മൂന്നാമതായി ജനിച്ചത് പരമേശ്വരൻ, ഭാര്യ സാവിത്രി ഇരുവരും സ്വന്തമായി ബിസ്സിനസ് ചെയ്യുന്നു, മക്കൾ ഗായത്രി, കല്യാണി .പിന്നെ ഉള്ളത് ഹരിഹരൻ ഭാര്യ ലക്ഷ്മി രണ്ടു പേരും IT ഫീൽഡിലാണ്. മക്കൾ നന്ദകുമാർ , വിഷ്‌ണു . ശേഖരൻ്റെ അവസാന സന്തതിയാണ് മാലതി . സൂര്യമംഗലം LP യിലെ അധ്യാപികയാണ്.
ഭർത്താവ് കൃഷ്‌ണദാസ് സ്ഥലം സബ് ഇൻസ്പെക്ടറും . ഒരേ ഒരു മകൾ ആണ് ദേവിക. ഇപ്പോൾ തറവാട്ടിലെ ഏറ്റവും ഇളയതാണ് ദേവിക അതിൻ്റെ എല്ലാ അഹങ്കാരവും അവൾക്കുണ്ട്. എല്ലാവരുടേയും ഓമനപുത്രിയാണ് അവൾ.
കാശിദേവും അഞ്ചനയും ഇണങ്ങിയും പിണങ്ങിയും വളർന്നു. ഇതിനിടയിൽ സൂര്യമംഗലത്തിൽ തൊട്ടിലുകളുടെ എണ്ണവും കൂടി. അമ്മയുടെ കൈയ്യിൽ തൂങ്ങി കാവിൽ പോവുന്നത് കാശിയുടെ പതിവായിരുന്നു. അമ്മയുടെ പാത പിന്തുടർന്ന അവൻ മത്സരം വന്നാലും പരീക്ഷ വന്നാലും കാവിൽ തൊഴുതിട്ടേ സ്കൂളിൽ പോകുമായിരുന്നുള്ളു. വീട്ടിൽ നിന്നും കാശിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളും വാത്സല്യവും അഞ്ചനയിൽ ചെറിയ അസൂയയ്ക്ക് മുളയിട്ടിരുന്നു. അത് വളരാൻ അതികം സമയം വേണ്ടിയിരുന്നില്ല. കാശിയുമായി സ്വന്തം അമ്മ തന്നെ അവളെ താരതമ്യം ചെയ്ത് കുറ്റപ്പെടുത്തിയിരുന്നു. അതവളിലെ അസൂയയ്ക്ക് വളമായി മാറി.
ഒരു ദിവസം സ്കൂൾ വിട്ടു വന്ന കാശി അമ്മ ആക്സിഡൻറ് പറ്റി ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞപ്പോൾ ഹോസ്പിറ്റലിലേക്ക് പോകണമെന്ന് വാശി പിടിച്ചു .അത് കണ്ട മാലതി അവനെ സമാധാനിപ്പിക്കാൻ ചെറിയൊരു പരിക്കു മാത്രമേ ഉള്ളൂ എന്നു പറഞ്ഞു . പക്ഷേ ഹാളിലേക്ക് വന്ന മീനാക്ഷി കാശി കേൾക്കേ തന്നെ ശ്രീദേവിയെ ഐസിയുവിൽ നിന്നും മാറ്റിയോ എന്ന് മാലതിയോട് ചോദിച്ചു. ഐസിയു എന്ന് കേട്ടതും കാശിയുടെ മനസ്സിൽ പേടി നിറഞ്ഞു. വലിയ പ്രശ്നമുള്ളവരെ മാത്രമേ ICU വിൽ ചികിത്സിക്കുകയുള്ളൂ എന്ന് കാശി നേരത്തെ മനസ്സിലാക്കിയിരുന്നു .
