ഞാൻ സന്തോഷാധിരേകത്താൽ അവളേയും വാരിപ്പുണർന്ന് ആ മുറിയിലിരുന്ന് പൊട്ടിക്കരഞ്ഞുപോയി. എന്റെ പ്രാണന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് ആ സന്തോഷം ഞങ്ങൾ പരസ്പരം പങ്കുവെച്ചു.
ഞാൻ എന്റെ പ്രാണപ്രിയയുടെ മുറിയിൽ നിന്ന് സന്തോഷത്തിന്റെ കണ്ണീരോടെ പുറത്തേക്ക് വരുമ്പോൾ, പടിവാതിൽക്കൽ തന്നെ എന്റെ അച്ഛനും അമ്മയും ഉത്കണ്ഠയോടെ നിൽപ്പുണ്ടായിരുന്നു. അയൽരാജ്യത്തെ യാത്ര കഴിഞ്ഞ് മകൻ തിരിച്ചെത്തിയപ്പോൾ എന്താണ് അന്തഃപുരത്തിൽ സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷയോടെ നിന്ന അവരുടെ മുഖത്തേക്ക് ഞാൻ ആ വലിയ വിശേഷം പുഞ്ചിരിയോടെ സമ്മാനിച്ചു.
“അച്ഛാ… അമ്മേ…” എന്റെ തൊണ്ട ഇടറി. “നിങ്ങൾ മുത്തച്ഛനും മുത്തശ്ശിയു മാകാൻ പോകുന്നു… നമ്മുടെ വംശത്തിന്റെ അടുത്ത തലമുറ ഈ കൊട്ടാരത്തിലേക്ക് പിറവിയെടുക്കാൻ പോവുകയാണ്!”
ആ
വാക്കുകൾ കേട്ട ആ നിമിഷം, അച്ഛന്റെ ഗാംഭീര്യമുള്ള മുഖത്ത് വിരിഞ്ഞ ആനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. വർഷങ്ങളായി രാജ്യത്തിന്റെ ഭാരവും ഉത്തരവാദിത്തങ്ങളും മാത്രം ചുമന്നുനടന്ന ആ പിതാവിന്റെ കണ്ണുകൾ ആദ്യമായി സന്തോഷത്താൽ നിറഞ്ഞുതുളുമ്പി. അമ്മയോടടുത്തേക്ക് ചെന്ന് അവരെ വാരിപ്പുണർന്ന് കണ്ണീരോടെ ആ സന്തോഷം പങ്കുവെച്ചപ്പോൾ, കൊട്ടാരത്തിലെ പരിചാരകരും ഭടന്മാരും ആ കാഴ്ച കണ്ട് കൈകൂപ്പി നിന്നു.
പെട്ടെന്ന് ആ വാർത്ത കൊട്ടാരത്തിന്റെ വരാന്തകളിലൂടെയും സേവകരുടെ ഇടയിലേക്കും പടർന്നു.
“നമ്മുടെ ഇളവരശന് കുഞ്ഞു പിറക്കാൻ പോകുന്നു! കൊട്ടാരത്തിലേക്ക് പുതിയൊരു അനന്തരാവകാശിയേറുന്നു!”—ആ വാക്കുകൾ അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ കൊട്ടാരം ഇളകിമറിഞ്ഞു. പാവപ്പെട്ട തെരുവിന്റെ മണ്ണിൽ നിന്ന് ഈ കൊട്ടാരത്തിന്റെ നെറുകയിലേക്ക് വിധി കൂട്ടിക്കൊണ്ടുവന്ന ആ പ്രാണപ്രിയ ഇന്ന് ആ രാജ്യത്തിന്റെ സർവ്വതും കീഴടക്കിയ മഹാറാണിയായി മാറി കഴിഞ്ഞിരുന്നു. കൊട്ടാരത്തിന്റെ പൂമുഖങ്ങളിൽ മധുരപലഹാരങ്ങൾ പങ്കുവെക്കപ്പെട്ടു. സംഗീതത്തിന്റെയും ആഹ്ളാദത്തിന്റെയും അലയൊലികൾ കൊണ്ട് ആ രാജ്യം മുഴുവൻ പുതിയൊരു ഉത്സവലഹരിയിലേക്ക് ആറാടി
.
