“മ്മ്…. ”
എന്റെ മറുപടിയും ഒരു മൂളലിൽ ഒതുങ്ങി… എന്റെ കണ്ണുകളിൽ നിന്നും കണ്ണു നീർ ഇറ്റിറ്റു വീഴാൻ തുടങ്ങിയിരുന്നു….
ഞാൻ ബെഡിൽ പോയി മുഖം പൂഴ്ത്തി കുറച്ചു നേരം കിടന്നു……
കണ്ണടച്ചാൽ മരിച്ചു കിടക്കുന്ന കല്ല്യാണിയേയാണ് കാണുന്നത്…. ആ ചിന്തകൾ മാറ്റുവാൻ ഞാൻ എന്നേ തന്നെ ദ്രോഹിച്ചുകൊണ്ടിരുന്നു…
കുറച്ചു കഴിഞ്ഞതും ബാത്‌റൂമിന്റെ വാതിലുകൾ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു..
വേഗം എന്റെ കണ്ണുകൾ ഞാൻ തുടച്ചു മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു….
കല്ല്യാണി ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി…. അവളുടെ കണ്ണുകളിലേക്കാണ് എന്റെ ശ്രദ്ധ ആദ്യം പോയത്…. കരഞ്ഞതിന്റ എല്ലാ ലക്ഷണവും അവയിൽ ഉണ്ടായിരുന്നു എന്നാൽ അതിന്റെ നിറമായിരുന്നു എന്നേ ഭീതിയിലാക്കിയിരുന്നത്….. ഒരു ചെറിയ അംശം നീല നിറം മാത്രമേ കല്ല്യാണിയുടെ കണ്ണുകൾക്കുണ്ടായിരുന്നുള്ളു…. എന്നാലും അതിന്റെ ഭംഗി തിളങ്ങി നിൽക്കുന്ന പൂർണചന്ദ്രന് സമാനമായിരുന്നു…. അവളുടെ മുടിയിൽ നിന്നും വെള്ള തുള്ളികൾ കഴുത്തിലൂടെയും ടീഷർട്ടിലൂടെയും ഒലിച്ചിറങ്ങി… അവൾ ഉള്ളിൽ ഒന്നും ധരിച്ചിട്ടില്ല എന്നെനിക്ക് വ്യക്തമായി… അവളുടെ തേൻചുണ്ടിന്റെ നിറം കുറച്ചു മങ്ങിയിട്ടുണ്ടായിരുന്നെങ്കിലും അതിൽ കൃത്രിമ ചിരി ഒളിപ്പിക്കാൻ അവൾ മറന്നില്ല….
“എന്താടാ… എന്നേ കണ്ടിട്ട് പേടിയാവുന്നുണ്ടോ…. ”
ഒരു തമാശരൂപേണയാണ് അവൾ അതു ചോദിച്ചതെങ്കിലും എന്റെ മുഖം മാറാൻ അതു തന്നെ ധാരാളമായിരുന്നു….
എന്റെ മുഖം മങ്ങിയത് കണ്ട കല്ല്യാണി വേഗം എന്റെ അടുത്തേക്ക് ഓടിവന്ന് എനിക്കൊപ്പം ബെഡിൽ ഇരുന്നു…
“അയ്യോ… ഞാൻ വെറുതെ പറഞ്ഞതാ…. ”
എന്റെ നെറ്റിൽ ഒരുമ്മ തന്നുകൊണ്ടവൾ പറഞ്ഞു….
കുറച്ചു നേരത്തേക്ക് ഞാനും കല്ല്യാണിയും ഒന്ന് മിണ്ടിയില്ല….
കുറച്ചു കഴിഞ്ഞതും കല്ല്യാണി പോയി റൂമിലേ ലൈറ്റ് ഓഫ് ചെയ്തു….
ശേഷം എന്റെ മാറിലായി തല വെച്ചു കിടന്നു…..
“എന്താ ഉണ്ടായേ….. ”
ഞാൻ കല്ല്യാണിയോട് ചോദിച്ചു….
അവൾ എങ്ങനെയാണ് അവിടേ എത്തിയത് എന്ന് എനിക്ക് അറിയണമായിരുന്നു….
ചോദ്യം കേട്ടിട്ടും അവൾ കുറച്ചു നേരം മൗനമായിരുന്നു
ശേഷം എന്താ സംഭവിച്ചത് എന്ന് പറയാൻ തുടങ്ങി….
