‘ഈ ഓവർ ഞാൻ ചെയ്യാം..’
ഞാൻ പറഞ്ഞു
‘അതൊന്നും വേണ്ട..’
അഖിൽ പറഞ്ഞു
‘എനിക്ക് ഇത് വരെ ഒരു ഓവർ പോലും കിട്ടിയില്ല..’
ഞാൻ പറഞ്ഞു
‘ഇത് കുഞ്ഞു കളിയല്ല കാശ് കൊടുത്തു ഉള്ള കളിയാണ്… നീ പോയി ഫീൽഡ് ചെയ്യ്..’
അഖിൽ പറഞ്ഞു
‘പറ്റില്ല.. ഈ ഓവർ ഞാൻ ചെയ്യും..’
ഞാൻ പറഞ്ഞു
‘നിനക്ക് എന്നാ പറഞ്ഞാൽ മനസ്സിലാവില്ലേ.. അവിടെ പോയി നിൽക്ക്..’
അഖിലിന്റെ സ്വരം മാറി
‘ഇല്ല.. ഈ ഓവർ ഞാൻ ചെയ്യും..’
ഞാനും വിട്ടു കൊടുത്തില്ല. ആദ്യമായ് ആണ് ഞാൻ ശബ്ദം ഉയർത്തി എല്ലാവരും കേൾക്കുന്നത്
‘അങ്ങോട്ട് മാറി നിക്കെടാ ചെക്കാ..’
എനിക്ക് ബോൾ തരാതെ അഖിൽ ബോൾ എറിയാൻ തയ്യാറെടുത്തു
‘എനിക്ക് ഓവർ തന്നില്ലേൽ ഞാൻ ഒരു രൂപ പോലും തരില്ല തോറ്റാൽ..’
ഞാൻ എടുത്തടി പറഞ്ഞു
‘അതങ്ങ് വീട്ടിൽ പോയി പറഞ്ഞാൽ മതി..’
അഖിൽ എന്നോട് രോഷത്തോടെ പറഞ്ഞു
‘എനിക്ക് ബാറ്റിങ്ങും കിട്ടിയില്ല ബോളിങ്ങും കിട്ടിയില്ല, പിന്നെ ഞാൻ എന്തിനാ തോറ്റതിന് പൈസ തരുന്നത്..?
അപ്പോളേക്ക് ടീമിലെ എല്ലാവരും ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാൻ എല്ലാവരോടും കൂടിയായി പറഞ്ഞു
‘എടാ അവൻ ചെയ്യട്ടെ ഈ ഓവർ. എന്തായാലും നമ്മൾ ജയിക്കില്ലല്ലോ…’
ടീമിലെ ശാന്തൻ ചേട്ടൻ അഖിലോനോട് പറഞ്ഞു. എല്ലാവരും അത് തന്നെ പറഞ്ഞു. എന്തായാലും തോൽക്കും. അപ്പോൾ പിന്നെ ഒരു ഓവർ ഞാൻ ചെയ്യട്ടെ. എല്ലാവരും അത് ഏറ്റു പിടിച്ചപ്പോ അഖിലിന് പിടിച്ചു നിൽക്കാൻ പറ്റാതായി.. അവൻ ബോൾ ബൗണ്ടറിയിലേക്ക് എടുത്തു എറിഞ്ഞു
‘എന്ത് വേണേൽ കാണിക്ക്..’
അഖിൽ പറഞ്ഞു
ഞാൻ പതിയെ ആ ബോൾ എടുക്കാൻ നടന്നു. ഈ ഓവർ ഞാനാണ് ചെയ്യുന്നത്. ഇവിടെ എനിക്ക് ആദ്യമായ് പന്തെറിയാൻ ഒരു ചാൻസ് കിട്ടി. അതും ബെറ്റ് കളിയിൽ.. പക്ഷെ എനിക്ക് തീരെ ഭാഗ്യം ഇല്ല. എന്റെ ഓവറിൽ ഈ കളി തീരും മിക്കവാറും..
ഞാൻ ബൗണ്ടറിയിൽ നിന്ന് ബോൾ എടുത്തു പതുക്കെ ഓടി. കട്ടമ്മലയുടെ ബാറ്റ്സ്മാൻ തയ്യാറായി നിന്നു. അധികം വേഗത ഒന്നും എടുക്കാതെ ഞാൻ സാവധാനത്തിൽ ഓടി. പതിയെ പതിയെ വേഗത കൂട്ടി കൂട്ടി ഞാൻ ഓടി വന്നു കുത്തി ഉയർന്നു എന്റെ ഇടത് കയ്യിലെ പന്ത് അയച്ചു..
അത്രയും നേരം അടിച്ചു തകർത്ത് വന്ന കട്ടമ്മലയിലെ അടിക്കാരന് പിഴച്ചു. ബുള്ളറ്റ് പോലെ ചീറി പാഞ്ഞു വന്ന പന്ത് അവൻ കണ്ട് പോലുമില്ല.. മിഡിൽ സ്റ്റമ്പ് ആണ് തെറിച്ചത്.. എല്ലാവരുടെയും മുഖത്ത് അത്ഭുതം വിരിഞ്ഞു. ഞാൻ കളി ജയിപ്പിക്കും എന്നൊന്നും ആരും അപ്പോളും കരുതിയില്ല. പക്ഷെ എന്റെ ബോളിന്റെ വേഗത അവരെ അമ്പരപ്പിച്ചു. അത്രയും ഫാസ്റ്റിൽ ഇവിടെ ആരും എറിയാറില്ല.
വിക്കറ്റ് വീണപ്പോ ഞാൻ അഖിലിന്റെ മുഖത്തേക്ക് നോക്കി. അവന് സന്തോഷത്തേക്കാൾ കൂടുതൽ അമർഷം ആണ്. അവൻ അല്ലേലും അങ്ങനെ ആണ്. ടീം ജയിക്കുന്നതിലും അവൻ നല്ലപോലെ കളിക്കണം എന്ന് മാത്രം ആണ് അവനെപ്പോളും ചിന്ത.
വലിയ പ്രതീക്ഷകൾ ഇല്ലാതെ ഞാൻ അടുത്ത പന്തെറിയാൻ തയ്യാറായി. ആദ്യം എറിഞ്ഞതിലും വേഗത്തിൽ മറ്റൊരു ബോൾ. പക്ഷെ ആ പുള്ളി എങ്ങനെയോ അത് തടഞ്ഞിട്ടു. അതിനടുത്ത ബോൾ ഒരു യോർക്കർ ആയിരുന്നു. പുള്ളിയുടെ കാലിന് ചുവട്ടിൽ കുത്തിയ ബോളിനെ തടയാൻ പുള്ളി കാൽ കൊണ്ടും ബാറ്റ് കൊണ്ടുമൊക്കെ നോക്കി. പക്ഷെ രണ്ടിനും പിടി കൊടുക്കാതെ ബോൾ നേരെ ചെന്നു സ്റ്റമ്പിൽ കയറി കൊടുത്തു. കട്ടമ്മലയുടെ ആറാമത്തെ വിക്കറ്റ്..
ഇത്തവണ എന്റെ ടീം അടങ്ങി നിന്നില്ല. അവർ എന്റെ അടുത്തേക്ക് ഓടി വന്നു. കളി ജയിച്ചത് പോലെ എന്നെ എടുത്തു ഉയർത്തി.. അപ്പോളും ജയത്തിന്റെ അരികിൽ ഞങ്ങൾ എത്തിയിരുന്നില്ല.
‘ഡാ നന്ദു.. നീ പിടിച്ചു എറിയു.. നമുക്ക് ജയിക്കാം..’
ശാന്തൻ ചേട്ടൻ പറഞ്ഞു
‘അവർക്കിനിയും നാല് വിക്കറ്റ് കൂടി ഉണ്ട്.. ബോളും ഉണ്ട്..’
ഞാൻ പറഞ്ഞു
‘നീ ശ്രമിക്ക്. നമുക്ക് ജയിക്കാം..’
ശാന്തൻ ചേട്ടൻ പറഞ്ഞു..
ഞാൻ ചിന്തിച്ചു. വേണമെങ്കിൽ ജയിക്കാം. ഈ പുള്ളി കൂടി ഔട്ട് ആയാൽ പിന്നെ ബൗളേഴ്‌സ് ആണ് ഇറങ്ങുന്നത്. അവർ അത്ര പെട്ടന്ന് ഒന്നും അടിച്ചു ജയിപ്പിക്കില്ല. വേണമെങ്കിൽ കളി വരുതിയിൽ ആക്കാം. ഞാൻ കണക്ക് കൂട്ടി.. എല്ലാവരും എന്റെ അടുത്ത് വന്നു ബോളിങ്ങിനെ പ്രശംസിച്ചു എങ്കിലും അഖിൽ എനിക്ക് നോട്ടം തരാതെ മാറി നിന്നു..