കൊട്ടാരത്തിലാകെ ആ സന്തോഷവാർത്ത പടർന്നുകയറിയ ആ നിമിഷം, എന്റെ കണ്ണുകൾ തിരഞ്ഞത് മറ്റൊരു മുഖമായിരുന്നു—എന്റെ വാളും ജീവിതവും കാക്കുന്ന, ഈ കൊട്ടാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ എന്നെ നിഴൽപോലെ പിന്തുടരുന്ന ആ വിശ്വസ്തനായ യോദ്ധാവിനെ… എന്റെ രുദ്ര …അവൻ എവിടെ …എന്റെ നിഴലായി നടക്കാറുള്ള അവൻ ഇത്രയും വലിയ സന്തോവർത്ത അറിഞ്ഞില്ലേ ?
കണ്ണ് കൊണ്ട് ചുറ്റും ഒന്ന് പരതി നോക്കിയ ഞാൻ കണ്ടു .
കാവൽ ഭടന്മാരുടെയും സേവകരുടെയും ഇടയിലൂടെ ശാന്തനായി നടന്നുപോകുന്നത്. അവന്റെ കണ്ണുകളിൽ അപ്പോഴും ഒരു പടയാളിയുടെ ജാഗ്രതയും ഗാംഭീര്യവും മാത്രമാണുണ്ടായിരുന്നത്.
ഞാൻ വേഗത്തിൽ അവന്റെ അരികിലേക്ക് ചെന്നു.
എന്റെ
മുഖത്തെ തിളക്കം കണ്ട രുദ്ര പെട്ടെന്ന് മുട്ടുകുത്തി ആദരവോടെ തലകുനിച്ച് വണങ്ങി.
“വ്യോമാ … അന്തഃപുരമാകെ പുതിയൊരു ആഘോഷത്തിന്റെ ആവേശത്തിലാണല്ലോ? എന്താണ് ഇത്രയും വലിയൊരു സന്തോഷം?”
അവന്റെ ശബ്ദത്തിൽ ആ ഗാംഭീര്യത്തിനൊപ്പം പതിവില്ലാത്തൊരു ആകാംശ നിഴലിച്ചു.
ഞാൻ അവന്റെ തോളിൽ കൈവെച്ചു, പുഞ്ചിരിയോടെ മന്ത്രിച്ചു:
“നിന്റെ യുവരാജാവിന് ഒരു കുഞ്ഞു പിറക്കാൻ പോകുന്നു രുദ്രാ …. നീ അമ്മാവനാകാൻ പോകുന്നു… നമ്മുടെ വംശത്തിന്റെ അനന്തരാവകാശി ഈ കൊട്ടാരത്തിലേക്ക് വരികയാണ്!”
ആ വാർത്ത കേട്ട ആ നിമിഷം, അവന്റെ മുഖം പ്രകാശിച്ചു. കല്ലുപോലെയുറച്ച ആ ചുണ്ടുകൾ വലിഞ്ഞ്, അപൂർവ്വമായി മാത്രം വിരിയുന്ന ആ ഹൃദ്യമായ പുഞ്ചിരി അവിടെ തെളിഞ്ഞു വന്നു. അവന്റെ കണ്ണുകൾ സന്തോഷത്താൽ ചെറുതായി തിളങ്ങി.
അവൻ വേഗത്തിൽ എഴുന്നേറ്റ് എന്റെ കൈകളിൽ മുറുകെപ്പിടിച്ചു. ആ പരുക്കൻ വിരലുകളുടെ വിറയലിൽ അവൻ അനുഭവിച്ച ആനന്ദം വ്യക്തമായിരുന്നു.
“വ്യോമാ …” അവന്റെ തൊണ്ട ഇടറി. “എന്റെ ജീവൻ ഈ രാജ്യത്തിനും അങ്ങേക്കും വേണ്ടി മാറ്റിവെച്ചവനാണ് ഞാൻ. അങ്ങയുടെ വംശം വളരുന്നത് കാണുന്നതിനേക്കാൾ വലിയൊരു സൗഭാഗ്യം ഈ പടയാളിയുടെ ജീവിതത്തിൽ വേറെയില്ല… നമ്മുടെ ഇളവരശൻ അല്ലെങ്കിൽ ഇളകുമാരി ഈ കൊട്ടാരത്തിലേക്ക് വരുന്നത് കാണാൻ ഈ കാവൽക്കാരന്റെ ആയുസ്സും കൂട്ടുണ്ടാകും!”
