“നിനക്കിതെന്തു പറ്റി അമ്മു…ഞാൻ ബേക്കറിയിൽ ഉണ്ടായിരുന്നു…നീ എന്താ വരാഞ്ഞെ…”
ഞാൻ ചോദിച്ചതിനൊന്നും അവൾ മിണ്ടിയില്ല പകരം നേരെ പുറകിൽ കയറി ഇരുന്നു… എനിക്ക് വല്ലാത്ത വിഷമം ആയി… എന്റെ മുൻപിൽ അല്ലാതെ ഇതുവരെ കയറിയിട്ടില്ലാത്ത പെണ്ണ് പെട്ടെന്ന് എന്നെ മുട്ടാതെ പിറകിൽ കയറിയതും ഞാനും വല്ലാണ്ടായി…
പോവും വഴി ഞാൻ എന്ത് ചോദിച്ചിട്ടും ഒന്നും മിണ്ടാതെ ഇരുന്നതെ ഉള്ളൂ അവൾ… അല്ലാത്തപ്പോൾ കല പില പറഞ്ഞു എന്നെ ഒന്ന് മിണ്ടാൻ പോലും വിടാത്ത അമ്മു പെട്ടെന്ന് സൈലന്റ് ആയത് എന്നെ കുറച്ചൊന്നും ആയിരുന്നില്ല ഉലച്ചത്… വീട്ടിൽ ചെന്ന് സമാധാനം ആയി ചോദിക്കാം എന്നു കരുതി ഞാൻ പിന്നീടൊന്നും ചോദിച്ചില്ല,… വീട്ടിൽ എത്തിയപാടെ സാരി ഉരിഞ്ഞിട്ട അമ്മു തോർത്തും എടുത്തോണ്ട് പിറകിൽ കുളിമുറിയിലേക്ക് ഓടി…
പേടി തട്ടിയ ഞാൻ ഓടി ചെന്നു അവളെ വട്ടം പിടിച്ചു.
“വിട്…വിട്….എന്നെ വിട്….”
എന്റെ കയ്യിൽ കിടന്നു കുതറിയ പെണ്ണിന്റെ കണ്ണു നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു, എന്റെ ഹൃദയം ഉരുകുന്നതും ഞാൻ അറിഞ്ഞു. മനസ്സുലഞ്ഞ ഒരാളെ പോലെ ആണ് അമ്മു പെരുമാറുന്നത്, കണ്ടു നിക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല…
“എന്താ അമ്മൂസെ…എന്താ നീ ഈ കാണിക്കണേ…”
പെണ്ണ് കരഞ്ഞോണ്ട് ഒന്നൂടെ കുതറിയതും ഞാൻ വിട്ടു, നേരെ ബാത്‌റൂമിൽ കയറിയ അമ്മു വാതിലടക്കാൻ പോലും നിക്കാതെ ബക്കറ്റിലെ വെള്ളം കോരി മേത്തൊഴിച്ചു കൊണ്ടിരുന്നു. രണ്ടു മൂന്നു വട്ടം അതു കണ്ടതോടെ സഹിക്കാൻ പറ്റാതെ ഞാൻ അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു പുറത്തേക്ക് ഇറങ്ങി… എന്റെ നെഞ്ചിൽ ചാരി അപ്പോഴും അമ്മു കരയുന്നുണ്ടായിരുന്നു…
“എന്താ അമ്മൂ….എന്താ നിനക്ക് പറ്റിയെ….”
പെട്ടെന്ന് എന്നെ നോക്കിയ അമ്മു വേഗം എന്നിൽ നിന്നും മാറി വീട്ടിലേക്ക് നടന്നു.
അവളുടെ ഓരോ ചെയ്തിയിലും പേടിച്ചത് ഞാനായിരുന്നു….. രാവിലെ പോകും വരെ എന്നോട് കൊഞ്ചിക്കൊണ്ടിരുന്ന പെണ്ണാണ്,…
തോർത്തും എടുത്തു ചെല്ലുമ്പോ മുറിയുടെ മൂലയ്ക്ക് നനഞ്ഞൊട്ടി ഇരിപ്പുണ്ട്, വെള്ളം മുഴുവൻ പെണ്ണിന്റെ മേത്തൂടെ ഒഴുകി തറയിൽ തളം കെട്ടി കിടക്കുന്നുണ്ട്.
