നിനക്ക് ഇവിടത്തോട് അഡ്ജസ്റ് ചെയ്യാൻ പറ്റുവോന്നു എനിക്കറിയില്ല …വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീണ പോലെയാ നിന്റെ അവസ്‌ഥ എന്നെനിക്കറിയാം…ഈ അവസ്ഥയിൽ നിന്നെ കൊണ്ടെത്തിച്ചതിന് എനിക്ക് പറയാൻ സോറി മാത്രേ ഉള്ളൂ…”
എന്റെ നെഞ്ചിൽ നിന്നും തലപൊക്കി മൂക്ക് ഒന്നു വലിച്ചു കണ്ണു കൂർപ്പിച്ചു നോക്കിയ ചാരു എന്റെ വയറ്റിൽ ബനിയൻ കൂട്ടി തൊലിക്ക് പിടിച്ചു പിച്ചി.
“ഔ….ഇപ്പൊ എന്തിനാ എന്നെ പിച്ചിപ്പറിച്ചെ…”
“എനിക്ക് ഇപ്പൊ എന്ത് സന്തോഷാ ന്നറിയോ….
അതില് ഏട്ടൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ എന്ന വിഷമം മാത്രേ ഉണ്ടായുള്ളൂ….
എന്നെ കൈ വിടാതെ ചേർത്തു പിടിക്കണില്ലേ….ഒരു ബന്ധോം ഇല്ലാത്ത എനിക്ക് വേണ്ടി ഇപ്പൊ എല്ലാരേം വിട്ടു വരേണ്ടി വന്നില്ലേ…..”
“ഇതൊക്കെ ഓക്കെ… അതിനെന്തിനാടി വട്ടത്തി നീ എന്നെ പിച്ചിയെ…”
“ആഹ് അതോ…ഇനി മേലാൽ…നേരത്തെ പറഞ്ഞപോലൊന്നും പറയാതിരിക്കാൻ…..
സമാധാനം ഉണ്ടെങ്കിൽ കുടില് പോലും എനിക്ക് സ്വർഗം പോലെയാ കേട്ടോടാ ഏട്ടൻ തെണ്ടി…”
“ഉവ്വെന്റെ ചാരു….മതി കുണുങ്ങിയത്…
റൂം ഒന്നു അടിച്ചു വാരിയിട്ട് നമുക്ക് ബെഡ് പിടിച്ചി,…. യ്യോ…”
ഇപ്രാവശ്യം അവളുടെ വായെത്തിയത് എന്റെ കയ്യിലായിരുന്നു, ഒരൊറ്റ കടിയിൽ അവൾ വാച്ച് ഉണ്ടാക്കി തന്നു.
“യ്യോ….യ്യോ…ഇതെന്തിനാടി തെണ്ടി….”
തുള്ളിക്കൊണ്ടു ഞാൻ ചോദിച്ചു.
“അത്…അതിനിയെന്നെ ചാരൂന്ന് വിളിക്കണ്ട…..”
കണ്ണുരുട്ടി അവളതു പറഞ്ഞതും ഞാൻ ശെരിക്കും ചൂഴ്ന്നു അവളെ ഒന്നു നോക്കി…
ഇനി ഇവൾക്ക് ശെരിക്കും പ്രാന്ത് വല്ലോം കാണുവോ…
അതായിരിക്കുവോ അവനിനി വേറെ കെട്ടിയെ…”
എന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ട അവൾ മുഖം താഴ്ത്തി…
“എനിക്ക് ചാരൂന്ന് പേരിട്ടത് ആഹ് തെണ്ടിയാ….ആഹ് പേര് കേൾക്കുമ്പോൾ ഇപ്പൊ എനിക്ക് അവനെ ഓർമ വന്നിട്ട് ചൊറിഞ്ഞു കയറിയിട്ട് പാടില്ല…..ഹും…”
അത്രേം പറഞ്ഞിട്ട് പെണ്ണ് തലപൊക്കി കുറ്റം ചെയ്തു പിടിക്കപ്പെട്ട ഒരു നാല് വയസുകാരിയുടെ മുഖഭാവവുമായി എന്നെ നോക്കി.
