” അതേയ്… ഇന്നലെ അയാൾ എന്റടുത്തു ചൊറിഞ്ഞപ്പോൾ മുതൽ ഞാൻ ആലോചിക്കുകയായിരുന്നു എന്ത് ചെയ്യണം എന്ന്.. അങ്ങനെ കിട്ടിയതാ ഇത്. പിന്നെ ഇന്നലെ അയാൾ എന്നോട് പറഞ്ഞത് എനിക്ക് കുഴപ്പം ഒന്നുമില്ല.. പ്രവർത്തനത്തിൽ ഇങ്ങനത്തെ കാര്യങ്ങൾ സ്വാഭാവികം ആണ്. പക്ഷെ ഇന്നലെ അയാൾ ആ ക്ലാസ്സിൽ വെച്ച് ഏട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞപ്പോ… ക്ലാസ്സിൽ കേറിയിട്ടില്ലെങ്കിലും ഇനി രണ്ടു വര്ഷം പേടിക്കേണ്ട ക്ലാസ്സല്ലേ അത്…നാണക്കേടാണ്. ”
” എടീ അതിനു ഇത്രേം പേരുടെ ക്ലാസ് മുടക്കീട്ട് വേണോ…?? നീയാരാ ഇങ്ങനെ ഒക്കെ പ്രതികാരം ചെയ്യാൻ, നക്‌സലൈറ്റോ മാവോയിസ്റ്റോ?? ”
അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് ” അതാണോ പ്രശ്നം?? ഇവിടെ ആരെങ്കിലും തുമ്മിയാൽ വരെ ഹർത്താൽ അല്ലെ… പിന്നാണോ ഇത്?? പിന്നെ..ഇതിൽ അങ്ങനെ കുറ്റബോധം തോന്നേണ്ട കാര്യം ഒന്നുമില്ല. നിങ്ങൾ കൂടെ വന്നിട്ട് ഞങ്ങൾ നടത്താൻ ഇരുന്ന സമരം ആയിരുന്നു ഇത്. ഫ്രഷേഴ്‌സ് കഴിഞ്ഞിട്ട് നടത്താമെന്നു വെച്ചതാ.. പക്ഷെ ഇത്തിരി നേരത്തെ ആക്കേണ്ടി വന്നു. എന്തായാലും സാരമില്ല. ഇതുകൊണ്ട് രണ്ടു ദിവസം നേരത്തെ ലൈബ്രറി കുറച്ചു നേരം കൂടെ തുറന്നു വെച്ചാൽ ആർക്കെങ്കിലും ഉപകാരം ആവും… തൽക്കാലം മോൻ വാ… അയാളുടെ പീരീഡ് തുടങ്ങിക്കാണും, ഞാൻ ഇന്നലെ നിങ്ങളുടെ ടൈം ടേബിൾ ഒപ്പിച്ചാർന്നു ”
എനിക്കെന്തോ ഇതൊക്കെ കണ്ടിട്ട് ശ്രീയോട് ഭയങ്കര വാത്സല്യമോ സ്നേഹമോ ഒക്കെ ആണ് തോന്നുന്നത്. എന്ത് പാവമാണ് ഇവൾ.. പക്ഷെ പ്രവൃത്തി കണ്ടാൽ ഫൂലൻ ദേവി മാറി നിൽക്കും. ഇനിയിപ്പോൾ ഇതിലെ ന്യായം നോക്കി അനലൈസ് ചെയ്തിട്ട് കാര്യം ഇല്ല..
മനഃസാക്ഷി, പ്ളീസ് സ്റ്റോപ്പ് ദി പ്രോസസ്സ് !!
അങ്ങനെ ഞങ്ങൾ സമരം മുദ്രാവാക്യം ഒക്കെ വിളിച്ചു ഞങ്ങളുടെ ഡിപ്പാർട്മെന്റിലേക്ക് നടന്നു. കേറാൻ നേരം ശ്രീ കാര്യങ്ങളുടെ മൊത്തത്തിൽ ഒരു ചിത്രം എനിക്ക് തന്നു. ക്ലാസ് ടൈം നാലു മണി വരെ ആണ്. കഴിഞ്ഞ സെമെസ്റ്ററിന്റെ അവസാനം പുതിയ ലൈബ്രേറിയൻ വന്നതോടെ ലൈബ്രറി സമയം അഞ്ചു മണിയിൽ നിന്നും നാലര ആക്കി കുറച്ചു. അവരുടെ എന്തോ പേർസണൽ കാര്യങ്ങൾക്ക് വേണ്ടി. അവർക്ക് സംഘടനയിൽ നല്ല പിടിപാട് ഉള്ളത് കൊണ്ട് ഇവർ കോളേജിൽ കൊടുത്ത നിവേദങ്ങൾക്കൊന്നും
ഫലമുണ്ടായില്ല. അതാണ് ഇപ്പോൾ സമരത്തിൽ എത്തി നിൽക്കുന്നത്.