“…അമ്മു….നിന്നെ കണ്ടിട്ട് എനിക്ക് പേടി ആവുന്നുണ്ട്…എന്തേലും ഒന്നു പറ….”
അവളുടെ അടുത്തിരുന്നു തോർത്തു കൊണ്ടു അവളുടെ മുടി തോർത്താൻ തുടങ്ങിയതും, അവളെന്റെ കയ്യിൽ നിന്നും തോർത്തു പിടിച്ചു വാങ്ങി പിന്നെയും കൂനിക്കൂടി…
“എന്നെ തൊടണ്ട….പോ….. എനിക്ക് ഒറ്റയ്ക്ക്…ഇരിക്കണം….പോ….പോ….”
എന്നെ തള്ളി അവൾ പറഞ്ഞുകൊണ്ടിരുന്നു…
“ഞാൻ പൊക്കോളാം….ഈ നനഞ്ഞ ഡ്രസ് ഒക്കെ മാറുവോ….തല തോർത്തുവോ….?”
തല കുലുക്കി അവൾ വീണ്ടും ചുരുണ്ടു..
“ദേ… വാക്ക് മാറരുത്…ഇല്ലേൽ ഞാൻ വന്നു മാറ്റും,…കേട്ടല്ലോ..”
പറഞ്ഞതും പെണ്ണിന്റെ കണ്ണ് കനപ്പിച്ചു എന്നെ നോക്കി…
അവൾക്ക് കാര്യമായി എന്തോ പറ്റീട്ടുണ്ട് എന്നു മനസ്സിലായി,… പക്ഷെ അതിന് എന്നോട് എന്തിനാ ദേഷ്യം കാട്ടണേ എന്നു മാത്രം മനസ്സിലായില്ല…
എത്രയൊക്കെ ഞാൻ അടുക്കാൻ നോക്കിയിട്ടും അവള് ഒന്നു തണുത്തു കൂടി ഇല്ല… ആദ്യമായിട്ട് അന്ന് ഞാൻ ഹാളിലും അവൾ മുറിയിലും കിടന്നു,.. രാത്രി ഒറ്റയ്ക്ക് കിടക്കാൻ അത്രയും പേടി ഉള്ള ആള് എങ്ങനെ അതിൽ കഴിച്ചു കൂട്ടും എന്നറിയാതെ ആഹ് വാതിലിനോട് ചേർന്നു ഞാനും ഇരുന്നു,… അവളൊന്നു വിളിച്ചാൽ ചെല്ലാൻ പാകത്തിന്… പക്ഷെ ആഹ് രാത്രി മാത്രം അവൾ വിളിച്ചില്ല…
ഉണർന്നിരുന്നു വെളുപ്പിനെപ്പൊഴോ ആണ് ഉറങ്ങിയത്… തട്ടലും മുട്ടലും കേട്ട് ഉറക്കം എണീക്കുമ്പോൾ, അവളെഴുന്നേറ്റു പോയിട്ടുണ്ട് എന്നു മനസ്സിലായി,.. പിന്നിൽ ചെല്ലുമ്പോൾ അവൾ തീകൂട്ടിയിട്ടുണ്ട്,
ഇവൾക്ക് ഇന്നലെ മുതൽ എന്തു പറ്റി എന്നാണ് ആദ്യം എനിക്ക് തോന്നിയത്, പെട്ടെന്ന് തീയിലേക്ക് അവൾ എന്റെ ആക്‌സ് ഡിയോ എടുത്തു എറിഞ്ഞു, തീയിൽ അത് കത്തിയെരിയുന്നതും പൊട്ടിത്തെറിക്കുന്നതും നോക്കി കണ്ണും കൂർപ്പിച്ചു പല്ലും ഞെരിച്ചു നിൽക്കുവാണ് അമ്മു.
