എൽ ഡൊറാഡോ – 7 29അടിപൊളി 

 

അങ്ങനെ ഞാൻ എന്റെ നാലാമത്തെ ബോൾ എറിയാൻ വേണ്ടി വന്നു. കിടിലൻ ബോൾ ആയിരുന്നു. ബാറ്റ്സ്മാന് ബോൾ കണ്ടു പോലുമില്ല പക്ഷെ ചെറിയൊരു വ്യത്യാസത്തിൽ ബോൾ സ്റ്റമ്പിൽ കൊള്ളാതെ പോയി. എല്ലാവരും തലയിൽ കൈ വച്ചു പോയി..

അഞ്ചാമത്തെ ബോൾ യോർക്കർ തന്നെ ആയിരുന്നു. പുള്ളി എങ്ങനെയോ ടച്ച്‌ ചെയ്തു ബോൾഡ് ആകാതെ നോക്കി. ഞാൻ ഓടി മുന്നോട്ടു വന്നു ബോൾ എടുത്തു. റൺസ് ഒന്നും പോയിട്ടില്ല.

 

ശാന്തൻ ചേട്ടൻ പറഞ്ഞത് ഞാൻ ഓർത്തു. ഈ പുള്ളിയെ ഔട്ട്‌ ആക്കണം. ഇങ്ങേർ മാക്സിമം പിടിച്ചു നിക്കുവാ. അടുത്ത ഓവർ വേറെ ആൾ ചെയ്യുമ്പോ അടിച്ചു ജയിപ്പിക്കാൻ. അങ്ങനെ ഉണ്ടാകാതെ ഇരിക്കാൻ ഈ അവസാന ബോളിൽ പുള്ളിയെ ഔട്ട്‌ ആക്കണം..

 

ഞാൻ ബോൾ എന്റെ വിരലുകൾക്ക് ഇടയിൽ ഒരു പ്രത്യേക രീതിയിൽ വച്ചു. എന്റെ നാട്ടിൽ നല്ലത് പോലെ പന്തെറിയുന്ന ഒരു ചേട്ടനുണ്ട്. ഉണ്ണി എന്ന് പേര്. പുള്ളി ആണ് ബോളിങ്ങിൽ എന്റെ ആശാൻ. പുള്ളി പഠിപ്പിച്ച തന്ത്രങ്ങൾ ഇപ്പോളും എന്റെ തലയ്ക്കു ഉള്ളിൽ ഉണ്ട്.. ഞാൻ മെല്ലെ ഓടി തുടങ്ങി

 

പന്ത് എന്റെ കയ്യിൽ നിന്നും മുന്നിലേക്ക് കുതിച്ചു. കുറച്ചു നീങ്ങിയാണ് പന്ത് കുത്തിയത്. വൈഡ് പോകാൻ ചാൻസ് ഉള്ളത് പോലെ. അത് കരുതി ബാറ്റ്സ്മാൻ ആ പന്ത് നേരിടേണ്ട എന്ന് വച്ചു. പക്ഷെ അയാൾക്ക് തെറ്റി

 

കുത്തി കഴിഞ്ഞു മുന്നോട്ടു പോകുന്നതിന് പകരം പന്ത് വായുവിൽ തിരിഞ്ഞു സ്റ്റമ്പിലേക്ക് വന്നു. നല്ല വേഗത കൂടി ഉണ്ടായിരുന്ന കൊണ്ട് പുള്ളിക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റിയില്ല.. ബൗൾഡ്..!

 

കല്ലിൽ കുത്തി മാത്രം പന്ത് തിരിക്കാൻ അറിയുന്ന പൊന്മലക്കർ അന്ന് ആദ്യമായ് വായുവിൽ പന്ത് തിരിക്കുന്ന ഒരുവനെ കണ്ടു ഞെട്ടി. ഉള്ളിൽ സഹീർ ഖാനെ ആവാഹിച്ച ആ മൂർത്തിയുടെ പേര് നന്ദഗോപൻ എന്നായിരുന്നു.. റബ്ബർ പന്ത് സ്വിങ് ചെയ്യിക്കുന്ന ആ മാന്ത്രികനേ അവർ ആവേശത്തോടെ എടുത്തുയർത്തി…

 

‘മതിയെടാ.. മതി.. നമ്മൾ ജയിച്ചു..’

ശാന്തൻ ചേട്ടൻ എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

 

‘ഇനിയും മൂന്ന് പേരൂടെ ഉണ്ട്..’

ഞാൻ പറഞ്ഞു

 

‘ഏഴ് റൺസും..’

അജിത് കൂട്ടത്തിൽ പറഞ്ഞു

 

‘അടുത്ത ഓവർ ഞാൻ ചെയ്യാം. ഏഴ് റൺസ് അവന്മാർ എടുക്കാതെ ഞാൻ നോക്കാം..’

ശാന്തൻ ചേട്ടൻ പറഞ്ഞു

 

ഈ ഓവറിൽ തന്നെ കളി ജയിക്കാൻ കട്ടമ്മല ടീം തീർച്ചപ്പെടുത്തി. അതിനടുത്ത ഓവർ ഞാൻ തന്നെ ചെയ്യും എന്ന് അവർക്ക് അറിയാം. അതിന് മുന്നേ അവർക്ക് ജയിക്കണം..

ഞങ്ങൾക്ക് മുന്നിൽ ഈ ഓവർ അവർ ഏഴ് റൺസ് എടുക്കാതെ നിൽക്കണം. ശാന്തൻ ചേട്ടൻ അതിന് തയ്യാറായി. അവർക്ക് കളിക്കാൻ ഉള്ളത് ബൗളർമാർ ആയത് കൊണ്ട് വലിച്ചടിച്ചു ജയിക്കാൻ അവർക്കും പറ്റിയില്ല. പക്ഷെ നാല് റൺസ് അവർ ആ ഓവറിൽ എടുത്തു..

 

ഇനി കട്ടമ്മലയ്ക്ക് ജയിക്കാൻ വേണ്ടത് മൂന്ന് റൺസ്..

 

ഞാൻ എന്റെ അടുത്ത ഓവറിനായി ബോൾ എടുത്തു. മൂന്ന് റൺസ് മതി അവർക്ക് ജയിക്കാൻ. ഞങ്ങൾക്ക് മൂന്ന് വിക്കറ്റ്. എന്റെ ഓവർ കഴിഞ്ഞും അവർക്ക് ബോൾ ഉണ്ട്. അത് കൊണ്ട് ഞങ്ങൾക്ക് ഈ ഓവറിൽ ജയിച്ചേ പറ്റൂ..

 

ആദ്യത്തെ ബോൾ ഞാൻ നല്ലത് പോലെ എറിഞ്ഞു. പക്ഷെ വിക്കറ്റ് വീണില്ല.. അതിന് അടുത്ത ബോൾ എന്റെ പന്ത് തടയാൻ ബാറ്റ് മുന്നിലേക്ക് വച്ച കട്ടമ്മലയുടെ പ്ലയെറിന് ചെറുതായ് ഒന്ന് പിഴച്ചു. ബാറ്റിന്റെ എഡ്ജിൽ കൊണ്ട് ബോൾ പിന്നിലേക്ക് ഉയർന്നു. എല്ലാവരുടെയും കണ്ണുകൾ ബോളിലായി.. ഒടുവിൽ അത് ഞങ്ങളുടെ കീപ്പർ അപ്പു ഭദ്രമായി കയ്യിലാക്കി.. അവരുടെ എട്ടാമത്തെ വിക്കറ്റ് കൂടി വീണു.

 

ഇപ്പൊ രംഗം മൊത്തത്തിൽ മാറി. ഇത്രയും നേരം വിജയസാധ്യത ഉണ്ടായിരുന്ന കട്ടമ്മലക്കാർ പരാജയം മണത്തു. തോൽവി ഉറപ്പിച്ചു ബൌളിംഗ് തുടങ്ങിയ ഞങ്ങൾ വിജയം സ്വപ്നം കണ്ടു തുടങ്ങി. അതിന്റെ പിന്നോടി എന്നോണം അടുത്ത ബോൾ പിന്നെയും ബൗൾഡ്.. ഇനി അവരുടെ പക്കൽ ഒരു വിക്കറ്റ് കൂടിയേ ഉള്ളു. എനിക്ക് ആണേൽ ഹാട്രിക് ചാൻസ് ആണ്..

Updated: November 16, 2025 — 2:13 pm

Leave a Reply

Your email address will not be published. Required fields are marked *