ലോഡ് പാതി ആയതും ഹൃദയം ഇടിക്കുന്നത് ചെവിയിൽ കേൾക്കാം എന്ന അവസ്ഥ ആയി….
ഒപ്പം കിതപ്പും….
എന്തോ ഭാഗ്യത്തിന് മണിയേട്ടൻ നിർത്താൻ പറഞ്ഞു,…
ഹോ സ്തുതിച്ചു പോയി.
കുറച്ചു നേരം കൂടി എടുത്തിരുന്നേൽ എന്നെ അവിടുന്ന് എടുത്തോണ്ട് പോരേണ്ടി വന്നേനെ….
“ബാക്കി വേറെ ലോഡ് ആടാ….ഇവിടുത്തെ പണി തുടങ്ങി വെക്കാൻ തൽക്കാലം ഇത്രേം മതി..”
അങ്ങേരു പറഞ്ഞത് ഡും ഡും എന്നു ഇടിച്ചുകൊണ്ടിരിക്കുന്ന ചെവിയിൽ മൂളക്കം പോലെയാണ് വീണത്.
അതോടെ താഴെ ഇറങ്ങി ഒന്നു നേരെ നിന്നതും തലയാകെ ഒരു മിന്നൽ…കണ്ണു നിറയെ മഞ്ഞളിച്ചു പോയി….
താങ് പിടിച്ചില്ലെങ്കിൽ വീഴും എന്നു ഉറപ്പായതോടെ ലോറിയുടെ പിറകിൽ പിടിച്ചു നിന്നു.
അഞ്ചു മിനിറ്റു മുഴുവനെടുത്തു തല ഒന്നു നേരെ നിക്കാൻ…
“ഡാ ഇന്നാട വെള്ളം കുടിക്ക്….”
എനിക്ക് നേരെ നീട്ടിയ കുപ്പി വെള്ളം ഞാൻ വാങ്ങി അപ്പാടെ കുടിക്കുന്നത് കണ്ട മണിയേട്ടനും ഒന്നമ്പരന്നു കാണണം.
“ഡാ നിനക്ക് വല്ലതും പറ്റിയോ….കുഴപ്പം ഒന്നും ഇല്ലല്ലോ….”
ആകുലതയോടെ ആണ് മണിയേട്ടൻ ചോദിച്ചത്…
“ഏയ് കുഴപ്പം ഒന്നുമില്ല മണിയേട്ട…”
ഞാൻ പറഞ്ഞത് കേട്ടു, മൂളി തലകുലുക്കി ആള് പോയി..
തിരികെ ലോറിയിൽ ഇരിക്കുമ്പോഴും എന്റെ മനസ്സിൽ ഓരോ ആലോചനയിൽ ചുറ്റി തിരിയുകയായിരുന്നു.
“മണിയേട്ട നാളെ മുതൽ ഞാനും വരട്ടെ നിങ്ങളുടെ കൂടെ പണിക്ക്…”
എന്റെ ചോദ്യം കേട്ട് കളിയാക്കിയതാണെന്നു കരുതിയിട്ടാവണം അങ്ങേരോന്നും മിണ്ടിയില്ല,
ഞാൻ പിന്നേം ചോദിച്ചപ്പോൾ അങ്ങേരു ഒന്നും മനസ്സിലാവാത്ത പോലെ എന്നെ ഒരു നോട്ടം നോക്കി.
“നീ ഇതെന്തൊക്കെ ആടാ ഈ ചോദിക്കുന്നെ….ഇത്രേം പഠിച്ചിട്ട് ഇനി എന്റെ സൈറ്റിൽ പണിക്ക് വരാനോ…നീ ഒന്നു പോയേ…”
“എന്ത് പണി ആയാലെന്താ മണിയേട്ട…എനിക്കിപ്പോൾ വീട്ടിലെ കാര്യം നടക്കണം…ടൈ ഉം കെട്ടി വെളുക്കും മുതൽ പാതിരാ വരെ കിടന്നു ചത്തലഞ്ഞാലും അവസാനം കയ്യിൽ കിട്ടുന്നത് വല്ല നക്കാപ്പിച്ചയും ആയിരിക്കും….”
