ഷബീറിന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങിയ അവർ വീടിന്റെ മുകളിലത്തെ നിലയിലെ നീളമുള്ള ഇടനാഴിയിലൂടെ നടന്നു. ജനലുകളിലൂടെ അസ്തമയ സൂര്യന്റെ മഞ്ഞുവെളിച്ചം അകത്തേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
ആ വലിയ വീടിന്റെ വരാന്തയിൽ അവരുടെ കാൽപ്പെരുമാറ്റങ്ങളുടെ ശബ്ദം മാത്രം മുഴങ്ങിപ്പേട്ടു. നൗഫലിന്റെ മുറി ഇടനാഴിയുടെ ഏറ്റവും അറ്റത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്.
അവർ നൗഫലിന്റെ റൂമിന്റെ വാതിലിനു മുന്നിലെത്തി നിന്നു. ഉള്ളിൽ നിന്ന് ശബ്ദങ്ങളൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. തികഞ്ഞ നിശബ്ദത മാത്രം.
ഷബീർ മുന്നോട്ട് നീങ്ങി വാതിലിന്റെ പിടയിൽ കരം വെച്ചു. സാവധാനം ഹാൻഡിൽ താഴേക്ക് അമർത്തി.
റൂമിന്റെ വാതിൽ ലോക്ക് ചെയ്തിരുന്നില്ല. വളരെ എളുപ്പത്തിൽ അത് ഉള്ളിലേക്ക് തുറന്നു.
റൂമിലേക്ക് ആദ്യം കയറിയത് ഷബീറായിരുന്നു. അവന്റെ തൊട്ടുപിന്നാലെ ഉണ്ണിയും, അവർക്ക് പിന്നിലായി നസീമയും അൻസിബയും അകത്തേക്ക് കയറി.
മുറിക്കുള്ളിൽ കർട്ടനുകൾ ഇട്ടു ജനലുകൾ അടച്ചിട്ടിരുന്നതിനാൽ നേരിയ ഒരു ഇരുട്ട് പടർന്നു നിന്നിരുന്നു. എയർകണ്ടീഷണറിന്റെ തണുത്ത കാറ്റും നേരിയ പെർഫ്യൂമിന്റെ സുഗന്ധവും ആ മുറിയിൽ നിറഞ്ഞുനിന്നു.
കട്ടിലിൽ
പുതപ്പു മൂടി കിടക്കുന്ന നൗഫലിന്റെ രൂപം അവർ കണ്ടു. അവന്റെ കൈയിൽ ഫോൺ ഇരിപ്പുണ്ടായിരുന്നു. എന്നാൽ, മുറിയിലെ അന്തരീക്ഷത്തിലും അവന്റെ കിടപ്പിലും എന്തോ ഒരു പ്രത്യേകതയുള്ളതായി അവർക്ക് തോന്നി.
അത് കണ്ടു ഷബീറും ഉണ്ണിയും ഒന്ന് പതറി..
