“നിൽക്ക്… പോകുന്നതിന് മുമ്പ് ഇത് കൂടി കൊണ്ടുപൊയ്ക്കോ. ദേവൂട്ടൻ എന്നോട് പറഞ്ഞിരുന്നു, നിന്നെ കാണുമ്പോൾ ഇത് നിനക്ക് തിരിച്ചു നൽകണമെന്ന്.”
ലക്ഷ്മിയമ്മ തന്റെ കയ്യിലുണ്ടായിരുന്ന മടക്കിയ ഒരു കടലാസ് കഷ്ണം ശാലിനിയുടെ നേരെ നീട്ടി. വിറയ്ക്കുന്ന കൈകളോടെ ശാലിനി അത് വാങ്ങി. അത് മടക്കുകൾ വീണ, പലയിടത്തും കീറിയ ഒരു പഴയ കളർ ഫോട്ടോയായിരുന്നു.
അത് കണ്ടതും ശാലിനിയുടെ ശ്വാസം നിലച്ചുപോയി. വർഷങ്ങൾക്ക് മുമ്പ് അവൾ ഉപേക്ഷിച്ചു പോയ ആ പഴയ കുടുംബചിത്രം! ഫിലിപ്പും ചെറിയ കുട്ടിയായ ദേവും ചേർന്ന് നിൽക്കുന്ന ആ ഫോട്ടോ. ദേവ് തന്റെ കുഞ്ഞു കൈകൾ കൊണ്ട് അച്ഛനെ മുറുകെ പിടിച്ചിരിക്കുന്നു. ആ ഫോട്ടോയുടെ ഒരു വശം ആരോ ബലമായി കീറി മാറ്റിയിട്ടുണ്ടായിരുന്നു—അവിടെ ഒരിക്കൽ ശാലിനി ഉണ്ടായിരുന്നു.
തന്റെ ജീവിതത്തിൽ നിന്ന് ശാലിനി എന്ന അമ്മയെയും ഭാര്യയെയും അവൻ എന്നെന്നേക്കുമായി കീറി ദൂരെയെറിഞ്ഞു എന്നതിന്റെ അവസാന തെളിവായിരുന്നു ആ ചിത്രം.
“ദേവൂട്ടൻ ഇത് ഇത്രയും കാലം സൂക്ഷിച്ചു വെച്ചിരുന്നത് എന്തിനാണെന്ന് അറിയാമോ?” ലക്ഷ്മിയമ്മ പതുക്കെ പറഞ്ഞു. “തനിക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് ഓർക്കാൻ വേണ്ടിയല്ല, മറിച്ച് തന്നെ ഉപേക്ഷിച്ചു പോയ നിന്നെ ഇനി തന്റെ ജീവിതത്തിൽ ആവശ്യമില്ല എന്ന് സ്വയം ബോധ്യപ്പെടുത്താനാണ്. അവൻ ഇത് തിരിച്ചു നൽകിയതിനർത്ഥം, നിന്നുമായിരുന്ന ആ അവസാന ബന്ധവും അവൻ മുറിച്ചു കളഞ്ഞു എന്നാണ്.”
ശാലിനി ആ ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു. അർജുൻ നൽകിയ ഏറ്റവും വലിയ ശിക്ഷ ഇതായിരുന്നു. വിശ്വനാഥന്റെ പണമോ പദവിയോ അല്ല, മറിച്ച് തന്റെ മകന്റെ ഉള്ളിലുണ്ടായിരുന്ന ആ പഴയ സ്നേഹത്തിന്റെ അവസാന അടയാളം പോലും അവൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.
വാതിൽക്കൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ, കയ്യിലിരുന്ന ആ കീറിയ ഫോട്ടോയിലേക്ക് നോക്കി ശാലിനി തേങ്ങി. മഴ പെയ്യാൻ തുടങ്ങുന്ന ആ വൈകുന്നേരത്ത്, ആൾക്കൂട്ടത്തിനിടയിൽ അവൾ ലോകത്തിലെ ഏറ്റവും വലിയ അനാഥയായി മാറി.
