എന്താ പെണ്ണിന്റെ ഉദ്ദേശം എന്നറിയാൻ ഞാൻ കണ്ണടച്ചു കിടന്നു.
“ഏട്ടാ…..ഏട്ടാ…..”
കാറ്റു മൂളും പോലെ അവൾ വിളിച്ചു…
പൂര ഉറക്കത്തിൽ ആണെന്ന് കാണിക്കാൻ ഞാൻ ചുമ്മ ശ്വാസോം വിട്ടു കിടന്നു.
പതിയെ അമ്മുവിന്റെ മുഖം താഴ്ന്നു വരുന്നത് ഞാൻ അറിഞ്ഞു,…
എന്റെ നെറ്റിയിലും ഇരുകവിളിലും അവളുടെ ചുണ്ടുകൾ പതിയുന്നത് ഒരു സുഖത്തോടെ ഞാൻ അനുഭവിച്ചു..
പിന്നെ ഒന്നു നിന്ന ശേഷം എന്റെ ചുണ്ടിലും അവളൊന്നു മുത്തി.
“ഐ ലൗ യൂ…”
പതിഞ്ഞൊന്നു പറഞ്ഞ അമ്മു എന്നെ മുറുക്കി കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് വീണ്ടും കിടന്നു.
പെണ്ണിനെ കെട്ടിപ്പിടിച്ചു മുഖം മുഴുവൻ മുത്തി ഐ ലൗ യൂ അമ്മൂട്ടി ന്നു പറയണം എന്നുണ്ടായിരുന്നു….
പക്ഷെ, അവള് തന്ന ഉമ്മയിൽ ഉരുകിയൊലിച്ചു ഐസ്പ്രൂട്ട് പോലെ ബെഡിൽ കിടക്കാനെ അപ്പോൾ എനിക്ക് പറ്റിയുള്ളൂ.
പതിയെ ഉറക്കത്തിലേക്ക് വീഴുമ്പോൾ കയ്യിലും ഒക്കത്തും പിള്ളേരെയും വെച്ചോണ്ട് ഞാനും അമ്മുവും നടക്കുന്നതായിരുന്നു എന്റെ മനസ്സിൽ ഫ്രെയിം ഇട്ടു വെച്ചത്.
പിറ്റേന്ന് രാത്രി എല്ലാത്തിനേം വീട്ടിൽ വിളിച്ചു കൂട്ടി, അമ്മു എക്സാം ക്ലിയർ ചെയ്തതിന്റെ ചിലവ് ചെയ്യലായിരുന്നു,…
ചിക്കൻ ഗ്രിൽ ചെയ്തുകൊണ്ട് നുണയനും മനീഷും അർജ്‌ജുനും നിത്യയും ഇരിപ്പുണ്ട്,
ഗ്രിൽ ചെയ്യുന്ന ചിക്കന്റെ നെയുരുകി കനലിൽ വീഴുമ്പോഴുള്ള മണം അവിടമാകെ പടർന്നിട്ട് ഇരിക്കപ്പൊറുതി കിട്ടാഞ്ഞിട്ടാവണം അമ്മു അതിനു ചുറ്റും വട്ടമിട്ടു നടക്കുന്നുണ്ട്…
വെള്ളം എടുക്കാനും പ്ലേറ്റ് എടുക്കാനും കൂടി ഞാനും അർജ്‌ജുനും കൂടി അടുക്കളയിലേക്ക് കേറിയ നേരത്താണ് പുറത്തു നിന്നും ആഞ്ഞു പിടിച്ച നിലവിളി കേട്ടത്,..
എന്തു പുല്ലാണെന്നു അറിയാതെ ഓടിപ്പാഞ്ഞു മുന്നിലെത്തിയ ഞാൻ കണ്ടത് മനീഷിന്റെ നീട്ടിപിടിച്ച കയ്യിനെ പിച്ചി മാന്തിയെടുക്കുന്ന അമ്മുവിനെ ആണ്,..
