” വാ ”
നീട്ടിയ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് കാശി അവളെ എഴുന്നേൽപ്പിച്ചു.
***
കയ്യിൽ രണ്ടു വ്യത്യസ്ത ചെണ്ടക്കോലുകൾ
എടുത്തുകൊണ്ട് നടയുടെ മുമ്പിൽ ഒരു മുട്ടുകുത്തി ഇരുന്ന ശേഷം കഴുത്തിൽ അണിഞ്ഞ ചെത്തിപ്പു മാല പൊട്ടിച്ച് ഇരു ചെണ്ടകോലുകളും ചേർത്ത് വച്ച് കെട്ടി ശ്രീകോവിലിനുള്ളിലേക്ക് നോക്കി കാരണവർ ഇളംകോലം അട്ടഹസിച്ചു. ഇരുകൈകളും ചേർത്ത് കോലുകൾ എടുത്ത് ഭവാനിയുടെ നേരെ വേഗതയിൽ നടന്നു.
” ഹ ഹ ഹ… ചേർക്കേണ്ടതിനെ ഞാൻ ചേർത്തു വച്ചിരിക്കുന്നു…. ഇനി നിങ്ങളുടെ ഊഴം.”
ഭവാനിയുടെ കൈകളിലേക്ക് കോലുകൾ നൽകി തലയിൽ കൈ വച്ച് അനുഗ്രഹിച്ചുകൊണ്ട് കോലം അരുൾവാക്ക് നൽകി. കണ്ടുനിന്നവർക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ഭവാനിക്ക് കോലത്തിൻ്റെ വാക്കിനർത്ഥം മനസ്സിലായിരുന്നു.
***
ഭദ്രയേയും കൂട്ടി മുറിക്ക് പുറത്ത് കടന്ന കാശിയെ കാത്ത് ശക്തിയും ശിവയും കിരണും ഉണ്ടായിരുന്നു. ഭദ്രയോട് സൈഡിലേക്ക് മാറി നിൽക്കാൻ പറഞ്ഞുകൊണ്ട് ഇടതുകൈയും വലതുകയും മുഷ്ടി ചുരുട്ടി താളത്തിൽ കുടഞ്ഞുകൊണ്ട് അവർക്ക് നേരെ അവൻ നടന്നു. തലയ്ക്ക് നേരെ വന്ന ശക്തിയുടെ വാതുക്കൈ കാശി തൻ്റെ ഇടത് കൈക്കുള്ളിൽ ആക്കിയിരുന്നു. അടിക്കാൻ ഓങ്ങിയ മറ്റേ കയ്യും കാശി തടഞ്ഞു. തൻ്റെ കൈപ്പിടിയിൽ ഒതുങ്ങിയ ഇരുകൈകളും അവൻ രണ്ട് ദിശയിലേക്ക് കറക്കി. കറങ്ങും തോറും ആ മുറിക്കുള്ളിൽ ശക്തിയുടെ അലർച്ച മുഴങ്ങിക്കെട്ടു. നെഞ്ചിലേക്ക് കിട്ടിയ ചവിട്ടിൽ ശക്തി ചുവരിലേക്ക് തലയടിച്ച് തെറിച്ചു വീണു. കൂട്ടത്തിൽ തണ്ടും തടിയും കുറവുള്ള കിരൺ പേടിച്ചരണ്ട് നിന്നെങ്കിലും കാശി അവനെയും പഞ്ഞിക്കിട്ടു. വയറിൽ കിട്ടിയ രണ്ടു പഞ്ചിന് പുറമെ മുഖത്തും കിട്ടിയതോടെ കിരൺ നിലംപതിച്ചു. സൈഡിൽ നിന്നും വന്ന ശിവ കയ്യിലുണ്ടായിരുന്ന അടക്കാ കത്തി കാശിയുടെ വയറിൻ്റെ ഇടതുവശത്തായി കുത്തി. പെട്ടെന്ന് തന്നെ react ചെയ്ത kasi ശിവയുടെ കയ്യിൽ പിടുത്തമിട്ടു. അതുകൊണ്ട് ഒരിഞ്ചിൽ കൂടുതൽ ആഴത്തിൽ കയറിയില്ല. കയ്യിലെ പിടുത്തം മുറുകിയതോടെ കത്തിയിൽ നിന്നും ശിവയുടെ പിടിവിട്ടു. ചുവരിലേക്ക് ചേർത്തുനിർത്തിയ അവൻ്റെ വലതുകൈ പിടിച്ച് ചുവരിൽ വച്ച് കൈ തണ്ടയ്ക്ക് താഴെ ആയി തുരുതുരെ കാശി ഇടിച്ചു. എല്ല് മുറുകിയ ശബ്ദത്തോടൊപ്പം ശിവയുടെ കരച്ചിലും അവിടെ അലയടിച്ചു. നിലത്ത് വീണ കത്തിയെടുത്ത് ശിവയുടെ വലതു കൈപ്പത്തിയിൽ കുത്തിയിറക്കിയ ശേഷം കൈമുട്ടുകൊണ്ട് താടിയിലേക്ക് ശക്തമായൊരു കുത്തുകൂടെ കൊടുത്തു. അതോടെ ശിവയും വീണു. ഇതൊക്കെ കണ്ട് പകച്ചു നിന്ന ഭദ്രയുടെ അരികിലേക്ക് അവൻ ചെന്നു.
