ഉച്ചയ്ക്ക് ആ തിരക്കേറിയ കഫേയിൽ അനന്യ നേരത്തെ തന്നെ എത്തിയിരുന്നു. അവളുടെ മനസ്സിൽ അർജുന്റെ ആ അവസാന രാത്രിയും, രാവിലെ കേട്ട വാർത്തകളും ഒരു കൊടുങ്കാറ്റുപോലെ വീശിക്കൊണ്ടിരുന്നു. അധികം വൈകാതെ നിരഞ്ജന എത്തി. നിരഞ്ജനയുടെ കയ്യിൽ ചില ഫയലുകളും ഒരു റിപ്പോർട്ടും ഉണ്ടായിരുന്നു. അവളുടെ മുഖത്തെ ആശങ്ക അനന്യയെ കൂടുതൽ ഭയപ്പെടുത്തി.
നിരഞ്ജന കസേര വലിച്ചിട്ടിരുന്നുകൊണ്ട് പതുക്കെ പറഞ്ഞു: “അനന്യ… നീ അന്ന് അർജുന്റെ കയ്യിൽ നിന്ന് ലഭിച്ച ആ സർക്യൂട്ട് ബോർഡുകളും ചിപ്പുകളും എനിക്ക് തന്നത് ഓർമ്മയില്ലേ?”
അനന്യ വേഗത്തിൽ തലയാട്ടി. അർജുന്റെ യഥാർത്ഥ ഐഡന്റിറ്റി തേടിയുള്ള തന്റെ യാത്രയിലെ അവസാന കച്ചിത്തുരുമ്പായിരുന്നു അത്.
“അനന്യ… ആ ചിപ്പുകളെക്കുറിച്ച് ഞാനിന്ന് കിട്ടിയ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. നമ്മുടെ സ്റ്റേറ്റ് ലബോറട്ടറിയിൽ അത് പരിശോധിച്ചപ്പോൾ അവർക്ക് അത് തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട് ഞങ്ങൾ അത് നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റിയുടെ (NFSU) ടെക്നിക്കൽ ഡിവിഷനിലേക്ക് അയച്ചു. അവിടെയും കാര്യമായ ഒന്നും കണ്ടെത്താനായില്ല. എന്നാൽ അവിടുത്തെ ചീഫ് ടെക്നീഷ്യന് എന്തോ സംശയം തോന്നി അദ്ദേഹം അത് ഡി.ആർ.ഡി.ഒ (DRDO) അഡ്വാൻസ് മെറ്റീരിയൽ ലാബിലേക്ക് അയച്ചു. അവിടെ നിന്നുള്ള റിസൾട്ട് ആണ് ഇപ്പോൾ എന്റെ കയ്യിലുള്ളത്.”
അനന്യ ശ്വാസമടക്കിപ്പിടിച്ച് നിരഞ്ജനയുടെ മുഖത്തേക്ക് നോക്കി.
നിരഞ്ജന റിപ്പോർട്ട് മേശപ്പുറത്ത് വെച്ചുകൊണ്ട് തുടർന്നു: “അനന്യ, ഇതൊരു സാധാരണ ഫോണല്ല. ഇതൊരു കസ്റ്റം മേഡ് ഹൈ-ടെക് സാറ്റലൈറ്റ് ഫോണാണ് (Custom-made high-tech satellite phone). ലോകത്തിലെ ഏറ്റവും വലിയ സർവൈലൻസ് സംവിധാനങ്ങളെപ്പോലും മറികടക്കാൻ ഇതിന് കഴിയും. ഇതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ നമ്മുടെ സാധാരണ സൈന്യത്തിന് പോലും ലഭ്യമായ ഒന്നല്ല. വരേണ്യരായ സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റുകൾ മാത്രം ഉപയോഗിക്കുന്ന ഒന്നാണിത്!”
നിരഞ്ജന തുടർന്നു:
“അനന്യ, ഇതിനെക്കുറിച്ച് കൂടുതൽ അറിയാനാണ് ഞാൻ നിങ്ങളുടെ കമ്പനി സിഇഒ മാധവ് മേനോനെ കണ്ടത്. പക്ഷേ അദ്ദേഹം പലതും മറച്ചുവെക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നി.”
അപ്പോഴാണ് അനന്യ പഴയ കാര്യങ്ങൾ ഓർത്തത്. അർജുൻ മാധവ് മേനോനോട് സംസാരിച്ചിരുന്ന രീതി, അവന്റെ രാജിക്കത്ത്, സിഇഒയ്ക്ക് പോലും അവന്റെ മേൽ ഉണ്ടായിരുന്ന ആ ഭയ കലർന്ന ബഹുമാനം… അതെല്ലാം ഇപ്പോൾ അർത്ഥവത്തായി തോന്നുന്നു.
“അവിടെ വെച്ച് ഒരാൾ അർജുന്റെ ഡിജിറ്റൽ വോൾട്ട് (Vaulted Identity) ബ്രേക്ക് ചെയ്യാൻ ശ്രമിച്ചതായും, പക്ഷേ അർജുൻ അത് റിവേഴ്സ് ഹാക്ക് ചെയ്തതായും ഞാൻ അറിഞ്ഞു. അവിടെയും എനിക്ക് തെളിവുകൾ ഒന്നും കിട്ടിയില്ല. അതുകൊണ്ട് ഞാൻ ‘ദേവ്’ എന്ന ആ പഴയ കുട്ടിയുടെ ചരിത്രം തിരഞ്ഞുപോയി.
അവൻ പഠിച്ച സ്കൂളിലെ പഴയ ഹെഡ് മാസ്റ്ററെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ദേവ് ഒരു കമ്പ്യൂട്ടർ ജീനിയസ് ആയിരുന്നു എന്നാണ്. എന്നാൽ അവിടെ വെച്ച് നടന്ന ഒരു സംഭവം അദ്ദേഹം ഓർത്തെടുത്തു—വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ വന്ന ചില സൈനിക ഉദ്യോഗസ്ഥർ! അതിനെക്കുറിച്ച് കൂടുതൽ ആർക്കും അറിയില്ലായിരുന്നു.”
നിരഞ്ജന ഒന്ന് നിർത്തി, ഒരു ദീർഘശ്വാസമെടുത്തു.
“ഞാൻ പിന്നേയും അന്വേഷിച്ചു. ഒടുവിൽ വിരമിച്ച ഒരു ആർമി ജനറലിൽ നിന്നാണ് ആ സത്യം ഞാൻ അറിഞ്ഞത്. ഹൈസ്കൂളിൽ പഠിക്കുന്ന ഒരു പയ്യൻ ഇന്ത്യയുടെ മിലിട്ടറി ഗ്രേഡ് സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യുകയും, അതിന്റെ വീഡിയോ പ്രസിഡന്റിന് അയച്ചു കൊടുക്കുകയും ചെയ്തു! അതൊരു വെല്ലുവിളിയായിരുന്നില്ല, പകരം നമ്മുടെ സിസ്റ്റത്തിലെ വിള്ളലുകൾ കാണിച്ചു കൊടുക്കുകയായിരുന്നു അവൻ.”
അനന്യ സ്തംഭിച്ചുപോയി. നിരഞ്ജനയുടെ മുഖത്ത് ഇപ്പോൾ ഒരുതരം ഭയമായിരുന്നു.

Super ഒന്നും പറയാനില്ല.