“ഒത്തിരി നോന്തോ…”
ചിണുങ്ങി കൊഞ്ചിക്കൊണ്ടു എന്റെ കൈ വലിച്ചു നോക്കി അവള് ചോദിച്ചു.
“ഇല്യാ നല്ല ചുഗം…..”
“സോറി….”
കണ്ണു ചിമ്മി പൂച്ചകുട്ടിയെപോലെ അവൾ പറഞ്ഞു.
“ഉവ്വാ…”
“ന്നാലും ഇനിയെന്നെ ചാരൂന്നു വിളിക്കണ്ട…”
“പിന്നെന്തോ വിളിക്കും…ശരണ്യ എന്നു നീട്ടി വിളിക്കാനൊക്കെ മെനക്കേടാ…”
“എങ്കി അമ്മൂന്ന് വിളിച്ചാൽ മതി….”
ആലോചിക്കാൻ പെണ്ണിന് നിമിഷങ്ങൾ പോലും വന്നില്ല…ഉണ്ടക്കണ്ണുകൾ വിടർത്തി, എന്നെ നോക്കി അവൾ പറഞ്ഞു.
“അതെപ്പോ ഇട്ടു…”’
“ഓഹ് അതൊക്കെ ഇട്ടു..ഹി ഹി ഹി …അതെന്നെ വീട്ടിൽ വിളിച്ചിരുന്ന പേരാ…”
“എങ്കിലും പെട്ടെന്ന് പേര് മാറ്റി വിളിക്കാൻ ഒക്കെ പാടാ ചാരൂ…..”
ഞാൻ വിളിച്ചതും പെണ്ണ് കണ്ണുരുട്ടി.
“അതൊക്കെ ഞാൻ മാറ്റി വിളിപ്പിച്ചോളാട്ട….വന്നേ…”
എന്റെ കയ്യും വലിച്ചു അവൾ മുറിയിലേക്ക് നടന്നു.
റൂമൊന്നു തൂത്തു വാരി ബെഡ് പിടിച്ചിട്ട് ഷീറ്റും തലയിണയും ഇട്ടതും പെണ്ണ് കുഴഞ്ഞു അതിന്റെ മേലെ വീണു…
“ഹോ വയ്യാണ്ടായി….”
കയ്യും വിരിച്ചു കിടക്കുന്ന അവളുടെ അടുത്തു നിന്ന് ഒരു തലയിണയും മൂലയ്ക്ക് വാങ്ങിച്ചു വെച്ചിരുന്ന പായും എടുത്ത് ഞാൻ റൂമിന് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും…
അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു ബെഡിൽ കുത്തിയിരുന്നു.
“ഏട്ടൻ ഇതെവിടെ പോവാ…”
എന്നെ നോക്കി പെണ്ണ് കണ്ണു കൂർപ്പിച്ചു.
“ഓഹ് ഇവിടെ അച്ഛനും അമ്മയും ഒന്നുമില്ലല്ലോ..അപ്പൊ ബോധിപ്പിക്കാൻ ഒരു മുറിയിൽ കിടക്കേണ്ട കാര്യമെന്താ….”
പറഞ്ഞു തീർന്നതും വാരി കുത്തി എഴുന്നേറ്റു എന്റെ കയ്യിലെ തലയിണ വാങ്ങി ബെഡിലേക്കെറിഞ്ഞിട്ട് എന്റെ കൈ വലിച്ചവൾ ബെഡിലേക്ക് തള്ളി ഇട്ടു.
“എന്നിട്ട് ഞാൻ ഒറ്റയ്ക്ക് ഈ മുറിയിൽ കിടക്കാനോ…എനിക്ക് പേടിയാ….
ഏട്ടൻ ഹാളിലാണേൽ ഞാനും അവിടെ…എന്നെ ഒറ്റയ്ക്കിട്ട് എങ്ങാനും പോയാലുണ്ടല്ലോ….”
കുണുങ്ങി പറഞ്ഞു എന്റെ കയ്യിലേക്ക് അവളുടെ മുഖം താഴ്ന്നു വരുന്നത് കണ്ടതേ അപകടം മനസ്സിലാക്കി ഞാൻ കൈ വലിച്ചു.
