“സാർ അബുദാബി ലാൻ്റ് ചെയ്യുവാണ് ”
അവൻ മെല്ലെ ഉറക്കത്തിൽ നിന്നും ഉണർന്നു , ഒരു നിമിഷം അവൻ്റെ ഉള്ളു പിടഞ്ഞു അവൾ അടുത്തില്ല. അവൻ അങ്ങോട്ടുമിങ്ങോട്ടും നോക്കിയെങ്കിലും കാണുന്നുണ്ടായില്ല , അവളുടെ ഹാൻഡ് ബാഗ് അടുത്തിണ്ടെന്നത് അവനെ ആശ്വസിപ്പിച്ചു. കുറച്ച് കഴിഞ്ഞ് അവൾ വാഷ്റൂമിൽ നിന്നും തിരിച്ചുവന്നിരുന്നു.
കണ്ണുകൾ ചുവന്ന് വീങ്ങിയിരിക്കുന്നു ഏറെ നേരം കരഞ്ഞിട്ടുണ്ടെന്ന് അവന് മനസിലായി. അവൾ അടുത്ത് വന്നിരുന്നുവെങ്കിലും ഒരു അകലം പാലിക്കുന്നപോലെ , ഒന്നും മിണ്ടുന്നുമില്ല. അവനും തിരിച്ച് ശല്ല്യം ചെയ്യാൻ തോന്നിയില്ല. കുറേ നേരം എന്തോ ആലോചിച്ചിരുന്ന അവൾ പെട്ടെന്ന് അവൻ്റെ നേർക്ക് തിരിഞ്ഞു
” നമ്മളിനി കാണില്ല അല്ലെ , താൻ തൻ്റെ ലൈഫുമായി മുന്നോട്ട് പോയാൽ പിന്നെ എന്നെ ഓർക്കുമോ , ഇല്ലാല്ലേ…..”
അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു , എന്താണാ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അവൻ അവളെ ദയനീയമായി നോക്കി.
“എന്നാലും താനെന്തിന ,ഇന്ന് ഈ ഫ്ലൈറ്റിൽ തന്നെ വന്നെ , ഞാനെന്തിന ആരുമല്ലാത്ത തന്നെ സഹായിക്കാൻ വന്നെ , അതും ജീവിതത്തിലെ ഏറ്റവും മോശമവസ്ഥയിൽ താനെന്തിന എന്നോടിങ്ങിനെ അടുപ്പം കാണിച്ചെ , എന്നിട്ടിപ്പൊ താനും ഇട്ടേച്ച് പോകുവല്ലെ ”
അവൾ കണ്ണുപൊത്തി ഏങ്ങി കരഞ്ഞുപോയി , അവൻ ചുറ്റും നോക്കി അളുകൾ അവരെതന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. അവൻ മെല്ലെ അവനോട് ചേർത്തു പിടിച്ചു പതിയെ
“ഡോ എന്താ … എന്ത് പറ്റി … താനെന്തിന കരയുന്നെ , എല്ലാവരും നമ്മളെ നോക്കുവാണ് , തനിക്കെന്തുപറ്റി ”
പൊടുന്നനെ അവൾ നേരെ ഇരുന്ന് കണ്ണൊക്കെ തുടച്ച് ശാന്തമായി ഇരിക്കാൻ ശ്രമിച്ചു.
