ഭൂമിയിലെ ഗന്ധർവ്വൻ – 4 4അടിപൊളി  

അവൻ തലതാഴ്ത്തി, വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു:

“അതാണ് വ്യോമാ …… എനിക്ക് പോലും വിശ്വസിക്കാൻ കഴിയുന്നില്ല. കൊട്ടാരത്തിലെ ചിലരുടെ ചതിയാണോ അതോ രഹസ്യ തുരങ്കങ്ങൾവഴി അവർ അകത്തുകടന്നതാണോ എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. അവരുടെ വാളുകൾ ഇതിനകം തന്നെ നമ്മുടെ കാവൽക്കാരുടെ ജീവനെടുത്തു കഴിഞ്ഞു.അച്ഛനും അമ്മയും അവരുടെ പിടിയിലാണ് . അവർ നേരെ ഇങ്ങോട്ടാണ്

വരുന്നത്… അങ്ങയുടെയും കുമാരിയുടെയും ജീവന് ആപത്താണ്, നമ്മൾ പെട്ടെന്ന് ഇവിടെനിന്നും മാറണം!”

.

അവന്റെ വാക്കുകൾ അവസാനിച്ചതും, പുറത്തുനിന്നും ശത്രുക്കളുടെ ആർപ്പുവിളികളും വാളുകൾ ഉരസുന്ന ശബ്ദവും അന്തഃപുരത്തിന്റെ വരാന്തകളിൽ പ്രതിധ്വനിക്കാൻ തുടങ്ങി. എന്റെ ഉള്ളിലെ രക്തം തിളച്ചുമറിഞ്ഞു. ഒരുവശത്ത് ഗർഭിണിയായ എന്റെ അരികിൽ കിടക്കുന്ന എന്റെ പ്രാണപ്രിയയും ഞങ്ങളുടെ വംശത്തിന്റെ കുഞ്ഞും, മറുവശത്ത് രാജ്യത്തെയും ഞങ്ങളെയും കൊന്നൊടുക്കാൻ വന്ന ശത്രുക്കളും!

ഇനി ദിവസങ്ങളുടെ ദൂരം മാത്രമേ ഒള്ളു എന്റെ കുഞ്ഞിന് ഈ ഭൂമിയിലേക്ക് പിറക്കാൻ …

എന്റെ നെഞ്ചോന്ന പിടഞ്ഞു

ഞാൻ ഉറച്ച കാൽവെപ്പോടെ തിരിഞ്ഞ് എന്റെ പടച്ചട്ടയണിഞ്ഞു വാളൂരിപ്പിടിച്ചു; ആ കൊട്ടാരത്തിന്റെ വിധി വീണ്ടും രക്തത്തിലൂടെ എഴുതപ്പെടാൻ പോകുന്ന ആ പോരാട്ടത്തിലേക്ക് ഞാൻ ഇറങ്ങുകയായിരുന്നു.

ശത്രുക്കളുടെ വാളൊലികൾ കൊട്ടാരത്തിന്റെ വരാന്തകളിൽ മുഴങ്ങിക്കേട്ട ആ നിമിഷം, എന്റെ ഉള്ളിൽ കത്തിപ്പടർന്നത് പകയോ ഭയമോ അല്ലായിരുന്നു—എന്റെ അച്ഛനെയും അമ്മയെയും രക്ഷിക്കണമെന്നുള്ള വെപ്രാളമായിരുന്നു. കട്ടിലിൽ പ്രസവവേദനയാൽ വിറങ്ങലിച്ചു കിടക്കുന്ന എന്റെ പ്രാണപ്രിയയെ ഒരു നിമിഷം നോക്കി, ഞാൻ രുദ്രന്റെ നേരെ തിരിഞ്ഞു.

