വാർഡ്രോബിലെ ഡ്രസ്സുകളൊന്നും ചേരാത്ത പോലെ തോന്നി. ഒടുവിൽ താഴത്തെ അറ തുറന്നു അതിൽ ഭദ്രമായി മടക്കി വച്ച ഡ്രസ്സ് കയ്യിലെടുത്തു. അവസാനമായി ആഘോഷിച്ച പിറന്നാളിന് അച്ഛൻ വാങ്ങിക്കൊടുത്ത നീല ദാവണി ഉടുത്തുകൊണ്ടവൾ കണ്ണാടിയിൽ നോക്കി ഒരു കുഞ്ഞു പൊട്ടുകൂടെ തൊട്ടു. അമ്മയുടെ മുറിയിൽ ചെന്ന് പാവാടയിൽ പിടിച്ച് വട്ടം കറങ്ങി കൊള്ളാമോ എന്ന് പുരികം പൊക്കി ചോദിച്ചു. മറുപടി കിട്ടിയതും അമ്മയോട് പറഞ്ഞ് മുൻ വാതിലും അടച്ച് ചുണ്ടിൽ വിരിഞ്ഞ ചിരി മറയ്ക്കാതെ അവൾ കവിലേക്ക് നടന്നു.
മകളുടെ മുഖത്തെ സന്തോഷം സുഭദ്രയിലും സന്തോഷമുണ്ടാക്കിയിരുന്നു.
ഒരു രാത്രികൊണ്ട് തനിക്ക് നഷ്ടപ്പെട്ട ശബ്ദവും ചലനവും തിരിച്ചു കിട്ടിയതിൽ സുഭദ്രയ്ക്ക് തെല്ലൊരു ഭയവും ഉണ്ടായിരുന്നു.
###
വീട്ടിലിരുന്നാൽ മടുപ്പാകുമെന്ന് തോന്നിയത് കൊണ്ട് അവൻ കാവിലേക്ക് പോകാൻ തീരുമാനിച്ചു. സൂര്യൻ തൻ്റെ ദിനചര്യ കഴിഞ്ഞു മടങ്ങുന്ന വേളയിൽ കാശി കുളിച്ച് ഒരു കറുത്ത് ഷർട്ടും ജീൻസും ഇട്ട് കവിലേക്കിറങ്ങി.
” എടാ നീ കാവിലേക്കല്ലേ ഇവരേം കൂടെ കൊണ്ടുപോയിക്കോ ഞാൻ രാത്രി അമ്മയുടെ കൂടെ വരാം ”
ഉമ്മറത്തേക്ക് നടക്കുകയായിരുന്ന കാശിയെ വിളിച്ച് മാലതി പറഞ്ഞു. അച്ചു കുളിച്ച് റെഡി ആയിരുന്നു. കാശി സമ്മതം മൂളിയതും കുളിക്കാൻ മടിച്ച് തോർത്തും കഴുത്തിലിട്ട് അടുക്കളയിലേക്ക് ഓടിയ ദേവുവിനെ മാലതി ഓടിച്ചിട്ടുപിടിച്ച് കുളിക്കാൻ കയറ്റി. കാശിയുടെ കൂടെ പൊക്കോളാൻ പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് തന്നെ കുളിക്കാൻ കയറി.
” കുരുത്തക്കേട് കാണിക്കാതെ ദേവേട്ടൻ്റെ കയ്യും പിടിച്ച് നടക്കണം കേട്ടല്ലോ ”
മുടി ചീകി കൊടുക്കുന്ന നേരം മാലതി ദേവുവിനോടായി പറഞ്ഞു. പിന്നെ സ്ഥിരം ഉപദേശങ്ങളും കൊടുത്ത് രണ്ടിനേം കാശിയുടെ കയ്യിൽ ഏല്പിച്ചു.
