ഗേറ്റിൽ കൈ വെച്ചു നിക്കുമ്പോഴും അമ്മു പേടിച്ചു എന്റെ പിന്നിൽ പറ്റിക്കൂടി നിക്കുവാണ്…
“പേടിക്കണ്ട അമ്മൂസെ…. അമ്മൂസിന് ആദ്യമായിട്ട് ജോലി കിട്ടി ശമ്പളം വാങ്ങിയ ദിവസമല്ലേ… അതിവരോട് പറയാതെ ഇവർക്ക് കൊടുക്കാതെ പോയാൽ വലിയ നന്ദികേടായിപ്പോവും…. അവരത് വാങ്ങിച്ചാലും ഇല്ലേലും കൊടുക്കേണ്ടത് നമ്മടെ കടമയല്ലേ….”
പെണ്ണിനെ ആശ്വസിപ്പിച്ചു വലിയ തത്വം പറഞ്ഞു വിളിച്ചു കൊണ്ടു പോവുന്നുണ്ടേലും, എന്തേലും വന്നാൽ പെണ്ണിന്റെ കൈയും വലിച്ചോണ്ടു ഓടാൻ തയ്യാറെടുത്താണ് ഞാൻ നടന്നത്, നടക്കുന്നതുകൊണ്ടു കാല് കൂട്ടിയിടിക്കുന്നത് അമ്മു കാണില്ല, നിക്കുമ്പോ എന്തു ചെയ്യുവോ ആവോ…
വീടിന്റെ മുന്നിൽ വന്നു നിന്നപ്പോഴും അമ്മു എന്റെ മറ പറ്റി ഒളിച്ചു നിന്നതെ ഉള്ളൂ, കിലുകിലെ വിറച്ചുകൊണ്ടു നിക്കുന്ന അമ്മൂസ് എന്റെ വിറയൽ അറിയുന്നൊന്നുമില്ല…
കാളിംഗ് ബെൽ അടിച്ചു ബോംബിന് തിരി കൊളുത്തി അതിന്റെ മേലെ കേറി ഇരിക്കുമ്പോലെ ഞാൻ നിന്നു,…
അകത്തു നിന്നു ആരോ വരുന്ന ഒച്ച കേൾക്കുന്നുണ്ട്,… അമ്മു എന്നെ കടന്നു വരുന്നതാരാന്നറിയാൻ ഒളിഞ്ഞു നോക്കുന്നുണ്ട്…
ഒരു പെണ്കുട്ടി ചുരിദാർ ടോപ്പ് ആണ് വേഷം മുടി ഉയർത്തി തലയിൽ കെട്ടി വെച്ചിട്ടുണ്ട് അമ്മൂനെക്കാൾ ഇത്തിരി കൂടെ നിറം ഉണ്ട്..
“ശ്രീക്കുട്ടി….”
പുറകിൽ നിന്ന് അമ്മു പറഞ്ഞ കേട്ട എനിക്ക് ആളെ മനസ്സിലായി അമ്മൂന്റെ അനിയത്തി ആണ് ശ്രീദേവി..
വന്ന ആൾക്ക് എന്നെ പെട്ടെന്ന് മനസ്സിലായില്ലെങ്കിലും പിന്നിൽ നിന്ന് തല നീട്ടിയ ആളെ മനസിലായതും,
“ചേച്ചി….”
എന്നു പറഞ്ഞുകൊണ്ട് ആഹ് മുഖം വിടരുന്നത് കണ്ടു,
ഒന്നു പരുങ്ങിയ അമ്മു മുന്നിലേക്ക് നീങ്ങിയതും അവളുടെ അനിയത്തി വന്നു അവളെ കെട്ടിപ്പിടിച്ചു.
“ഡി….!!!”
ഒരു കരച്ചിൽ നീണ്ടു വരുന്ന സമയത്താണ് ആഹ് വീട് കുലുക്കി ഒരു അലർച്ച കേട്ടത്…
അവരേം നോക്കി നിന്ന ഞാനും ഒന്നു ഞെട്ടി നോക്കുമ്പോൾ ഒത്ത പൊക്കവും വണ്ണവും ഉള്ള ഇരു നിറത്തിലും കുറച്ചൂടെ ഇരുണ്ട ഒരാൾ തറ ചവിട്ടി പൊളിച്ചുകൊണ്ടു വരുന്നുണ്ട്.