മനീഷിന്റെ കയ്യിൽ ഗ്രില്ലിൽ നിന്നെടുത്ത കോഴിക്കാലും ഉണ്ട്,…
അമ്മുന് കിട്ടാതിരിക്കാൻ പൊക്കി പിടിച്ച കോഴിക്കാല് ചത്താലും വിട്ടു തരില്ലെന്ന ഭാവത്തിൽ കരഞ്ഞു വിളിച്ചു നിക്കുന്ന മനീഷിനെ കണ്ടതും ഞാൻ അമ്മുവിനെ വട്ടം പിടിച്ചു വലിച്ചു മാറ്റി.
“എന്താടി….അമ്മൂ….ഇത്….”
എന്റെ കയ്യിൽകിടന്നു കുതറുന്ന അമ്മുവിനെ ഒതുക്കി ഞാൻ ചോദിച്ചു.
“അത് ഞാൻ എടുക്കാൻ വെച്ചിരുന്നതാ….ഞാൻ അവനോടു പറഞ്ഞതുമാ….എന്നിട്ട് അതെടുത്തു തിന്നു….”
ഉറഞ്ഞു തുള്ളിക്കൊണ്ടു അമ്മു പറയുന്നതുകേട്ട കയ്യില് മാന്തി തൊലിപോയിടത്തു ഊതിക്കൊണ്ടിരുന്ന മനീഷ് കണ്ണും തള്ളി എന്നെ നോക്കി.
അവൻ മാത്രം അല്ല കൂടി നിന്ന എല്ലാം അവളെ തന്നെ ആണ് നോക്കുന്നത്,…
പിടിച്ചു കൊണ്ടുവന്നു ഒരു കസേരയിൽ ഇരുത്തിയപ്പോഴും ചുണ്ടും കൂർപ്പിച്ചു മനീഷിനെ കണ്ണുരുട്ടി നോക്കി ഇരിക്കാണ്,…
“അടുത്ത കാലു ഒറ്റ ഒരെണ്ണം തൊട്ടുപോവരുത്..
ഇവിടെ അമ്മുവിന്റെ ജോലി സെറ്റ് ആയതിന്റെ ട്രീറ് ആഹ് അപ്പൊ അവളുടെ കാര്യം കഴിഞ്ഞു മതി ബാക്കി ഉള്ളവരുടെയൊക്കെ…”
അർജ്‌ജുൻ ഉറക്കെ പ്രഖ്യാപിച്ചത് കേട്ട അമ്മു ഒന്നടങ്ങി,…
അതും പറഞ്ഞു അവൻ എന്റെ കയ്യും വലിച്ചോണ്ട് അകത്തേക്ക് നടന്നു,
“എന്തുവാടെ ഇത്…ഇതിനു വട്ടൊണ്ട…???”
തല പുറത്തേക്കൊന്നു ഊളിയിട്ട് അവളെ നോക്കി ഉറപ്പിച്ചിട്ടാണ് എന്നോട് ചോദിച്ചത്.
“എന്താടാ…അവൾക്ക് ഇത്തിരി കുട്ടിക്കളി കൂടുതലാണെന്നെ ഉള്ളൂ…”
“ഉവ്വാ…ആഹ് മനീഷിന്റെ കയ്യിലെ പാട് പറയും കുട്ടിക്കളി…”
പ്ലേറ്റും വെള്ളവും ഒക്കെ എടുത്തുകൊണ്ടു അവൻ പുറത്തേക്ക് നടന്നു.
ചെല്ലുമ്പോൾ അവൾക്ക് കാലും കൊടുത്തു പ്രതിഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കാലും കടിച്ചു പിടിച്ചു എന്നെ നോക്കി ഇളിച്ച അമ്മുവിനെ കണ്ടപ്പോൾ എനിക്ക് ബാസന്തിയെ ആണ് ഓർമ വന്നത്.
എല്ലാവരും വന്നിരുന്നതോടെ പിന്നെയും ചിരിയും പാട്ടും ഒക്കെയായി…
“അപ്പൊ ഇനി എപ്പോഴാ അടുത്ത പരിപാടി…”
നിത്യയാണ് ചോദിച്ചത്.
“എന്ത് പരിപാടി….”
കോഴിക്ക് റസ്റ്റ് കൊടുത്തു അമ്മു ഉടനെ തിരിച്ചു ചോദിച്ചു.
