” എനിക്കിഷ്ടയില്ലെങ്കിലോ ”
“നിനക്കിഷ്ടപ്പെടും അവളെ , ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല നിനക്ക് . അതൊക്കെ പോട്ടെ എൻ്റെ മാലതി എന്ത് പറയുന്നു സുഖമല്ലേ അവൾക്ക് ? നിൻ്റെ അനിയത്തിക്കോ? ”
” എല്ലാവർക്കും സുഖം , സന്തോഷത്തോടെ ഇരിക്കുന്നുണ്ട് പോരെ ”
ശ്രീദേവിയുടെ താടിയിൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
” ശെരി ശെരി നേരം ഒരുപാട് ആയി ഉറങ്ങിക്കോ നീ ”
” അമ്മ പോകുവാണോ? ഇനിയെന്ന് വരും? ”
ചോദ്യങ്ങൾ എല്ലാം അവൻ്റെ ഉള്ളിലെ കുഞ്ഞ് കാശിയിൽ നിന്നും വന്നതായിരുന്നു.
” എനിക്ക് നിന്നെ കാണാൻ തോന്നുമ്പോൾ ഒക്കെ വരും ഇനി വിളിക്കാതെ പോകില്ല പോരെ ”
” അത് മതി. ഞാൻ ഇവിടെ മടിയിൽ കിടക്കാം , എനിക്കാ പാട്ട് കേൾക്കാൻ തോന്നുന്നുണ്ട് ”
അവളുടെ മുഖത്ത് നോക്കി ഒരു അപേക്ഷ എന്നോണം അവൻ പറഞ്ഞു. അവൻ്റെ ആവശ്യത്തെ തള്ളിക്കളയാൻ ശ്രീദേവിക്ക് കഴിഞ്ഞില്ല. മടിയിൽ കിടക്കുന്ന കാശിയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പണ്ട് അവനെ ഉറക്കാൻ പാടിയിരുന്ന അതേ ഗാനം അവൾ വീണ്ടും പാടി.
” കണ്ണിൻ വാതിൽ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ
തന്നോട്ടെ ആരാരോ ആരാരോ
ആരീരോ ആരീരാരോ….
കണ്ണിൻ വാതിൽ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ
തന്നോട്ടെ ആരാരോ ആരാരോ
ആരിരോ ആരിരാരോ….
ഇടനെഞ്ചുരുകും ചൂടു പറ്റി
കൈയ്യൊരുക്കും തൊട്ടിലിന്മേൽ
കൺമണിയേ കണ്ണടക്ക് നീയുറങ്ങ്..
ആരാരോ ആരാരോ
ആരിരോ ആരിരാരോ…”
വിദ്യാസാഗറിൻ്റെ മ്യൂസിക്കിന് അല്പം വേഗത കുറച്ചുകൊണ്ടുള്ള ശ്രീദേവിയുടെ ശബ്ദം കാശിയുടെ മനസിനെ ആഴങ്ങളിലേക്ക് തള്ളിവിട്ടു. അമ്മയുടെ മടിയിൽ
സുരക്ഷിതനായി അവൻ ഉറങ്ങി.
നിർത്താതെയുള്ള അലാറം കേട്ടാണ് അവൻ എഴുന്നേറ്റത്. ഉറക്കച്ചടവോടെ അടുത്ത് കിടന്ന മൊബൈൽ എടുത്ത് സമയം നോക്കി. ആറുമണി തൊട്ട് അടിക്കുന്ന അലാറം അവൻ തന്നെയാണ് സ്നൂസ് ചെയ്ത് വച്ചത്. ഇപ്പൊൾ സമയം ഏഴുമണി ആയി, അവൻ സാവധാനം കണ്ണുതിരുമി എഴുന്നേറ്റിരുന്നു. മുറിയിലാകെ നിറഞ്ഞു നിൽക്കുന്ന മുല്ലപ്പു മണം അവൻ നീട്ടി വലിച്ചു. കണ്ണുകളടച്ച അവൻ്റെ മനസിൽ രാത്രിയിൽ നടന്ന കര്യങ്ങൾ ഒരു ചിത്രം പോലെ തെളിഞ്ഞു വന്നു. സംസാരിച്ച ഓരോ കാര്യവും ഓർത്ത അവൻ സ്വപ്നമാണോ ഹാലുസിനേഷൻ ആണോ എന്ന ആശയക്കുഴപ്പത്തിൽ ചെന്നെത്തി. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും സമാധാനമായി ഉറങ്ങിയതെന്ന് അവൻ മനസ്സിലാക്കി. പ്രഭാതകർമങ്ങളും കുറച്ച് വ്യായാമങ്ങളും ചെയ്ത് കുളിക്കാൻ കയറി. ഒരു കവിമുണ്ടും ഷർട്ടും ഇട്ട് ചായകുടിക്കാൻ താഴേക്ക് ഇറങ്ങി ചെന്നു.