“””””””നീ പോയത് മുതൽ മനസ്സിന് എന്തോ ഭാരം തോന്നിയത് പോലെയായിരുന്നു എനിക്ക്…. എത്ര ശ്രമിച്ചിട്ടും നിന്നേ കാണണമെന്ന ചിന്ത മനസ്സിൽ നിന്നും മായ്ക്കാൻ സാധിച്ചില്ല….. തീരെ പറ്റാതെയായപ്പോൾ ഞാൻ അമ്മമാരോടും അച്ഛന്മാരോടും പറഞ്ഞ് ക്ഷേത്രത്തിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു….അപ്പോൾ മായ അടുത്തേക്ക് വന്നു ഒരു കവർ തന്നു.എന്നിട്ട് ഇതൊന്നു കാറിൽ കൊണ്ടുപോയി വാക്കുമോ എന്നും ചോദിച്ചു.. പൂജക്ക് ഉപയോഗിച്ച സാധനങ്ങളിൽ ബാക്കി വന്ന സാധനങ്ങൾ ആയിരുന്നു അവ… പാർക്കിംഗ് ക്ഷേത്രത്തിനു തന്നെ അടുത്തായതുകൊണ്ട് ഞാൻ അവളുടെ കയ്യിൽ നിന്നും അതു വാങ്ങി കാറിന്റെ അടുത്തേക്ക് നടന്നു…കാറുകളുടെ മറവിൽ എത്തിയപ്പോഴാണ് പിന്നിൽ നിന്നും ആരുടെയൊക്കെയോ കാൽ പെരുമാറ്റം ഞാൻ ശ്രദ്ധിച്ചത്.തിരിഞ്ഞുനോക്കാൻ പോലും സമയമുണ്ടായിരുന്നില്ല അതിനു മുന്പേ ഒരു കനത്ത വാസന മൂക്കിലേയ്ക്ക് കയറിവന്നു ഒരു മധുരമുള്ള ഗന്ധം, പക്ഷേ കുറച്ചു നിമിഷംകൊണ്ട് തല ചുറ്റുന്ന വിധത്തിൽ ശക്തം.കാഴ്ചകൾ ഓക്കെ മങ്ങിത്തുടങ്ങി.കൈയിൽ പിടിച്ചിരുന്ന കവർ നിലത്തേക്ക് വീണു.അവസാനം കേട്ടത് ചക്രങ്ങളുടെ ഒരു സൂക്ഷ്മ ശബ്ദം മാത്രം…പിന്നേ എല്ലാം ഇരുട്ടായിരുന്നു….
കണ്ണു തുറക്കുമ്പോൾ ഞാൻ ഒരു വീടിന്റെ ഉള്ളിൽ ആയിരുന്നു…. തുറന്ന വാതിലിൽ നിന്നും വന്ന നിലാവിന്റെ വെളിച്ചത്തിൽ എന്റെ മുമ്പിൽ കുറച്ചു പേരുടെ രൂപം ഞാൻ കണ്ടു പക്ഷേ ആരുടേയും മുഖം വ്യക്തമായിരുന്നില്ല….. അവർ എന്തോ സംസാരിക്കുകയായിരുന്നു. ഞാൻ ഉണർന്നതിന്റെ ശബ്ദം കേട്ടതും അവരുടെ ശ്രദ്ധയെല്ലാം എന്നിലേക്ക് ആയി…. രണ്ടുപേർ വന്ന് എന്നെ എണീപ്പിച്ചു നിർത്തി. ശേഷം കത്തി കൊണ്ടൊരുത്തൻ എന്റെ അടുത്തേക്ക് വന്നു “ക്ഷമിക്കണം വേറേ വഴിയില്ല….” അയാൾ അത് പറഞ്ഞ് കത്തികൊണ്ട് കുത്താൻ നിന്നതും എന്റെ കൈ പിടി ആ കത്തിയിൽ വീണിരുന്നു… കൈ മുറിഞ്ഞു ചോര വരാൻ തുടങ്ങിയെങ്കിലും ഞാൻ പിടി വിട്ടില്ല…. അത്കൊണ്ടാവണം വേറൊരാൾ വന്നെന്നെ തല്ലിയത് അടി കൊണ്ട് ഞാൻ കുറച്ചു മാറി വീണു .
