ഞാൻ കൃത്യതയോടെ ഒരു യോർക്കർ എറിഞ്ഞു. ഈ അവസരത്തിൽ യോർക്കർ ആണ് കൂടുതൽ ഉപയോഗം. എന്റെ ബോളിന് നല്ല വേഗത ഉള്ളോണ്ട് നല്ലൊരു ടച്ച് കിട്ടിയാൽ ഇവർക്ക് സിംഗിൾ എടുക്കാം. അതൊഴിവാക്കാൻ ഞാൻ മാക്സിമം സ്വിങ് ചെയ്യിച്ചു ഇവരെ കുഴപ്പിച്ചു ആണ് എറിയുന്നത്.
പക്ഷെ ആ യോർക്കറിനും അതിനടുത്ത ബോളിനും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. എന്റെ അഞ്ചാമത്തെ ബോളിൽ അവർ ഒരു റൺസ് എടുക്കുകയും ചെയ്തു. ഇനി രണ്ട് റൺസ് കൂടി ജയിക്കാൻ വേണം. ടൈ ആകാൻ ഒരു റൺസ്. എനിക്ക് മിച്ചം ഒരു ബോൾ കൂടി ഉണ്ട് ഈ ഓവറിൽ
വേൾഡ് കപ്പിലെ അവസാന ബോൾ എന്നത് പോലെ എല്ലാവരും ആ ബോളിലേക്ക് ഉറ്റു നോക്കി… ഞാൻ കൃത്യമായ ചുവടുകളോടെ ഇടത് കയ്യിൽ നിന്ന് ബോൾ അയച്ചു. ബോൾ വായുവിൽ കുത്തി തിരിഞ്ഞു. അതിനെ സ്റ്റമ്പിൽ എത്തുന്നതിനു തടസമായി ബാറ്റ്സ്മാൻ ബാറ്റ് വച്ചു. അതിൽ ചെറുതായ് ഉരസി ബോൾ പിന്നിലേക്ക് പോയി. നിശബ്ദതയോടെ എല്ലാവരും ഒരു നിമിഷം ഹൃദയം നിലച്ച പോലെ പന്തിലേക്ക് നോക്കി. താഴേക്ക് പോകാൻ നിന്ന ആ പന്തിനേ മനോഹരമായ ഒരു ചട്ടത്തിലൂടെ ഞങ്ങളുടെ കീപ്പർ അപ്പു കൈപ്പിടിയിൽ ആക്കി..
‘ജയിച്ചു…’
ഞങ്ങൾ അലറി.. ഞങ്ങൾ ജയിച്ചിരിക്കുന്നു. എല്ലാവരും ആവേശത്തോടെ അപ്പുവിന്റെ അടുത്തേക്ക് ഓടി വന്നു…
‘ടച്ച് ഇല്ല.. ടച്ച് ഇല്ല..’
ഞങ്ങളുടെ ആവേശത്തെ തല്ലി കെടുത്തി കട്ടമ്മല അതിന് അപ്പീൽ വിളിച്ചു. ബോൾ ബാറ്റിൽ കൊണ്ടില്ല എന്നാണ് അവന്മാർ പറഞ്ഞത്
‘അതങ്ങു പള്ളിയിൽ പറഞ്ഞാൽ മതി.. ബാറ്റിൽ ടച്ച് ഉണ്ട്..’
ശാന്തൻ ചേട്ടൻ പറഞ്ഞു
‘ഇല്ല.. ബാറ്റിൽ കൊണ്ടിട്ടില്ല..’
കട്ടമ്മലയിലെ അവസാന രണ്ട് ബാറ്റ്സ്മാൻമാരിൽ ഒരാളായ ലിനീഷ് കയർത്തു..
‘ബാറ്റിൽ കൊണ്ടു. ഔട്ടും ആണ്..’
ഞാനും തർക്കിച്ചു
‘നീ പറ. അത് ഔട്ട് ആണോ…?
ലിനീഷ് ഞങ്ങളുടെ ടീമിലെ അഖിലിനോട് ചോദിച്ചു
അഖിൽ ഞങ്ങളെ എല്ലാവരെയും നോക്കി. എന്നിട്ട് ഉറപ്പില്ലാത്ത പോലെ പറഞ്ഞു
‘ടച്ച് ഉണ്ടായിരുന്നോ..? എനിക്ക് തോന്നിയില്ല..’
നാറി.. കൂടെ നിന്നിട്ട് പണിയുന്നു. ഈ കളി ജയിച്ചാൽ അതെന്റെ ക്രെഡിറ്റിൽ പോകും. അത് അവന് അറിയാം. ബോളിംഗ് നിഷേധിച്ച സമയത്തെ പ്രശ്നം കാരണം അവനത് നാണക്കേട് കൂടി ആണ്. അത് കൊണ്ടാണ് ടീം ജയിക്കാൻ അവസരം വന്നപ്പോളും അവൻ ഊമ്പിയ പണി കാണിച്ചത്. അഖിൽ എപ്പോളും ഇങ്ങനെ ഊമ്പിത്തരം കാണിക്കും.. ഞങ്ങളുടെ ടീമിൽ എല്ലാവരും അഖിലിനെ മനസ്സിൽ പ്രാകി..
‘ആ ബോൾ ഒന്നൂടെ റീ എറിയട്ടെ.. തർക്കം വേണ്ട..’
കട്ടമ്മലയിലെ ഒരുത്തൻ പറഞ്ഞു
‘പറ്റില്ല. ഞങ്ങൾ ജയിച്ചതാ..’
ഞാൻ സമ്മതിച്ചില്ല
തർക്കം പിന്നെയും നീണ്ടു. ജയം അവർ അംഗീകരിച്ചില്ല. കളി നിർത്താം എന്ന് വരെ ആയി. അവസാനം ആ ബോൾ റീ എറിയാൻ മനസില്ല മനസോടെ ഞങ്ങൾ തീരുമാനിച്ചു..
‘കള്ളത്തരം കാണിച്ചു ജയിക്കുന്നേൽ ജയിക്കട്ടെ.. ആണാണെൽ ഈ ബോളിൽ റൺസ് എടുത്തു ജയിക്കട്ടെ…’
ഞാൻ അവന്മാർ കേൾക്കാൻ പാകത്തിൽ ശാന്തൻ ചേട്ടനോട് പറഞ്ഞു. ബാറ്റ് ചെയ്യാൻ നിൽക്കുന്ന ലിനീഷ് ന് അത് കേട്ട് ശരിക്കും പൊളിഞ്ഞു..
ഇതും ഒരു തരം തന്ത്രമാണ്. ബാറ്റ് ചെയ്യുന്നവനെ പ്രകോപിപ്പിക്കുന്നത് ക്രിക്കറ്റിന്റെ ഒരു ഭാഗം ആണെന്ന് ഉണ്ണി ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയക്കാർ ഒക്കെ അങ്ങനെ ആണ് ജയിക്കുന്നത് എന്നാണ് ഉണ്ണി ചേട്ടൻ പറഞ്ഞിട്ടുള്ളത്.
സാധാരണ ഗതിയിൽ എന്റെ ഈ അവസാന ബോൾ അവന്മാർ വെറുതെ വിടാൻ മാത്രേ നോക്കൂ. അടുത്ത ഓവർ അവർക്ക് ജയിക്കാം. പക്ഷെ ഞാൻ ഇപ്പൊ ഇങ്ങനെ ഒരു വർത്താനം പറഞ്ഞത് കൊണ്ടു ലിനീഷിന് വാശി കൂടി. അവൻ ഈ ബോളിൽ ജയിക്കാൻ വേണ്ടി കളിക്കും. വലിയ വീശ് വീശിയില്ല എങ്കിലും മുട്ടി ഇട്ടിട്ട് ഓടാൻ എങ്കിലും നോക്കും. അവന്മാരുടെ ശരീരഭാഷയിൽ അവർ സിംഗിൾ ഇടാൻ തയ്യാറാണ് എന്ന് എനിക്ക് തോന്നിയിരുന്നു..
ഞാൻ എന്റെ അവസാനത്തെ ബോൾ ഒന്ന് കൂടി എറിയാൻ തുനിഞ്ഞു.. ലിനീഷിനെ ക്രീസിൽ തന്നെ വരിഞ്ഞു മുറുക്കുന്ന ഒരു യോർക്കർ ആയിരുന്നു എന്റെ അവസാന ആയുധം. അതിൽ വലിച്ചടിക്കാൻ ഒന്നും അവനെ കൊണ്ടു കഴിയില്ല. ഞാൻ ബോളിനെ അവന് നേരെ പ്രയോഗിച്ചു..
