‘ആരാടാ ഇവനേ തല്ലിയത്…?
ഗ്രൗണ്ട് മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന പോലെ ശിവ ഉറക്കെ ചോദിച്ചു
‘ആരാടാ…?
ശിവ ശാന്തനോട് അലറി
‘കട്ടമ്മലയിലെ പിള്ളേർ ആണ്..’
ശാന്തൻ ശാന്തനായി പറഞ്ഞു
‘എന്നിട്ട് നീയൊക്കെ നോക്കി നിന്നല്ലേ..?
ശിവ ചോദിച്ചു
‘പിന്നെ ഞങ്ങൾ എന്ത് ചെയ്യണം..? ഇവനാണ് അവനെ പിടിച്ചു തള്ളിയത്..’
അഖിൽ പെട്ടന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു
‘അവൻ എന്നെ മനഃപൂർവം ചവിട്ടിയിട്ട് ആണ്…’
ഞാൻ അഖിലിനോട് പറഞ്ഞു
‘നാണം ഇല്ലല്ലോടാ.. നിന്റെ ഒക്കെ കൂട്ടത്തിൽ ഒരുത്തനെ അവന്മാർ നിന്റെ ഒക്കെ ഗ്രൗണ്ടിൽ വന്നു അടിച്ചിട്ട് നീയൊക്കെ അവന്മാരുടെ സോഡായും കുടിച്ചു ഇരിക്കുന്നു..’
ചേച്ചി അവിടെ ഉള്ള എല്ലാവരോടുമായി ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. മിണ്ടാൻ ഒന്നും ഇല്ല
‘ശിവേ നീ ചുമ്മ ചൊറിയാതെ പോ..’
അഖിൽ മാത്രം സംസാരിച്ചു
‘ഞാൻ ചൊറിയും.. ഇവനേ തല്ലിയിട്ട് നിനക്ക് ഒന്നും ഒരു പ്രശ്നവും ഇല്ലേൽ ഞാൻ ഇനിയും ചൊറിയും..’
ശിവ പറഞ്ഞു
‘എന്നാൽ നീ അങ്ങോട്ട് മാറി ഇരുന്നു ചൊറി.. ഞങ്ങൾക്ക് കളിക്കണം..’
അഖിൽ കളിയാക്കി പറഞ്ഞു..
ആദ്യമായ് ആണ് ഒരാൾ ചേച്ചിയോട് ഇങ്ങനെ എതിർത്തു സംസാരിക്കുന്നത് ഞാൻ കാണുന്നത്. ഞങ്ങളോട് ഒക്കെ അടിച്ചു നിൽക്കുന്ന ശിവേച്ചി ഒരു ആണിനോട് എങ്ങനെ എതിർ നിൽക്കും എന്ന് ഞാൻ ചിന്തിച്ചു..
‘അങ്ങനെ ഇവൻ ഇല്ലാതെ നീയൊന്നും ഇവിടെ കളിക്കുന്നില്ല..’
ശിവ നേരെ ഗ്രൗണ്ടിന് നടുവിലേക്ക് ചെന്നു അവിടെ കുത്തി വച്ചിരുന്ന സ്റ്റമ്പ് എടുത്തു എന്നിട്ട് മൂന്നും കയ്യിൽ പിടിച്ചു ഒടിച്ചു..
‘അവകാശം പറയാൻ നിന്റെ അച്ഛന്റെ പേരിൽ ഉള്ള സ്‌ഥലം ഒന്നും അല്ലല്ലോ..’
അഖിൽ ശിവേച്ചിയെ ചൊറിഞ്ഞു
‘നിന്റെ അപ്പന്റെ പേരിലും ഉള്ളത് അല്ലല്ലോ.. നീയൊക്കെ ഇനി ഇവിടെ കളിക്കുന്നത് എനിക്കൊന്ന് കാണണം..’
ചേച്ചി പറഞ്ഞു
‘നീ ആ കടത്തിണ്ണയിലോട്ട് ചെല്ല്. നിന്റെ തന്തപ്പടി ചിലപ്പോൾ അവിടെ പൂസായിട്ട് കിടക്കുന്നുണ്ടാകും.. പുള്ളിയെ എടുത്തു വീട്ടിൽ കൊണ്ടു പോ.. ഇവിടെ കിടന്നു ഷോ ഇറക്കാതെ…’
അഖിൽ ശോഭിക്കാൻ ഒന്ന് കൂടി കയറ്റി സംസാരിച്ചു. അത് കേട്ട് അവിടെ പലരും ചിരിച്ചു..
ശിവേച്ചിയുടെ അച്ഛന് ശങ്കരൻ മാമൻ അത്യാവശ്യം വെള്ളമടി ഉണ്ട്. വെള്ളമടിച്ചു വഴക്ക് ഒന്നും ഉണ്ടാക്കാറില്ല എങ്കിലും വെള്ളമടിച്ചു എവിടേലും കിടന്നു പോകുക പതിവായിരുന്നു. എന്നിട്ട് ജാനു ചേച്ചിയും അമ്മായിയും ശിവേച്ചിയും കൂടി എടുത്തോണ്ട് വീട്ടിൽ കൊണ്ട് വരും. അത് പഴയ ഒരു പതിവ് ആയിരുന്നു. ഇപ്പൊ അങ്ങനെ അധികം ഉണ്ടാവാറില്ല. ശിവേച്ചിയുടെ സ്വഭാവം കൊണ്ടു തന്നെ മാമന് അത്ര വലിയ അടി ഇപ്പൊ ഇല്ല. ഞാൻ വന്നു കഴിഞ്ഞു അങ്ങനൊരു സംഭവം ഉണ്ടായി കണ്ടിട്ടുമില്ല. എന്നാലും അത് വച്ചു അഖിൽ ചേച്ചിയെ കളിയാക്കിയത് എനിക്ക് നല്ല വിഷമം ആയി. എനിക്ക് വേണ്ടി ഇവിടെ വരെ വന്നിട്ട് ചേച്ചി നാണം കെട്ടത് ഓർത്ത് എനിക്ക് വിഷമം വന്നു
ഞാൻ ശിവയുടെ മുഖത്തേക്ക് നോക്കി. അവിടെ നാണക്കേട് ഒന്നുമില്ല. നല്ല കത്തുന്ന ദേഷ്യം ആണ് ഉള്ളത്..
‘എന്റെ അപ്പൻ കടത്തിണ്ണയിൽ അല്ലേ കിടക്കുന്നത്.. അല്ലാതെ പണ്ട് അണ്ണാച്ചിയുടെ കൂടെ ഒളിച്ചോടി പോയി തിരിച്ചു വന്ന നിന്റെ തള്ളയുടെ കൂടെ ഒന്നും അല്ലല്ലോ.. അപ്പോൾ കുഴപ്പമില്ല….’
മുഖത്തെ രക്തം ഇറങ്ങിയ അവസ്‌ഥയിൽ ഞാൻ അഖിലിനെ കണ്ടു.
ശിവേച്ചിക്ക് എതിരെ ഇറക്കിയ യോർക്കർ ഒറ്റ ഫ്ലിക്കിൽ സിക്സ് പോയ അവസ്‌ഥ ആയിരുന്നു അപ്പോൾ.. ശിവേച്ചിയുടെ മറുപടി കേട്ട് കുറേ എണ്ണം പിന്നിൽ ഊറി ചിരിച്ചു.. അഖിലിന്റെ അടി പതറി.. അത്രയും വലിയൊരു മറുപടി അവൻ ജന്മത്തിൽ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല..
അഖിലിന്റെ അമ്മ അവന്റെ ചെറുപ്പത്തിൽ പലിശക്ക് കടം കൊടുക്കുന്ന അണ്ണാച്ചിയുടെ കൂടെ ഇറങ്ങി പോയിട്ട് തിരിച്ചു വന്നതാണ്. അത് വളരെ പണ്ടുള്ള സംഭവം ആണ്. അത് കൊള്ളിച്ചു പറഞ്ഞപ്പോ അഖിലിന്റെ അടപ്പ് തെറിച്ചു. അവന് പിന്നെ ഒന്നും പറയാൻ ഇല്ലാതായി.. എന്നെയും കൂട്ടി ചോദിക്കാൻ വേണ്ടി ശിവേച്ചി ഇവിടേക്ക് വന്നപ്പോ ചേച്ചി ഇവരോട് പിടിച്ചു നിൽക്കുമോ എന്നെനിക്ക് സംശയം ഉണ്ടായിരുന്നു.. പിച്ചിക്കാവിലെ ശിവദയുടെ നാക്കിനെ എന്തിനാണ് എല്ലാവരും ഭയക്കുന്നത് എന്ന് ഇപ്പൊ എനിക്ക് മനസിലായി..