സൂര്യൻ മറഞ്ഞ ഇരുട്ടിലെ നിലാവൊളി പൂശിയ മാനത്തിന് കീഴിലൂടെ തൻ്റെ സഹോദരിമാരെയും കൂട്ടി കാശി കവിലേക്ക് നടന്നു. വഴിയിലുടനീളം ദേവു അവളുടെ കുറുമ്പ് കാട്ടാൻ മറന്നില്ല. കാശിയുടെ കയ്യിൽ തൂങ്ങിയും മുന്നേ ഓടിയും അവൾ കുറുമ്പോടെ പാത പിന്നിട്ടുകൊണ്ടിരുന്നു. മറുവശത്ത് കാശിയോടൊപ്പം സംസാരിച്ച് നടക്കുന്ന അച്ചുവിൻ്റെ മനസിൽ അമ്മ ഇതറിഞ്ഞാൽ ഉണ്ടാവുന്ന പൊല്ലാപ്പുകൾ ഓരോന്നായി ഓടിക്കൊണ്ടിരുന്നു.
കാവിൻ്റെ മുമ്പിലേക്ക് കയറുന്നതിന് മുമ്പ് നടന്നു വരുന്ന കാശിയെയും അച്ചുവിനെയും നോക്കി കയ്യും കെട്ടി നിൽക്കുന്ന ദേവുവിനെ കാശി ഇരുത്തിയൊന്ന് നോക്കി. അതുകണ്ടതും ദേവു നന്നായൊന്ന് ഇളിച്ചുകാട്ടി കണ്ണുകൊണ്ട് ഐസ്ക്രീം വണ്ടിക്ക് നേരെ കാണിച്ചു.
” പ്ലീസ് ”
ഇല്ലെന്നും പറഞ്ഞ് അടുത്തെത്തിയ കാശിയുടെ താടിയിലേക്ക് ഏന്തി വലിഞ്ഞു കൈ എത്തിച്ച് അവൾ കൊഞ്ചി. അതിൽ വീണ കാശി തൽക്കാലം ബോൾ ഐസ്ക്രീമിൽ രണ്ടിനേം ഒതുക്കി.
ഏകദേശം എട്ടുമണിയോടെ കാവിലെ പ്രധാന ദൈവമായ കാരണവരുടെ ഇളംകോലം ഇറങ്ങുന്നത്. യോദ്ധാവായിരുന്ന കാരണവരുടെ അങ്കംവെട്ടു കാണാൻ പൊതുവേ കാവ് നിറയാറുണ്ട്. ഏഴുമണി ആയതേ ഉള്ളെങ്കിലും
തിരുമുറ്റത്തെ കസേരകൾ ഒരുവിധം നിറഞ്ഞിരുന്നു. ഞാൻ രണ്ടിനേം കൂട്ടി തിരുമുറ്റത്തിന് മുൻപുള്ള സ്ഥലത്ത് കസേരയിൽ ഇരുന്നു. ഇവിടെ നിന്നും നോക്കിയാൽ കാവിൻ്റെ നടയും തൊഴുതു നിൽക്കുന്നവരെയും കാണാം. Icecream തിന്നുകഴിഞ്ഞ് അകത്തേക്ക് പോകാമെന്ന് പറഞ്ഞ് ക്യാമറയുടെ ബാക്ക് ദേവുവിൻ്റെ കഴുത്തിൽ തൂക്കി ഇട്ട് ഞാൻ ക്യാമറയിൽ പണിയാൻ തുടങ്ങി. തല താഴ്ത്തിയിരുന്നു നോക്കുന്നതിനാൽ മുന്നിലൂടെ പോകുന്ന ആളുകളെ എനിക്ക് കാണില്ലായിരുന്നു, പക്ഷേ ഒരു കൂട്ടം കാലൊച്ചകൾ എന്നെ കടന്ന് പോയപ്പോൾ എൻ്റെ ഹൃദയം വല്ലാതെ തുടിച്ചത് ഞാൻ അറിഞ്ഞു. ഒരു നിമിഷം ശ്വാസം പോലും നിലച്ചത് പോലെ തോന്നി. തല ഉയർത്തി നോക്കിയെങ്കിലും ആരെയാണ് എന്തിനെയാണ് നോക്കേണ്ടത് എന്ന് അറിയാത്തതിനാൽ ചുറ്റും നോക്കി പഴേ പണി തന്നെ ചെയ്യാൻ തുടങ്ങി.
