സേതുരാമന്‍ അച്ഛനെ കാണാന്‍ ശേഖറുമായി വീട്ടിലേക്ക് വരുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയായിരുന്നു അരുണ്‍ ഒരു ദിവസം കാമിനിയെ ജിമ്മില്‍ രാവിലെ കണ്ടതും തന്‍റെ ബിസിനസ് കാര്‍ഡ് കൊടുത്തതും. അന്ന് അവളില്‍ കണ്ട പരിഭ്രമവും ആകാംക്ഷയും അവന് ഒരു കാര്യം ഉറപ്പിച്ചുകൊടുത്തു, തനിക്ക് അവളോട് തോന്നിയ പോലെ, അത്രയും ഇല്ലെങ്കില്‍ പോലും, അവള്‍ക്ക് തന്നോടും ഒരു ആകര്‍ഷണം തോന്നിയിട്ടുണ്ട്. ആദ്യമായൊരാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് അനുഭവിക്കുന്ന ഒരു കോളേജ് കുമാരിയുടെ വെപ്രാളമായിരുന്നു അവന് കാമിനിയില്‍ കാണാന്‍ കഴിഞ്ഞത്.
അന്ന് തന്‍റെ കാര്‍ഡ് കയ്യില്‍ വാങ്ങിയ കാമിനിയാണ് ഇത്രയും ദിവസം കഴിഞ്ഞ് തനിക്കിതാ ഫോണില്‍ മെസ്സേജ് അയച്ചിരിക്കുന്നത്, അവന്‍ മൂന്നാര്‍ റോഡരുകില്‍ കോടമഞ്ഞിന്‍റെ സൌന്ദര്യം ആസ്വദിച്ച് കാറിലിരുന്ന് ചിന്തിച്ചു. മെസേജ് കാമിനിയുടെ ആയകാരണം തന്‍റെ ഹൃദയം അത് മുഴുവന്‍ വായിക്കാതെ തന്നെ പെരുമ്പറ കൊട്ടുന്നു. ഒരു ദീര്‍ഘശ്വാസം എടുത്ത ശേഷം അയാള്‍ ആ സന്ദേശം വായിച്ചു. ഇംഗ്ലീഷില്‍ ആയിരുന്നു അത്.
“ഹായ് ഞാന്‍ കാമിനിയാണ്, കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെ നമ്മള്‍ ജിമ്മില്‍ വച്ച് കണ്ടിരുന്നു. എന്തിനാണ് എന്നോട് വിളിക്കാന്‍ ആവശ്യപ്പെട്ടത്?”
“നന്ദി മാഡം എന്നെ കോണ്ടാക്ട് ചെയ്തതിന്, എന്തിനാണ് വിളിക്കാന്‍ പറഞ്ഞത് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരു ഉത്തരം തരാന്‍ എനിക്കാവില്ല. എനിക്കെന്തോ താങ്കളെക്കുറിച്ച് കുറച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി, അതാണ് സൌകര്യപ്പെടുമ്പോള്‍ വിളിക്കുമോ എന്ന് ചോദിച്ചത്, ബുദ്ധിമുട്ടായോ?” അവന്‍ മറുപടി അയച്ചു.
ഉടന്‍ തന്നെ കാമിനിയുടെ അടുത്ത മെസേജ് വന്നു “ഒരിക്കലുമില്ല, താങ്കള്‍ക്ക് സുഖം തന്നെ എന്ന് കരുതുന്നു, നമുക്ക് വാട്സാപ്പില്‍ ചാറ്റ് ചെയ്താലോ? എന്നിട്ട് മലയാളത്തിലാകാം കത്തി, അതോ മലയാളം എഴുതാന്‍ അറിയില്ലെന്നുണ്ടോ, എനിക്ക് ഇതേ നമ്പരാണ്.”