കൂടാതെ സ്റ്റെപ് കേറാൻ നേരം അവൾ ഒരു പേപ്പർ എടുത്ത് എനിക്ക് നീട്ടി..
” ഇനി ഇവിടുന്നങ്ങോട്ട് ശെരിക്കും മുദ്രാവാക്യം വിളിച്ചോ.. അയാളുടെ മുന്നിൽ പോയി, അവിടെ നിന്നും ക്ലാസ് ഇറക്കണം… പിന്നെ വല്ലാണ്ട് ശബ്ദത്തിൽ വിളിച്ചു തൊണ്ട പൊട്ടിക്കണ്ട, ശീലം ഇല്ലാത്തതല്ലേ…”
അവൾ പഴയ ശ്രീ ആയിരിക്കുന്നു.
ഞങ്ങൾ ചെന്നു. പ്രൊഫസർ പഴയ പോലെ ക്ലാസ് എടുക്കുന്നുണ്ട്. ഇന്നും ഞങ്ങൾ ചെന്ന് നിന്നപ്പോൾ പുള്ളി പുച്ഛത്തോടെ ഞങ്ങളെ നോക്കി ഇന്നെന്താ പ്രെശ്നം എന്ന് ചോദിച്ചു. കാര്യം പറഞ്ഞപ്പോൾ സാറിനു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. പക്ഷെ പുള്ളി വിട്ടുതരാൻ ഒരുക്കം അല്ലായിരുന്നു. ഈ പീരീഡ് കഴിഞ്ഞിട്ട് വിടാമെന്ന് പറഞ്ഞു. പറ്റില്ലെന്ന് ഞങ്ങളും. പുള്ളി വന്നു എന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു ഇറങ്ങാൻ പറഞ്ഞു. ഞാൻ ആ കൈ തട്ടിമാറ്റി… അപ്പോഴേക്കും ബാക്കി ഉള്ളവർ മുഴുവൻ ക്ലാസ്സിലേക്ക് കേറി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയിരുന്നു. ശ്രീ ഒന്നും മിണ്ടാതെ വാതിലിന്റെ സൈഡിൽ ഭിത്തിയോട് ചേർന്ന് അവളുടെ സ്വതസിദ്ധമായ സിഗ്നേച്ചർ ചിരിയോടെ കൈകെട്ടി നിൽക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും വേറെയും കുറച്ചു അധ്യാപകർ എത്തി, HOD ഉം സീനിയർ പ്രഫസേഴ്‌സ് കുറച്ചു പേരും. എല്ലാവരോടും ക്ലാസ്സിൽ നിന്നിറങ്ങാൻ പറഞ്ഞു… അങ്ങനെ ക്ലാസ്സിൽ നിന്നും എല്ലാവരും ഇറങ്ങി…ഞങ്ങളും സാറും സാര് പഠിപ്പിച്ചുകൊണ്ടിരുന്ന എന്നെ ഇത് വരെ ക്‌ളാസ്സ്‌മേറ്റ് ആണെന്ന് മനസിലാക്കാത്ത വിദ്യാർത്ഥികളും…
എല്ലാം കഴിഞ്ഞു ഞങ്ങൾ നോക്കിയപ്പോൾ ശ്രീ ക്ലാസ്സിന്റെ വാതിൽ വലിച്ചടച്ചു കുറ്റി ഇട്ടു… വിദ്യാർത്ഥികൾ ഇത് കണ്ടു അവൾക്ക് സിന്ദാബാദ് വിളിച്ചു ഒച്ചയും ബഹളവും ഉണ്ടാക്കാൻ തുടങ്ങി. ഇതൊക്കെ കണ്ടു കൊണ്ട് നേരെ ഓപ്പോസിറ്റ് റൂമിലെ സ്റ്റാഫ് റൂമിൽ ഇരുന്നു പ്രൊഫസർ ഞങ്ങളെ കലിപ്പിച്ചു നോക്കുന്നുണ്ടായിരുന്നു.
