“ചെറിയമ്മ കഴിച്ചോ ”
“ഇല്ലടാ മോൻ കഴിഞ്ഞ് ഞാൻ ഇത്തിരി കഴിഞ്ഞ് കഴിച്ചോളം ”
” അച്ചു ഒരു പ്ലേറ്റ് എടുത്തിട്ട് വാ ”
എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞ ചെറിയമ്മയെ പിടിച്ചിരുത്തി ചോറ് വിളമ്പി കൊടുത്തു കഴിക്കാൻ ഓഡർ ഇട്ടു ഞാൻ .
” എന്നാപ്പിന്നെ വാരിക്കൊടുത്തോടെ ചെറിയ കുട്ടി അല്ലെ ഇരിക്കുന്നെ”
കുഞ്ഞി കുരുപ്പിൻ്റെ ഡയലോഗ് ആണ്, സ്വന്തം അമ്മക്ക് വിളമ്പിക്കൊടുത്തത് അവൾക്ക് പിടിച്ചില്ല അതിൻ്റെ അസൂയ ആണ്. എന്നിട്ട് എന്നെ നോക്കി കൊഞ്ഞലം കുത്തി അപ്പുറത്തേക്ക് മാറി ഇരുന്നു.
” അച്ചു എൻ്റെ ചെറിയ ബാഗിലെ ചോക്കലേറ്റ് ഉണ്ട് ചോക്കളേറ്റ്……അത് നീ എടുത്തോ ആർക്കും കൊടുക്കണ്ട കേട്ടോ”
പിണങ്ങി പോയ കുറുപ്പിനെ കേൾപ്പിക്കാൻ വേണ്ടി തന്നെ ഞാൻ ഉച്ചത്തിൽ അച്ചുവിനോട് പറഞ്ഞു. ചോക്കളേറ്റ് എന്ന കേട്ടപാടെ ഓടി വന്ന എൻ്റെ ചുറ്റും പരുങ്ങി നിന്നു. അത് കണ്ടിട്ട് ചെറിയമ്മകും എനിക്കും അച്ചുവിനും ചിരിവന്നു.
” അതിൽ നാലെണ്ണം ഉണ്ട് എല്ലാം നീ എടുത്തോ കേട്ടോ ”
വീണ്ടും അച്ചുവിനോട് പറഞ്ഞ് ചോറിലേക്ക് ശ്രദ്ധിച്ച എൻ്റെ പുറത്ത് രണ്ട് കുഞ്ഞിവിരലുകൾ തോണ്ടാൻ തുടങ്ങി ,ഞാൻ മൈൻഡ് ആക്കിയില്ല തോണ്ടലിൻ്റെ ശക്തി കൂടി വന്ന് അത് ചെറിയൊരു മാന്തൽ ആയി മാറി .
“എന്താ..?”
തിരിഞ്ഞിരുന്നു ഞാൻ ചോദിച്ചു. അയ്യപ്പാവം കാണിച്ചു നിന്ന് അവൾ എനിക്ക് നേരെ കൈ നീട്ടി. ഞാൻ തുപ്പുന്ന പോലെ കാണിച്ചപ്പോ കൈ വലിച്ചവൾ
” അതല്ല നിക്കും വേണം ചോക്കളേറ്റ് ”
എന്ന് പറഞ്ഞ് എൻ്റെ തടിയിൽ പിടിച്ച് കൊഞ്ചിക്കുന്ന പോലെ ചെയ്തു ,കണ്ണുകൊണ്ടൊക്കെ എന്തൊക്കെയോ കാണിക്കുന്നുണ്ട് എന്നെ മയക്കാൻ. ഇതൊക്കെ കണ്ട് ചെറിയമ്മ ചിരിച്ചോണ്ടിരിക്കുവാണ്. അപ്പോഴേക്കും അച്ചു ചോക്കോലേറ്റ്സും കൊണ്ട് താഴെ എത്തിയിരുന്നു. അവളുടെ കയ്യിലെ തിളങ്ങുന്ന പർപ്പിൾ കവർ കണ്ടതും വീണ്ടും ദേവു എന്നെ പ്രതീക്ഷയോടെ നോക്കി ചുണ്ടു പിളർത്തി കണ്ടിച്ചു. ഡയറിമിൽക് തരാമെന്ന് പറഞ്ഞാൽ
ചെലപ്പോ അവൾ e തറവാട് വരെ പൊളിക്കാൻ മുന്നിൽ നിക്കും .
