അശ്വതിയാകെ പേടിച്ചരണ്ടു. വല്ലാത്ത പേടി..!!
മനസ്സ് ശൂന്യമായി ബോധം മറയുമെന്ന പോലെ. കണ്ണുകൾ രണ്ടും മിഴിഞ്ഞു നിന്നു.
ലോറെൻസ് അടുത്തേക്ക് വരികയാണ്.
ശബ്ദകോലാഹലങ്ങൾ കേട്ട് പ്രസാദും ചിന്നുമോളും പുറത്തേക്ക് വന്നപ്പോൾ വീണു കിടക്കുന്ന അശ്വതിയും മുന്നിൽ മദ്യലഹരിയിൽ നിൽക്കുന്ന ലോറെൻസും..!
“പ്രസാദേട്ടാ…!!”
കരച്ചിലിന്റെ വിറയാർന്ന ശബ്ദത്തോടെ അവളവനെ വിളിച്ചു. പ്രസാദിനും ആകെ വിറങ്ങലിച്ചു പോയ രംഗം.
“ഹ.. ആരെടി.. ഇവനോ.. ഇവനാണോ നിന്നെ രക്ഷിക്കേണ്ടത്.. കള്ള് കുടിച്ച് ചൂതും കളിച്ച് കാല് കളഞ്ഞ ഇവനോ..”
പുച്ഛിച്ചു ചിരിക്കുകയാണ് ലോറെൻസ്. ഇവനെവിടുന്ന് ഇത്ര ധൈര്യം കിട്ടിയെന്ന സങ്കോചവും അതിലുപരി ഭയവുമായി ലോറൻസിനെ നോക്കുകയാണ് പ്രസാദ്. ഇതെല്ലാം കണ്ട് ഞെട്ടി തരിച്ചു നിൽക്കുന്ന ചിന്നുമോളും..!!
മാധവേട്ടൻ എവിടെയെന്നത് ഒരു പിടിയുമില്ല പ്രസാദിന്..!!
അതേ സമയം കാറോടിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന മാധവന്റെ ഫോണിൽ വീണ്ടും എറണാകുളത്തെ കമ്പനിയിൽ നിന്ന് കോളുകൾ വരികയാണ്.
അങ്ങോട്ടേക്കലല്ലേ വരുന്നത് എന്ന് പിറുപിറുത്ത മാധവൻ ആദ്യം കോൾ അറ്റൻഡ് ചെയ്തില്ല. അല്ലെങ്കിൽ തന്നെ ഈ കമ്പനി കാരണം കൊണ്ട് അശ്വതിയെ വിട്ടു വരുന്ന വിഷമം മുള്ളുകൾ പോലെ മനസ്സിൽ തറക്കുകയാണ്.
പക്ഷെ വീണ്ടും വീണ്ടും റിംഗ് ചെയ്യുമ്പോ അയാൾ കാറൊതുക്കി നിർത്തി.
“മാ..മാധവേട്ടൻ എവിടെ..?”
വെപ്രാളത്തോടെ ചോദിച്ച്, അശ്വതിയെ എഴുന്നേൽപ്പിക്കാൻ വേണ്ടി വളരെ കഷ്ടപ്പെട്ട് അടുത്തേക്ക് വരാൻ നോക്കുകയാണ് പ്രസാദ്. അത് കണ്ട് പുച്ഛമടക്കാനായില്ല ലോറൻസിന്.
“നിന്റെ മാധവട്ടനൊന്നും ഇവിടെയില്ല മോനെ..”
ലോറെൻസ് അവനെ ആട്ടി തുപ്പി.
“പന്തയം വച്ച കാര്യം നീ ഇവളോട് പറഞ്ഞില്ലേ..?”
അവന്റെയാ വാക്കുകൾ കേട്ട് ഒന്നും മനസിലാവാതെ, അശ്വതിയുടെ ഭയം നിഴലിച്ച മുഖം ഇരുവരെയും മാറി മാറി നോക്കുകയാണ്.
“നീ തോറ്റതാ.. അത് കൊണ്ട് ചുമ്മാ അവിടെ മാറി നിക്ക്. ഞാനിവളെ ഒന്ന് അനുഭവിക്കട്ടെ..”
