” നീലക്കണ്ണുള്ള ചന്ദ്രിക ”
അവൻ്റെ സ്വപ്നങ്ങൾക്കും പാതി മുറിഞ്ഞ ആസ്വാദനത്തിനും ആ നിമിഷത്തിൽ പൂർണരൂപം വന്നിരുന്നു. കാലത്തിന് നിശ്ചലമാക്കാൻ കഴിയാതിരുന്ന ആ കാഴ്ച അവൻ സ്വന്തമാക്കി. ഇളം കാറ്റിൽ പാറി പറക്കുന്ന കാർകൂന്തലും ഇളകിയാടുന്ന കമ്മലും, വെട്ടിയൊതുകിയ പുരികങ്ങൾക്ക് നടുവിൽ ചെറുതായൊരു
പൊട്ടും ആ കുഞ്ഞു മുഖത്തിന് കൂടുതൽ മിഴിവേകി. ചായം തേക്കാതെ ചുവന്ന ചുണ്ടുകളിൽ ആരും കാണാതെ ഒരു ചെറുചിരി ഒളിച്ചിരുന്നു. നൂലുപോലുള്ള നേർത്ത സ്വർണ മാലയിൽ ചെറുതായൊരു ഏലസ്സ് കിടപ്പുണ്ട്. സ്വർണക്കസവുകൾ കൊണ്ട് തീർത്ത നീല ദാവണിയിൽ ഗോതമ്പ് നിറമുള്ള ആ ശരീരം നന്നായി ഇണങ്ങിയിരുന്നു.
ആൾക്കൂട്ടത്തിലേക്ക് മറഞ്ഞ അവളെ കാശി ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിലൂടെ വീണ്ടും മനസിൻ്റെ ആഴത്തിൽ കൊത്തിവച്ചു.
###
കാവിലേക്ക് കയറി നടപ്പാതയിലൂടെ തിരുമുറ്റത്തേക്ക് നടക്കുമ്പോൾ ഇടതു വശത്ത് ഇട്ട കസേരകളിൽ ആളുകൾ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ ശ്രദ്ധ പോയത് കയ്യിൽ ബോൾ ഐസ്ക്രീമും കഴുത്തിൽ ഒരു ബാഗും ഇട്ട് ചുറ്റും നടക്കുന്നതൊന്നും കാര്യമാക്കാതെ ഐസ്ക്രീം നുണയുന്ന കുട്ടി കുറുമ്പിയിലേക്കായിരുന്നു. അരികിൽ ഇരിക്കുന്ന കറുത്ത ഷർട്ട് ഇട്ട ചെറുപ്പക്കാരനെ അവൾ നോക്കിയെങ്കിലും തല കുനിച്ച് ക്യാമറയിൽ നോക്കുന്ന അവൻ്റെ മുഖം അവൾക്ക് കാണാൻ കഴിഞ്ഞില്ല. അവരെ കടന്നതും ഒരു തരിപ്പ് അനുഭവപ്പെട്ടത് ശ്രീഭദ്ര അറിഞ്ഞു. പേടിക്കൊണ്ടോ മറ്റോ തൊട്ടുമുന്നിൽ നടന്നവരുടെ കൂടെ തിരിഞ്ഞു നോക്കാതെ അവളും നടന്നു. അമ്മയുടെ പാതി ജീവൻ തിരികെ നൽകിയ ദൈവത്തോട് നന്ദി പറയുന്ന അവളെ ആരോ നോക്കുന്നതായി തോന്നിയെങ്കിലും അവളത് കാര്യമാക്കിയില്ല. കാവിൻ്റെ വലം വച്ചപ്പോൾ പെട്ടെന്നുണ്ടായ വെടി ശബ്ദത്തിൽ ഞെട്ടിയെങ്കിലും മുകളിൽ തെളിഞ്ഞ നിറങ്ങൾ ആശ്വാസമായി. തൊഴുത് കഴിഞ്ഞ് ആൾക്കൂട്ടത്തിനിടയിലെ ഒഴിഞ്ഞ കസേരയിലേക്ക് പോയിരുന്നു അവൾ. ആളുകളുടെ ശ്രദ്ധ അവളിലേക്ക് പാറി വീണെങ്കിലും നേരത്തെ തോന്നിയ ആരോ നോക്കുന്നു എന്ന ഫീൽ വരാത്തത് അവൾ അറിഞ്ഞു. അടുത്തിരുന്നവർക്ക് പലർക്കും അവളെ അറിയാവുന്നതിനാൽ പലചോദ്യങ്ങളും അവൾക്ക് നേരിടേണ്ടി വന്നു. അതിൽ കല്യാണകാര്യം വരെ ഉണ്ടായിരുന്നു. ആരാണ് അവൾ എന്ന ചോദ്യത്തിനും കുറവുണ്ടായില്ല. സൗന്ദര്യത്തെ പുകഴ്ത്തിയുള്ള വാക്കുകളും അവളെ തേടി എത്തി. എങ്കിലും അവൾക്ക് അവിടെ ഇരിപ്പുറച്ചില്ല. ആളുകൾ കൂടിയതും അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് അവൾ നടന്നു. ആൾക്കൂട്ടത്തിനിടയിലൂടെ നടക്കാൻ മടിച്ച അവൾ കാവിൻ്റെ മുന്നിലേക്കുള്ള മറ്റൊരു ഇടവഴിയിലൂടെ പോവാൻ തീരുമാനിച്ച്. അവിടെ നിന്നും എഴുന്നേറ്റ അവൾക്ക് ആരോ തന്നെ നോക്കുന്നു എന്ന തോന്നൽ വീണ്ടും വന്നു. എന്തുകൊണ്ടോ ചുണ്ടിൽ ഒരു ചിരി പടർന്നു. നടത്തത്തിൻ്റെ വേഗത കുറഞ്ഞു. തിരുമുറ്റത്ത് കാരണവർ ഇളംകോലത്തിൻ്റെ പുറപ്പാട് അറിയിച്ചുകൊണ്ട് ചെണ്ടയ്ക്ക് മുകളിൽ ആദ്യ അടി വീണു. ഒരു സൂചനയും നൽകാതെ അവളെ പിന്തുടർന്ന കഴുകൻ കണ്ണുകൾ ഇരുട്ട് നിറഞ്ഞ പ്രദേശത്ത് എത്തിയതും അവളെ കൊത്തിവലിച്ചു. കൈകാലുകൾ തടയപ്പെട്ടു, ചുണ്ടുകൾ മുടപ്പെട്ടു, ഭയത്തിൽ ഇറുക്കിയടച്ച കണ്ണുകൾ ഇരുട്ടുനിറഞ്ഞ ഏതോ കെട്ടിടത്തിനുള്ളിൽ വെളിച്ചത്തിന് വേണ്ടി പരതി.
