“കണ്ണു തുടച്ചു ചിരിച്ചോണ്ടങ് കേറ് കൊച്ചേ…”
ടീച്ചർ വീണ്ടും പറഞ്ഞു ചിരിച്ചു.
“നിന്നെ ഒന്നു ഞെട്ടിക്കാൻ വേണ്ടി നിങ്ങള് വരുന്നേന് മുന്നേ…അകത്തുകയറി എല്ലാം സെറ്റ് ചെയ്യാൻ ആയിരുന്നു പ്ലാൻ…ബട് ഈ ടീച്ചർ നിങ്ങള് വന്നു, ആദ്യം അകത്തു നിങ്ങളയെ കയറ്റു എന്നു പറഞ്ഞു നിപ്പായിരുന്നു.
അകത്തു ചാരുവിനൊപ്പം ഞാൻ കയറുമ്പോൾ ഞങ്ങളുടെ പിറകെ ഓരോ സാധനങ്ങളുമായി അവന്മാരും ടീച്ചറും നിത്യയും കയറിയിരുന്നു.
നിത്യ ചാരുവിന്റെ കയ്യിലേക്ക് കൊടുത്ത ഒരു ശിവപാർവ്വതി ശിൽപം വീടിന്റെ ഭിത്തിയിലെ തട്ടിൽ വെച്ചു.
അടുക്കളയിൽ ഞാൻ രണ്ടു ദിവസം കൊണ്ടു വാങ്ങിച്ചുവെച്ച അത്യവശ്യം പാത്രങ്ങളും പെരുമാറാനുള്ള കത്തിയും കൊട്ടയും ഒക്കെ കണ്ടു ചാരു എന്നെ തുറിച്ചു നോക്കി.
റൂമിൽ ഒരു ഷെൽഫ് ഞാൻ സെക്കന്റ്ഹാൻഡ് കിട്ടിയപ്പോൾ വാങ്ങി വെച്ചിരുന്നു, ഉടുപ്പും മറ്റുമെല്ലാം വെക്കാൻ ഒരു സംഭവം വേണോല്ലോ…മരത്തിൽ അത്യാവശ്യം ഉറപ്പുള്ള ഒരു കുഞ്ഞു അലമാര കൂടെ മുറിയിൽ വെച്ചപ്പോഴേക്കും അത്യവശ്യം സ്ഥലം മുഴുവൻ അവര് രണ്ടും കൂടെ കയ്യേറി ഇരുന്നു.
“ബെഡ് എവിടെ ഇടൂട….കട്ടിലിന്റെ കാര്യം ഞങ്ങൾ മറന്നോയി…”
“ഓഹ് കട്ടിൽ ഒന്നും വേണ്ടട…നിലത്തു ഒന്നടിച്ചു വാരി പായിട്ട് അതിനു മേലെ ഇപ്പോൾ ഇടാം കട്ടിൽ പതിയെ വാങ്ങാം..”
ഞാൻ പറഞ്ഞത് കേട്ട അവന്മാര് ബെഡ് മുറിയിലെ ഭിത്തിയിൽ ചാരി വെച്ചു.
ഹാളിലേക്കും മുറിയിലേക്കും ഫാൻ വാങ്ങി വെച്ചിരുന്നത്, കസേരയിട്ട് അപ്പോഴേക്കും അവന്മാര് പിടിപ്പിക്കാൻ തുടങ്ങി.
“ചാരു…താനും നിത്യയും കൂടി ചെന്ന് അടുക്കളയിൽ കേറി പാൽചായ വെച്ചു തന്നെ തുടങ്ങിക്കോ…”
എല്ലാം കണ്ടു ചാരുവിന്റെ മുഖം വല്ലാതെ ആയപോലെ തോന്നി….
