❤️❤️❤️കുടമുല്ല – 2❤️❤️❤️ 2അടിപൊളി  

കടിക്കാൻ കൈ കിട്ടാതിരുന്ന സങ്കടത്തിൽ അവളുടെ മുഖം ചെറുതാവുന്നത് കണ്ടപ്പോൾ ഒരു വിഷമം…പക്ഷെ സങ്കടം തോന്നി അതിന്റെ വായിൽ കൈ വെച്ചു കൊടുക്കാനും മാത്രം മണ്ടത്തരം ഇല്ലാതിരുന്നത് കൊണ്ടു അവളെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു.

മുറിക്കുള്ളിൽ കറങ്ങുന്ന ഫാനിന്റെ കട കട ഒച്ചയും കേട്ട് മലർന്നു കിടക്കുമ്പോൾ ആദ്യം നെഞ്ചത്തൊരു കൈ വന്നു വീണു പിന്നെ തുടയ്ക്കു മീതെ വട്ടത്തിൽ ഒരു കാലും…

ചിണുങ്ങി ചിണുങ്ങി ഒരു സാധനം എന്റെ അടുത്തേക്ക് നീങ്ങി വന്നു കിടപ്പായി.
അവളുടെ ചൂടും പറ്റി കിടക്കാൻ വല്ലാത്ത സുഖം തോന്നി…എന്നും ഉണ്ടായിരുന്നെങ്കിൽ എന്നു വല്ലാത്തൊരു കൊതിയും പക്ഷെ, ഇവളുടെ മനസ്സിൽ ഞാൻ ഇപ്പോഴും ഒരു മൂത്ത സഹോദരനോടുള്ള അടുപ്പമാണോ എന്നറിയാതെ ഉള്ളിൽ ഉള്ള ഇഷ്ടം എങ്ങനെ പറയും എന്ന ചിന്ത എന്റെ ഉറക്കം കളഞ്ഞു.

***********************************

പിറ്റേന്ന് മുതൽ ഞാൻ ജോലി തെണ്ടാനിറങ്ങി, പഴയ പല്ലവി തന്നെ കേട്ട് ചെവി തഴമ്പിച്ചു തുടങ്ങി.

ഒന്നു രണ്ടിടത്ത് ഏറെക്കുറെ കിട്ടി എങ്കിലും നൈറ്റ് ഷിഫ്റ്റ് എടുക്കേണ്ടി വരും എന്ന് പറഞ്ഞതോടെ അമ്മുവിനെ കുറിച്ചോർത്തപ്പോൾ ഒഴിവാക്കേണ്ടി വന്നു…

ചാരു എനിക്കിപ്പോൾ ഫുൾ ആയിട്ടും അമ്മു ആയി,…

കയ്യിലേം തോളിലേം കുറെ തൊലി പെണ്ണിന്റെ നഘത്തിനിടയിൽ കേറ്റിയെങ്കിലും ചാരു വേരോടെ പെണ്ണ് എന്നിൽ നിന്നും പിഴുതുമാറ്റി,…എന്റടുത്തു നിന്നു മാത്രം അല്ല…ഇടയ്ക്ക് കൂടാൻ ചിക്കനും ബിയറും ഒക്കെ ആയി വരുന്ന നുണയനും അർജ്‌ജുനും മനീഷിനും നിത്യയ്ക്കും എല്ലാം ഇപ്പൊ അമ്മു ആണ്,…

ഒന്നു കൂട്ടായതോടെ എല്ലാത്തിന്റേം കയ്യിലും ഇപ്പൊ അവള് പിച്ചിപ്പറിച്ചു വെച്ച പാട് കാണാം അതു കാണുമ്പോഴാണ് ഒരാശ്വാസം…

എന്നും വൈകിട്ട് ഇരുട്ടും മുന്നേ വീട്ടിൽ എത്തണം പേടിച്ചു തൂറി ആയ പെണ്ണിന്റെ കല്പന …

കോലായിൽ എന്നെയും നോക്കി ഇരിക്കുന്ന ഇരുപ്പ് തന്നെ മതി ഒരു ദിവസത്തെ അലച്ചിലിന്റെ ക്ഷീണം മുഴുവൻ മാറാൻ….…