മൂന്ന് വർഷങ്ങൾക്ക് ശേഷം…
ആ പഴയ കടൽതീരത്തെ കാറ്റ് അപ്പോഴും വീശുന്നുണ്ടായിരുന്നു. അർജുൻ തന്റെ രഹസ്യ ദൗത്യങ്ങൾക്കിടയിൽ ഒരു നിഴലായി വീണ്ടും ഇന്ത്യയിലെത്തി. അനന്യയെ ദൂരെ നിന്ന് ഒന്ന് കാണാൻ മാത്രം. അവളുടെ ഫ്ലാറ്റിന് മുന്നിലെത്തിയപ്പോൾ അകത്തുനിന്ന് കുട്ടികളുടെ ചിരിയും അനന്യയുടെ കൊഞ്ചലും അവൻ കേട്ടു.
അർജുന്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. “അവൾ സന്തോഷവതിയാണ്… അവൾക്ക് ഒരു കുടുംബമായിരിക്കുന്നു.” തന്നെപ്പോലെ ഒരു ‘ഗോസ്റ്റിന്’ അവളുടെ ജീവിതത്തിൽ ഇനി സ്ഥാനമില്ലെന്ന് കരുതി അവൻ പതുക്കെ തിരിഞ്ഞു നടന്നു.
“ദേവേട്ടാ…”
പരിചിതമായ ആ വിളി കേട്ട് അവൻ സ്തംഭിച്ചു നിന്നു. തിരിഞ്ഞു നോക്കിയപ്പോൾ അവിടെ നിൽക്കുന്നത് മാളവികയാണ്. പഴയ ആ അഹങ്കാരമൊക്കെ മാറി, കണ്ണുകളിൽ വല്ലാത്തൊരു പക്വതയുമായി അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
“എന്താ അകത്തേക്ക് വരാത്തത്?” മാളവിക ചോദിച്ചു.
അർജുൻ വിക്കി വിക്കി പറഞ്ഞു: “അത്… വേണ്ട… ഞാൻ…”
“നിങ്ങളുടെ മക്കളെ കാണണ്ടേ നിങ്ങൾക്ക്?” മാളവികയുടെ ആ ചോദ്യം ഒരു വെള്ളിടി പോലെ അവന്റെ ഉള്ളിൽ പതിച്ചു. അർജുൻ ആ പഴയ രാത്രിയെക്കുറിച്ച് ഓർത്തു… ആ അവസാന കൂടിക്കാഴ്ച. അവൻ അവിശ്വസനീയതയോടെ അവളെ നോക്കി.
മാളവിക തുടർന്നു: “അന്ന് നിങ്ങൾ പോയതിന് ശേഷം അമ്മയ്ക്ക് ഒരു വലിയ അപകടം പറ്റി. ആശുപത്രിയിൽ കിടന്ന ആ ദിവസങ്ങളിലാണ് അമ്മ ഞങ്ങളോട് എല്ലാം തുറന്നു പറഞ്ഞത്. ഞങ്ങളുടെ ബാല്യം മുതൽ നിങ്ങൾ അനുഭവിച്ച വേദനകൾ… അമ്മയുടെ തെറ്റുകൾ… എല്ലാം. സുഖം പ്രാപിച്ച ശേഷം അമ്മ ഞങ്ങളെ ലക്ഷ്മിയമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി. ആദ്യം ഞങ്ങളെ കാണാൻ പോലും മുത്തശ്ശിക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ പതുക്കെ ഞങ്ങളെ അവർ മനസ്സിലാക്കി. ഇപ്പോൾ ഞങ്ങൾ ഒന്നിച്ചാണ്. പപ്പ ഒരു മാസത്തിന് ശേഷം ജയിലിൽ നിന്ന് ഇറങ്ങി. പഴയ ബിസിനസ്സ് ഒക്കെ ഉപേക്ഷിച്ച് പപ്പ ഇപ്പോൾ ശാന്തനാണ്.”

Super ഒന്നും പറയാനില്ല.