അവൾക്കിതൊന്നും ഉൾകൊള്ളാൻ കഴിയുന്നുണ്ടാവില്ല എന്നു എനിക്ക് തോന്നി…എങ്ങനെ കഴിഞ്ഞിരുന്നവൾ ആവണം…ആലോചിച്ചപ്പോൾ എനിക്കും എന്തോ പോലെ…
രാത്രി ഇരുട്ടും വരെ അവന്മാരെല്ലാം ഓരോ കാര്യം പറഞ്ഞും കളിയാക്കിയും കൂടെ ഉണ്ടായിരുന്നു,…അത്രയും ബഹളത്തിനിടയിൽ ഇരുന്നിട്ട് പോലും ചാരു ആകെ ഗ്ലൂമി ആയി ഇരുന്നത് എന്നെ കുറച്ചൊന്നും അല്ല വലച്ചത്…
ഒടുക്കം എല്ലാവരും യാത്ര പറഞ്ഞിറങ്ങി,
ആദ്യ ദിവസമായതുകൊണ്ടു ചിലവ് അവന്മാരുടെ വക ആയിരുന്നു, കൊണ്ടു വന്ന ഫുഡ് ഒരുമിച്ചിരുന്ന് കഴിച്ചു അവർ ഇറങ്ങി.
മിണ്ടാതെ മുന്നിൽ ചാരു നടക്കുന്ന കാരണം എനിക്കും നെഞ്ചിനകത്തു കല്ല് വെച്ച പോലെ ആയിരുന്നു…
മിണ്ടാതെ ഇനിയും നിക്കണ്ടാന്നു തോന്നി, എല്ലാം അവളോട് പറയാം…വേണോങ്കിൽ വീട്ടുകാരുടെ കാലു പിടിച്ചിട്ടാണേലും അവളെ തിരിച്ചു അവളുടെ സ്വന്തം വീട്ടിൽ ആക്കാം എന്ന ചിന്തയുമായി, ഞാൻ അടുക്കളയിൽ നാളത്തെക്കുള്ള അരി നോക്കുന്ന ചാരുവിനടുത്തെത്തി.
“ചാരു….നിനക്ക് എന്താ പറ്റിയെ…ഇവിടെ ഇഷ്ടമായില്ലേ…..ഞാൻ….പെട്ടെന്ന് എനിക്കിതെ ഒപ്പിക്കാൻ പറ്റിയുള്ളൂ….
ഇവിടെ ബുദ്ധിമുട്ടാണേൽ നമുക്ക് വേറെ എവിടേലും നോക്കാം….ഇല്ലേൽ ഞാൻ വേണേൽ ചാരുവിന്റെ വീട്ടിൽ പോയി സംസാരിക്കാം,…എല്ലാം പറഞ്ഞാൽ ചിലപ്പോൾ ചാരുവിനെ…..”
പറഞ്ഞു തീർക്കാൻ അവൾ അനുവദിച്ചില്ല എന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണു പൊട്ടിക്കരയുകയായിരുന്നു അവൾ,…
എന്തു ചെയ്യണം എന്നറിയാതെ അമ്പരന്നു നില്ക്കാനെ എനിക്ക് പറ്റിയുള്ളൂ….
“ഞാൻ കാരണോല്ലേ ഏട്ടൻ ഇപ്പൊ ഇങ്ങനെ കഷ്ടപ്പെടുന്നെ….ഒരു തെറ്റും ചെയ്യാണ്ട്….എനിക്ക് വേണ്ടി വീട്ടിൽ നിന്നും ഇറങ്ങി….ആരുമില്ലാത്ത വനെപോലെ….എനിക്ക് സഹിക്കാൻ പറ്റണില്ല ഏട്ടാ….”
എന്റെ നെഞ്ചിൽ മുഴുവൻ കണ്ണീരും മൂക്കൊലിപ്പും പടർത്തി എന്നെയും ചുറ്റി നിന്നു പതം പറയുന്ന ചാരുവിനെ…കാണുമ്പോൾ ഉള്ളം തുള്ളുകയായിരുന്നു.
“ഏട്ടൻ ഇനിയും എന്നെ ചുമന്നു കഷ്ടപ്പെടേണ്ട…ഞാൻ…ഞാൻ….”
“നിന്നെ ഞാൻ ഒരിടത്തും വിടത്തില്ല ചാരു,…
… ഇപ്പൊ കഷ്ടപ്പാടില്ലെന്നല്ല..നല്ല രീതിയിൽ കഷ്ടപ്പാടുണ്ട്…നാളെ എന്താകും എന്നോർത്തു ഒരു പിടിയും ഇല്ല പക്ഷെ ഇപ്പോൾ എനിക്കെന്തെലും ഒക്കെ നേടണം എന്നു തോന്നുന്നുണ്ട്…