“ഷെയർ ചെയ്യോ? അതോ ഒറ്റക്ക് തിന്നുവോ?”
മേലോട്ട് നോക്കിയുള്ള ചെറിയ ആലോചനയ്ക്ക് ശേഷമാണ് ഉത്തരം പറഞ്ഞത് അതും കഷ്ടപ്പെട്ട്.
” അച്ചുചേച്ചിക്ക് ഒന്ന് കൊടുക്കാം അമ്മക്ക് പകുതി കൊടുക്കാം പോരെ ?”
“അപ്പൊ ബാക്കിയോ?”
” ബാക്കി… ബാക്കി ദേവുന്”
മുപ്പത്തിരണ്ട് പല്ലും കാണിച്ച് ചിരിച്ചോണ്ട് അവൾ പറഞ്ഞു.
” ഒറ്റയടിക്ക് എല്ലാം തിന്നാൽ പല്ല് പുഴു കൊണ്ടോവും അതോണ്ട് കുറച്ച് കുറച്ച് തിന്നമതി കേട്ടല്ലോ അല്ലേൽ ഇനി വാങ്ങി തരൂല ഞാൻ , ഡീൽ?”
“ഒകെ ഡീൽ”
ഡയറിമിൽക് കിട്ടിയതിൻ്റെ സന്തോഷത്തിൽ അവൾ തലയാട്ടി ഒരു thumbs up കാണിച്ച് ഉമ്മറത്തേക്ക് ഓടി.
കഴിച്ച് കഴിഞ്ഞ് റൂമിലേക്ക് പോയി വരുമ്പോൾ വാങ്ങിച്ച പുതിയ ജോഡി ഡ്രസ്സ് എടുത്ത് ഒരു ജോഡി അച്ചുവിന് കൊടുത്തു. ചെറിയമ്മയ്ക്കും ദേവുവിനും ചെറിയച്ചനുമുള്ളത് ചെറിയമ്മയുടെ കയ്യിലും കൊടുത്തു. ബാക്കി ഉള്ളതെടുത്ത് മുത്തശ്ശിയുടെ മുറിയിലേക്കും നടന്നു.
” ഇങ്ങനെ തൈലവും തടവി ഇരുന്ന മതിയോ കാവിലെക്കൊന്നും പോകണ്ടേ മൂത്ത കാരണവരെ ”
മുറിയിൽ കയറിയപാടെ കാലിൽ തൈലം ഇടുന്ന മുത്തശ്ശിയോട് തമാശയായി ഞാൻ ചോദിച്ചു.
” എണീറ്റോ കുട്ട്യേ നീ,നല്ല ഉറക്കം ആണെന്ന് മാലതി പറഞ്ഞിരുന്നു. മുട്ടുവേദന ഒക്കെ കൂടി കുട്ട്യേ രണ്ടൂസം കഴിഞ്ഞിട്ടൊക്കെ പോകാം കാവിലേക്ക്. കാര്യങ്ങൾ ഒക്കെ ചെയ്യാൻ മാധവൻ ഉണ്ടല്ലോ അവൻ നോക്കിക്കോളും എല്ലാം..അതെന്താ കുട്ട്യേ കയ്യിലൊരു സഞ്ചി .. ?”
“ഇതൊരു കോടിമുണ്ടാ…മുത്തശ്ശിക്ക് ഞാൻ വാങ്ങിയത്. കാവിൽ പോകുമ്പോ ഉടുക്കാൻ.. ദാ വാങ്ങിക്ക്”
“നിക്കെന്തിനാ കുട്ട്യേ ഇപ്പൊ ഇതൊക്കെ ,വെറുതെ പൈസ കളയാൻ ആയിട്ട്. കുട്ടിയോൾക്ക് എന്തെങ്കിലും വാങ്ങിച്ച പോരായിരുന്നോ നിനക്ക്? ”
” രണ്ടനിയത്തിക്കുട്ടികൾക്കും വാങ്ങി കൊടുത്തിട്ടുണ്ട് പിന്നെ രണ്ട് വല്യ കുട്ടിയോൾക്കും കൂട്ടത്തിൽ ഈ വയസ്സത്തിയെ മറക്കാൻ പറ്റുക എനിക്ക്..അതോണ്ട് നല്ലക്കുട്ടി ആയിട്ട് ഇത് വാങ്ങ് എന്നിട്ട് കാവിൽ പോകുമ്പോൾ ഇതിട്ട് വേണം പോകാൻ”