“എന്നാലും…എനിക്ക് അതങ്ങു…ഉൾക്കൊള്ളാൻ പറ്റുന്നില്ലെടാ…”
മണിയേട്ടൻ പിന്നെയും നിന്നു മടിഞ്ഞപ്പോൾ എനിക്ക് നല്ലൊരു ജോലി കിട്ടും വരെ മതിയെന്നു അങ്ങേരോട് പറഞ്ഞു….പിന്നെയും കുറെ കെഞ്ചിയപ്പോൾ,…അവസാനം ഹെൽപർ ആയി കൂടെ കൂടിക്കൊള്ളാൻ, പറഞ്ഞു…
ദിവസം അറുന്നൂറ് രൂപ തച്ചും ഉറപ്പിച്ചു.
മണിയേട്ടന് സിറ്റിയിലെ കുറച്ചു ബില്ഡിങ്ങിലും ആളെ വിടുന്ന പണി ഉള്ളതുകൊണ്ട്, ആരും അറിയത്തും ഇല്ല…
എല്ലാം കണക്ക് കൂട്ടി ആണ് ഞാൻ ചോദിച്ചതും…
തിരികെ പോരും വഴി ഇന്ന് ലോഡിറക്കിയ വകയിൽ മണിയേട്ടൻ തന്ന അഞ്ഞൂറ് കയ്യിൽ ഉണ്ടായിരുന്നു.
കൂടെ ബാങ്കിൽ നിന്ന് വലിച്ച അവസാന മുന്നൂറും…
വീട്ടിലേക്കുള്ള അത്യവശ്യം സാധനങ്ങളും വാങ്ങി…
ഞാൻ വീട്ടിലെത്തി.
“ബൈക്ക് എന്തേ….”
പതിവ് തെറ്റിച്ചു നടന്നു വരുന്ന എന്നെ കണ്ട് കയ്യിൽ നിന്ന് കിറ്റുകൾ വാങ്ങുന്നതിനിടയിൽ അമ്മു ചോദിച്ചു.
“നാളെ തുടങ്ങി…അമ്മു ക്ലാസ്സിൽ പൊയ്ക്കോട്ടോ…ഫീസ് ഞാൻ അടച്ചിട്ടുണ്ട്…
നല്ലോണം പഠിച്ചു എക്സാം ക്ലിയർ ചെയ്തോണം…”
അവളുടെ ചോദ്യം തിരിച്ചു വിടാനാണ് ഞാൻ പറഞ്ഞതെങ്കിലും, പെണ്ണ് വീണ്ടും കറങ്ങി അവിടെ എത്തി.
“അതിന് ഏട്ടന്റയിൽ പൈസ ഉണ്ടായിരുന്നോ…”
“അത്…അതൊക്കെ ഞാൻ ഒപ്പിച്ചു…”
“എങ്ങനെ…..ബൈക്ക്…എവിടെ…”
അവള് വിടാനുള്ള ഒരു ഭാവവും ഇല്ലെന്ന് മനസ്സിലായി…
“ഞാൻ അത് കൊടുത്തു….
അങ്ങനെയാ…ഫീസടച്ചേ”
അവളുടെ മുഖം പെട്ടെന്നാണ് വാടിപോയത്.
മുഖവും കുനിച്ചു നിൽക്കുന്ന പെണ്ണ് കരയാനുള്ള പുറപ്പാടാണെന്നു മനസിലായതോടെ, ഞാൻ കവിളിൽ പതിയെ ഒന്നു തട്ടി.
“അമ്മു ഒന്നൂല്ല…എനിക്ക് ജോലി കിട്ടി…നീ കൂടെ നല്ലൊരു ജോലിക്ക് കേറിയാ നമുക്ക് പുതിയതൊരെണ്ണം വാങ്ങിച്ചൂടെ….പിന്നെന്താ…”
പെണ്ണ് കിടന്നു വിങ്ങിപ്പൊട്ടി മിണ്ടാട്ടം മുട്ടി നടക്കും മുന്നേ,ഞാൻ ഒന്ന് സമാധാനിപ്പിച്ചു.
“ജോലി കിട്ടിയോ…എവിടെയാ….”
പെട്ടെന്ന് തന്നെ അവൾ എന്നോട് ചോദിച്ചു.
“ഉം…. അക്കൗണ്ട്‌സ് ഇൽ ….കാക്കനാട് ഒരു സൂപ്പർ മാർക്കറ്റ് ഇൽ….”
