ന് പോടീ… നിന്നെക്കാൾ മൂന്നാലു ഓണം കൂടുതൽ ഉണ്ടവാനാ ഈ ഞാൻ… എന്നിട്ട് അനിയനാണത്രെ… ”

” ഓണം കൂടുതൽ കഴിച്ചിട്ട് കാര്യമില്ല മോനെ… മോനിപ്പോഴും ചെറിയ കുട്ടിയാ… അതല്ലേ ഞാൻ ഇങ്ങനെ കയ്യിൽ പിടിച്ചു കൊണ്ട് നടക്കുന്നത്.. ” പറഞ്ഞിട്ട് അവൾ ചിരിച്ചു.

അപ്പോഴേക്കും കോളേജ് ഗേറ്റ് എത്തിയിരുന്നു. സ്കൂട്ടർ സ്റ്റാൻഡിൽ ഇട്ട്, ഞങ്ങൾ അകത്തേക്ക് നടന്നു. കുറച്ചു അകത്തേക്ക് നടക്കണം ഞങ്ങളുടെ ബ്ലോക്കിലേക്ക്. ബ്ലോക്കിൽ എത്തി, അവൾ എന്നെ ക്ലാസ്സിലേക്ക് കൊണ്ടുപോയിരുത്തി… ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞതൊന്നും അവൾ കേട്ടില്ല… എനിക്കാകെ നാണക്കേട് ആവുന്നുണ്ടായിരുന്നു. കാര്യം അവൾ സ്നേഹത്തോടെ ചെയ്യുന്നതാണെങ്കിലും ഞാൻ ഒരാൺകുട്ടി അല്ലെ… അതും പഠിത്തം കഴിഞ്ഞു കുറച്ചു കാലം ജോലി ചെയ്ത….

വാച്ചിൽ സമയം നോക്കി.. 9 ആവുന്നു.. ക്ലാസ്സിലേക്ക് കുട്ടികൾ ഒക്കെ വരുന്നേ

ഉണ്ടായിരുന്നുള്ളൂ…. ക്ലാസ്സിലേക്ക് കേറിയവർ എന്നെ ഒന്ന് അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ എണീറ്റ് ഏറ്റവും പുറകിലെ ഡെസ്കിൽ ബാഗ് വെച്ചിട്ടു പുറത്തേക്ക് ഇറങ്ങി വരാന്തയിൽ ഫോണും നോക്കി നിന്നു.

നേരം കുറെ ആയിട്ടും ക്ലാസ്സിലേക്ക് പഠിപ്പിക്കാൻ ആരും വരുന്നില്ല. ഞാൻ പതുക്കെ ക്ലാസ്സിലേക്ക് കേറി. പുറകിൽ പോയിരുന്നു. മൂന്നു പേർക്ക് ഇരിക്കാവുന്ന എട്ടു ഡെസ്കും ബെഞ്ചും ആണുള്ളത്.. അതിങ്ങനെ നാലു നാലു എന്ന് പറഞ്ഞു അറേഞ്ച് ചെയ്തിട്ടിരിക്കുന്നു. എന്റെ കൂടെ ഒരുത്തൻ ഇരിക്കുന്നുണ്ട്. വിശാൽ.. ഇവിടെ കോവളം അടുത്താണ് വീട്. ഒരു ബുള്ളറ്റ് ഉണ്ട്, ഡെയിലി അതിൽ പോയി വരുന്നു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോഴേക്കും ക്ലാസ്സിലെ എല്ലാവരെയും പരിചയപ്പെട്ടു. ഞങ്ങൾ 7 ആൺപിള്ളേരും 11 ഗേൾസും… എല്ലാവരും നല്ല ഫ്രണ്ട് ലി ആണ്. എല്ലാവര്ക്കും അറിയേണ്ടത്, ഞാൻ അവിടെ തന്നെ ആണോ പഠിച്ചത്?? എങ്ങനെയാ സമരം വിളിച്ചത് ഒക്കെ ആണ്… ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു. എല്ലാവര്ക്കും ശ്രീയുടെ കാരക്ടർ നന്നായി ഇഷ്ടമായെന്നും തോന്നുന്നു.

” ഏതായാലും ഇനി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അണ്ണൻ ഉണ്ടല്ലോ” വിശാൽ പറഞ്ഞു…

” അണ്ണനോ… എന്തോന്നെടേ??? അയ്യേ… ”

” അത് ഞങ്ങൾ ഇവിടത്തുകാർ അങ്ങനെ വിളിക്കൂ…. ”

” നീ എന്നെ ഹരി എന്നോ എന്തെങ്കിലും വിളിച്ചാൽ മതി , എനിക്ക് വയ്യ ഇത് കേൾക്കാൻ… ”

” എന്നാൽ ഞാൻ മച്ചാനെ എന്ന് വിളിക്കാം.. ശീലമില്ല, പക്ഷെ ശ്രമിക്കാം… ”

” ആ… മതി…”

” അല്ല.. മച്ചാനെ… നിങ്ങൾ ലൈൻ ആണോ ?? ”

” ആര്?? ”

” അല്ല… മച്ചാനും, ആ ശ്രീലക്ഷ്മിയും ”

