ചന്ദ്ര വേദം – 3 1അടിപൊളി  

“രണ്ട് ദിവസത്തിനുള്ളിൽ എടുക്കാനുള്ളതൊക്കെ എടുത്ത് ഈ പടി ഇറങ്ങാം നിനക്ക്, ഇവിടെ വേറെയും പെൺകുട്ടികൾ ഉള്ളതാണ് പെണ്ണുപിടിയന്മാർക്ക് ഇവിടെ സ്ഥാനമില്ല. പോകുന്നവരെ എല്ലാവരും കഴിച്ച ശേഷം ഇവന് ഭക്ഷണം കൊടുത്താൽ മതി. അങ്ങനെ അല്ലെങ്കിൽ ഇവൻ്റെ കൂടെ അവർക്കും ഇറങ്ങാം.”

ചെറിയ ശിക്ഷ പോലെ തോന്നിയെങ്കിലും ആ തറവാട്ടിലെ വലിയ തീൻ മേശയിൽ എല്ലാവരോടും കൂടെ ഒന്നിച്ചിരുന്നു കഴിച്ച് ശീലിച്ച കാശിക്ക് ഏകാന്തത വലിയൊരു കടമ്പയാണ്. മാലതി യെ നോക്കിയാണ് ശേഖരൻ അവസാന വാക്ക് പറഞ്ഞത്. അതോടെ മാലതിക്കും പിടിവിട്ടു.

“ദേവാ ആവശ്യമുള്ളതൊക്കെ എടുത്തോ നമുക്ക് എൻ്റെ വീട്ടിൽ പോകാം അവടെ നിന്നെ ആരും പുറത്താക്കില്ല.”

അമ്മയ്ക്ക് ശേഷം ഈ വീട്ടിൽ തന്നെ കൂടുതൽ സ്നേഹിക്കുന്നത് ചെറിയമ്മ ആണെന്ന് അവനറിയാം,പിന്നെ മുത്തച്ഛനും മുത്തശ്ശിയും ആയിരുന്നു അതിൽ മുത്തശ്ശൻ തന്നെ വെറുത്തുടങ്ങിയെന്ന് അവന് മനസിലായി. മുത്തശ്ശിയും തന്നെ വെറുത്തുതുടങ്ങിയോ എന്ന് അവൻ സംശയിച്ചു,

ഇല്ല മുത്തശ്ശി കരയുവാണു, പോകുന്നതിലേ സങ്കടമാവാം. ഇതുവരെ ഒരക്ഷരം തനിക്ക് വേണ്ടി സംസാരിക്കാതെ മാറിനിന്ന അച്ഛനെയും അമ്മമാരെ പേടിച്ച് നിന്ന സഹോദരങ്ങളെയും നോക്കി ജീവനില്ലാത്ത ശരീരമായി അവൻ ഇറങ്ങാൻ തീരുമാനിച്ചു. ഇപ്പൊ തന്നെ ആർക്കും വേണ്ടെന്ന് മനസിലായ അവൻ മാലതി യുടെ കൂടെ ഇറങ്ങി.

” ദേവേട്ടാ….”

അവനെ സ്നേഹിക്കുന്ന ഒരാളുകൂടെ അവിടെ ഉണ്ടായിരുന്നു. അച്ചു എന്ന് അവൻ സ്നേഹത്തോടെ വിളിക്കുന്ന അക്ഷര രഘുനാഥ്. അവൻ്റെ പെങ്ങൾ !. ഓടിവന്നു അവനെ കെട്ടിപിടിച്ചു പോകണ്ടെന്ന് അവൾ പറഞ്ഞെങ്കിലും പിന്നെ കാണാമെന്ന് പറഞ്ഞ് വാത്സല്യത്തോടെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി അവൻ മുന്നോട്ട് നടന്നു. പിന്നിൽ നിന്നും അച്ചുവിനെ ശകാരിക്കുന്നത് അവന് കേൾക്കാമായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞു വന്ന കൃഷ്ണദാസിനോട് മാലതി കാര്യങ്ങൾ എല്ലാം

പറഞ്ഞു. പൊതുവെ സ്വൽപം ദേഷ്യക്കാരനാണു ദാസ് എങ്കിലും മാലതി യെ ജീവനാണ്,കാശിയെയും ദാസിന് ഇഷ്ടമാണ്. അതുകൊണ്ട് ഇനി അവിടെ നിന്നോളാൻ ദാസ് ആവശ്യപ്പെട്ടു. പക്ഷേ കാശിക്ക് അതിൽ വലിയ താല്പര്യം ഇല്ലായിരുന്നു. അമ്മ പോയ ശേഷം മൂകനായ അവൻ സന്തോഷത്തിലേക്ക് വന്നുകൊണ്ടിരുന്നപ്പോൾ ആണ് ഇതൊക്കെ സംഭവിച്ചത് . അത് കാശിയെ വല്ലാതെ ബാധിച്ചു. അതോടെ കാശി തീർത്തും അന്തർമൂകൻ ആയി മാറി. പഴയ കളിയും ചിരിയും ഇല്ലാതെ ആയി. ആകെ ചിരിച്ച് സംസാരിക്കുന്നത് മാലതി യോടും ദാസിനോടും മാത്രമാണ്. കഷ്ടപ്പെട്ട് ഒരു മാസം കാശി അവടെ നിന്നു , പിന്നീട് ഒരു ദിവസം ബാഗെല്ലാം എടുത്ത് മാലതി യോട് ദൂരം പ്രശ്നമാണെന്നും ഹോസ്റ്റലിലേക്ക് മറുവാണ് വീക്കെൻഡിൽ വരാമെന്നും പറഞ്ഞ് അവൻ ഇറങ്ങി. തടയാൻ ശ്രമിച്ചെങ്കിലും മാലതി ക്ക് അതിനു കഴിഞ്ഞില്ല.

ആദ്യത്തെ ഒന്നുരണ്ടാഴ്ചാവസനം മാലതി യെ കാണാൻ വന്നെങ്കിലും പിന്നീട് വരാതായി. Sem ബ്രേക്ക്നു പോലും വീട്ടിൽ വരാതെ അവൻ ജോലി ചെയ്തു ദിവസങ്ങൾ നീക്കി. ഇതൊന്നും മാലതി അറിഞ്ഞിരുന്നില്ല .ഒന്നാം വർഷം കഴിഞ്ഞതും തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ വാങ്ങി കണ്ണൂരിൽ നിന്നും പൂർണമായും മാറിനിന്ന്. പോകുന്നതിന് മുമ്പ് മാലതിയെയും ദാസിനെയും ദേവുവിനെയും കണ്ട് യാത്ര പറഞ്ഞ് അവൻ തൻ്റെ പത്തൊൻപതാം വയസിൽ അനാഥനാണെന്ന് സ്വയം മനസിൽ പ്രഖ്യാപിച്ചു.

കോളേജ് കഴിയുന്നത് വരെ അവൻ തിരിച്ച് പോയില്ല. അവടെ വച്ച് പുതിയ കൂട്ടുകാരെ കിട്ടി. പിന്നീട് എൻജിനീയർ ആയി കുറച്ചു കാലം ജീവിച്ചു. അതിൽ മടുത്ത അവൻ ഇഷ്ട സീനിയർ ആയ അനുരാഗിനെയും ടോണിയെയും കൂട്ടി റിസോർട്ട് പ്ലാൻ വിജയിപ്പിച്ചു. അതിനിടയിൽ മാലതി വഴി അച്ചു കാശിയെ വിളിച്ച് സംസാരിച്ചിരുന്നു. അവളോടുള്ള ദേഷ്യം കൊണ്ടാണ് വിളിക്കാത്തതെന്നും വിചാരിച്ച് വിഷമിച്ച അവൾക്ക് ആ ഫോൺ കോൾ വലിയ ആശ്വാസം ആയിരുന്നു. റിസോർട്ടിൽ പോകുന്ന വഴി നാലുപേരെയും കാണാനും കാശി സമയം കണ്ടെത്തി. അവൻ ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ഒരു ദിവസം മുത്തശ്ശനെ അവടെ വച്ച് കണ്ടത്. മാലതി പറഞ്ഞ് അവൻ വരുന്ന സമയം ശേഖരൻ നേരത്തെ അറിഞ്ഞിരുന്നു. അന്നത്തെ സംഭവത്തിൻ്റെ സത്യാവസ്ഥ അറിഞ്ഞത് ഏറെ വൈകി ആണെന്നും മുത്തശ്ശനോട് ക്ഷമിക്കണമെന്നും ഒക്കെ പറഞ്ഞ് ശേഖരൻ മടങ്ങി. അത് അവനോടുള്ള അവസാന കൂടിക്കാഴ്ച ആണെന്ന് ആ വയസ്സനു മാത്രം അറിയാവുന്നതായിരുന്നു. പൊതു ദർശനത്തിന് വച്ച മുത്തശ്ശനെ കാണാൻ കാശി പോയിരുന്നു. മറ്റാരും കാണാതെ തിരിച്ച് വരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *