ചന്ദ്രവേദം – 7 2അടിപൊളി  

അന്വേഷിച്ച് പോയപ്പോൾ ആണ് കാടുമൂടിയ കാലഭൈരവൻ്റെ കല്ലിൽ കൊത്തിയ പ്രതിഷ്ഠ ശേഖരൻ കണ്ടെത്തുന്നത്. പിന്നീട് ചെറിയൊരു അമ്പലം ആക്കിമാറ്റി പൂജയ്ക്കും മറ്റും ആളെയും കല്പിച്ചു.

മരതകപ്പച്ച നിറത്തിലുള്ള ഹാഫ് കുർത്തയും സ്വർണവും പച്ചയും കലർന്ന കരയുള്ള മുണ്ടുമുടുത്ത് കാശി തൻ്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷത്തിനായി തയ്യാറായി. അതെ നിറത്തിലുള്ള ബ്ലൗസും കരയുമുള്ള സെറ്റ്മുണ്ടും അണിഞ്ഞ് തലയിൽ മുല്ലപ്പൂവും ചൂടി ഭദ്ര അവനരികിലേക്ക് നടന്നു വന്നു.

കുർത്തയുടെ സ്ലീവ് കൈത്തണ്ട വരെ കയറ്റിവെച്ചത് കൊണ്ട് അവൻ്റെ കയ്യിലെ ഉറച്ച പേശികളും ഞരമ്പും തെളിഞ്ഞു കാണാമായിരുന്നു. കല്യാണപ്പെണ്ണായി ഒരുങ്ങി വരുന്ന ഭദ്രയെ കാശിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.

തനിക്ക് പ്രിയപ്പെട്ടവൾ ഇന്ന് ഏറെ സുന്ദരി

ആയിരിക്കുന്നത് അവൻ കണ്ണെടുക്കാതെ നോക്കിനിന്നു. ഭദ്രയുടെ ആവശ്യപ്രകാരം മേക്കപ്പും ആഭരണങ്ങളും ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.

കറുപ്പെഴുതിയ കണ്ണുകൾ തൻ്റെ പ്രിയപ്പെട്ടവൻ്റെ മുഖത്ത് ഉടക്കിയത് അവൾ പോലും അറിഞ്ഞില്ല. അടിമുടി നോക്കിയ കാശിയുടെ കണ്ണുകൾ ഭദ്രയുടെ മറക്കപ്പെടാതെ പോയ വയറിൻ്റെ നഗ്നതയിൽ തങ്ങി നിന്നു.

കൽത്തറയിൽ ഇരുവരും ഒരുമിച്ച് വിളക്ക് കൊളുത്തി തൊഴുതു. കാശിയുടെ കൈകൾ വർഷങ്ങൾക്ക് ശേഷം മറ്റൊരു ദൈവ സങ്കല്പത്തിന് മുന്നിൽ തൊഴുത് നിന്നു.

ഉത്സവത്തിൻ്റെ ആറാം നാൾ ഒന്നംയാമത്തിൻ്റെ അഞ്ചാം നാഴികയിൽ കാശി ഭദ്രയുടെ കഴുത്തിൽ സ്വർണത്തിൽ തീർത്ത താലി ചാർത്തി അവളെ സ്വന്തമാക്കി. ചുറ്റുമുള്ള മരങ്ങളെ പോലും ഇളക്കാതെ പാഞ്ഞു വന്ന കാറ്റിൽ ശ്രീകോവിലിനകത്തെ തൂക്കു മണി ശബ്ദിച്ചു.

കൂടിനിന്നവർക്കൊക്കെ ആശ്ചര്യമായിരുന്നു അത് നൽകിയത്. ഇതൊന്നും ശ്രദ്ധിക്കാതെ കാശിയും ഭദ്രയും മുഖത്തോട് മുഖം നോക്കി തന്നെ നിന്നു. കഴുത്തിൽ വീണ താലി ഭദ്രയുടെ കണ്ണിനെ ഈറനണിയിച്ചു.