###
ചെറിയമ്മയുടെ കൈ പിടിച്ച് നടപ്പാതയിലേക്ക് കയറിയ മുത്തശ്ശിയെ കണ്ടതും അച്ചു അരികിലേക്ക് ചെന്നു. പിന്നാലെ കാശിയും ദേവുവും. ജനക്കൂട്ടം തിരുമുറ്റത്തേക്ക്
ഇരമ്പി തുടങ്ങിയിരുന്നു. പെട്ടെന്നുള്ള തോന്നലിൽ ക്യാമറയും ബാഗും അച്ചുവിൻ്റെ ഏൽപിച്ച് ഇരുവരെയും മാലതിയുടെ കൂടെ പോകാനും അവൻ നിർദേശിച്ചു. അവരകത്തേക്ക് നടന്നതും നീലക്കണ്ണുകളെ തേടി കാശി ആ കൂട്ടത്തിലേക്ക് ഇടിച്ചു കയറി. ചുറ്റും നോക്കിയ അവൻ അവസാനം എഴുന്നേറ്റു പോകുന്ന അവളെ കണ്ടു. പോകുന്ന വഴി നോക്കിയ അവൻ പുറകെ പോകാൻ തീരുമാനിച്ചു. കാവിൽ നിന്നും മാറിയുള്ള ഇടവഴിലേക്ക് അവളെ തിരഞ്ഞ് കയറിയ കാശി കാണുന്നത് ഇടവഴിയിൽ നിന്നും സൈഡിലെ കാട്ടിലേക്ക് ഒന്നിച്ച് നടന്നകലുന്ന നിഴൽ രൂപങ്ങൾ മാത്രം. പക്ഷേ എങ്ങും അവളെ കണ്ടതേയില്ല. വഴിയുടെ അവസാനം വരെ ചെന്ന അവൻ എത്തിയത് കാവിൻ്റെ മുന്നിൽ ആയിരുന്നു പക്ഷേ അവിടെയും അവളെ കണ്ടെത്താനായില്ല. ഒന്നുകൂടെ റോഡിലും മറ്റും നോക്കിയെങ്കിലും നിരാശനായി അവൻ മടങ്ങി. കണ്ണടച്ച് മതിലിൽ ചാരി നിന്ന അവൻ പെട്ടെന്ന് ഇടവഴിയിലേക്ക് കയറി കാടിൻ്റെ ഇടയിലൂടെയുള്ള വഴിയിലേക്ക് നടന്നു. അത് വഴി മുന്നോട്ട് പോകാൻ ഏതോ ഒരു ശക്തി പ്രേരിപ്പിക്കുന്നതുപോലെ അവന് തോന്നി. തടസമായി നിന്ന മുള്ളുചെടികളും കടന്നു കാടിനകത്തേക്ക് അനിയന്ത്രിതമായി ചാലിച്ച അവൻ്റെ കാലുകൾ വന്നു നിന്നത് പാഴടഞ്ഞ ഒരു കെട്ടിടത്തിന് മുന്നിൽ ആയിരുന്നു. കാവിൽ നിന്ന് നോക്കിയാൽ വെറും കടുമാത്രമാണ് ഇത്. ഒരു തരി വെളിച്ചം പോലും ഇല്ലാത്തതിനാൽ ആർക്കും ഇങ്ങനൊരു കെട്ടിടം റോഡിൽ നിന്നും കാണില്ല. അതിനകത്തുനിന്നും പല സംസാരങ്ങളും ഫ്ലാഷ് ലൈറ്റുകളും കാശിക്ക് കാണാൻ കഴിഞ്ഞു. രണ്ടും കല്പിച്ച് കാശി അതിനകത്തേക്ക് കയറി.