എട്ടുമണി കഴിഞ്ഞെങ്കിലും അടുക്കളയിൽ മല്ലുപിടിക്കുന്ന സ്ത്രീകളും വല്യച്ഛനും അല്ലാതെ ആരെയും പുറത്ത് കണ്ടില്ല. ഞാൻ നേരെ അടുക്കളേൽ ചെന്ന് ചായ ചോദിച്ചു.
” ഇത്ര നേരത്തെ എണീറ്റോ നീ ? ലേറ്റ് ആവുന്ന് വിചാരിച്ച റൂമിലേക്ക് കൊണ്ട് വരാതിരുന്നെ”
” ഏയ് അതൊന്നും വേണ്ട ചെറിയമ്മോ , പുറത്തിന്ന് കുടിക്കാൻ അല്ലെ രസം ”
ചെറിയമ്മയുടെ ചോദ്യത്തിന് മറുപടി കൊടുത്ത് ചായയും വാങ്ങി ഉമ്മറത്തേക്ക് നടന്നു. ചാരുകസേരയിൽ ഇരുന്ന് പത്രം വായിക്കുന്ന വല്യച്ഛനെയും കടന്ന് ഞാൻ പുറത്തേക്ക് നടന്നു. ആദ്യം ചെന്ന് വണ്ടിയെ ഒന്ന് നോക്കി സ്വയം തൃപ്തിപ്പെട്ടു. പിന്നെ ഓരോ സിപ് ചായയും കുടിച്ച് മുറ്റത്ത്കൂടെ നടന്നു. കട്ടൻ കുടിച്ച് ശീലം ആയത് കൊണ്ട് ചായ അത്ര അങ്ങ് സെറ്റ് ആയില്ല. സ്റ്റെപ്പിറങ്ങി വയലിലേക്ക് നീണ്ടുകിടക്കുന്ന നടവഴിയിലേക്ക് ഞാൻ നടന്നു.
വഴിക്കിരുവശത്തുമായുള്ള വസന്തത്തിൻ്റെ കയ്യൊപ്പുകളായി മൊട്ടിട്ടും പൂത്തുലഞ്ഞും തുടങ്ങിയ പൂക്കൾ നീഹാരം പെയ്തിറങ്ങിയ പുലരിയെ കൂടുതൽ മനോഹരം ആക്കിയിരുന്നു. തളിരിട്ട പച്ചപ്പുല്ലുകളിൽ പറ്റി കിടക്കുന്ന മഞ്ഞുതുള്ളികൾ പ്രഭാത സൂര്യൻ്റെ ഇളം കിരണമേറ്റ് മരതക മുത്തുകൾ പോലെ തിളങ്ങി. പ്രകൃതി തീർത്തൊരു വിസ്മയ ചിത്രമായി മാറിയിരുന്നു ആ പുലരി.
“അതങ്ങനെയാണ് ചില കാഴ്ചകൾ കണ്ണുകൾ കൊണ്ട് തന്നെ പകർത്തണം, ഹൃദയം കൊണ്ട് ആസ്വദിക്കണം, അവിടെ ക്യാമറയ്ക്കോ കാൻവാസിനോ വേഷമില്ല…”