പേടിച്ച് കണ്ണുനിറഞ്ഞ കാശി മീനാക്ഷിയോട് അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു .പക്ഷേ മാലതി അവനെ സമാധാനിപ്പിക്കാൻ വേണ്ടി അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. കരയാൻ തുടങ്ങിയ കാശിയെ ഇരുവരും
ചേർന്ന് ആശുപത്രിയിലേക്ക് കൂട്ടികൊണ്ട് പോയി. പോകുന്ന വഴിയിൽ കാവെത്തിയപ്പോൾ കാശി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. വണ്ടി നിർത്തിയതും വാതിൽ തുറന്നത് അവൻ നേരെ കാവിലേക്ക് ഓടി. നടയിലെത്തി മനസ്സിൽ തെളിഞ്ഞ സകല ദൈവങ്ങളെയും വിളിച്ച് അമ്മയ്ക്ക് ഒന്നും വരുത്തരുതെന്ന് കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ചു.
വണ്ടിയിൽ ഇരുന്നു കരയുന്ന കാശിയെ പലതും പറഞ്ഞ് സമാധാനിപ്പിക്കാൻ മാലതി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഐസിയുവിന്റെ മുമ്പിൽ എത്തിയതും അവിടെ കൂടിനിന്ന വല്യച്ചനേയും അച്ഛനെയും ചെറിയച്ഛന്മാരെയും കണ്ടവൻ അവർക്ക് അരികിലേക്ക് ഓടി. മാധവനെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ എവിടെ എന്ന് ചോദിച്ച അവനോട് അമ്മയെ ഡോക്ടർ പരിശോധിക്കുകയാണെന്നും കുഴപ്പമില്ലെന്നും പറഞ്ഞു അവൻറെ മുടിയിൽ തലോടി .
” വലിയച്ഛാ എനിക്ക് അമ്മയെ കാണണം.”
“അമ്മ ഇപ്പോൾ പുറത്തുവരുമെടാ . അതിനകത്ത് ആരെയും കയറ്റില്ല, അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ ഇപ്പോ പറഞ്ഞിട്ട് പോയതേയുള്ളൂ.”
കാശിയെ രഘുനാഥിന്റെ അടുത്താക്കിയിട്ട് മാധവൻ മീനാക്ഷിയുടെയും മാലതിയുടെയും നേർക്ക് നടന്നു.
” ഇവനെ എന്തിനാ ഇപ്പോ ഇങ്ങോട്ട് കൊണ്ടുവന്നത്?”
കാശി കേൾക്കാതിരിക്കാൻ ശബ്ദം കുറച്ചു കൊണ്ടാണ് മാധവൻ ചോദിച്ചത് .
“ഞാൻ പരമാവധി സമാധാനിപ്പിക്കാൻ നോക്കിയതായേട്ടാ ,പക്ഷേ അതിനിടയിൽ ഏട്ടത്തി ഐസിയുവിനെ പറ്റി ചോദിച്ചതും അവൻ കരയാൻ തുടങ്ങി ,വാശി പിടിച്ചപ്പോൾ വേറെ വഴിയില്ലാത്തതുകൊണ്ട് വന്നതാ ”
മാലതി സാവദാനം പറഞ്ഞൊപ്പിച്ചു.
“കൊണ്ടുവരേണ്ടിയിരുന്നില്ല. അവൾ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല ,തലയ്ക്ക് നല്ല പരിക്കുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.”
ഉള്ളിലെ വിഷമമടക്കിപ്പിച്ച് മാധവൻ പറഞ്ഞു. പക്ഷേ അത് മാലതിയുടെ കണ്ണുകൾക്ക് താങ്ങാനായില്ല. ചുവരിലേക്ക് ചാരി വാ പൊത്തിപ്പിടിച്ചുക്കൊണ്ടവൾ ഏങ്ങലടിച്ചു. ചുറ്റും കൂടി നിൽക്കുന്ന എല്ലാവരിലും വിഷമം നിറഞ്ഞിരുന്നു. എന്നാൽ മീനാക്ഷിയെ ഇതൊന്നും ബാധിച്ചിരുന്നില്ല .മറ്റുള്ളവർക്ക് ഇതൊരു സംസാരവിഷയമാവാതിരിക്കാൻ അവൾ മുഖത്ത് സങ്കടഭാവം പ്രകടിപ്പിച്ചു നിന്നു.

Waw… സൂപ്പർ…
ഇന്ട്രെസ്റ്റിംഗ് സ്റ്റോറി….
പക്ഷെ ഫ്ലാഷ്ബാക്ക് ഇത്തിരി സ്പീഡ് കൂടിപ്പോയി….
ന്തായാലും പൊളി….
തുടരൂ….
നന്ദുസ്…