ലോറെൻസ് അവളുടെ അടുത്തേക്ക് നീങ്ങി കൈത്തണ്ടയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
“ഹഹ്… വിട്…വിട്…”
“നിയെനിക്ക് സ്വമേധ്യ വഴങ്ങുന്നതാവും നല്ലത്.. ഇല്ലെങ്കിൽ എനിക്കറിയാം എന്തു ചെയ്യണമെന്ന്.. ഇവന്റെ മുന്നിലിട്ട് നിന്നെ പിച്ചി ചീന്തും..!!”
അവരുടെ മുന്നിൽ നിന്ന് ലോറെൻസ് ഭ്രാന്തനെ പോലെ സ്വരം മുഴക്കി.
“എടാ…”
അത് കേട്ട് ആക്രോശത്തോടെ അവന്റെ നേരെ വരാൻ തുനിഞ്ഞ പ്രസാദിനെ അത്യധികം ദേഷ്യം കയറിയ ഭാവത്തോടെ മുന്നോട്ട് വന്ന ലോറെൻസ് നെഞ്ചിൽ നോക്കിയൊരു ചവിട്ട്…!!!
“ആാാ….!!”
നില തെറ്റിപ്പോയ പ്രസാദ് പുറകോട്ട് തെന്നി, റൂമിന്റെ വാതിൽക്കലേക്ക് തെറിച്ചു വീഴുകയായിരുന്നു.
“അച്ഛാ…!!!”
ചിന്നുമോള് പേടിച്ചു കൊണ്ട് പ്രസാദിന്റെ ഭാഗത്തേക്ക് നീങ്ങിയപ്പോ പ്രാണ വേദനയെടുത്തു കൊണ്ട് കാല് പിടിച്ചു കിടക്കുന്ന അവനെ കണ്ട് ലോറെൻസ് പൊട്ടി ചിരിച്ചു.
“പ്രസാദേട്ടാ..”
ഭീതിയുടെ ദയനീയമായ വിളിയിൽ, കരഞ്ഞു കൊണ്ട് പ്രസാദിന്റെ നേരെ പോകാൻ ശ്രമിച്ച അശ്വതിയെ അവൻ വീണ്ടും ആഞ്ഞു തള്ളി. അവൾ വീണ്ടും നില തെറ്റി സോഫയുടെ മേലേക്ക് തട്ടി വീണു. ചുണ്ട് മുറിഞ്ഞു.
ആ വേദനയും ഒപ്പം ആ നിമിഷങ്ങളും അവളുടെ ബോധം പോകാൻ കാത്തിരുന്നത് പോലെ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു.
ലോറെൻസ് വേഗം തന്നെ ചെന്ന് പ്രസാദിനെ വീണ്ടും ചവിട്ടിയുന്തി റൂമിലേക്ക് വലിച്ചിട്ടു. അവന്റെ എതിർപ്പുകൾ ലോറെൻസിന്റെ ബലത്തിനു മുന്നിൽ ചിലവായില്ല.
“നീ ഇവിടെ കിടക്കേടാ..കഴിഞ്ഞാൽ നിന്നെ ഞാൻ വിളിക്കാം..”
ഒപ്പം ചിന്നുമോളെയും തള്ളിയിട്ടു. വേഗം വാതിലടച്ച് പുറത്തുന്ന് ലോക്ക് ചെയ്തു.
മനസ്സ് തളർന്ന അവസ്ഥയിലും അശ്വതി ഫോൺ പരതാൻ വേണ്ടി എഴുന്നേറ്റ സമയം ലോറെൻസ് പുറകിലൂടെ കടന്നു പിടിച്ചു.
“ആാാ… വിട്…. വിട്….”
അവൾ ഏങ്ങിയേങ്ങി കരഞ്ഞ്, കൂതറാൻ ശ്രമിച്ചു കൊണ്ട് പിടയുകയാണ്. പെണ്ണിന്റെ ശബ്ദം വല്ലാതെ കൂടുന്ന അവസ്ഥയിൽ അവനവളുടെ വായ പൊത്താൻ ശ്രമിച്ചതും അവൾ ആഞ്ഞു കടിച്ചു.