***
കോലുകൾ ഏല്പിച്ച ശേഷം ചെണ്ടയുടെ താളത്തിന് ചുവടു വച്ച കോലം പെട്ടെന്ന് രൗദ്രഭാവം പൂണ്ടുകൊണ്ട് തിരുമുറ്റത്ത് ഉറഞ്ഞാടി. ഇളംകോലത്തിൻ്റെ ഉഗ്രചുവടുകളിൽ ആ കാവ് കുലുങ്ങി വിറച്ചു. ശ്രീകോവിലിനു മുന്നിലേക്ക് ഓടിയ കോലം കയ്യിലെ വാൾ പടിയിൽ കുത്തിപ്പിടിച്ച് കിതച്ചു. ശ്രീകോവിലിനകത്തേക്ക് കയറാൻ ആയവേ കോലധാരി ബോധക്ഷയനായി വീണു. അതുകൂടെ ആയതും പരിക്കർമികൾ ചേർന്ന് കോലധാരിയെ അണിയറയിലേക്ക് എടുത്തുകൊണ്ടുപോയി. കലാമിത്രയും കാണാതിരുന്ന രൗദ്രരൂപവും ബോധംകെടലും കൂട്ടുനിന്ന ആളുകളിൽ സംസാരവിഷയമാവാൻ അധികം
സമയം വേണ്ടിയിരുന്നില്ല.
***
” വാ ഞാൻ വീട്ടിലാക്കാം. എവിടെയാ വീട്? ”
” ചെമ്പകശ്ശേരി ”
കാശിയുടെ ചോദ്യത്തിന് ഒരു വാക്കിൽ മറുപടി പറഞ്ഞുകൊണ്ട് അവന് നേരെ അവൾ നോക്കി.
” എനിക്കിവിടെ സ്ഥലങ്ങൾ ഒന്നും അറിയില്ല. വഴി കാണിച്ചാൽ ഞാൻ കൂടെ വരാം ”
സൗമ്യമായി തന്നെ കാശി പറഞ്ഞു. മുന്നിൽ നടക്കാൻ തുടങ്ങിയ അവൻ്റെ കൈകളെ ചുറ്റിപ്പിടിച്ചുകൊണ്ട് അവൾ ഒപ്പം നടന്നു. കയ്യുടെ വിറയൽ ഇപ്പോഴും ഉണ്ട് അതവന് മനസിലായത് കൊണ്ട് കൈ മാറ്റാൻ മുതിർന്നില്ല. മുറിയിൽ നിന്നും ഇറങ്ങി പോകുന്ന ഇരുവരെയും നിരീക്ഷിച്ചുകൊണ്ട് മറ്റു രണ്ടു കണ്ണുകൾ ആ കെട്ടിടത്തിന് പുറകിൽ ഉണ്ടായിരുന്നു. റോഡിലെത്തിയതും തെരുവുവിളക്കിൻ്റെ വെളിച്ചത്തിൽ ഭദ്രയേയും കൂട്ടി കാശി നടന്നു. ആ നിലാവിനെ സാക്ഷിയാക്കി എന്നെന്നേക്കുമായി അവർ ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു. തെരുവുവിളക്കിൻ്റെ കണ്ണെത്താത്ത ഇടങ്ങളിലൂടെ നടക്കുമ്പോൾ അവളുടെ കൈകൾ അവൻ്റെ ബലിഷ്ഠമായ biceps ൽ മുറുകുന്നുണ്ടായിരുന്നു. പക്ഷേ കാശിയുടെ ഇടതുകൈ ചോര വാർന്നുപോകാതിരിക്കാൻ മുറിവിൽ അമർനിരിക്കുകയായിരുന്നു.