“ആർ യു ഓക്കെ ”
കയ്യിലിരുന്ന വെള്ളം അവൾക്ക് നേരെ നീട്ടി അവൻ ചോദിച്ചു. അവൾ ആ വെള്ളം വാങ്ങി കുടിച്ചു കൊണ്ട് അവനെ നോക്കി അപ്പോഴും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
” ഇന്നെൻ്റെ ഡിവോഴ്സ് ആയിരുന്നു , മൂന്നു വർഷത്തെ ദാമ്പത്യം ഒരു കടലാസിൽ അവസാനിച്ചു , അത്രമാത്രം അയാളെ ഞാൻ സ്നേഹിച്ചിരുന്നു എൻ്റേതെന്ന് ഇന്ന് പോലും ഞാൻ പ്രതീക്ഷിച്ചിരുന്നു അയാൾ എല്ലാം മറന്ന് എൻ്റെ കൂടെ ജീവിക്കുമെന്ന് , ഒരു കൂസലില്ലാതെ അയാളെന്നെ വലിച്ചെറിഞ്ഞു, അവിടുന്ന് എല്ലാം തകർന്ന് വരുമ്പോഴ തന്നെ കണ്ടു മുട്ടുന്നത് ,
കുറച്ച് നേരം കൊണ്ട് താനെനിക്ക് എങ്ങിനെയൊ പ്രീയപ്പെട്ടവനായി, ഞാനാഗ്രഹിച്ച ഒരു ജീവിതം, പെട്ടെന്ന് തൻ്റെ മാറിൽ കിടന്ന് സ്വപ്നം കണ്ടു ഞാൻ.ഞാനുമൊരു പെണ്ണല്ലേടൊ എനിക്കും ഉണ്ടാവില്ലെ ഒരു മനസ്സ്. എന്നിട്ടിപ്പൊ പെട്ടെന്ന് താനും പോകുവാന്ന് വിചാരിച്ചപ്പോൾ എനിക്ക് എന്നെതന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ”
അവൻ മെല്ലെ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു .
“ഇയാളുടെ മനസ്സിലെ വിഷമം കൊണ്ടാണ് ഇങ്ങിനൊക്കെ തോന്നുന്നത്, ഞാൻ പരിചയപ്പെട്ടതിൽ വച്ച് ഏറ്റവും സ്ട്രോംഗാണ് താൻ ,പിന്നെ ഇത് ഈ സമയവും കടന്നു പോകുമെടൊ. പിന്നെ തനിക്കൊരു വാക്കു തരാം താൻ ആഗ്രഹിക്കുമ്പോളൊക്കെ എന്നെക്കൊണ്ട് പറ്റുന്നപോലെ ഞാൻ ഇണ്ടാവും എന്നും, താൻ ആഗ്രഹിക്കുന്നപോലെ നല്ലൊരു ഫ്രണ്ടായിട്ടൊ, ഒരു പരിചയക്കാരനായിട്ടൊ എങ്ങിനെ വേണേലും ”
അവൾ മെല്ലെ അവൻ്റെ തോളിലേക്ക് ചാഞ്ഞു, അവൻ്റെ വാക്കുകൾ തെല്ലൊരു ആശ്വാസം പകർന്നെങ്കിലും അവിളുടെ ഉള്ള് ഇരമ്പി മറിയുന്ന കടല് പോലെ സംഘർഷഭരിതമായിരുന്നു. ഒപ്പം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാവാതെ അവനും ആകെ ആശയക്കുഴപ്പത്തിലായിരുന്നു ഒന്നു മാത്രം അവനുറപ്പായിരുന്നു തൻ്റെ ചുമലിൽ ചാഞ്ഞു കിടക്കുന്ന തൻ്റെ ആരുമല്ലാത്ത ആര്യ അപ്പോൾ മുതൽ തൻ്റെ ആരെക്കെയോ ആയി മാറുന്നുവെന്ന്,
പക്ഷെ തൻ്റെ ലിമിറ്റേഷൻസിനെപ്പറ്റിയും അവളുടെ മാനസ്സികാവസ്ഥയെപ്പറ്റിയും നല്ല ബോധമുണ്ടായിരുന്നതിനാൽ സിറ്റുവേഷൻ മുതലെടുക്കാൻ അവന് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. ഫ്ലൈറ്റ് ലാൻ്റ് ചെയ്ത് ഇമിഗ്രേഷൻ ക്ലിയർ ചെയ്ത് ബാഗ് കളക്ട് ചെയ്യുന്നവരേയും അവർ ഒന്നും പരസ്പരം സംസാരിച്ചില്ല പക്ഷെ ഒരു നിമിഷം പോലും അവൻ്റെ കൈ വിടാൻ അവൾ തയ്യാറായിരുന്നില്ല.