കുഞ്ഞുകവിളിലേക്ക് ഒഴുകിയ കണ്ണീരിനെ അവൻ തന്നെ തുടച്ചു കളഞ്ഞു. സന്തോഷത്തിൽ വിരിഞ്ഞ പുഞ്ചിരിയോടെ ഭദ്ര എന്നെന്നേക്കുമായി കാശിയുടെ സ്വന്തമായി. നൂറ്റാണ്ടുകൾക്ക് ശേഷം അതേ കാലഭൈരവൻ്റെ മുന്നിൽ വച്ച് മറ്റൊരു വിവാഹം നടന്നു.

ചടങ്ങുകൾ എല്ലാം കഴിഞ്ഞ് മാലതിയുടെ കാറിൽ ഇരുവരും കാവിലേക്ക് പുറപ്പെട്ടു. കാവിലേക്ക് എത്താനായപ്പോൾ കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന മാലതി കണ്ണാടിയിലൂടെ പിറകിലേക്ക് നോക്കി.

കാശിയുടെ തോളിലേക്ക് ചാഞ്ഞു കിടന്ന് ഉറങ്ങുന്ന ഭദ്രയും അവളുടെ തലയിൽ തല വച്ച് കിടക്കുന്ന കാശിയെയും കണ്ട് മാലതിക്ക് സന്തോഷവും ചിരിയും വന്നു. ആ കാഴ്ച ദാസിനെയും അവൾ കാണിച്ചു.

ഇരുവരെയും തട്ടി എഴുന്നേൽപ്പിച്ച് കാവിൻ്റെ പാർക്കിങ്ങിലേക്ക്

ദാസ് വണ്ടിയൊതുക്കി.

കല്യാണവേഷത്തിൽ കാവിലേക്ക് കയറിയ ഇരുവരിലേക്കും കണ്ണുകൾ നീണ്ടു. പരിചയക്കാരുടെ ചോദ്യങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. കാവിൻ്റെ തിരുമുറ്റത്ത് കാരണവർ തെയ്യം പൂർണരൂപത്തിൽ ചെണ്ടയുടെ താളത്തിൽ ഉറഞ്ഞാടുകയായിരുന്നു.

ആൾക്കൂട്ടത്തിനു പിന്നിലായി അവരും നിന്നും. കയ്യിലെ വാളും പരിജയും ആയി ആയോദനഭ്യാസങ്ങൾ കാണിച്ച് മുറ്റത്തിന് ചുറ്റും ഓടിയ തെയ്യം ഒരു നിമിഷം വിറച്ചുകൊണ്ട് നിന്ന ശേഷം രൗദ്രഭാവത്തോടെ ഇരുവരും നിൽക്കുന്ന ഭാഗത്തേക്ക് ഓടിയടുത്തു.

കടും ചുവപ്പിൽ ഉള്ള മുഖത്തെഴുത്തും കണ്ണിന് ചുറ്റുമുള്ള കറുപ്പും നെറ്റിയിലെ ചന്ദ്രക്കലയും വായിൽ നിന്നും കവിളിലേക്ക് നീണ്ട പല്ലും തലയിലെ തിരുമുടിയും ഉടവാളുമേന്തി ഓടിവരുന്ന തെയ്യത്തിനെ കണ്ട് കാശിക്കും ഭദ്രയ്ക്കും മുന്നിൽ നിന്നവർ ഇരു സൈഡിലേക്കുമായി മാറി നിന്നു.

പാഞ്ഞു വന്ന തെയ്യം ഇരുവർക്കും മുന്നിൽ നിന്നു, ശേഷം വാളും പരിജയും ചേർത്ത് പിടിച്ച് ഇരുവരെയും അനുഗ്രഹിച്ച് ആകാശം പിളർക്കെ അട്ടഹസിച്ചു.

പേടിച്ചുപോയ ഭദ്ര കാശിയുടെ കൈകളിൽ മുറുകെ പിടിച്ചു നിന്നു. കാശിയുടെ കണ്ണിലേക്ക് നോക്കിയ തെയ്യക്കോലത്തിൻ്റെ കണ്ണുകളിൽ കൃഷ്ണമണി മാഞ്ഞുതുടങ്ങിയത് കാശി ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *