എൽ ഡൊറാഡോ – 7 29അടിപൊളി 

 

‘അതിന് അവൻ ഒന്നും ചെയ്തില്ലല്ലോ. അവനെ അല്ലേ ഇങ്ങോട്ട് വന്നു തല്ലിയെ..’

 

ആ വിഷയം പെട്ടന്ന് തന്നെ പിച്ചിക്കാവിൽ പരന്നു. ഓരോരുത്തരും എന്നെ വന്നു കണ്ടു. ഒരുമാതിരി എന്തോ അസുഖം വന്ന ആളെ കാണാൻ എന്ന പോലെ.. എനിക്ക് അതൊരു അസ്വസ്ഥത ഉണ്ടാക്കി. പിന്നെ ഞാൻ ഓർത്ത്.. എനിക്ക് ഒരു വിഷമം ഉണ്ടായപ്പോൾ ഇത്രയും പേരെങ്കിലും അത് തിരക്കാൻ ഉണ്ടല്ലോ എന്ന്..

 

‘ഏട്ടൻ വരുമ്പോൾ ഞാൻ പറയാം.. അവന്മാർക്ക് നല്ല അടി കൊടുപ്പിക്കാം..’

വേദു എന്നോട് പറഞ്ഞു. ഗൾഫിൽ ഉള്ള അവളുടെ ചേട്ടൻ രഞ്ജിത്തിനെ പറ്റിയാണ് വേദു പറഞ്ഞത്.

 

‘നിന്റെ ചേട്ടൻ അതിന് എന്ന് വരാനാണ്..?

ഗോപു ചേച്ചി അവളോട് ചോദിച്ചു

‘കട്ടമ്മല ഒക്കെ ചീത്ത സ്‌ഥലം ആണ്. മുഴുവൻ കള്ളും ചാരായവും ഒക്കെ അടിച്ചു വഴക്ക് ഉണ്ടാക്കി നടക്കുന്ന ആളുകൾ ആണ്.. നീ ഇനി അവരുടെ കൂടെ ഒന്നും കളിക്കാൻ പോകല്ല് …’

ഗോപു പറഞ്ഞു

 

എല്ലാവരും എന്നെ വന്നു കണ്ടു. എന്നെ ആശ്വസിപ്പിച്ചു. പക്ഷെ ഒരാൾ മാത്രം വന്നില്ല. എന്റെ ശിവ.. ശിവേച്ചി അറിഞ്ഞു കാണില്ലേ ഈ കാര്യം. മീതു വരെ വേദുവിന്റെ കൂടെ വന്നു എന്നെ കാണാൻ.. ഒന്നും മിണ്ടിയില്ല എങ്കിൽ കൂടി എന്നെ കണ്ടപ്പോ അവൾക്ക് എന്റെ അവസ്‌ഥയിൽ വിഷമം ഉണ്ടെന്ന് എനിക്ക് തോന്നി. എന്നിട്ടും എന്റെ ശിവേച്ചി മാത്രം എന്താ എന്നേ കാണാൻ വരാഞ്ഞത്. ഒരു കണക്കിന് ചേച്ചി വരാഞ്ഞത് നന്നായി. അടി കിട്ടിയ ഭാവത്തിൽ ചേച്ചിയുടെ മുന്നിൽ ഇരിക്കുന്നത് ഓർക്കുമ്പോ എനിക്ക് നാണക്കേട് തോന്നി

 

പക്ഷെ ശിവ ഒടുക്കം വന്നു.. ഞാൻ അപ്പോൾ റംല ഇത്ത എനിക്ക് കൊണ്ട് തന്ന പലഹാരം കഴിച്ചോണ്ട് ഇരിക്കുവായിരുന്നു.. ഇവിടെ ആരും ഈ കാര്യം ശിവയോട് പറഞ്ഞിരുന്നില്ല. അത് മനഃപൂർവം ആണ്.. ശിവ അറിയണ്ട എന്ന് അവരെല്ലാം കരുതി.. പക്ഷെ വേദു അത് ചേച്ചിയോട് പറഞ്ഞു കൊടുത്തു. അങ്ങനെ ഒടുക്കം എന്നെ കാണാൻ ശിവ വന്നു

 

‘നിനക്ക് വേദന ഉണ്ടോ ..?

ശിവ എന്നോട് ചോദിച്ചു.

 

‘ഇല്ല..’

ഞാൻ പറഞ്ഞു

 

‘വിഷമം ഉണ്ടോ…?

ശിവ ചോദിച്ചു

 

ഞാൻ ഒന്നും പറഞ്ഞില്ല. മറുപടി ശിവക്ക് മനസിലായി

 

‘നീ അവനെ ഒന്നും ചെയ്തില്ലേ തിരിച്ചു..?

ശിവ ചോദിച്ചു

 

‘ഇല്ല..’

ഞാൻ പറഞ്ഞു

 

‘അതെന്താ…?

ശിവ ചോദിച്ചു

 

‘അവൻ എന്നേക്കാൾ വലിയ സൈസ് ആണ്.. എന്നേക്കാൾ മൂത്തത് ആണ് ..’

ഞാൻ പറഞ്ഞു

 

‘കണ്ണൻ ഒന്നും പറഞ്ഞില്ലേ..?

ശിവ കണ്ണൻ ചേട്ടനെ പറ്റി ചോദിച്ചു

 

‘കണ്ണൻ ചേട്ടൻ ഒന്നും ഇന്ന് ഇവിടെ ഇല്ല. എന്തോ പരിപാടിക്ക് പോയിരിക്കുവാ..’

ഞാൻ പറഞ്ഞു

 

ശിവ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. ഞാൻ പലഹാരം തിന്ന് തീരുന്നത് വരെ അവിടെ ഇരുന്നു . ഞാൻ കഴിച്ചു കഴിഞ്ഞു എന്റെ കയ്യിൽ പിടിച്ചു ശിവ എഴുന്നേൽപ്പിച്ചു..

 

‘നീ വാ…’

 

‘ഇനി അവൻ എങ്ങോട്ടും ഇല്ല ..’

അമ്മ ശിവേച്ചിയെ തടഞ്ഞു

 

‘ചിറ്റ ഒന്ന് ചുമ്മായിരി…’

അമ്മയെ വക വയ്ക്കാതെ ശിവ ഞാനുമായി പുറത്തേക്ക് ഇറങ്ങി

 

‘ഇതാരാ ഇവളോട് പറഞ്ഞത്…?

അമ്മ സ്നേഹേച്ചിയോട് ചോദിക്കുന്നത് ഞാൻ കേട്ടു

 

‘വേദു ആകും..’

സ്നേഹേച്ചി പറഞ്ഞു

 

എന്റെ ഊഹം പോലെ ശിവേച്ചി പോയത് ഗ്രൗണ്ടിലേക്ക് ആയിരുന്നു. ചേച്ചി അവിടെ പോയിട്ട് എന്ത് കാണിക്കാൻ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.. വേദു കൂടെ വരാമെന്ന് പറഞ്ഞെങ്കിലും ശിവേച്ചി അവളോട് വരണ്ട എന്ന് പറഞ്ഞു..

 

ഞങ്ങൾ ഗ്രൗണ്ടിൽ എത്തിയപ്പോ കട്ടമ്മലക്കാരെ കാണാൻ ഇല്ലായിരുന്നു.. അവന്മാർ പോയി കഴിഞ്ഞിരുന്നു. ഗ്രൗണ്ടിൽ പക്ഷെ ഞങ്ങളുടെ ടീം ഉണ്ട്. എല്ലാവരുടെയും കയ്യിൽ ലെമൺ സോഡായും.. എന്റെ ഓവറിൽ ജയിച്ചിട്ട് എനിക്ക് വേണ്ടി തിരിച്ചു തല്ലാതെ നാണം ഇല്ലാതെ സോഡാ കുടിച്ചു ഇരിക്കുന്നു..

 

എന്നെ കണ്ടതും ശാന്തൻ ഓടി വന്നു ഒരു ലെമൺ സോഡാ നീട്ടി.. ഞാൻ അത് വാങ്ങിക്കാതെ നിന്നു. അപ്പോൾ പെട്ടന്നാണ് ശിവേച്ചി അത് കയ്യിൽ എടുത്തു വാങ്ങി നിലത്തേക്ക് ഒറ്റയടി.. സോഡാ കുപ്പി പൊട്ടി ചിതറി.. ശിവ എന്റെ കൂടെ വന്നപ്പോൾ തന്നെ എന്തെങ്കിലും പൊട്ടുമെന്ന് അവിടെ എല്ലാവർക്കും തോന്നിയിരുന്നു. സോഡാ കുപ്പിയിൽ തുടങ്ങി അത്..

Updated: November 16, 2025 — 2:13 pm

Leave a Reply

Your email address will not be published. Required fields are marked *