അത്താഴവും കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറികളിലേക്ക് നീങ്ങി. ഇതിനിടയിൽ തന്നെ ഭദ്ര ഒരുവിധം എല്ലാവരിലും ഇടം പിടിച്ചു കഴിഞ്ഞിരുന്നു. അഞ്ജനയ്ക്ക് ആരുടെയും മുഖത്ത് നോക്കാനുള്ള ആവതിയില്ലാത്തതിനാൽ അവൾ മുറിയിൽ തന്നെ ഒതുങ്ങിക്കൂടി.
മുറിയിലേക്ക് പോകുന്ന പോക്കിൽ അഞ്ജനയ്ക്കുള്ള ഭക്ഷണം മുറിയിൽ കൊടുക്കാനും കാശി മറന്നില്ല. അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ കാശിക്ക് അവളോടുള്ള ദേഷ്യമെല്ലാം എങ്ങോ പോയി മറഞ്ഞിരുന്നു.
ടീഷർട്ടും പാവാടയും ഇട്ട് ബെഡിൽ ഇരുന്ന് മുടി ചീകി കെട്ടുന്ന ഭദ്ര കാശിയുടെ കണ്ണുകൾക്ക് വിരുന്നായിരുന്നു.
” ഇവൾക്ക് കിടക്കാൻ നേരം ആയില്ലേ? ഒന്ന് കിടന്നിരുന്നേൽ എനിക്കും കൂടെ കിടക്കാമായിരുന്നു”
കാര്യമായി ഒന്നും ചെയ്യാൻ ഇല്ലെങ്കിലും ചുമ്മാ മൊബൈലിൽ കുത്തിക്കൊണ്ടിരുന്നു കാശി പിറുപിറുത്തു.
” ഇഷ്ട്ടാന്നൊക്കെ പറഞ്ഞിട്ട് ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ. കിടക്കണ്ടേന്നെങ്കിലും ചോദിച്ചൂടെ”
എന്തെങ്കിലും ചോദിക്കുമെന്ന പ്രതീക്ഷയിൽ നീണ്ടുപോയ മുടി ചീകൽ അവസാനിപ്പിച്ച് ഉറങ്ങാൻ വേണ്ടി മുടി കെട്ടിവച്ചുകൊണ്ടവൾ പിറുപിറുത്തു. ഭദ്ര കിടന്ന തക്കത്തിൽ കാശി തൻ്റെ മൊബൈൽ മാറ്റി വച്ച് ജനലിൻ്റെ അരികിൽ പോയി വെറുതെ ഒന്ന് നടന്ന് പിന്നീട് കട്ടിലിലേക്ക് തന്നെ എത്തി.
പെണ്ണിൻ്റെ കൂടെ കിടക്കുന്നത് ആദ്യമായിട്ടല്ലെങ്കിലും ഉള്ളിൽ നുരഞ്ഞുപൊന്തുന്ന പ്രണയത്തോടെ ആദ്യമായാണ് ഒരു പെൺകുട്ടിയുടെ കൂടെ കിടക്കാൻ പോകുന്നത്. അത് അവൻ്റെ താളം തെറ്റിച്ചു തുടങ്ങിയിരുന്നു.
മറുഭാഗത്തും ഏറെക്കുറെ ഇതേ അവസ്ഥ തന്നെയാണ്. ആദ്യമായാണ് അച്ഛൻ അല്ലാതെ മറ്റൊരു പുരുഷൻ്റെ കൂടെ കിടക്കാൻ പോകുന്നത് , അവനോടുള്ള ഇഷ്ട്ടം എത്രയൊക്കെ ഉണ്ടെങ്കിലും മറ്റൊരുവനിൽ നിന്നും ഏറ്റ മുറിവ് മനസിൻ്റെ ഒരുകോണിൽ നിന്നും അവളെ കൊളുത്തി വലിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
അവളുടെ പ്രിയ കണ്ണനേയും മനസിൽ വിളിച്ച് കാശിക്ക് വേണ്ടി അവൾ സ്ഥലം ഒഴിച്ചു.
