“ശരി ചേട്ടാ…”
ഉണ്ണി ഫോൺ വെച്ച് കോഫി പൗഡർ ഇട്ടു തിളപ്പിച്ചു. രണ്ട് കപ്പുകളിൽ കോഫി പകർന്ന് അവൻ വീണ്ടും ബെഡ്റൂമിലേക്ക് വന്നു. അനിത അപ്പോഴും നല്ല ഉറക്കത്തിലാണ്.
മുറിയിലെ ജനൽ കർട്ടനുകൾ അവൻ പതുക്കെ മാറ്റിയിട്ടു. പുറത്തെ മനോഹരമായ പ്രഭാത കാഴ്ചയും കിളികളുടെ ശബ്ദവും മുറിയിലേക്ക് നിറഞ്ഞു. അവൻ കോഫി കപ്പുകൾ സൈഡ് ടേബിളിൽ വെച്ച ശേഷം കട്ടിലിൽ അനിതയുടെ അടുത്തായി ഇരുന്നു.
അവളുടെ മുടിയിഴകളെ മെല്ലെ മാടി ഒതുക്കി അവൻ അവളെ വിളിച്ചു.
“അനി… അനിതേ… എഴുന്നേൽക്ക് സമയം ആറര കഴിഞ്ഞു.”
അവൾ പതുക്കെ കണ്ണുകൾ തുറന്നു. വെളിച്ചം കണ്ണിലടിച്ചപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. പിന്നെ പതുക്കെ കണ്ണുതുറന്ന് ഉണ്ണിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“ഗുഡ് മോർണിംഗ് ഏട്ടാ…” അവൾ കോട്ടുവായ ഇട്ടുകൊണ്ട് പറഞ്ഞു.
“ഗുഡ് മോർണിംഗ്. ദാ നിന്റെ കോഫി. തണുക്കുന്നതിനു മുൻപ് കുടിക്ക്.” അവൻ കപ്പ് അവളുടെ കയ്യിലേക്ക് കൊടുത്തു.
അവൾ ബെഡിൽ എഴുന്നേറ്റിരുന്ന് പുതപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു കോഫി ഊതി കുടിച്ചു.
“നല്ല ബോഡി പെയിൻ ഉണ്ടോ?” അവൻ കുസൃതിയോടെ ചോദിച്ചു.
അവൾ ചിരിച്ചുകൊണ്ട് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. “ഉണ്ട്… ഇന്നലെ ആൾക്കാര് എന്നെ ശരിക്കും പഞ്ഞിക്കിട്ടതല്ലേ. എന്റെ കാലും നടുവും ഒക്കെ നല്ല വേദനയുണ്ട്.”
“സാരമില്ല, ഇന്ന് സ്കൂൾ വിട്ടു വരുമ്പോഴേക്കും ഞാൻ ഒരു നല്ല മസാജ് തരാം. വേഗം പോയി കുളിച്ചു റെഡി
ആക്. എനിക്ക് കുറച്ചു കാര്യങ്ങൾ കൂടെ നോക്കാനുണ്ട്.”
അനിത കോഫി കുടിച്ചു തീർത്തു ബാത്റൂമിലേക്ക് പോയി. ഉണ്ണി അപ്പോഴേക്കും തന്റെ ലാപ്ടോപ്പ് തുറന്ന് ഇന്നത്തെ കണക്കുകളും ബില്ലുകളും ഒന്ന് ചെക്ക് ചെയ്യാൻ തുടങ്ങി.
പമ്പിലെ കളക്ഷൻ റിപ്പോർട്ടും ബിൽഡിങ് വർക്കിന്റെ എസ്റ്റിമേറ്റും അവൻ നോക്കി ഉറപ്പുവരുത്തി. കുറച്ചു കഴിഞ്ഞപ്പോൾ അനിത കുളി കഴിഞ്ഞു വന്നു. തലയിൽ ടവ്വൽ ചുറ്റി, ഒരു കോട്ടൺ ഗൗൺ ആയിരുന്നു വേഷം.