ടീച്ചറുടെ അടുത്ത് പോയി ഇരിക്കാൻ പറഞ്ഞിട്ടുണ്ടേലും എന്നും ചെന്ന് അവർക്ക് ബുദ്ധിമുട്ടാവേണ്ടെന്നു കരുതി ഇടയ്ക്ക് വല്ലോം പോവും എന്നല്ലാതെ എപ്പോഴും ചെന്നിരിപ്പൊന്നും ഇല്ല…

അന്നും ഇരുട്ടു വീഴും മുന്നേ ഞാൻ വീട്ടിലെത്തി കുളി കഴിഞ്ഞു ഈറൻ മാറാത്ത മുടി ആട്ടികളിച്ചു അമ്മു മുറ്റത്ത് തന്നെ ഉണ്ട്, തോട്ടത്തിലെ ചെടിയും നോക്കി കൊഴിഞ്ഞ ഇലയെല്ലാം കൂട്ടി നിന്ന പെണ്ണ് എന്നെ കണ്ടതും ഓടി വന്നു,..

കയ്യിൽ നിന്ന് ബാഗ് വാങ്ങി നടക്കുമ്പോൾ പതിവ് ചോദ്യം വന്നു…

എന്റെ നിരാശ നിറഞ്ഞ മറുപടി കേട്ടിട്ടാവും.

“സാരല്ല്യാ…നമ്മുക്ക് പെട്ടെന്നു ജോലി കിട്ടും ഏട്ടാ…”

എന്നെ നോക്കി ചിരിച്ചു കാണിച്ചു അമ്മു മുന്നേ നടന്നു,
അപ്പോഴാണ് ഇതുവരെ തിരക്കിനിടയിൽ മറന്നുപോയ കാര്യം പെട്ടെന്ന് ഓർമ വന്നത്,….

പെണ്ണ് എപ്പോഴും വീട്ടിലുണ്ട്….നേരത്തെ തറവാട്ടിൽ ആയിരുന്നപ്പോൾ ഇവൾ ക്ലാസ്സിൽ പോകുവായിരുന്നു കോച്ചിങ്ങിന്…പക്ഷെ ഇപ്പൊ അവളതിന് പോയി കാണാറില്ല…

“ഡി അമ്മൂ….”

ഞാൻ വിളിച്ചത് കേട്ട അവൾ തിരിഞ്ഞു പുരികം ഉയർത്തി എന്നെ നോക്കി.

“നീ എന്താ ഇപ്പൊ ക്ലാസ്സിൽ പോവാത്തെ…”

പെട്ടെന്നാണ് ചിരിച്ചുലഞ്ഞു നിന്ന പെണ്ണിന്റെ മുഖത്തു മേഘം പൊതിഞ്ഞത്.

“ഓഹ് എനിക്ക് മതിയായി…ഏട്ടാ…വേറെ എന്തേലും ജോലി നോക്കാന്നെ….ബാങ്ക് ജോലി ഒക്കെ ചുമ്മാ സമയം കളയാനുള്ള പരിപാടി ആയിരുന്നില്ലേ…”

എന്നോട് പറഞ്ഞു തീർക്കുമ്പോഴും അവളുടെ മുഖം കഷ്ടപ്പെട്ടു ഒളിച്ചു പിടിക്കുന്ന സങ്കടം എനിക്ക് കാണാമായിരുന്നു….

“നീ എന്നോട് കള്ളം പറഞ്ഞു തുടങ്ങിയല്ലേ…അമ്മൂ…..

എന്നോടൊന്നും നീ ഒളിക്കില്ല എന്നാ ഞാൻ കരുതിയെ….നിനക്ക് പറയാൻ പറ്റിയില്ലേലും എന്നെ ബോധിപ്പിക്കാൻ ഇങ്ങനൊരു കള്ളം പറയണ്ടായിരുന്നു….”

ഞാൻ പറഞ്ഞു നിർത്തിയതും, ഉണ്ടക്കണ്ണിൽ എന്നെ മുക്കിക്കൊല്ലാൻ പാകത്തിന് വെള്ളോം നിറച്ചു,

വിഷമിച്ചു മലർത്തിയ ചുണ്ടുമായി അവളെന്നെയൊന്നു നോക്കി….

Leave a Reply

Your email address will not be published. Required fields are marked *