അലർച്ച കേട്ടെന്നോണം ഒരു സ്ത്രീയും പിന്നാലെ പാഞ്ഞു വരുന്നത് കണ്ടു,…
“എന്തു ധൈര്യത്തിലാട ഇവളേം വിളിച്ചോണ്ടു എന്റെ മുറ്റത്ത് കേറിയെ…..ഇവൾക്കിവിടെ ആരുണ്ടായിട്ടാ….ഇവൾ ആരാ….”
അലറിക്കൊണ്ടു വന്ന ആഹ് ഭീമൻ ഇവളുടെ തന്തപ്പടി ആണെന്ന് അതോടെ മനസ്സിലായി,…
അമ്മുവും ശ്രീക്കുട്ടിയും കെട്ടിപ്പിടുത്തം വിടാൻ മറന്നു, ഞെട്ടി ആലില പോലെ വിറക്കുന്നുണ്ട്,… ഞാൻ വിറച്ചൊന്നും ഇല്ല, പേടിച്ചു മരവിച്ചുപോയി,… ഇയാളെ കാണുമ്പോൾ പറയാൻ വെച്ചിരുന്ന ഇന്നലെ ഉറങ്ങും മുൻപ് ആയിരം വട്ട പറഞ്ഞു പ്രാക്ടീസ് ചെയ്ത ഡയലോഗ് ഒക്കെ ഒറ്റ നോട്ടത്തിൽ ആവിയായി പോയി.
ഒരു കണ്ണാടി കിട്ടിയിരുന്നേൽ എന്റെ മോന്ത എങ്ങനെയാ ഇരിക്കണെന്നു എങ്കിലും നോക്കായിരുന്നു,,…
തല്ലാൻ പാഞ്ഞു വന്ന അങ്ങേരെ കാണുമ്പോഴും പാറ്റണ് ടാങ്ക് പോലെ നിക്കുന്ന എന്റെ ധൈര്യത്തിലാവും അമ്മു… എന്റെ തല പറയുന്നത് ഒന്നു കാലും കയ്യും കേട്ടിരുന്നേൽ അവളുടെ കയ്യും വലിച്ചു ഓടേങ്കിലും ചെയ്യായിരുന്നു…
എന്റെ പ്രാർത്ഥന ഏതോ ദൈവം കേട്ടെന്നു തോന്നുന്നു,.. പുറകെ വന്ന സ്ത്രീ അയാളെ വട്ടം ചുറ്റിപ്പിടിച്ചു. അവർക്ക് അമ്മൂനെക്കാളും നിറം ഉണ്ട്…
“വേണ്ട ഏട്ടാ……ഒന്നും ചെയ്യേണ്ട…..വേണ്ട….”
അവര് കിടന്നു കരഞ്ഞു പറയുന്നുണ്ട്. അതാണല്ലേ അപ്പൊ അമ്മൂന്റെ അമ്മ… ഇയാൾക്ക് അവര് പറയുന്നതൊന്നു കേട്ടൂടെ,….
അനങ്ങാപ്പാറ പോലെ ഇരിക്കുന്ന എന്നെക്കൊണ്ട് ഇവിടെ വേറൊന്നും ചെയ്യാനില്ല എന്നു എനിക്കിപ്പോൾ നല്ലോണം അറിയാം…
“വിശ്വാ……”
അങ്ങേരുടെ ഡാൻസും കണ്ടു നീക്കുമ്പോൾ അവിടെ വേറൊരു സ്വരം മുഴങ്ങി.
പ്രായമായ ഒരമ്മൂമ്മ പതിയെ വരുന്നുണ്ട്… ചുളിവുകൾ നിറഞ്ഞതെങ്കിലും പ്രകാശം നിറഞ്ഞ മുഖം.
“അമ്മേ….നമ്മളെയൊക്കെ ചതിച്ചിട്ടും ഇവളുടെ അഹങ്കാരം കണ്ടില്ലേ… എങ്ങനെ ധൈര്യം വന്നു ഇവൾക്ക്….”
ബ്രേക്ക് ഡാൻസിനിടയിലും അങ്ങേരു പുലമ്പിക്കൊണ്ടിരുന്നു…