അവൾ അടുക്കളയിലേക്ക് പോയി പ്രഭാതഭക്ഷണം ഉണ്ടാക്കാനുള്ള പരിപാടികൾ തുടങ്ങി. ഇന്ന് പുട്ടും കടലക്കറിയും ഉണ്ടാക്കാം എന്ന് അവൾ തീരുമാനിച്ചു.
അരമണിക്കൂറിനുള്ളിൽ ഉണ്ണിയും കുളി കഴിഞ്ഞു റെഡിയായി വന്നു. പാടത്തേക്കും സൈറ്റിലേക്കും പോകേണ്ടത് കൊണ്ട് അവൻ ഒരു സിമ്പിൾ ആയ ഇളം നീല കോട്ടൺ ഷർട്ടും കറുത്ത പാന്റുമാണ് ധരിച്ചത്.
അവൻ അടുക്കളയിലേക്ക് വന്നപ്പോൾ അനിത കടലക്കറിയിലേക്ക് കടുക് വറക്കുകയായിരുന്നു. നല്ല നാടൻ കടലക്കറിയുടെ മണം അടുക്കളയിലാകെ നിറഞ്ഞു നിന്നിരുന്നു.
“ആഹാ… നല്ല മണം ഉണ്ടല്ലോ. പെട്ടെന്ന് ആവട്ടെ ഭയങ്കര വിശപ്പ്.” ഉണ്ണി ഡൈനിങ് ടേബിളിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
“ദാ കഴിഞ്ഞു ഉണ്ണിയേട്ടാ. രണ്ട് മിനിറ്റ്.” അവൾ ചൂട് പുട്ടും കടലക്കറിയും പാത്രങ്ങളിലാക്കി ടേബിളിലേക്ക് കൊണ്ടുവന്നു വെച്ചു.
രണ്ടുപേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.
അവർ രണ്ടുപേരും അന്ന് നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ ഓരോന്ന് പറഞ്ഞിരുന്നു ഭക്ഷണം കഴിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞു അനിത തന്റെ സ്കൂളിലേക്കുള്ള വസ്ത്രം മാറാനായി പോയി. ഒരു മനോഹരമായ പച്ച ബോർഡർ ഉള്ള കേരള സാരിയാണ് അവൾ ഇന്ന് തിരഞ്ഞെടുത്തത്.
അതിനൊപ്പം ഒരു കറുത്ത ബ്ലൗസും.
നെറ്റിയിൽ ചെറിയൊരു കറുത്ത പൊട്ടും വെച്ച് കണ്ണെഴുതി, ചുണ്ടിൽ നേരിയ ലിപ്സ്റ്റിക്കും ഇട്ടു അവൾ പുറത്തേക്ക് വന്നപ്പോൾ ഉണ്ണി അവളെ തന്നെ നോക്കി നിന്നുപോയി.
“എന്താ ഇങ്ങനെ നോക്കുന്നെ?” അവൾ നാണത്തോടെ ചോദിച്ചു.
“ഒന്നുമില്ല… എന്റെ പെണ്ണ് സാരിയുടുത്താൽ എന്തൊരു ഭംഗിയാണെന്ന് നോക്കുവായിരുന്നു. സ്കൂളിലെ സാറുമാരൊക്കെ നിന്റെ പുറകെ തന്നെ ആണോ?” അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
“പോ ഉണ്ണിയേട്ടാ… ചുമ്മാ കളിയാക്കാതെ. അവിടുത്തെ സാറുമാരൊക്കെ പ്രായമുള്ളവരാ. പിന്നെ എന്റെ ഉണ്ണിയേട്ടനെ കഴിഞ്ഞിട്ടല്ലേ എനിക്ക് വേറെ ആരുമുള്ളൂ.” അവൾ അവന്റെ അടുത്ത് വന്നു ഷർട്ടിന്റെ കോളർ ശരിയാക്കി കൊടുത്തുകൊണ്ട് പറഞ്ഞു.