“രുദ്ര …” ഞാൻ അവന്റെ കൈകളിൽ മുറുകെപ്പിടിച്ചു. “എന്റെ അച്ഛനും അമ്മയും ശത്രുക്കളുടെ പിടിയിലാണ്. എനിക്ക് എന്റെ മാതാപിതാക്കളെ രക്ഷിച്ചേ പറ്റൂ. അതുകൊണ്ട് എന്റെ പ്രാണനേക്കാൾ വിലമതിക്കുന്ന എന്റെ ഭാര്യയെയും അവളിൽ വളരുന്ന ഞങ്ങളുടെ കുഞ്ഞിനെയും ഞാൻ നിന്റെ കൈകളിൽ ഏൽപ്പിക്കുന്നു. എന്റെ നിഴലായ നീ, ഇവരുടെ ജീവന് ഒരു പോറലേൽക്കാതെ നമുക്ക് മാത്രം അറിയുന്ന പുറത്തേക്കുള്ള രഹസ്യ വഴിയിൽ എത്തിക്കണം .”

.

എന്നാൽ എന്റെ വാക്കുകൾ കേട്ട് രുദ്രയുടെ മുഖം കൂടുതൽ വിളറിവെളുത്തു. അവൻ

മുട്ടുകുത്തി നിന്ന്, വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു:

“വ്യോമാ …… മാപ്പ് തരണം. ഈ പടയാളിക്ക് അതിന് സാധിക്കില്ല! അങ്ങയെ തനിച്ചാക്കി ഈ അന്തഃപുരത്തിൽ ഒളിച്ചിരിക്കാൻ എന്റെ വാളും എന്റെ മനസ്സും അനുവദിക്കില്ല. അങ്ങയുടെ ജീവന് കാവലായിരിക്കാനാണ് എന്നോട് കല്പിച്ചിരിക്കുന്നത് . അങ്ങില്ലാത്തൊരു രാജ്യം എനിക്ക് വേണ്ട, അങ്ങയെ ഒറ്റയ്ക്ക് വിട്ട് എനിക്ക് ഇവിടെ നിൽക്കാനും കഴിയില്ല!”

അവന്റെ ആ വാക്കുകൾ കേട്ട ആ നിമിഷം, എന്റെ സിരകളിലൂടെയോടിയ ചോര തിളച്ചുമറിഞ്ഞു. ചുറ്റും ശത്രുക്കൾ ഇരച്ചുകയറുന്ന ആപത്ഘട്ടത്തിൽ, എന്റെ ആജ്ഞയെ ധിക്കരിക്കുന്ന ആ വിശ്വസ്തതയെ കടുത്ത ഭാഷയിൽ നേരിടാൻ എനിക്ക് തോന്നി . ഞാൻ അവന്റെ തോളിൽ പിടിച്ച് ദേഷ്യത്തോടെ അലറി:

“ഇത് എന്റെ വെറുമൊരു അപേക്ഷയല്ല രുദ്രാ …, യജമാനന്റെ കൽപ്പനയാണ്! രാജരീതി അനുസരിച്ച് നിന്റെ കുലവും ജീവനും എനിക്ക് കീഴ്പെട്ടതാണ്. ഒരു പടയാളിയുടെ പരമമായ കടമ തന്റെ യജമാനന്റെ കുടുംബത്തെ രക്ഷിക്കുകയെന്നതാണ്. എന്റെ ഭാര്യയ്ക്കും വരാൻ പോകുന്ന കുഞ്ഞിനും എന്തെങ്കിലും സംഭവിച്ചാൽ, അതിന് ഉത്തരവാദി നീയായിരിക്കും! വാളെടുത്ത് ഞാൻ പറഞ്ഞത് അനുസരിക്കുന്നതാണ് നല്ലത് —ഇത് എന്റെ രാജകീയ കൽപ്പനയാണ്!”

എന്റെ കടുത്ത വാക്കുകൾ കേട്ട് ഞെട്ടിപ്പോയ രുദ്ര പിന്നെ ഒരക്ഷരം മിണ്ടിയില്ല. അവന്റെ കണ്ണുകൾ നിറഞ്ഞെങ്കിലും, ഒരു പടയാളിയുടെ കടമ അവന്റെ മുഖത്ത് വീണ്ടും ഗാംഭീര്യമായി ഉറച്ചു. അവൻ വാളൂരിപ്പിടിച്ച് എനിക്ക് മുന്നിലൂടെ അകത്തേക്ക് കടന്നു

Leave a Reply

Your email address will not be published. Required fields are marked *