” ൻ്റെ കണ്ണാ, കഴിഞ്ഞ രാത്രി പാതി ബോധത്തിൽ ആയതിനാൽ പേടി അടുത്തുകൂടെ പോലും പോയിരുന്നില്ല. പക്ഷേ ഇന്ന് അങ്ങനെയല്ല. ദേ കിടന്നു..
കാത്തോളണേ… എനിക്ക് വിശ്വാസം ഒക്കെ തന്നെയാ പക്ഷേ വിശ്വസിച്ചവരിൽ നിന്നെല്ലാം വേദന മാത്രല്ലേ എനിക്ക് കിട്ടിയിട്ടുള്ളൂ. എന്തായാലും എനിക്ക് വേണ്ടി കണ്ടെത്തിയ ആളല്ലേ തിരിഞ്ഞ് കിടന്ന് സംസാരിച്ചാലോ? ”
അടുത്ത് കിടന്ന അവൻ്റെ സാമിപ്യം മാത്രം മതിയായിരുന്നു അവളിലെ പ്രണയത്തിന് പേടിയുടെ പിടിയിൽ നിന്നും പുറത്ത് വരാൻ.
” നേരെ അങ്ങ് കെട്ടിപിടിച്ചാലോ? ഏയ് അത് മോശം ആവും. എന്തായാലും ഇഷ്ടം സമ്മതിച്ചതല്ലേ പിന്നെന്താ ചെയ്താ? എന്തായാലും ഇനി എൻ്റെയല്ലേ പിന്നെന്തിനാ പേടിക്കുന്ന?
നേരത്തെ ചാടിക്കേറി ഉമ്മ ഒക്കെ വച്ചതല്ലേ അപ്പൊ പ്രശ്നമാവില്ല. എന്തായാലും ചോദിച്ചിട്ട് ചെയ്യാം അതല്ലേ മര്യാദ”
അവളുടെ അരികിൽ കിടന്നതോടെ കാശിയുടെ മനസ് അവന് പിടികൊടുക്കാതെ ഓടി കളിച്ചു. ആദ്യത്തെ പ്രണയത്തിൻ്റെ ആദ്യ ചുവടുകൾ അവനെ വല്ലാതെ കുഴപ്പിച്ചു.
സംസാരിക്കാൻ വേണ്ടി ഇരുവരും തിരിഞ്ഞു കിടന്നത് ഒന്നിച്ചായിരുന്നു. മുഖത്തോട് മുഖം വന്ന വേളയിൽ ഒരു നിമിഷം ഇരുവരും നിശ്ചലമായി. രാത്രിയുടെ നിശബ്ദതയിൽ അവരുടെ ശ്വാസോച്ഛ്വാസം മുറിയിൽ ഉയർന്നു.
നീലകണ്ണിൽ കുടുങ്ങിയ കാശിക്ക് ചുറ്റുമുള്ളതൊക്കെ
മാഞ്ഞു പോകുന്നപോലെ തോന്നി. അവൻ്റെ നോട്ടത്തിൽ ഭദ്രയുടെ കവിൾ നാണത്താൽ തുടുത്തു. മിഴികൾ കൂമ്പിയടയാൻ വെമ്പിയെങ്കിലും പരസ്പരം നോട്ടം മാറ്റാൻ ഇരുവർക്കും കഴിഞ്ഞില്ല.
അവൻ്റെ കൈകൾ അവളുടെ അരയിലൂടെ ഇഴഞ്ഞു കയറി അവളെ അവനരികിലേക്ക് അടുപ്പിച്ചു. യാതൊരെതിർപ്പും ഇല്ലാതെ ഭദ്രയുടെ ശരീരവും മനസും ആ കൈകൾക്കൊപ്പം നീങ്ങി.
ഭദ്രയുടെ കൈകൾ അവൻ്റെ ഷർട്ടിൽ ചുരുട്ടിപ്പിടിച്ചിരുന്നു. അതറിഞ്ഞ അവൻ മൃദുലമായ സ്വരത്തിൽ അവളോട് ചോദിച്ചു.
” പേടിയുണ്ടോ?”
“മ്ചും, ഇല്ല”