ഉടന്‍തന്നെ അവന്‍ തന്‍റെ വാട്സപ്പ് നമ്പര്‍ അവള്‍ക്കയച്ചുകൊടുത്ത്, രണ്ടാമത്തെ ഫോണില്‍ വാട്ട്സപ്പ് തുറന്നു. വൈകാതെ അവളുടെ സന്ദേശം എത്തി, “എവിടെയാണ് ഇപ്പൊ, എന്ത് ചെയ്യുന്നു” അവളുടെ മനോഹരമായ മുഖം പുഞ്ചിരിയോടെ പ്രൊഫൈലില്‍ അവനെ നോക്കി.
“ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു, നല്ല മഞ്ഞാണ് പുറത്ത്, അതാസ്വദിക്കാന്‍ തല്‍ക്കാലം ഒരു റോഡരുകില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. പിന്നെ, മലയാളം എഴുതാന്‍ ബുധിമുട്ടില്ലെന്ന് മനസ്സിലായല്ലോ?”
“ആഹാ, അപ്പോള്‍ ഹൈറേഞ്ചില്‍ എവിടെയോ കറങ്ങുകയാണല്ലോ, എന്താ മറ്റു പണിയൊന്നുമില്ലാത്തത് കൊണ്ടാണോ”
“അല്ല മാഡം, ഞാന്‍ മൂന്നാറില്‍ നിന്ന് മടങ്ങുകയാണ്, ഇവിടെ സ്റ്റെര്‍ലിംഗ് റിസോര്‍ട്ടിലെ ‘സെക്യുരിട്ടി ആന്‍ഡ് സര്‍വയ്ലെന്‍സ്’ എന്‍റെ ഒരു കമ്പനിയാണ് ഓപ്പെറെറ്റ് ചെയ്യന്നത്, കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം അവിടെ വിസിറ്റ് ചെയ്തതാ ……. മറ്റു തിരക്കുകളില്‍ നിന്ന്‍ ഒരു റിലീഫ്.”
“അവിടിപ്പൊ നല്ല കാലാവസ്ഥയാണ് അല്ലെ, ഞങ്ങള്‍ രണ്ടാഴ്ച മുന്‍പ് മൂന്നാറില്‍ വന്നിരുന്നു,” കാമിനി എഴുതി.
“സേതുരാമിന്‍റെ കമ്പനിക്ക് ഇവിടെ ക്ലയന്റ് ഉണ്ടല്ലേ, കക്ഷി പറഞ്ഞിരുന്നു.”
“ആഹാ, ചേട്ടനെ പരിചയപ്പെട്ടോ” എന്നിട്ടൊരു അത്ഭുത സ്മൈലി.
“ജിമ്മില്‍വെച്ച് കണ്ടിരുന്നു, നമ്മുടെ പേര്‍സണല്‍ ട്രൈനെര്‍ ജോബി പരിചയപ്പെടുത്തിത്തന്നു, മാഡത്തിന്‍റെ ഹസ്ബന്‍ഡ് ആണെന്ന് പറഞ്ഞു.”
“നോക്കൂ നമുക്കീ മാഡം വിളി ഒന്ന് നിര്‍ത്തിക്കുടെ, എന്നെ കാമിനി എന്ന് വിളിച്ചാല്‍ മതി”
“തീര്‍ച്ചയായും, എനിക്കും അത് ബോറടിച്ചുതുടങ്ങിയിരുന്നു, കാമിനി ഇപ്പോള്‍ എവിടെയാ.”
“ഓഫീസിലാണ്, ഞാന്‍ ഒരു വളരെ തലതിരിഞ്ഞ പണി നന്നായി അവസാനിപ്പിച്ചുകൊണ്ട് നടു നീര്‍ക്കുകയാ, 7 മണിയാവും ഇറങ്ങാന്‍. സാര്‍ ഇനി എപ്പോ വീട്ടിലെത്തും, ഈ മഞ്ഞും മഴയും ഒക്കെ കഴിഞ്ഞിട്ട്?”
“കാമിനി, എന്നെ അരുണ്‍ എന്ന് വിളിച്ചാല്‍ മതി പ്ലീസ്സ്. ഞാന്‍ ഒരു 7 മണിക്ക് വീട്ടില്‍ എത്തമെന്നാണ് കരുതിയത്, ചിലപ്പോ കുറച്ച് വൈകിയേക്കും.”