സെറ്റിംഗ്സ് ഒക്കെ ശരിയാക്കി വീഡിയോ ഓൺ ചെയ്ത് ക്യാമറ കൊണ്ട് ചുറ്റും നോക്കിയ കാശിയുടെ ചലനം നിന്നത് കാവിൻ്റെ മുന്നിൽ തൊഴുകയുമായി നിൽക്കുന്ന പെൺകുട്ടിയിൽ ആയിരുന്നു. നീലക്കുപ്പായക്കാരിയുടെ മുഖം കാണാൻ അവൻ്റെ കണ്ണുകൾ തുടിച്ചു, അത് മനസിലാക്കിയ കൈകൾ സ്വയമേ തിരിഞ്ഞുകൊണ്ട് ലെൻസ് zoom ചെയ്തു. കത്തി നിൽക്കുന്ന നൂറു തിരികൾ അവനുവേണ്ടി അവളുടെ മുഖം വരച്ചു ചേർത്തു. പാറി പറക്കുന്ന കാർകൂന്തൽ തൂങ്ങിയാടുന്ന കുഞ്ഞ് സ്വർണകമ്മൽ അണിഞ്ഞ കാതിനെ അനാവരണം ചെയ്തുകൊണ്ട് പുറകിലേക്ക് മാറി. കുറച്ച് വണ്ണമുള്ള മൂക്കിനു താഴെ ദൈവത്തോട് പരിഭവം പറയുന്ന ചുണ്ടുകൾ. മെലിഞ്ഞ കഴുത്തുകൾ താടിയെല്ലിനെ ഒരുവിധം എടുത്തു കാണിക്കുന്നുണ്ട്. ദാവണിയുടെ ബ്ലൗസിൽ ഒതുങ്ങി നിൽക്കുന്ന മാറിടം. കൂന്തൽ മൂടാതെ ചാരുതയോടെ നിൽക്കുന്ന നിതംബം. എല്ലാത്തിൻ്റെയും പാതി അഴക് മാത്രമേ അവന് കാണാൻ സാധിച്ചുള്ളൂ. കാവിനെ വലം വച്ചവൾ നടന്നു. ചുറ്റി വരുന്ന അവളെയും കാത്ത് ക്യാമറക്കണ്ണുകൾ മറ്റൊരുവശത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അന്നനടയോടെ ക്യാമറയ്ക്ക് നേരെ വരുന്ന അവളിലേക്ക് കൂടുതൽ സൂം ചെയ്തതും ആകാശ കാഴ്ചയ്ക്കായി നിരത്തി വച്ച വെടിക്കൊപ്പുകളിൽ ഒന്നുരണ്ടെണം സമയം തെറ്റി പൊട്ടിയതും ഒരുമിച്ചായിരുന്നു. പലവർണത്തിൽ പൊട്ടിച്ചിതറിയ ആകാശം കാണാൻ കണ്പോളകളാൽ മറയ്ക്കപ്പെട്ട നീല കണ്ണുകൾ ഉയർന്നതും കാശിയുടെ വിരലുകൾ ആശ്ചര്യത്തിൽ ഊന്നിയ വിറയലാൽ ഷട്ടർ ബട്ടണിൽ പലപ്രാവശ്യം അമർന്നിരുന്നു. എല്ലാവരും മാനത്തേക്ക് നോക്കിയപ്പോൾ കാലം അവനുവേണ്ടി ഭൂമിയിൽ മനോഹരമായ മറ്റൊരു ചിത്രം വരച്ചു നൽകി. അവൻ ജീവിതത്തിൽ പകർത്തിയ ഏറ്റവും മനോഹരമായ ചിത്രമായി മാറിയിരുന്നു അത്. ആ കണ്ണുകളിൽ തറഞ്ഞു പോയ കാശി അമ്മയുടെ വാക്കുകൾ മനസിൽ ഉരുവിട്ടു.