” ഒന്ന് പോടാ… ഞങ്ങൾ ഫാമിലി ഫ്രണ്ട്‌സ് ആണ്.. പിന്നെ അവളുടെ വീട്ടിൽ ആണ് ഞാൻ താമസിക്കുന്നത്… അതാണ്.. ”

” വേണേൽ നോക്കിക്കോ കേട്ടോ.. നല്ല കൊച്ചാണ്.. ഇത് വരെ ആർക്കും വളഞ്ഞിട്ടില്ലന്നാ കേട്ടത്… ”

” അത് നിനക്കെങ്ങനെ അറിയാം… ”

” എനിക്ക് ആദ്യത്തെ ദിവസം തന്നെ അവളെ അങ്ങോട്ട് ഇഷ്ടപ്പെട്ടിരുന്നു. ഡീറ്റെയിൽസ് ഒക്കെ ഞാൻ തപ്പി എടുത്തു. അല്ല… മച്ചാൻ അവളുടെ വീട്ടിൽ നിന്നിട്ട് ഇതൊന്നും അറിയില്ലേ…. ”

” പോടാ… ഞാൻ അവളെ അങ്ങനെ ഒന്നും നോക്കിയിട്ടില്ല… ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ്.. ഞാനും ശ്രീയും അഭിയും ഒക്കെ… ”

” സമയം ഉണ്ടല്ലോ… ഇനിം നോക്കാം.. ”

അങ്ങനെ ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അറ്റൻഡൻസ് എടുക്കാൻ തുടങ്ങിയിട്ടുണ്ട് ചൊവ്വാഴ്ച മുതൽ. പിന്നെ ഒരു ബുക്ക് ഉണ്ട്, അതിൽ സൈൻ ചെയ്യണം.. സ്റ്റൈപ്പൻഡ് കിട്ടാൻ… ടി.എ. എന്നൊരു ഏർപ്പാട് ഉണ്ട്… ടീച്ചർ അസ്സിസ്റ്റൻസ്. നമ്മളെ ഓരോ ടീച്ചേഴ്സിന് അലോട് ചെയ്യും. അവർ പറയുന്ന പണി

ഒക്കെ നമ്മൾ ചെയ്യണം. ഇന്നലെ സ്റ്റൈപ്പെൻഡ് കിട്ടൂ.. അത് തുടങ്ങിയിട്ടില്ല. പക്ഷെ ടൈം ടേബിളിൽ പീരീഡ് ഇട്ടിട്ടുണ്ട്.. അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു സമയം പോയി. അടുത്ത പീരീഡ്‌ ആയി. ഒരു മിസ് ആണ്, വന്നിട്ട് എന്തൊക്കെയോ പറഞ്ഞു, ബോർഡിൽ എന്തൊക്കെയോ സർക്ക്യൂട്ടും ഡെറിവേഷനും ഒക്കെ പാറി നടക്കുന്നു… പണ്ടത്തെ x ഉം y ഉം ഒക്കെ പോയിട്ടുണ്ട്… പകരം റോമനും ഗ്രീക്കും വേറെ ഏതൊക്കെയോ അക്ഷരങ്ങളും സിംബലും ഒക്കെ എത്തിയിട്ടുണ്ട്. കുറച്ചൊക്കെ എവിടൊക്കെയോ കേട്ട് പരിചയം ഉണ്ട്… എന്നാലും കണ്ണിനൊക്കെ ഒരു മങ്ങൽ…. ഇതൊക്കെ എങ്ങനെ പഠിക്കാനാ…

വിശാലിനെ നോക്കിയപ്പോൾ അവൻ ബുക്കിൽ സർക്യൂട്ടിന് കട്ടി കൂട്ടിക്കൊണ്ടിരിക്കുകയാണ്, ഒന്നും എഴുതുന്നൊന്നും ഇല്ല.

” ഹരി ശങ്കർ “, മിസ് പേര് വിളിച്ചു. ഞാൻ ഞെട്ടി എണീറ്റ് നിന്നു.

ഇത്ര പെട്ടെന്ന് മിസ് പേരൊക്കെ പഠിച്ചോ… എനിക്ക് സന്തോഷം ആയി.

” ഹരി ശങ്കറിനോട് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്, വേഗം പൊയ്‌ക്കോ “, മിസ് പറഞ്ഞു.

ഞാൻ വിശാലിനോട് പ്രിൻസിപ്പലിന്റെ മുറി ഒക്കെ ചോദിച്ചു അവിടെ എത്തിയപ്പോൾ ശ്രീയും ബാക്കി ഉള്ള ഫ്രണ്ട്‌സും പാർട്ടിക്കാരും ഒക്കെ അവിടെ കൂടി നിൽക്കുന്നുണ്ട്. സാധാരണ കൂൾ ആയിട്ട് ഉള്ള അവളുടെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്… ഞാൻ സ്റ്റെയർ കേറി വരുന്നത് അവൾ കണ്ടു. പെട്ടെന്ന് എന്റെ അടുത്തേക്ക് ഓടിയിറങ്ങി വന്നിട്ട് എന്റെ കയ്യിൽ പിടിച്ചു എന്ത് ചോദിച്ചാലും എന്റെ പേര് പറഞ്ഞോ എന്നും പറഞ്ഞു എന്റെ കയ്യിൽ മുറുക്കി പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *